Tuesday, October 27, 2020

സോഷ്യലിടം

ഈ മൊബൈലും, ലാപ്ടോപ്പും ഇല്ലായിരുന്നെങ്കിൽ
ഈ ഫേസ്ബുക്കും, വാട്സാപ്പും
ഇല്ലായിരുന്നെങ്കിൽ
ഈ ഇൻസ്റ്റഗ്രാമും, ട്വിറ്ററും
ഇല്ലായിരുന്നെങ്കിൽ
ഈ ടിക്ടോക്കും, യൂട്യൂബും
ഇല്ലായിരുന്നെങ്കിൽ
ഒരല്പനേരം കൂടിയെൻ 
കുഞ്ഞുമക്കൾക്ക്‌,
എന്നിൽ പാതിയായവൾക്ക്‌,
പേറ്റുനോവേറ്റൊരമ്മക്ക്,
ഏറ്റ നോവിൻ കണക്കു
ചൊല്ലാത്തരച്ഛന്,
എന്റെ മൗനത്തിന്റെ
നേരറിയുന്ന സൗഹൃദത്തിന്
പകുത്തു നൽകിയേനേ...
ഒരിത്തിരി നേരം കൂടി
സ്നേഹ വസന്തം തീർക്കാൻ...

അഖിൽ ജയചന്ദ്രൻ...

Monday, October 26, 2020

ഫാസിസം

ഈ കാലത്തിനെന്തോ കുഴപ്പമുണ്ട്,
ഈ കാഴ്ച്ചക്കുമെന്തോ കുഴപ്പമുണ്ട്
ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ വായിൽ ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..
പൊക്കിൾ കൊടിയിലൂടൂറി പരക്കുന്ന
ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..
ശൂലം തറക്കാത്ത ഗർഭപാത്രങ്ങളിൽ 
ജാതി നൽകൂ, മത ഭ്രാന്ത് നൽകൂ..

കാലവും മാറി, കാലനും മാറി 
കാറ്റിന്റെ ചുണ്ടിലെ ഈണവും മാറി
ഫാസിസപുരയിൽ കാലുറപ്പിച്ചവൻ
ഉറക്കെയുറക്കെ വിളിച്ചു പറയുന്നു..
ഞാൻ മാത്രമിവിടെ, ഞാൻ മാത്രമിവിടെ
ഫാസിസ്റ്റ് ഭീകരർക്കെതിരാളിയായി....
ഫാസിസ ചക്രത്തിന്നൊരറ്റം പിടിച്ചവൻ
മറുപുറം ചൂണ്ടി ക്രുദ്ധനായ് മുരളുന്നു
നീയാണ് ഫാസിസ്റ്റ്, നീയാണ് ഫാസിസ്റ്റ്...

അധികാരമാളുന്ന അതികായരൂപങ്ങൾ ഒന്നുമറിയാത്തതീ നാടിന്റെ ശാപം
വാളയാറിൽ തൂങ്ങും കയറു കാണില്ലവർ..
പേരിന്റെ വാലിന്റെ ഗർവ്വ് കാണില്ല..
നിന്നെ നോക്കി ചിരിച്ച  
കുപ്പിവള കുഞ്ഞുങ്ങൾ
ഇന്നലെയാ ഉമ്മറത്തിണ്ണയിൽ
പൊട്ടി ചിതറി പിടഞ്ഞു തീരുമ്പോൾ,
നീലിച്ച കൈകളിൽ ചോര പൊടിയുമ്പോൾ
കാണിലിവർക്കു കണ്ണു കാണില്ല 
അധികാര മത്തിന്റെ തിമിരമാണെന്നേ...
ഞാനും നീയും മാവോയിസ്റ്റ് ആണെന്നേ...
നമ്മളിൽ പലരും ഭീകരരുമാണെന്നേ...

അഖിൽ ജയചന്ദ്രൻ..

Thursday, October 15, 2020

ശിശിരം


നീയാം ശിശിരമെന്നിൽ ചാർത്തിയ
നിഴൽ മാഞ്ഞു പോകയോ....
എന്നിൽ തണൽ മേഘമായൊരാ
നിൻ നിഴൽ മാഞ്ഞു പോകയോ...
പവിഴം പൊഴിയുന്ന മുല്ലകൾ പൂക്കുന്ന
പൂങ്കാവനത്തിന്റെ കാവലാളെങ്കിലും
നീയിന്നേവരെ ഒരു ഹാരവും ഹരവുമെൻ നെഞ്ചിലണിയാൻ തരാതെ പോകയോ....
ഇഷ്ട്ട പ്രണയത്തിൻ കണക്ക്‌ ചൊല്ലുമ്പോൾ ഈ നഷ്ട പ്രണയം 
കൺമാഞ്ഞു പോകയോ..

ജീവന്റെ സ്പന്ദനം നീയെന്നറിയുമ്പോൾ
മാഞ്ഞു പോകാത്തൊരോർമകൾ
ഇനിയെന്നിൽ മധുരമാം നോവുകൾ..
ഇനിയും നിലക്കാത്ത നിൻ മൗനതാളങ്ങൾ നിലാവിന്റെ  മറവിലെൻ ഹൃദയം 
തകർത്തെങ്ങു പോകയോ...
നീയും ഞാനുമിന്നൊന്നായ് 
ചലിക്കും ഘടികാര സൂചികൾ...
നിൻ നെഞ്ചിലെ തന്ത്രികളെനിക്കായ്
പാടാതെ ആഴക്കയങ്ങളിൽ
സ്നേഹം തിരയുമ്പോൾ..
അണയാതെ നിൽക്കുന്ന 
മെഴുകുതിരി നാളങ്ങളുരുകാൻ
മറന്നെന്നെ പൊള്ളിച്ചു പോകയോ...

അഖിൽ ജയചന്ദ്രൻ.






Monday, September 14, 2020

പ്രതിജ്ഞ

                          പ്രതിജ്ഞ
                          ×××××××××
                          
ഇന്നെൻ പ്രതിഞ്ജയെൻ പ്രജ്ഞയോട്,
അന്യോന്യം പാഴ്‌വാക്കുകൾ കൊണ്ട് 
കണ്ണു കെട്ടാതെ, പരസ്പരം വെറുത്തു നമുക്കു സ്നേഹിക്കാം, നിഴലുകൾക്കു വേരിറങ്ങി ഇണനാഗങ്ങളായി കെട്ടു പിണഞ്ഞ്‌ ശ്വാസം നിലച്ചു പിടഞ്ഞു തീരുമ്പോൾ, കൺകോണിൽ കണ്ണീർ പൂക്കൾ വാടാതെ നിൽക്കുമ്പോൾ,
നിന്റെ മനസ്സിന്റെ കണ്ണീർപാടങ്ങൾ
ഇനിയും നിറഞ്ഞൊഴുകാതിരിക്കാൻ
കാപട്യത്തിന്റെ കാരിരുമ്പുകൊണ്ടൊരു
ചിറ കെട്ടണം ആർക്കും നോക്കാൻ കഴിയാത്തത്രയും ഉയരത്തിൽ.


അഖിൽ ജയചന്ദ്രൻ.

Saturday, August 22, 2020

ഹൃദയത്തിന്റെ

ഹൃദയത്തിന്റെ തെക്കേ മൂലയിൽ  
പാതി ജീവനോടെ കണ്ണീരുപ്പു ചേർത്തു 
മറ ചെയ്ത മൃതദേഹങ്ങളിൽ ചിലതിന്റെ കണ്ണുകളിപ്പോഴും ചീഞ്ഞളിയാതെ
തുറന്നു കിടപ്പുണ്ട് പെരുമഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചു പോകുമ്പോൾ ഒരു പുനർജനി തേടി

Wednesday, August 19, 2020

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ

ഇൻക്വിലാബുകൾ 
വിൽക്കുവാൻ ഉണ്ടിവിടെ !!
***********************

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ !
ഇൻക്വിലാബിന്റെ മക്കളെ കേട്ടുവോ 
ഇൻക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
മരുപ്പച്ച പൂക്കുമീ മണൽകാടുകൾക്കുള്ളിൽ ഇൻക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
ജീവിതപച്ചയിലേക്കെത്തി നോക്കുവാൻ ഇന്നലെകളിൽ നെഞ്ചിലോരൂറ്റമായ്  
ആർത്തു വിളിച്ചൊരാ ഇൻക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !

നെഞ്ചിലാരോ കനൽ കുന്നു കൂട്ടുമ്പോളും 
ഉള്ളു പൊള്ളി പിടഞ്ഞു തീരുമ്പോളും 
ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ചൊരാ ഇൻക്വിലാബുകൾ  വിൽക്കുവാനുണ്ടിവിടെ  !
ഇന്നലെയെന്റെ അച്ഛനെയൂറ്റി
കീശ വീർപ്പിച്ചോരാ  നേതാക്കളുണ്ടിവിടെ  !
കോടികൾ കൊണ്ടു കൊടിമരം തുന്നുവാൻ 
തൻ അച്ഛനെ വിറ്റ  സഖാക്കളാം മക്കളുണ്ടിവിടെ !
ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ 

കാരിരുമ്പിൻ കരുത്തല്ല , 
പൊള്ളുന്ന വെയിലേറ്റ് കറുത്തവർ 
കോരനും , കോമനും , ചീരുവും , ചിരുതയും 
നല്ല നാളേക്കായ് സ്വപ്നങ്ങൾ കണ്ടുറക്കെ  വിളിച്ചോരാ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !
എണ്ണി വെട്ടി ചോര ചീന്തുന്നൊരാ 
പാർട്ടി വളർത്തുവാൻ  ആശയം വിൽക്കുന്ന ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ 
ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ 
കോടീശ്വരൻമാർ  വരിയായി നിൽക്കുവിൻ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !!!!

-അഖിൽ ജയചന്ദ്രൻ

പുത്രലിഖിതം


പുത്രലിഖിതം
_____________

“Mr.സിദ്ധാർഥ്   നിങ്ങളുടെ വിസ ഒന്ന് കാണിക്കാമോ?" 
തന്റെ മുൻപിലെ കൗണ്ടറിൽ ഇരിക്കുന്ന റഷ്യൻ പെൺകുട്ടിയുടെ വാക്കുകൾ  കേട്ടപ്പോൾ  സിദ്ധാർത്ഥിന്  തലയിൽ ഒരു ഉൽക്ക വന്നു വീണതുപോലെയാണ് തോന്നിയത്.....
സിദ്ധാർഥ്‌  ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ  പ്രവാസിമലയാളി ആണ്, ഒരു  മുൾട്ടിനാഷണൽ കമ്പനിയുടെ ചീഫ് ട്രെയിനർ. കമ്പനിയുടെ മുംബെയിലെ പുതിയ  ബാച്ചിന്റെ ട്രെയിനിങ് കഴിഞ്ഞു തിരിച്ചു പോകുന്ന വഴി ദുബായ എയർപോർട്ടിൽ നിന്നും മെൽബണിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് കാത്തിരിക്കുമ്പോഴാണ് സിദ്ധാർഥിന് ആ മെസ്സേജ് കിട്ടുന്നത് “അമ്മ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക”. മെസേജ് വന്ന നമ്പറിലേക്കു തിരിച്ചു വിളിച്ചപ്പോൾ പറഞ്ഞത് 
"ഇത് ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും ആണ് നിങ്ങളുടെ അമ്മക്ക് ഒരു അപകടം പറ്റി എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക, എന്നിട്ടു  ഞങ്ങളെ വിളിക്കൂ "...

കൂടുതൽ വിവരങ്ങൾ തിരക്കിയെങ്കിലും അവർ വീണ്ടും അത് തന്നെ പറഞ്ഞു 
"നാട്ടിൽ വരൂ ആദ്യം എന്നിട്ടു ഞങ്ങൾ ഡീറ്റെയിൽസ് എല്ലാം പറയാം"

സിദ്ധാർഥിന്  ആകെ തല കറങ്ങുന്നതു പോലെ തോന്നി, അമ്മക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട് അതുറപ്പാണ്.നാട്ടിൽ ആരെ വിളിച്ചാണ് വിവരങ്ങൾ ഒന്നറിയാൻ പറ്റുക..ഫോണിൽ പരതി നോക്കി..ഇല്ല നാട്ടിലെ സുഹൃത്തുക്കളുടെ ഒന്നും നമ്പർ തന്റെ കയ്യിൽ ഇല്ല..ജോലി തിരക്കുകൾക്കിടയിൽ സൗഹൃദങ്ങൾക്കൊന്നും മാറ്റിവക്കുവാൻ സമയം ഉണ്ടായിരുന്നില്ല..എന്തായാലും നാട്ടിലേക്കു പോകാൻ തന്നെ തീരുമാനിച്ചു തന്റെ പ്രൈവറ്റ് സെക്രട്ടറി കാത്തിയെ വിളിച്ചു അടുത്ത ഒരാഴ്ചത്തെ എല്ലാ മീറ്റിംഗുകളും ട്രെയിനിങ്ങുകളും മാറ്റിവെക്കാൻ പറഞ്ഞു....

എന്തായാലും എയർപോർട്ടിന്റെ ഉള്ളിലായതു ഭാഗ്യം എത്രയും പെട്ടെന്ന് നാട്ടിലേക്കു പോകാമല്ലോ ഏന് മനസ്സിൽ  വിചാരിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ടി ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോഴാണ് ആ റഷ്യക്കാരി സുന്ദരി മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ കുറച്ചു നേരം എന്തൊക്കെയോ ചെയ്തതിനു  ശേഷം തന്റെ പാസ്പോര്ട്ട് ആവശ്യപ്പെട്ടത്. തന്റെ ഓസ്‌ട്രേലിയൻ പാസ്പോര്ട്ട് അവൾക്കു കൈ മാറുമ്പോൾ അവളുടെ മുഖത്തു മിന്നിമറിഞ്ഞ ഭാവങ്ങളിൽ നിന്നും സിദ്ധാർതഥിനു  മനസിലായി അവൾ പ്രതീക്ഷിച്ചതു ഒരു ഇന്ത്യൻ പാസ്പോര്ട് ആയ്യിരുന്നു എന്നത്. അപ്പോഴാണ് അവളുടെ ഇടിത്തീ പോലുള്ള ആ  ചോദ്യം  വന്നത്
“നിങ്ങളുടെ ഇന്ത്യൻ വിസ എവിടെ? വിസ കാണണം “
 അപ്പോഴാണ് സിദ്ധാർഥ്‌ ആ കാര്യം ഓർത്തത് മുംബയിൽ പോകാൻ കമ്പനി തന്നിരുന്നത് ഓൺലൈൻ ഇ-വിസ ആയിരുന്നു അതും സിംഗിൾ എൻട്രി വിസ...ആ വിസ വച്ച് ഒരുതവണ മാത്രമേ ഇന്ത്യയിൽ പോകാൻ പറ്റുകയുള്ളു.
ഇനിയെന്ത് എന്ന അയാളുടെ  ചോദ്യത്തിന് അവൾ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.
 "നിങ്ങൾ ഓൺലൈൻ ആയി ഇ-വിസ അപ്ലൈ ചെയ്യണം ഇന്ത്യൻ  ഇമ്മിഗ്രേഷന്റെ വെബ്സൈറ്റിൽ അത് അപ്പ്രൂവ് ആയി വന്നാൽ നിങ്ങൾക്ക്  കൊച്ചിയിലേക്ക് പോകാം, വിസയില്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല " .
എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന സിദ്ധാർഥിനെ   നോക്കി അവൾ ഒന്ന് കൂടി പറഞ്ഞു
 "പിന്നെ സാധാരണ രീതിയിൽ ഇന്ത്യൻ ഇ-വിസ അപ്പ്രൂവ് ആയി വരാൻ 2 -3  ഡേയ്സ് സമയം എടുക്കും.”

സിദ്ധാർഥ് കയ്യിലിരിക്കുന്ന ഓസ്‌ട്രേലിയൻ പാസ്സ്പോർട്ടിലേക്ക് തുറിച്ചു നോക്കി .. അന്നാദ്യമായി അവനു ആ പാസ്സ്പോർട്ടിനോടും ആ രാജ്യത്തോടും വെറുപ്പ് തോന്നി .  തന്റെ കൈയിലിരുന്നു ആ പാസ്പോര്ട്ട് പൊള്ളുന്നതായി അവനു  തോന്നി.. ആ ഒരു പാസ്പോര്ട് കിട്ടാൻ വേണ്ടി അയാൾ  ചെയ്ത നെറികേടുകൾ  അപ്പോഴയാളെ  കുത്തി നോവിക്കുന്നുണ്ടായിരുന്നു.ഓസ്‌ട്രേലിയൻ  പാസ്പോര്ട് കിട്ടാൻ ഉള്ള എളുപ്പവഴി ഒരു ഓസ്‌ട്രേലിയകാരിയെ കല്യാണം കഴിക്കുകയാണെന്ന സഹപ്രവർത്തകന്റെ ഉപദേശേം പ്രാവർത്തികമാക്കിയ അയാൾ  പക്ഷെ തന്നെ  മാത്രം സ്വപ്നം കണ്ടു തന്റെ  എല്ലാ വളർച്ചക്കും വേണ്ടി എന്നും അമ്പലത്തിൽ പോകുകകയും പ്രാർത്ഥിക്കുകയും  ചെയ്യുന്ന രാധികയെ.. സ്വന്തം കളിക്കൂട്ടുകാരിയെ സൗകര്യപൂർവം മറക്കുകയായിരുന്നു........അതുപോലെ പാവം തൻറെ അമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തൻറെ  സ്വാർത്ഥതക്കു വേണ്ടി കണ്ടില്ല എന്ന് ഭാവിക്കുകയായിരുന്നു...
''ഇവിടെ ഇങ്ങിനെ നിന്നിട്ടു ഒരു കാര്യവും ഇല്ല നിങ്ങൾ വിസ അപ്ലൈ ചെയ്യാൻ നോക്ക്'' 
റഷ്യക്കാരിയുടെ വാക്കുകൾ ആണ് അയാളെ  ചിന്തകളിൽ നിന്നും ഉണർത്തിയത്..
തൻറെ  എല്ലാ പ്രശ്നങ്ങൾക്കും കാരണം അവളാണെന്ന മട്ടിൽ അയാൾ  അവളെ ഒന്ന് തുറിച്ചു നോക്കി എന്നിട്ടു അവിടെ നിന്നും മാറി കുറച്ചപ്പുറത്തുള്ള ഒഴിഞ്ഞ ഒരു കോണിൽ ഉള്ള ചെയറിൽ പോയി ഇരുന്നു തന്റെ ലാപ്ടോപ്പ് എടുത്തു വിസ അപ്ലൈ ചെയ്യാൻ തുടങ്ങി.....മണിക്കൂറുകൾ പലതും കഴിഞ്ഞു ഇതിനിടക്ക് 2 വിമാനങ്ങൾ കൊച്ചിയിലേക്ക് പോയി കഴിഞ്ഞിരുന്നു..2 മണിക്കൂറിനുള്ളിൽ അടുത്ത വിമാനവും പോകും ഇപ്പോഴും വിസ സ്റ്റാറ്റസ് പെന്റിങ് എന്ന് തന്നെയാണ് ഇമിഗ്രേഷൻ വെബ്‌സൈറ്റിൽ കാണിക്കുന്നത്....പെട്ടെന്ന് വിസ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി അയാൾ പലരെയും വിളിച്ചു നോക്കി ആർക്കും ഒരു ഉത്തരം ഉണ്ടായിരുന്നില്ല...പലരും ഫോൺ എടുക്കുന്നപോലും ഉണ്ടായിരുന്നില്ല...എല്ലാവര്ക്കും അവരുടേതായ തിരക്കുകൾ ഉണ്ടല്ലോ...ഇതിനിടക്ക് സിദ്ധാർഥ് 3 തവണ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു അപ്പോഴൊക്കെയും അവർ ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല.
"നിങ്ങൾ നാട്ടിൽ എത്തിയിട്ട് ഞങ്ങളെ വിളിക്കൂ" എന്നായിരുന്നു അവരുടെ മറുപടി.

ജീവിതത്തിൽ ആദ്യമായാണ് സിദ്ധാർഥ്  അത്തരം ഒരു അവസ്ഥ നേരിടുന്നത്. പണം ഉണ്ടെങ്കിൽ എന്ത് നടക്കും എന്തും നേടാം എന്ന വിശ്വാസത്തിലായിരുന്നു ഇത്രയും കാലം അയാൾ ജീവിച്ചിരുന്നത്...
മണിക്കൂറുകളായി ഈ ഇരുപ്പു തുടങ്ങിയിട്ട്.....വിസ ഇത് വരെ അപ്പ്രൂവ് ആയില്ല കോടികൾ ബാങ്ക് ബാലൻസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ....30 മണിക്കൂറിൽ കൂടുതലായി ആ കസേരയിൽ ഒരേ ഇരിപ്പു തുടങ്ങിയിട്ട് വാഷ്‌റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ തനിയ്ക്ക് പെട്ടെന്ന് തന്നെ വല്ലാതെ പ്രായം കൂടിയ പോലെ.....മുടിയിഴകളെല്ലാം നരച്ചു തുടങ്ങിയിരിക്കുന്നു....എയർപോർട്ടിൽ എസി പ്രവർത്തിക്കുന്നുണ്ടെങ്കിലും തന്നെ വല്ലാതെ വിയർത്തു  നാറുന്നത് പോലെ തോന്നി സിദ്ധാർത്ഥിന്......
ഇപ്പോൾ  ആ പാട വരമ്പിലൂടെ ഓടി വന്ന്,  അമ്മ പണി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന ഭക്ഷണപൊതിയിലേക്കു ആർത്തിയോടെ നോക്കി ......കൈ പോലും കഴുകാതെ വാരിവലിച്ചു തിന്നുന്ന 9 വയസ്സുക്കാരനായി താൻ മാറിയത് പോലെ തോന്നി സിദ്ധാർത്ഥിന് ....ആ പഴയ അടിച്ചു തളിക്കാരി അമ്മയുടെ പൊന്നുമോൻ ......
വല്ലാതെ വിശക്കുന്നുണ്ട് ഒന്നും കഴിച്ചിട്ടില്ല എയർപോർട്ടിനുള്ളിലെ ഫുഡ് കോർട്ട് ലക്ഷ്യമാക്കി നടക്കുമ്പോൾ സിദ്ധാർഥ് ഒരിക്കൽ കൂടി അമ്മയുടെ നമ്പറിലേക്കു ഒന്ന് വിളിച്ചു നോക്കി..ഇല്ല ഇപ്പോഴും സ്വിച്ചഡ് ഓഫ് തന്നെയാണ്.....

തന്റെ മുന്നിലിരിക്കുന്ന ഫ്രൈഡ് ചിക്കനും ബർഗറും അന്നാദ്യമായി അവനു ഒട്ടും രുചി തോന്നിയില്ല,  അപ്പോഴും അവന്റെ മനസു മെലിഞ്ഞു എല്ലുന്തി മുഖത്തു മുഴുവനും ചളിയും മണ്ണും ആയി നടക്കുന്ന ആ 9 വയസുകാരനിലായിരുന്നു..അവൻ അവന്റെ അച്ഛനെ കണ്ടിട്ടില്ല....അമ്മ ഒരിക്കലും അച്ഛനെ കുറിച്ചൊന്നും അവനോടു പറഞ്ഞിട്ടുമില്ല അവനു എല്ലാം അവന്റെ അമ്മയായിരുന്നു.പലയിടത്തും വീടുപണിക്ക് പോയാണ് അവന്റെ അമ്മ അവനെ പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കിയിരുന്നത്.ആ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ബാക്കിവരുന്ന ഭക്ഷണ൦  ആയിരുന്നു  മിക്കവാറും അവന്റെ വിശപ്പു അടക്കിയിരുന്നത്....അന്നെല്ലാം തന്റെ 'അമ്മ എന്തെങ്കിലും കഴിച്ചിരുന്നോ എന്ന് തന്നെ സംശയമാണ്....അമ്മക്ക് ഏറ്റവും കൂടുതൽ പണം കിട്ടിയിരുന്നത്‌  പള്ളിക്കലെ ജോസെഫേട്ടന്റെ വീട്ടിൽ നിന്നും ആയിരുന്നു , ജോസഫേട്ടൻ ഓസ്‌ട്രേലിയയിൽ ആയ്യിരുന്നു ജോലി ചെയ്തിരുന്നത്. ജോസെഫേട്ടന്റെ വീട്ടിൽ പോകുമ്പോൾ അവിടെയുള്ള ഓരോ സാധനങ്ങളും നോക്കി നിന്നിട്ടുണ്ട്.അന്ന് കേറിയതായാണ് ഓസ്ട്രേലിയ എന്ന സ്വപ്നം സിദ്ധാർത്ഥിന്റെ മനസ്സിൽ.സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ വിമാനങ്ങൾ പോകുമ്പോൾ വല്ലാത്തൊരാർത്ഥിയോടെ നോക്കിനിൽക്കുമായിരുന്നു എന്നിട്ടു കൂട്ടുകാരോട് പറയുമായിരുന്നു 

"ഡാ , ഒരു നാൾ ഞാനും പോകും വിമാനത്തിൽ , ഓസ്‌ട്രേലിയക്ക് .. എന്നിട്ട് വരുമ്പോൾ  വീട് മുഴുവൻ ഓസ്‌ട്രേലിയൻ സാധനങ്ങൾ  കൊണ്ട് നിറയ്ക്കും , ഞാനും ഓസ്ട്രേലിയക്കാരൻ  ആകും "
അന്ന് അവരെല്ലാവരും അവനെ  കളിയാക്കി ചിരിച്ചിരുന്നു...
 പണിയെല്ലാം കഴിഞ്ഞു തളർന്നു വന്നു കിടക്കുന്ന അമ്മയോട് അന്നെല്ലാം അവൻ പലതവണ പറഞ്ഞിരുന്നു "ഞാൻ വലുതായാൽ പിന്നെ 'അമ്മ ഒട്ടും കഷ്ട്ടപെടേണ്ടിവരില്ല ഞാൻ അമ്മയെ എന്റെ കൂടെ ഓസ്ട്രേലിയയിലേക്കു കൊണ്ട് പോകും......അന്നെല്ലാം നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് 'അമ്മ പറയുമായിരുന്നു നീ അത്ര ദൂരത്തേക്കൊന്നും പോകണ്ട സിദ്ധു, നമുക്ക് ഇവിടെ ഉള്ളതുകൊണ്ട് ജീവിക്കാടാ ".....പക്ഷെ കാലം കാത്തു വച്ചതു മറ്റൊന്നായിരുന്നു….
മണിക്കൂറുകൾ പലതു പിന്നെയും കടന്നു പോയി ഇതുവരെ വിസ അപ്രൂവ് ആയിട്ടില്ല അമ്മയുടെ അവസ്ഥ എന്താണെന്നു ഒരു പിടിയുമില്ല].... പെട്ടെന്ന് ആ കസേരയിൽ നിന്നും ഒരു `1നീരാളി കൈകൾ വന്നു തന്നെ വലിഞ്ഞു മുറുക്കുന്നതായി തോന്നി....ശ്വാസം കിട്ടുന്നില്ല ... ആരോ തന്നെ  ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നു....പെട്ടെന്ന് സിദ്ധാർഥ് ചാടി എഴുന്നേറ്റു....അറിയാതെ ഒന്ന് മയങ്ങി പോയതാണ്.....അപ്പോൾ സിദ്ധാർത്ഥിന്റെ മനസ് വല്ലാതെ കലങ്ങി മറിയുകയായിരുന്നു....കഴിഞ്ഞ 1 മാസത്തിൽ കൂടുതൽ ആയി അമ്മയുമായി സംസാരിച്ചിട്ട് 3 -4 തവണ വിളിച്ചിരുനെങ്കിലും 'അമ്മ ഫോൺ എടുത്തില്ല...പിന്നെ തിരക്കുകൾക്കിടക്കു അവനും അമ്മയെ വിളിക്കാൻ മറന്നു പോയിരുന്നു..ഇത്തവണ മുംബൈയിലായാണ് ട്രെയിനിങ് പ്രോഗ്രാം എന്നറിഞ്ഞപ്പോൾ കൊച്ചിയിൽ പോയി അമ്മയെ ഒന്ന് കാണണo എന്ന് വിചാരിച്ചതാണ് പക്ഷെ പുതിയ പ്രൊജക്റ്റ് ഇമ്പ്ലിമെന്റഷന് ആയതിനാൽ തിരക്കുപിടിച്ച ട്രെയിനിങ് സെഷൻസ് ആയിരുന്നു അതുകൊണ്ടു  ആ പ്ലാൻ നടന്നില്ല ........അവസാനമായി അമ്മയെ കണ്ടത് 4  വര്ഷം മുൻപ് ഓസ്‌ട്രേലിയക്കാരി ലോറയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു ശേഷം അമ്മയുടെ അനുഗ്രഹം വാങ്ങാൻ വേണ്ടി വന്നപ്പോൾ ആയിരുന്നു. 
“സിദ്ധു നീ നല്ലോണം ആലോചിച്ചുട്ടു തന്നെയാണോ മോനെ ഈ തീരുമാനം എടുത്തത്? ജാതിയും മതവും ഒന്നും അമ്മക്ക് ഒരു പ്രശ്നം അല്ല പക്ഷെ അന്യനാട്ടുകാരിയായ  ഒരു പെൺകുട്ടി നമ്മുടെ നാടിനെകുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഒന്നും ഒന്നുമറിയാത്ത ഒരു കുട്ടി അത് വേണോടാ?  നിനക്ക് ഞാൻ ഇവിടെ നല്ലൊരു കുട്ടിയെ കണ്ടു വക്കാടാ അല്ലെങ്കിൽ നീ തന്നെ ഒരു മലയാളി കുട്ടിയെ കണ്ടുപിടിച്ചു പറ...ഞാൻ പൂർണ മനസോടെ അവളെ ഇങ്ങോട്ടു കൊണ്ടുവരാം എന്റെ മാരുമൊളല്ല മകളായി.............മോനെ നിന്നെ 'അമ്മ നിർബന്ധിക്കുകയല്ല.....നിന്റെ ഇഷ്ട്ടം മാത്രം നോക്കി ഞാൻ നിന്നെ ഓസ്ട്രേലിയയിലേക്കു വിട്ടു, പക്ഷെ ഇത് അതുപോലെയാണോ അമ്മക്ക് അവളോടൊന്നു സംസാരിക്കാൻ പോലും പറ്റില്ലടാ ......ഈ പഴയ അടിച്ചു തളിക്കാരിക്ക് ഇങ്ങിനെയൊക്കെയേ ചിന്തിക്കാൻ പറ്റൂ ....ഇനി നീ തീരുമാനിക്കൂ എന്ത് വേണം എന്ന്...”
അമ്മയുടെ മുൻപിൽ നിൽക്കുമ്പോൾ സിദ്ധാർത്ഥിന് താൻ ഭൂമിയോളം താഴ്ന്നു പോകുന്നതായി തോന്നി...ഒരിക്കലും തന്റെ ഒരു ഇഷ്ടത്തിനും എതിരു പറയാത്ത അമ്മയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു....അമ്മയുടെ അനുഗ്രഹം തേടിയാണ് വന്നിരുന്നതെങ്കിലും അതിനു ശേഷമുള്ള ദിവസങ്ങളിലെല്ലാം  അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവൻ  കാണേണ്ടി വന്നത്.'അമ്മ പിന്നീടൊന്നും എതിർത്തു പറഞ്ഞില്ലെങ്കിലും  അമ്മയുടെ മനസ് അവനു  മനസിലാക്കാൻ
പറ്റുമായിരുന്നു എന്നിട്ടും സിദ്ധാർഥ്  ഒന്നും മനസിലാകാത്തതുപോലെ തിരിച്ചുപോയി..തന്റെ  ലക്ഷ്യങ്ങൾ അത് മാത്രമായിരുന്നു സിദ്ധാർത്ഥിന് പ്രധാനം
അതിനു ശേഷം 'അമ്മ തന്നോട് വല്ലാത്ത ഒരു അകൽച്ച പാലിക്കുന്നതായി പലപ്പോഴും സിദ്ധാർഥിന് തോന്നിയിരുന്നു......ഒരിക്കൽ പോലും 'അമ്മ ലോറയെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല .....
.....രാധികയെ സിദ്ധാർഥ് അവസാനമായി കണ്ടതും അന്ന് ഓസ്ട്രേലിയയിലേക്കു തിരിച്ചു പോകുന്നതിന്റെ തലേ ദിവസമായിരുന്നു.അവർ  സ്ഥിരമായി കാണാറുള്ള പാടത്തിനക്കരെയുള്ള കളപ്പുരയിൽ വച്ചായിരുന്നു അന്നും  അവർ കണ്ടത് ...
“സിദ്ധു നിനക്ക് എന്തു പറ്റി.....നീ വല്ലാതെ മാറിയിരിക്കുന്നു, ഇപ്പൊ ശരിക്കും ഒരു ഓസ്‌ട്രേലിയക്കാരൻ ആയി മാറി......”
തന്റെ ഓസ്‌ട്രേലിയൻ കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി ചെമ്പൻ കളർ അടിച്ച തന്റെ തലമുടിയിഴകളെ മെല്ലെ തലോടികൊണ്ടവൾ അങ്ങിനെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ തിരതല്ലുന്നതു കണ്ടിട്ടും കണ്ടതായി ഭാവിക്കാതെ അവൻ കണ്ണുകൾ പതിയെ താഴ്ത്തി ......

“രാധു നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ .... നിൻറെ കൺതടങ്ങളെല്ലാം കറുത്ത് കരുവാളിച്ചു തുടങ്ങിയിരിക്കുന്നു.......”

“സിദ്ധു വീട്ടിൽ കല്യാണത്തിന് ഭയങ്കര നിർബന്ധമാണ് ....ഞാൻ പരമാവധി ഒഴിഞ്ഞു മാറുന്നുണ്ട് ....പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് പിടിച്ചു നിൽക്കാൻ  ആവുന്നില്ല.....നീ തിരിച്ചു പോകുന്നതിനു മുൻപ് വീട്ടിൽ ഒന്ന് വന്നു സംസാരിക്കൂ ....ഇനി എന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്റെ കൂടെ ഇറങ്ങിവരാം....നീ എന്റെ കഴുത്തിൽ ഒരു താലി കെട്ട് ഞാൻ നിന്റെ അമ്മയുടെ കൂടെ നിന്നോളം ....... നിനക്കറിയാലോ ഇനിയെനിക്ക് മറ്റൊരു പുരുഷനെ എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല....അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയായിരിക്കും”

അവളോട് സത്യങ്ങളെല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.......

“രാധു ഞാൻ നാളെ തിരിച്ചു പോവുകയാണ്.....ഞാൻ അമ്മയോട് പറയാം നിൻറ്റെ വീട്ടിൽ വന്നു സംസാരിക്കാൻ... “

ഒരു ഒഴുക്കൻ മട്ടിൽ  പറയുമ്പോൾ സിദ്ധാർത്ഥിന്റെ ശബ്ദത്തിനു ഒട്ടും ആത്മാർത്ഥത ഉണ്ടായിരുന്നില്ല ....അത് തിരിച്ചറിഞ്ഞെന്നോളം ….
.”സിദ്ധു നിനക്കെന്നെ വേണ്ടാ എന്നുണ്ടോടാ... അതോ നിന്റെ ശരീരത്തിലെ ആ കൊച്ചു മാംസക്കഷ്ണത്തിലേക്കു രക്തയോട്ടം കൂടുമ്പോൾ മാത്രം വരുന്നതാണോ നിനക്ക് എന്നോടുള്ള പ്രണയം??".”
 ആ  ചോദ്യത്തിന് മുമ്പിൽ… അവളുടെ നിറഞ്ഞു തുളുബുന്ന കണ്ണുകളിൽ  നോക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അവൻ പെട്ടെന്ന് തന്നെ എന്തൊക്കെയോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു.....

തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കണ്ണുകളിലെ ദൈന്യത അവനോടു ഇങ്ങിനെ പറഞ്ഞതായി അവനു തോന്നി..
“നീയെന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുക......ഞാൻ നിന്നേ പ്രണയിച്ചുകൊണ്ടേയിരിക്കാം.....”
പിന്നീടൊരിക്കലും സിദ്ധാർഥ് രാധികയെ കുറിച്ചന്വേഷിച്ചിട്ടില്ല ...പക്ഷെ ഒരിക്കൽ അമ്മയെ വിളിച്ചപ്പോൾ 'അമ്മ പറയുന്നുണ്ടായിരുന്നു 

ആ തെക്കുംപുറത്തെ രാഘവന്റെ മകൾ രാധിക കല്യാണ തലേന്ന് വിഷം കഴിച്ചു മരിച്ചു .....ആ കുട്ടിക്ക് ഇഷ്ടമല്ലാത്ത ഒരു ചെക്കനെ കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ നോകീതാത്രേ ....പാവം കുട്ടി ....എന്നും ഞാൻ അമ്പലത്തിൽ വച്ച് കാണാറുള്ളതാ ....കാണുമ്പോ അമ്മേയെന്നു വിളിച്ചു അടുത്ത് വന്നു കയ്യിൽ പിടിച്ചു കുറെ വർത്തമാനം ഒക്കെ പറയുമായിരുന്നു......പിന്നെ അമ്മ പറയുന്നതൊന്നും കേൾക്കാൻ സിദ്ധാർത്ഥിന് കഴിയില്ലായിരുന്നു...അമ്മയോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു  നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മറ്റാരും  കാണാതെ തുടക്കുമ്പോൾ ലോറ വിളിക്കുന്നുണ്ടായിരുന്നു...
”സിധ് നീയാ പട്ടികുട്ടിയെ ഒന്ന് കുളിപ്പിക്കു ...കുറെ നേരമായി അത് അവിടെ കിടന്നു കരയുന്നു..”
'അമ്മ ഇപ്പോൾ കൊച്ചിയിലുള്ള അവന്റെ സ്റ്റാറ്റസ് സിംബൽ ആയ പുതിയ 3  ബെഡ്‌റൂം വില്ലയിൽ ആണ് താമസം ..ആ പാവത്തിന് അതൊരു പറിച്ചു നടൽ ആയിരുന്നു...ഗ്രാമത്തിന്റെ സൗമ്യതയിൽ നിന്നും നഗരത്തിന്റെ ചടുതലയിലേക്കു… ആദ്യം കുറെ എതിർത്തെങ്കിലും തന്റെ നിർബന്ധത്തിനു വഴങ്ങി 'അമ്മ അങ്ങോട്ട് താമസം മാറു കയായിരുന്നു ...നല്ല ഹോസ്പിറ്റൽസ് , പിന്നെ എല്ലാ സൗകര്യങ്ങളും ഒരു വിളിപ്പാടകലെ..അതായിരുന്നു അമ്മയെ അങ്ങോട്ടേക്ക് നിർബന്ധിച്ചു കൊണ്ടുവരുമ്പോൾ സിദ്ധാർത്ഥിന്റെ മനസ്സിൽ ഉണ്ടായിരുന്നത് പക്ഷെ അമ്മക്ക് ആ മാറ്റം ഒരിക്കലും ഉൾകൊള്ളാൻ ക്കഴിഞ്ഞിരുന്നില്ല...അതുകൊണ്ടു തന്നെ 'അമ്മ അവിടെ ആരുമായും അധികം ഇടപഴകിയിരുന്നില്ല എപ്പോഴും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു. വേലക്കാരെ ആരെയെങ്കിലും  നിർത്താം എന്ന് പറഞ്ഞാൽ 'അമ്മ സമ്മതിക്കിലാ വല്ലാത്തൊരു വാശി ആയിരുന്നു..ആരെയോ തോൽപ്പിക്കാനുള്ള വാശി.  “ഈ പഴയ അടിച്ചു തളിക്കാരിക്ക് ഒരു വേലക്കാരി..... അത് ശരിയാകില്ല” എന്ന് പറയുമ്പോൾ....ഭൂതകാലത്തിന്റെ നേരും നോവും അമ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു...അമ്മയെ കൂടെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോകണമെന്ന് അവനു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും 'അമ്മ അതിനു ഒരിക്കലും ഒരുക്കമായിരുന്നില്ല..... അവനു  ഒരിക്കലും അമ്മയെ നിർബന്ധിക്കാനും കഴിയുമായിരുന്നുല്ല..കാരണം അവന്റെ ഓസ്‌ട്രേലിയക്കാരി ഭാര്യക്ക് അമ്മയെ തീരെ ഇഷ്ടമല്ലായിരുന്നു..

അങ്ങിനെ 38 മണിക്കൂറുകൾക്കു ശേഷം സിദ്ധാർത്ഥിന്റെ വിസ അപ്പ്രൂവ് ആയി എന്ന കോൺഫോർമേഷൻ മെയിൽ കിട്ടി....പിന്നെ എല്ലാം പെട്ടെന്നായിരുന്നു
കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്തതും ആദ്യം അവൻ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു  അപ്പോൾ അവർ അവനോടു നേരെ സ്റ്റേഷനിലേക്കു വരാൻ പറഞ്ഞു ..അവിടെ എത്തിയ അവനോടു ഒരു വയസൻ കോൺസ്റ്റബിൾ കുറച്ചു നേരം കാത്തിരിക്കാൻ പറഞ്ഞു ..അല്പനേരത്തിനു ശേഷം അയ്യാൾ വന്നു പറഞ്ഞു SI ടെ ഓഫീസ് റൂമിലേക്ക് പോകാൻ.
 അവിടെ ഇരുന്ന ഗൗരവക്കാരനായ പോലീസ് ഓഫീസർ സ്വയം പരിചയപ്പെടുത്തി  “ഞാൻ SI ഷഫീഖ് അലി”,. സിദ്ധാർഥ് വിറയാർന്ന ശബ്ദത്തിൽ  ചോദിച്ചു “സർ എന്റെ 'അമ്മ ?”
ഒരു ചെറിയ മൗനത്തിനു ശേഷം SI വളരെ രൂക്ഷമായി പറഞ്ഞു
“ പണത്തിന്റെ പിറകെ മാത്രം പായുന്ന നിങ്ങൾക്കു അങ്ങിനെ ഒരാളെക്കുറിച്ചൊക്കെ ഓർമയുണ്ടോ?....താനൊക്കെ സ്വന്തം അമ്മയെ മറന്നുണ്ടാക്കുന്ന പണം തനിക്കൊന്നും ഒരിക്കലും സ്വസ്ഥത തരില്ലടോ...താൻ വരുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചല്ല”
“Mr .സിദ്ധാർഥ്  നിങ്ങളുടെ 'അമ്മ മരിച്ചിട്ടു ഇന്നേക്ക് 15 ദിവസമായി 7 ദിവസം മുൻപാണ് ഞങ്ങൾക്ക് നിങ്ങളുടെ കോളണിയിൽ നിന്നും ഒരു കംപ്ലൈന്റ്റ് കിട്ടിയത് നിങ്ങളുടെ വീട്ടിൽ നിന്നും വല്ലാത്ത ദുർഗന്ധം വരുന്നെന്നു പറഞ് . ഞങ്ങൾ അവിടെ ചെന്ന് നോക്കിയപ്പോൾ വീട് അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു , വാതിൽ പൊളിച്ചു ഉള്ളിൽ കടന്ന ഞങ്ങൾ കണ്ടത് ഒരു ചാരുകസേരയിൽ ഇരിക്കുന്ന നിങ്ങളുടെ അമ്മയുടെ അഴുകി പുഴു അരിച്ചു തുടങ്ങിയ മൃതദേഹം ആണ്,അന്ന് തൊട്ടു ഞങ്ങൾ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, ഇന്നലെയാണ് നിങ്ങളുടെ നമ്പർ കിട്ടിയത് വിളിച്ചു  കിട്ടാഞ്ഞതുകൊണ്ടാ മെസ്സേജ് അയച്ചത്‌.....”

വിങ്ങിപ്പൊട്ടിത്തുടങ്ങിയ സിദ്ധാർഥിനോട് ആ SI പറഞ്ഞു പിന്നെ നിങ്ങളുടെ 'അമ്മ ആത്മഹത്യാ ചെയ്തതാണ് ....ഇത്രയും പറഞ്ഞു തന്റെ മുന്നിലിരുന്ന ലാപ്ടോപ്പ് സിദ്ധാർത്ഥിന്റെ മുന്നിലോട്ടു വച്ചിട്ട് അയാൾ പറഞ്ഞു ഇതിൽ കൂറേ വീഡിയോ ഫൂട്ടേജുകൾ ഉണ്ട് നിങ്ങളുടെ വീട്ടിലെ CCTV യിൽ നിന്നും കിട്ടിയതാണ് അതിൽ ഒന്നിൽ നിങ്ങളുടെ അമ്മയുടെ അവസാന നിമിഷങ്ങൾ ഉണ്ട് ...

വിറയ്ക്കുന്ന കൈകളുമായി അയാൾ ആ ലാപ്ടോപ്‌ തന്റെ മുന്നിലേക്ക് നീക്കി വച്ചു .... പലപ്പോഴും 'അമ്മ ഒരു പ്രാന്തിയെ പോലെ പൊട്ടിച്ചിരിക്കുന്നു.....കൊച്ചു കുഞ്ഞുങ്ങളെ പോലെ പൊട്ടികരയുന്നു.... ഭക്ഷണം പോലും കഴിക്കാതെ ഒരേ ഇരുപ്പു ഇരിക്കുന്നു.....ഇതിനിടക്ക് ഫോണിന്റെ അരികിൽ പോയി എന്തൊക്കെയോ പിറുപിറുക്കുന്നു....പലപ്പോഴും ദിവസങ്ങളോളം വാതിൽ തുറന്നു പുറത്തു പോലും പോകാതെ ....സൂര്യപ്രകാശം ഒട്ടും ഉള്ളിലെക്കു കടക്കാൻ അനുവദിക്കാതെ എല്ലാ ജനലുകളും അടച്ചു പൂട്ടി...  തന്റെ ഫോട്ടോയിലേക്കു തുറിച്ചു നോക്കിയിരിക്കുന്നു...ഒടുവിൽ അമ്മയതാ ഒരു കയ്യിൽ തന്റെ കുഞ്ഞുനാളിലെ ഒരു ഫോട്ടോയും മറ്റേ കയ്യിൽ ഒരു കുപ്പി വിഷവുമായി  ആ ചാരുകസേരയിൽ വന്നിരിക്കുന്നു....തന്റെ ഫോട്ടോയിൽ നോക്കി കുറച്ചു നേരം എന്തൊക്കൊയോ പിറുപിറുത്തു പിന്നെ ആ ഫോട്ടോയോ മെല്ലെ ഒന്ന് തഴുകി നെഞ്ചോടു ചേർത്തതിന് ശേഷം കയ്യിലുണ്ടായിരുന്ന വിഷക്കുപ്പി വായിലേക്കൊഴിച്ചു......പിന്നെ ഒന്ന് നെഞ്ചു തടവി ഒന്ന് പിടഞ്ഞു...മരണത്തിന്റെ ആഴക്കയ ങ്ങളിലേക്കു..മെല്ലെ മെല്ലെ.....അത്രയും കാണാനുള്ള കരുത്തെ അവനുണ്ടായിരുന്നുള്ളു അപ്പോൾ സിദ്ധാർത്ഥിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നില്ല .... അവനിലെ മനുഷ്യൻ എപ്പോഴേ ജീവച്ഛവമായി മാറിയിരുന്നു.......പോലീസുകാർ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു....അവൻ പക്ഷെ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.....പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ  അവൻ പിറുപിറുത്തു കൊണ്ടേയിരുന്നു... അടിച്ചു തളിക്കാരിയൂടെ മകൻ അനാഥനായി.........അടിച്ചു തളിക്കാരിയുടെ മകൻ അനാഥാനായി...


AKHIL JAYACHANDRAN

  

ഫാസിസ്റ്റ്


ഫാസിസ്റ്റ്
---------------

ഫാസിസ കോലിൻ ഒരറ്റം പിടിച്ചവൻ
മറുപുറം ചൂണ്ടി ക്രുദ്ധനായ് മുരളുന്നു
നീയാണ് ഫാസിസ്റ്റ്, നീയാണ് ഫാസിസ്റ്റ്...
ഫാസിസപുരയിൽ ചമ്രം പടിഞ്ഞിരുന്നവൻ
ഉറക്കെയുറക്കെ അലറി പറയുന്നു
ഞാൻ മാത്രമിവിടെ ഞാൻ മാത്രമിവിടെ
ഫാസിസ്റ്റ് ഭീകരർക്കെതിരാളിയായി....

വാളയാറിൽ തൂങ്ങും കയറു കാണില്ല
പേരിന്റെ വാലിന്റെ ഗർവ് കാണില്ല
ഞാനും നീയും മാവോയിസ്റ്റ് ആണെന്നേ...
നമ്മളിൽ പലരും ഭീകരരുമാണെന്നേ...
തീരെ മോടിയില്ലാത്തൊരു താടിയാണേലും.
താടിയില്ലാതെ മുണ്ടുടുക്കുന്നൊരാ
കേരള മോടിയാണേലും കാണിലിവർക്കു
കണ്ണു കാണില്ല അധികാര മത്തിന്റെ
തിമിരമാണെന്നേ...

കണ്ണുകൾ രണ്ടും തുറന്നു പിടിച്ചീടുക
കണ്ണീര് പോലും കട്ടെടുക്കാൻ
കാതങ്ങൾ താണ്ടി അവർ വരുമ്പോൾ
കൈ വിലങ്ങുകളിൽ സ്വർണ്ണ നിറം പൂശി കണ്ണു കെട്ടുന്നൊരാ വഞ്ചകരാണെന്നേ...

അഖിൽ ജയചന്ദ്രൻ.

മഷി പാട്ട്

മഷി പാട്ട്

ജീവംശമൂറും മയിൽ പീലി തുണ്ടുകൾ
ചേർത്തു വച്ചോരോ കഥ പറയാൻ
ഒത്തു കൂടിയവർ ഞങ്ങൾ.....
കിനിയുന്ന സൗഹൃദ മധു നുകർന്നവർ,
തൂലിക തുമ്പിലെ ഇനിയും വറ്റാത്ത
മഷിതുള്ളികൾ ഞങ്ങൾ.....
കലപില കൂട്ടിട്ടും, കാര്യം പറഞ്ഞിട്ടും
ഹൃദയങ്ങൾ ഒന്നായി ചേർത്തുവച്ചവർ.
ഏഴാം കടലിനക്കരെ ഏഴഴകുള്ള
മഴവില്ലു പോലെ സ്നേഹാക്ഷരങ്ങളിൽ മഷി മണം പടർത്തിയവർ ഞങ്ങൾ......
ഒന്നു ചേർന്നിവിടെയീ സർഗോത്സവത്തിൻ പുലരിയിൽ പുതിയൊരു ചുവടു
വെക്കുമ്പോൾ, മഷിക്കൂട്ടിൻ
സ്നേഹോപഹാരമീ 'ഖിസ്സാ'... 

ഖിസ്സ1 പാട്ട്

ഖിസ്സ 1 പാട്ട്

വർണങ്ങൾ ചാലിച്ച മഴവിൽ ഖിസ്സ....
പല മനസ്സിൽ മൊട്ടിട്ട പനിനീർ ഖിസ്സ....
പ്രണയത്തിൻ വിരഹത്തിൻ നോവീ ഖിസ്സ....
എരിയുന്ന പകയുടെ കനലീ ഖിസ്സ....
നേരോടെ പറയുന്ന നേരീ ഖിസ്സ.....
തീരങ്ങൾ തേടുന്ന തിരയീ ഖിസ്സ.....
ഹൃദയത്തിൽ കുളിരായി പെയ്യും ഖിസ്സ....
മിഴിയിലും മൊഴിയിലും പടരും ഖിസ്സ....
മരുപ്പച്ച പൂക്കുന്ന മനസീ ഖിസ്സ....
പ്രവാസം പറയുന്ന കഥയീ ഖിസ്സ....


ഞാൻ


'ഞാൻ
--------------
ഈ ഞാൻ ആണ് ഞാൻ...
ഞാൻ അതി ഭയങ്കരനായ ഒരു ഞാൻ ആണ്....
എന്നെക്കാൾ വലിയ ഒരു ഞാൻ ഇല്ല എന്നു എനിക്ക് അറിയാവുന്നത് കൊണ്ടു ഞാൻ എന്നെത്തന്നെ ആരാധനയോടെ നോക്കി നിൽക്കാറുണ്ട്....
അതാണീ ഞാൻ....
-------------------------------------
അഖിൽ ജയചന്ദ്രൻ

സിന്ദൂരരേഖ

സിന്ദൂരരേഖ.
....................................

മുറിവേറ്റ മനസ്സിന്റെ
കോണിൽ നിന്നുതിരുന്ന
രുധിരമൊരു തീനാളമായ്
നിന്റെ സിന്ദൂരരേഖയിൽ
വീണു പൊള്ളുമ്പോൾ,
അറിയുക
നീയായിരുന്നെനിക്കായിരം
മധുചഷകങ്ങളൊന്നിച്ചു
നൽക്കത്തോരാ ഉന്മാദലഹരി.
താനേ കറങ്ങുന്ന പമ്പരം പോലെ ഞാൻ,
നൂലറ്റു പോയോരാ കളിപ്പട്ടമായി നീ
എന്നിൽനിന്നകലേക്ക്
തെന്നി തെറിച്ചുവോ.
ഉയിർത്തെഴുന്നേക്കുക
മൂന്നു നാൾക്കപ്പുറം,
നീ ജീവരക്തം  നൽകി
ഉയിരേറ്റ ജ്വാലയിൽ
ഉരുകിയൊന്നാവണം 
എനിക്കുനിൻ പാതിയായ്.
................................................................
അഖിൽ ജയചന്ദ്രൻ

ഖിസ്സ2 പാട്ട്

ഖിസ്സ2 പാട്ട്

ഖിസ്സ പറയുവാൻ നല്ല മൈലാഞ്ചി മൊഞ്ചുള്ള ഖിസ്സ പറയുവാൻ
ഖൽബിന്നുളിൽ കഥകൾ നെയ്യും മഷിതുള്ളികൾ ഞങ്ങൾ മഷിതുള്ളികൾ
തായ്‌മൊഴി ചൊല്ലിൻ കുളിരു തേടി
പ്രവാസ പ്രതീക്ഷയിൽ വേരു തേടി
താഴ്ന്നു പറക്കുന്നൊരക്ഷര പക്ഷികൾ മണൽമരച്ചില്ലയിൽ കൂടു കൂട്ടുമ്പോൾ ഇനിയുമിനിയും പല കഥകൾ ചൊല്ലി
കൂട്ടു കൂടാൻ ഇവിടെ ഞങ്ങൾ
മഷി കൂട്ടുകാർ ഞങ്ങൾ മഷി കൂട്ടുകാർ...
മതി മറന്നും, കളി പറഞ്ഞും,
സ്നേഹമോടെ മനസ്സ്‌ തൊട്ടും
വീണ്ടുമിവിടെ ഖിസ്സ നിറക്കും
മഷിതുള്ളികൾ ഞങ്ങൾ മഷിതുള്ളികൾ...

അഖിൽ ജയചന്ദ്രൻ.




സമ്മാനം

സമ്മാനം
_________

എന്റെ മകൾക്ക് ഞാൻ വാങ്ങി കൊടുക്കുന്നുണ്ടൊരു തോക്ക്
കളിതോക്കല്ല, നല്ല ഒറിജിനൽ തോക്ക്
എന്റെ മകൾക്ക് ഞാൻ വാങ്ങി
കൊടുക്കുന്നുണ്ടൊരു കത്തി
കളി കത്തിയല്ല, നല്ല നാടൻ വടിവാൾ
പറയുന്നുണ്ടവളോട് വിരലിൽ
നിറയെ നഖം വളർത്താൻ കാരണം
എന്റെ മകൾക്കിന്നഞ്ചു വയസ്സായന്നേ...
ഇനി സ്കൂളിൽ പോകണം...

അഖിൽ ജയചന്ദ്രൻ.

വഞ്ചന

                              വഞ്ചന

ഭ്രാന്തമായ്‌ നിന്നെ സ്നേഹിക്കയാലിന്ന് ഭ്രാന്തിയായ് പോയൊരാ കനൽ പൊട്ടു ഞാൻ.....
നിന്റെ വാക്കിലെ വാൾമുന കൊണ്ടെന്റെ
നെഞ്ചു കീറി പിളർന്നെന്നിൽ നിറയുന്ന അന്ധകാരത്തിന്റെ ആഴമളക്കുമ്പോൾ,
നിന്നിലവശേഷിച്ച വഞ്ചനയുടെ കൈപ്പുനീർ
കുത്തിപിഴിഞ്ഞെന്റെ നാവിൽ പുരട്ടുക.
ഇനിയും മരിക്കാത്ത എന്നിലെ നിന്നെ കരിന്തിരി തുമ്പിലെ തീനാളമാക്കുക.
നിന്നെ നോവിക്കാതെ എന്നിൽ പിറന്നൊരാ
തിരുമുറിവൊന്നിൽ കല്ലുപ്പുരക്കുക....
ഭ്രാന്തമായ്‌ നിന്നെ സ്നേഹിക്കയാലിന്ന് ഭ്രാന്തിയായ് പോയൊരാ കനൽ പൊട്ടു ഞാൻ.....

അഖിൽ ജയചന്ദ്രൻ.

കാത്തുനിൽപ്പ്

കാത്തുനിൽപ്പ്
--------------------------
മാറുന്ന ലോകത്ത് ഞാൻ മാത്രമിവിടെ
മാറാതെ നിൽക്കുന്നതിന്നിങ്ങനെ.
കാലത്തിനപ്പുറം കണ്മിഴിക്കപ്പുറം
എന്നോർമയിൽ നീ വന്നു പോയി.

വിരൽ പിണച്ചെന്നെ ചേർത്തു പിടിച്ച
വാകമര ചില്ലതൻ നോവ്‌ കാണാതെ,
നെറികെട്ട കാറ്റിൻ ചതിയറിയതെ
ഉതിർന്നു വീണതു നിൻ നെഞ്ചിൽ
ചേർന്നുറങ്ങാമെന്ന പാഴ് വാക്കു കേട്ട്.

ഇന്നലകളോട് കലഹിച്ചിന്നിവിടെ
മണ്ണ് പറ്റി കിടന്നു വിങ്ങുമ്പോൾ
കരയാതെ ഞാൻ വാർത്ത കണ്ണുനീർ
ഉള്ളു പൊളിച്ചു മണ്ണിലമരുമ്പോൾ
നെഞ്ചു നീറ്റുന്ന ന്യായവാദങ്ങളാൽ
നിന്നെ കാത്തു ഞാൻ മാത്രമിവിടെ..

അഖിൽ ജയചന്ദ്രൻ.

എന്നെ തിരയുന്ന ഞാൻ

എന്നെ തിരയുന്ന ഞാൻ
-------------------------------------------
കല്ലറക്കുളിൽ ചീഞ്ഞുനാറുന്നൊരാ
എന്നെ ഞാനിന്നലെ കണ്ടു
മോഹങ്ങളും മോഹഭംഗങ്ങളും കൂട്ടു കിടക്കുന്നൊരെന്നെ ഞാനിന്നലെ കണ്ടു.

ഇന്നിൻറെ ലോകമേ കാപട്യമേ
കണ്ണീര് പോലും കട്ടെടുക്കാൻ
കാതങ്ങൾ താണ്ടി അവർ വരുമ്പോൾ
എന്നിലെ എന്നെ ഞാനെവിടെ തിരയണം നിന്നിലോ മറയുന്ന സൂര്യ ബിംബത്തിലോ

വേട്ട നായ്ക്കൾക്ക് ചുണ്ടു നനക്കുവാൻ
എന്റെ രക്തം മതിയാകയില്ലെടോ
നാളെയീ വീഥിയിൽ നിന്നെയും തേടി
വന്നേക്കമീ രക്തദാഹികൾ
വിട്ടുകൊടുക്കാതിരിക്കുക നിന്നേയും
നിന്നിൽ ഞാൻ തിരയുന്നൊരെന്നെയും

അഖിൽ ജയചന്ദ്രൻ

നീയല്ലാതെ

നീയില്ലാതെ
××××××××××
അങ്ങകലെ അങ്ങകലെ അമ്മതൻ
മാറിലെ മാറാപ്പ് തേങ്ങുന്നു.
എൻ പൊന്നുമകനെ എൻ പൊന്നുമകനെ.
കണ്ണു കാണാൻ വയ്യ, കാതു കേൾക്കാൻ വയ്യ.
കാലുകൾ രണ്ടും കുഴഞ്ഞു പോയിടുന്നു.
ഊന്നു വടിയെന്നിൽ നിന്നൂർന്നു പോകുന്നു
നീയില്ലാതെ നിൻ ശബ്ദമില്ലാതെയീ നരകത്തീചൂളയിൽ പെറ്റമ്മ നെഞ്ചിന്നുരുകിനീറുന്നു
ദൂരയാ ഹിമശൃംഗമതിരിടും വഴികളിൽ
കണ്ണും മനസ്സും കല്ലാക്കി മാറ്റി
പിറന്ന മണ്ണിനതിരു കാക്കുമ്പോൾ
നിന്നെ മൂടിയ ഹിമഗിരി വർഷത്തിൽ
നീ പെട്ടു പിടയുമ്പോൾ നിന്റെ പിറവിയിൽ മുറിവേറ്റൊരമ്മയിന്നിവിടെ നിൻ
കൂടെ വന്നിടാം അന്ത്യ യാത്രക്കായി..

അഖിൽ ജയചന്ദ്രൻ

ഒരു ഭയങ്കര സംഭവകഥ


ഒരു ഭയങ്കര സംഭവകഥ
-------------------------------------
ആദ്യമായാണ് പാലക്കാട് നിന്നും എയർപോർട്ടിലേക്കു KSRTC ബസ്സിൽ പോകുന്നത്, സാധാരണ വീട്ടിൽ നിന്നും കാറിൽ ആണ് പോകാറുള്ളതു.

അതിരാവിലെഎയർപോർട്ടി
ലേക്കുള്ള യാത്രയിൽ കണ്ട പല കാര്യങ്ങളും വളരെ വിചിത്രമായി തോന്നി. എനിക്ക് വളരെ അത്ഭുതമായി തോന്നിയതു പാലക്കാടിലെ പ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ മുതലാളിയും, അതിലുപരി വളരെയേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പ്രമുഖ വ്യവസായിയും, മകനും ആ KSRTC ബസ്സിൽ എന്റെ മുൻ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു എന്നതാണ്, അവരുടെ സംസാരത്തിൽ നിന്ന് അവരും എയർപോർട്ടിലേക്കാണെന്നു മനസ്സിലായി.

രാവിലെ ദുബായിലേക്കുള്ള വിമാനത്തിലാണ് എനിക്ക് പോകേണ്ടത്, വിമാനത്താവളത്തിൽ എത്തിയപ്പോഴും ഒന്നും സാധാരണ പോലെയല്ല. പണ്ട്‌ പാലക്കാട് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന പോലെ പൊട്ടി പൊളിഞ്ഞു, പൊടി പിടിച്ച മരബെഞ്ചുകളിൽ ആളുകൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച് പരസ്പരം ഒന്നും ഉരിയിടാതെ മുഖത്തോടു മുഖം നോക്കിയിരിക്കുന്നു, കുറെ ആളുകൾ നിലത്തിരിക്കുന്നു, ചിലർ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പൊടിപടലവും, ബീഡി കുറ്റികളും, ആളുകൾ വെറ്റില മുറുക്കി തുപ്പിയ പാടുകളും എല്ലാം കൊണ്ടു തീർത്തും വൃത്തി ഹീനമായ ഒരു ചുറ്റുപാടായിരുന്നുന്നു അവിടെ. ഈ വിമാനത്താവളത്തിന് എന്തു പറ്റി എന്നാലോചിച്ചു നിൽക്കുമ്പോൾ അതാ പണ്ട് സ്കൂളിൽ കൂടെ പടിച്ച രാജേഷ് അവിടെ നിൽക്കുന്നു, ഇപ്പോൾ അവൻ നാട്ടിലെ പത്രവിതരണക്കാരൻ ആണ്.

"ഹായ് , രാജേഷേ നീയെന്താ ഇവിടെ?"

ഞാൻ എന്റെ ഒരു സുഹൃത്തിനെ കൊണ്ട് വിടാൻ വന്നതാണ് " അതു പറയുമ്പോൾ അവന്റെ മുഖത്തോരു കള്ള ലക്ഷണം ഉള്ളത്‌ പോലെ...അവന്റെ കൈ പിടിച്ചു കൂടെ നിൽക്കുന്ന ആ സ്ത്രീയെ എവിടെയോ കണ്ടതു പോലെ..

" ങ്ങേ ഇതു നമ്മുടെ ഫേസ്ബുക്കിലെ പ്രശസ്ത ഡോക്ടർ അല്ലേ?" ഇവരെന്താണ് ഇവന്റെ കൂടെ. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അവനോടു തന്നെ ചോദിച്ചാലോ എന്നു വിചാരിച്ചെങ്കിലും പിന്നെയത് വേണ്ടെന്നു വച്ചു.

രാജേഷിനോട് യാത്ര പറഞ്ഞ് എയർപോർട്ടിനുള്ളിലേക്കു പോകുമ്പോൾ അതാ വരുന്നു എന്റെ എതിർ ദിശയിൽ ശശികുമാർ, അവനും എന്റെ കൂടെ പഠിച്ചതാണ്‌ അതും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരേ ക്ലാസ്സിൽ, അവൻ ഇപ്പോൾ നാട്ടിലെ അറിയപ്പെടുന്ന ആശാരിയാണ്.

'ഇവനെന്താ ഇവിടെ! അതും എയർപോർട്ട് ജീവനക്കാരന്റെ യൂണിഫോമിൽ? ഇവന് എയർപോർട്ടിൽ ജോലി കിട്ടിയ കാര്യം ആരും എന്നോട് പറഞ്ഞില്ലല്ലോ'.

അവൻ നേരെ വന്നെന്റെ കയ്യിൽ പിടിച്ചു ചോദിച്ചു "നീയെങ്ങോട്ടാടാ? "

"ഞാൻ ഇന്നു ദുബായിലോട്ടു തിരിച്ചു പോവുകയാ പത്തരക്കുള്ള വിമാനത്തിൽ"

" ആണോ, എന്നാൽ നീ വാ നമുക്ക് ഉള്ളിലോട്ടു പോകാം "

"ശശി, ഡാ ഞാൻ ചെക്ക് ഇൻ ചെയ്തില്ല"

"അതൊന്നും കുഴപ്പം ഇല്ലെടാ ഞാൻ ഇവിടുത്തെ സ്റ്റാഫ് അല്ലേ"

എന്തായാലും അവനെ കണ്ടത് നന്നായി അവിടെ നിന്നും ചെക്ക് ഇൻ പോലും ചെയ്യാതെ അവൻ വിമാനത്തിലേക്കു പോകാം എന്നു പറഞ്ഞു ഉള്ളിലേക്ക് കൊണ്ടു പോയി, ഞങ്ങളോടൊപ്പം മറ്റ് ചില ജീവനക്കാരുടെ കൂടെ വേറെ യാത്രക്കാരും ഉണ്ടായിരുന്നു.

സാധാരണ ബസിലോ അല്ലെങ്കിൽ airobridge വഴിയോ ആണ് വിമനത്തിനകത്തേക്ക് പോകുന്നത്. പക്ഷെ ഇന്ന് runway യിലൂടെ നടന്നാണ് ശശികുമാർ വിമാനത്തിനടുത്തേക്കു കൊണ്ടു പോയത്. കുറേ ദൂരം നടന്നു runway യുടെ അങ്ങേ അറ്റത്തു എത്തി അവിടെ അതാ ഒരു ചെറിയ വിമാനം കിടക്കുന്നു, ഒരു ബസിന്റെ അത്രയും മാത്രം വലിപ്പം ഉള്ള ഒരു കുഞ്ഞു വിമാനം.

"അയ്യോ ഇതിലാണോ ദുബായിലോട്ടു പോകേണ്ടത്?"

ഞാൻ ശശികുമാറിനോട് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു

"ഇതല്ല നിനക്കു പോകാനുള്ള വിമാനം, അതു ഇതു വരെ എത്തിയിട്ടില്ല. ഈ ചെറിയ വിമാനം നിങ്ങൾക്ക് പോകാനുള്ള വിമാനം വരുന്നത് വരെ കാത്തിരിക്കാൻ ഉള്ളതാണ്"

ഞാൻ മനസ്സിൽ ഓർത്തു
' ഈ സെറ്റപ്പ് കൊള്ളാമലോ'

അങ്ങിനെ ഞങ്ങൾ ആ കുഞ്ഞു വിമാനത്തിനുള്ളിൽ കയറി ഇരുന്നു.

ആ ചെറിയ വിമാനം നിർത്തിയിട്ടിരിക്കുന്നതിന്റെ അപ്പുറത്ത് ഒരു കുന്നിൻ ചരിവായിരുന്നു, നിറയെ പച്ച പുല്ലുകൾ ഉള്ള ഒരു കുന്ന്.

അതും എനിക്ക് ഒരു അത്ഭുത കാഴ്ച്ചയായിരുന്നു.

' എത്രയോ തവണ ഞാൻ ഈ എയർപോർട്ടിൽ വന്നിട്ടുള്ളതാ എന്നിട്ടും ഈ കുന്ന് ഇതിനുമുൻപൊന്നും ഞാൻ കണ്ടിട്ടില്ലല്ലോ. എന്തായാലും കാണാൻ നല്ല ഭംഗിയുണ്ട്'

പെട്ടെന്ന് അതാ എന്തോ വലിയ ശബ്ദം കേൾക്കുന്നു പുറത്തേക്കു നോക്കിയപ്പോൾ കടലിൽ വലിയ മീൻ കൂട്ടങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പോലെ ആകാശത്തു കൂടി പല വലിപ്പത്തിലുള്ള വെളിച്ചങ്ങൾ ആങ്ങോട് ഇങ്ങോട്ടും ചീറിപ്പായുന്നു. പെട്ടെന്നു ആ കുന്നിന്റെ മറുപുറത്തു നിന്നും ആകാശത്തേക്ക് ലേസർ ലൈറ്റ് പോലെ എന്തോ ഒരു വെളിച്ചം പലവട്ടം മുകളിലോട്ട് പോകുന്നു. കാതടപ്പിക്കുന്ന വെടിയൊച്ചയും കേൾക്കുന്നുണ്ട് എന്താണ് സംഭവിക്കുന്നത് എന്നു ഒരു പിടിയും കിട്ടുന്നില്ല. പെട്ടെന്ന് എല്ലാ വെളിച്ചവും ശബ്ദങ്ങളും നിശ്ചലമായി. അതാ ആ runway യിലേക്ക് ആകാശത്തു നിന്നും എന്തോ ഒരു വലിയ ലോഹ കഷ്ണം വലിയ ശബ്ദത്തിൽ വന്നു വീഴുന്നു. അതു കണ്ടിട്ടു ഏതോ ഒരു യന്ത്ര ഭാഗം പോലെയുണ്ട്. ഞങ്ങൾ ഇരിക്കുന്ന വിമാനത്തിന്റെ ഏതാനും മീറ്റർ അപ്പുറത്തായി വീണ്ടും അത്തരം പല യന്ത്ര ഭാഗങ്ങളും ആകാശത്തു നിന്നും വീണ് കൊണ്ടിരിക്കുന്നു....

എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ഇനി എനിക്ക് പോകാനുള്ള വിമാനം ആരെങ്കിലും വെടിവച്ചിട്ടതായൊരിക്കുമോ, എന്നാൽ പണി പാളി എന്റെ പോക്ക് നടക്കില്ല..

എന്റെ ചുറ്റിലും എല്ലാവരും വളരെ കൂൾ ആയി ഇരിക്കുന്നു ആർക്കും ഒരു പേടിയോ ടെൻഷനോ ഒന്നുമില്ല. സാധാരണ ഒരു കാര്യം നടക്കുന്ന പോലെയാണ് എല്ലാവരും പെരുമാറുന്നത്. ശരിക്കും ഇവർക്കൊക്കെ വട്ടയതാണോ..ഇത്രയും ഭീകരമായ ഒരു കാര്യം നടന്നിട്ടും ഇവർക്കൊക്കെ ഇങ്ങിനെയിരിക്കാൻ എങ്ങിനെ കഴിയുന്നു. വല്ലാത്ത പഹയന്മാർ തന്നെ...

Runway യിലൂടെ അതാ ആയുധ ധാരികളായ കുറെ പട്ടാളക്കാർ ഓടി വരുന്നു.. പെട്ടെന്നതാ കുന്നിൻ ചെരിവിന്നപ്പുറത്തു നിന്നും ഒരു വലിയ ബഹളം കേൾക്കുന്നു..കുറെ ആളുകൾ ഓടി വരുന്നുണ്ട്‌, അവരുടെ കയ്യിൽ വടിയും ചാക്കും വലിയ വലയും ഒക്കെ ഉണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഞാനും ആ കുന്നിൻ ചെരിവിലേക്കോടി അവിടെ ഒരാൾക്കൂട്ടം മൊട്ടതലയന്മാരായ മൂന്നു കുള്ളൻമാരെ ഓടിച്ചു കൊണ്ടു വരികയാണ്, ആ മൂന്നു കുള്ളന്മാരും കാലിൽ സ്പ്രിങ് ഉള്ള പോലെ ചാടി ചാടിയാണ് ഒടുന്നുത്, അവരുടെ ചെവികളും, മൂക്കും അവരുടെ ശരീര വലുപ്പവുമായി ഒരു രീതിയിലും യോജിക്കാത്ത തരത്തിൽ സാധാരണയിലും വലുതായിരുന്നു, കണ്ണുകൾ വളരെ ചെറിയതുമായിരുന്നു.

ഇവർ ആരെണെന്നും, എന്തിനാണ് ഇവരെ ആൾക്കാർ ഓടിക്കുന്നത് എന്നും അറിയാനായി ഞാൻ ആ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി നിന്നു. അപ്പോഴേക്കും ആ മൂന്ന്‌ പേരേയും ആ ആൾക്കൂട്ടം വളഞ്ഞു കഴിഞ്ഞിരുന്നു.

ആ കൂട്ടത്തിൽ ഉള്ള ഒരാളോട് ഞാൻ ചോദിച്ചു

"എന്താ ചേട്ടാ കാര്യം ഈ കുള്ളന്മാർ വല്ല കള്ളന്മാരും ആണോ"

അപ്പോൾ അയാൾ പറഞ്ഞു

"ഈ മൂന്ന് കുള്ളന്മാരും അന്യഗ്രഹത്തിൽ നിന്നും വന്നവരാണ്. അവർ വന്ന പേടകം പട്ടാളം വെടിവച്ചു വീഴ്ത്തി അതിൽ നിന്നും ഇവർ ചാടി രക്ഷപ്പെട്ടു ഓടുകയായിരുന്നു"

അപ്പോഴേക്കും ആ മൂന്നു അന്യഗ്രഹ മനുഷ്യരെയും ചാക്കിലും വലയിലും എല്ലാം ആക്കി കെട്ടി പൂട്ടിയിരുന്നു.

ലോകത്തു ആദ്യമായി അന്യഗ്രഹ മനുഷ്യരെ ജീവനോടെ പിടി കൂടിയിരിക്കുന്നു അതും നമ്മുടെ കേരളത്തിൽ. എന്റെ ചുറ്റിലുമുള്ള ആളുകളെല്ലാം ഭയങ്കര ആവേശത്തിൽ ആയിരുന്നു.

ഈ വിവരം പുറത്തറിഞ്ഞാൽ അമേരിക്കയും, ചൈനയും, റഷ്യയും പോലുള്ള രാജ്യങ്ങൾ ചിലപ്പോൾ ഇവരെ നമ്മളിൽ നിന്നും മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചേക്കും, ഇനി കുറച്ചു നാളെത്തെക്കു ലോകം മുഴുവൻ നമ്മുടെ നാടിനെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുന്നത്, അതു ഓർത്തപ്പോൾ തന്നെ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നു....

പെട്ടെന്നാണ് അലാറം അടിച്ചു ഞാൻ ചാടി എഴുന്നേറ്റതു. ആ അന്യഗ്രഹ മനുഷ്യർക്ക്‌ എന്തു പറ്റിയോ എന്തോ? 'ഈ നശിച്ച അലാറം ഇപ്പൊ അടിച്ചില്ലെങ്കിൽ അതു കൂടി അറിയാമായിരുന്നു'.

ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു, കൊറോണ ലോക്ക്ഡൗൻ കാലം ആയതിനാൽ വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടു ഒന്ന് കൂടി ഉറങ്ങാൻ നോക്കാം ഈ സ്വപ്നത്തിന്റെ ബാക്കിയെങ്ങാനും കാണാൻ പറ്റിയലോ.....


അഖിൽ ജയചന്ദ്രൻ

അപരിചിതർ

അപരിചിതർ
----------------------

ഒരു കുടക്കീഴിൽ ഒന്നായി നിന്നവർ നമ്മൾ
ഒരുമയോടെ മെയ്യും മനസ്സും പകുത്തോർ
കണ്ണിമ വെട്ടാതെ കണ്ണിൽ കവിത രചിച്ചവർ
ചുണ്ടു ചുണ്ടോട് ചേരാതെ ചുംബിച്ചവർ
കുളിർ പുലരിയിൽ നനുത്ത രസചരടിൽ
ചൂടൂറ്റി നൽകിയോർ, നമ്മളൊന്നായവർ...

ഇന്നീ നാലു ചുവരുകൾക്കുള്ളിൽ
ചിരിക്കാൻ മറന്നവർ, മിണ്ടാൻ മറന്നവർ
മൊബൈലും, ലാപ്ടോപ്പും നമ്മിലെ നമ്മെ
ഊറ്റി കുടിക്കുമ്പോൾ മരിച്ചു നിൽക്കുന്നോർ
നമ്മളിന്ന് അന്യരായവർ, അപരിചിതർ നമള്ളിൽ നാമില്ലെന്നറിഞ്ഞോർ...

അഖിൽ ജയചന്ദ്രൻ

കോങ്ങാടന്റെ പാതിരാ സവാരി


കോങ്ങാടന്റെ പാതിരാ സവാരി
---------------------------------------------------

നന്നായി ഉറക്കം വരുന്നുണ്ട്‌, രാത്രി ഏകദേശം പന്ത്രണ്ട് മണിയായി കാണും. ആകാശത്തൊരു നക്ഷത്രം പോലുമില്ല, ഇന്ന് കറുത്തവാവായതു കൊണ്ടായിരിക്കും.

സമയമെന്തായെന്നു നോക്കാൻ കയ്യിൽ വാച്ചു കെട്ടുന്ന ശീലം പണ്ടേയില്ല, പിന്നെയുള്ള മൊബൈലിലാണേൽ ചാർജ് തീർന്നു ചത്തിരിക്കുകയാണ്. എന്തായാലും പന്ത്രണ്ടരക്ക് പാലക്കാട് നിന്നുമുള്ള ലാസ്റ്റ് ബസ് 'ഗുരുദേവൻ' ഇതുവരെ വന്നിട്ടില്ല. രാത്രി എട്ട് മണിക്ക് ശേഷം ബസ്സുകളൊന്നും സ്റ്റാന്റിൽ കയറാറില്ല, ബസ്‌സ്റ്റാന്റിന് പുറത്തുള്ള മിൽമ ബൂത്തിനു മുന്നിൽ നിർത്തി ആളെയിറക്കാറാണ് പതിവ്‌. മുന്നിലോട്ടു നോക്കിയപ്പോൾ മറ്റ്‌ രണ്ട്‌ ഓട്ടോറിക്ഷകൾ കൂടി തന്റെ മുന്നിലുണ്ട്...എല്ലാവരും ലാസ്റ്റ് ബസ്‌ വരുന്നത് കാത്തിരിക്കുകയാണ്, ചിലപ്പോൾ നല്ല വല്ല ഓട്ടവും കിട്ടിയാലോയെന്ന പ്രതീക്ഷയിൽ...ഞങ്ങളെ പോലെ വളരെ കുറച്ചു ഓട്ടോക്കാരെയിപ്പോ രാത്രി ഓടാറുള്ളൂ....അതും ലാസ്റ്റ് ബസ് വരുന്നത് വരെ മാത്രം...ചിലപ്പോഴൊക്കെ നല്ല ഓട്ടം കിട്ടും, ചിലപ്പോൾ വെറും കയ്യോടെ വീട്ടിലോട്ട് പോകേണ്ടിയും വരാറുണ്ട്.

എന്തായാലുമൊരു ചായ കുടിക്കാം, ഓട്ടോസ്റ്റാന്റിന്റെ മറുവശത്തുള്ള ശിവേട്ടന്റെ തട്ടുക്കടയിൽ ഇപ്പോഴും രണ്ടുമൂന്നുപേർ ചായ കുടിച്ചു നിൽപ്പുണ്ട്, പച്ചക്കറി കടകളിലോട്ടു ലോഡ് കൊണ്ടു വന്ന വണ്ടികളുടെ ഡ്രൈവർമാർ ആണെന്ന് തോന്നുന്നു, ശിവേട്ടൻ രാവിലെ ഏഴു മണി വരെ അവിടെയുണ്ടാകും, രാവിലെ ഏഴു മണിക്ക് ശിവേട്ടന്റെ മകൻ വരും, കോങ്ങാട് ടൗണിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരേയൊരു സ്ഥാപനമാണ്, ഇപ്പോൾ ഷോപ്പിങ് കോംപ്ലസ്‌ ആക്കി മാറ്റിയ പഴയ കോങ്ങാട് സെൻട്രൽ സിനിമാ തീയേറ്ററിന്റെ മുന്നിലുള്ള ശിവേട്ടന്റെ തട്ടുകട. രാത്രിയിൽ ശിവേട്ടനും, പകൽ മകൻ ഗണപതിയുമാണ് കട നടത്തിപ്പുകാർ. രണ്ടുപേരുടെയും കൈപുണ്യം അപാരമാണ്. അവരുടെ കടയിലെ എണ്ണ പലഹാരങ്ങൾ കഴിക്കാത്തവരായി കോങ്ങാട് പ്രദേശത്ത് ആരും തന്നെയുണ്ടാകില്ല. അവിടുത്തെ പഴംപൊരിയും, ഉഴുന്ന് വടയും ഒരിക്കൽ കഴിച്ചവർ എന്തായാലും ആ വഴി ഒന്നുകൂടി വന്നിരിക്കും.

"ശിവേട്ടാ നിങ്ങളുടെ ആ സ്‌പെഷ്യൽ ചായ ഒന്നെടുക്കൂ, നല്ല ഉറക്കം വരുന്നുണ്ട്"

"അല്ല ഇതാര് കോങ്ങാടനോ!"

ഓട്ടോയുടെ പിന്നിലെഴുതിയ 'കോങ്ങാടൻ' എന്ന പേരെല്ലാവരും വിളിച്ച് വിളിച്ച് ഇപ്പൊ എന്റെ പേരും 'കോങ്ങാടൻ' എന്നായി മാറി. വീട്ടിൽ എത്തി ഭാര്യ 'രമേഷേട്ടാ' എന്നു വിളിക്കുമ്പോൾ മാത്രമാണ് 'രമേഷ്' എന്ന സ്വന്തം പേര് പലപ്പോഴുമോർക്കുന്നത് തന്നെ.

"ഇന്നാ പിടിച്ചോ കോങ്ങാടനു സ്‌പെഷ്യൽ ചായ"

" സമയമെന്തായി ശിവേട്ടാ ഗുരുദേവൻ വരാറായോ?"

" ഇല്ല പത്തു മിനിറ്റ് കൂടിയുണ്ട്"

" ശിവേട്ടാ ഗണപതിയോട് രാത്രി വരാൻ പറഞ്ഞിട്ട് നിങ്ങൾക്ക് പകൽ വന്നൂടെ? അവൻ ചെറുപ്പം അല്ലേ"

" ചെക്കന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്ന് മാസമല്ലേ ആയുള്ളു, പിന്നെയെനിക്കിപ്പോ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുല്ല്യ. എനിക്ക്‌ പറ്റുന്ന കാലം ഇങ്ങനെയൊക്കെ പോട്ടെ"

ചായ കുടിച്ചു ശിവേട്ടനു കാശു കൊടുത്തു തിരിച്ചു ഓട്ടോയിൽ വന്നിരുന്നപ്പോഴേക്കും ഗുരുദേവൻ വന്നു ബസ് സ്റ്റോപ്പിൽ നിന്നിരുന്നു.

'നല്ലൊരോട്ടം കിട്ടിയാൽ മതിയായിരുന്നു, മോളുടെ സ്കൂൾ ഫീസ് അടക്കേണ്ട അവസാന ദിവസമാണ് നാളെ, ഒരു ഇരുനൂറ്റമ്പത് രൂപയുടെ കൂടി കുറവുണ്ട്'

ബസ്സിൽ നിന്നും ആദ്യമിറങ്ങിയത്‌ കാഴ്ച്ചയിൽ ഭാര്യയും, ഭർത്താവുമാണെന്ന് തോന്നുന്ന ഒരു സ്ത്രീയും പുരുഷനുമാണ്.. അവരാദ്യം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറിപോയി.

'ഒരോട്ടോ കൂടി മുന്നിലുണ്ട്, അയാൾ കൂടി പോയലേ എനിക്ക് വല്ല രക്ഷയുമുളളൂ'

രണ്ടാമതായി അതാ താടിയും മുടിയും നീട്ടി വളർത്തി കറുത്ത ടീ ഷർട്ടും, വാങ്ങിയതിൽ പിന്നെ അലക്കിയിട്ടില്ലെന്നു തോന്നിക്കുന്ന തരത്തിലുള്ളോരു നരച്ച ജീൻസും ധരിച്ച് കയ്യിൽ വലിയ ഫോണും ചെവിയിൽ അവന്റെ തലയേക്കാൾ വലിയ ഹെഡ്സെറ്റും വച്ചു മുതുകിൽ വലിയൊരു ട്രാവൽ ബാഗുമായി ഒരു ന്യൂജൻ ഫ്രീക്കൻ. ദൂരെയെവിടെയോ ഏതോ കോളേജിൽ പഠിക്കുന്ന പയ്യനായിയിരിക്കണം. ഇന്ന് വെള്ളിയാഴ്ചയല്ലേ അപ്പൊ രണ്ടു ദിവസത്തെ ലീവിന് വന്നതായിരിക്കും. തന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ കയറി അവനും പോയി.

ഇനിയാരെങ്കിലും ബസ്സിൽ നിന്നിറങ്ങുന്നുണ്ടോയെന്ന്‌ അകാംക്ഷയോടെ ഞാൻ നോക്കിയിരിക്കുമ്പോൾ ഒരു ദയയുമില്ലാതെ ബസ്സിന്റെ ഡോർ വലിച്ചടച്ചു കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു, എന്നെ നോക്കി ഒരാക്കിയ ചിരിയുമായി ആ ബസ്സ് അവിടെ നിന്നും പോയി.

അങ്ങിനെ ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി, ഇനി നാളെ മോൾടെ ഫീസ് അടക്കാൻ ആരുടെ കൈയിൽ നിന്നും പണം കടം വാങ്ങിക്കും ഈശ്വരാ....ഇതു വല്ലാത്ത ചതിയായി പോയി. മോളുടെ ഫീസ് അടച്ചതിനു ശേഷം വേണം ഓട്ടോയുടെ ഹെഡ്ലൈറ്റ് ശരിയാക്കാനെന്നു വിചാരിച്ചതാ, ലൈറ്റ് ഇടക്കിടെ വല്ലാതെ ഡിമ്മാകുന്നുണ്ട്.

എന്തായാലും ഇനി നിന്നിട്ട് കാര്യമില്ല തിരിച്ചു പോകാം. ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു മുന്നിലോട്ടു എടുക്കുമ്പോൾ അതാ ഒരു കറുത്ത സ്‌കോർപിയോ തന്റെ ഓട്ടോക്ക് കുറച്ചു മുന്നിലായി ബ്രേക്കിട്ടു നിന്നു, അതിൽ നിന്നും ഒരാൾ ചാടി ഇറങ്ങി തന്റെ ഓട്ടോയുടെ നേർക്കു വരുന്നു....

ബാബു ആന്റണിയുടെ ഉയരവും ശരീരപ്രകൃതിയുമുള്ള, ക്ളീൻ ഷേവ് ചെയ്തു, തലയിൽ വട്ട തൊപ്പിയും, കറുത്ത നീളൻ ജുബ്ബയും, വലിയ കണ്ണടയും ധരിച്ചു ആകെ ഒരു വശപിശക് തോന്നിക്കുന്നൊരാൾ.

ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അയാളെന്റെ ഓട്ടോയിൽ കയറിയിരുന്നിരുന്നു. എങ്ങോട്ടാണെന്നു ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അയാൾ ഫോണെടുത്തു ആരോടോ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അവരുടെ സംസാരം എന്താണെന്ന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, അത്രക്ക് സ്വരം താഴ്ത്തിയാണ് അയാൾ സംസാരിച്ചിരുന്നത്.

അയാൾ ഓട്ടോയിൽ കയറിയപ്പോൾ മുതൽ നല്ല മണം, ഏതോ പൂ വിരിഞ്ഞ പോലുള്ള സുഗന്ധം, എതോ വില കൂടിയ പെർഫ്യൂം ആണെന്ന് തോന്നുന്നു.

അയാൾ ഫോൺ സംസാരം നിർത്തിയതും, എന്റെ അനുവാദമില്ലാതെ ഓട്ടോയിൽ കയറിയതിന്റെ നീരസത്തോടെ ഞാൻ ചോദിച്ചു

"നിങ്ങൾക്കെങ്ങോട്ടാണ് പോകേണ്ടത് ?"

"ചെറായയിലേക്ക്"

ചെറായ വളരെ ഉൾപ്രദേശമാണ്, അങ്ങോട്ട് പോകാൻ പകുതി ദൂരം മാത്രമേ ടാർറോഡുളളൂ അതു കഴിഞ്ഞാൽ മൺറോഡാണ്, അതും വളരെ മോശം അവസ്ഥയിലാണ്. നിറയെ കുണ്ടും, കുഴിയും.

" അങ്ങോട്ടുള്ള റോഡ് ഭയങ്കര മോശമാണ്, എന്റെ വണ്ടിയുടെ ഹെഡ്ലൈറ്റാണെങ്കിൽ നേരെ വർക് ചെയ്യുന്നുമില്ല, ആളും മനുഷ്യനും ഇല്ലാത്ത സ്ഥലമാണ്, പകല് പോലും ഓട്ടോക്കാർ അങ്ങോട്ടു പോകാൻ ഇഷ്ടപെടാറില്ല അപ്പോഴാ ഈ രാത്രി, അതുമിന്ന് കറുത്ത വാവ് ദിവസം, ലൈറ്റ് എങ്ങാനും ഡിം ആയാൽ നിലാവെളിച്ചം പോലുമുണ്ടാകില്ല നിങ്ങൾ വേറെയെന്തെങ്കിലും വഴി നോക്കു സാറേ, എനിക്ക് വരാൻ പറ്റില്ല"

"അയ്യോ അങ്ങിനെ പറയരുത്, ഈ രാത്രി വേറെയൊരു വഴിയുമില്ല, ഇവിടെയാണേൽ വേറെ ഓട്ടോയുമില്ല, നിങ്ങൾ പറയുന്ന വാടക തരാം"

ഓഹ് ഇതു വലിയ ശല്യമായല്ലോ എന്നു പിറുപിറുത്തു കൊണ്ട് ഞാൻ ചോദിച്ചു

" ചെറായയിൽ എവിടെയാ പോകേണ്ടത്?"

ഹെൽത്ത് സെന്റർ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോകണം"

"അപ്പൊ നല്ലോണം ഉള്ളിലോട്ടു പോകണം, ശരി മുന്നൂറ്റമ്പത് രൂപ തരണം എന്നാൽ ഞാൻ വരാം"

"ആയ്യോ അതു കൂടുതലല്ലേ? സാധാരണ ഇരുനൂറ്റമ്പത് രൂപയെ അങ്ങോട്ടക്കു ഓട്ടോക്കാർ വാങ്ങാറുള്ളു. ഞാൻ അത് തരാം"

"എന്റെ സാറേ ഞാൻ പറഞ്ഞില്ലേ എനിക്ക് വരാൻ പറ്റില്ല, നിങ്ങൾ വേറെ വഴി നോക്കിക്കോ"

"ശരി മുന്നൂറ്റമ്പതെങ്കിൽ മുന്നൂറ്റമ്പത്, എനിക്ക് വേറേ വഴിയില്ലല്ലോ, താൻ വണ്ടിയെടുക്കു"

മൂന്നാല് തവണ ആ വഴി ട്രിപ്പ് പോയിട്ടുണ്ടെങ്കിലും രാത്രിയിതുവരെ ആ വഴിക്കു ഞാൻ പോയിട്ടില്ല. എനിക്ക് അത്ര പരിചിതമായിരുന്നില്ല ആ റൂട്ട് . പിന്നെ ഇയാളെ കണ്ടിട്ടും ഒരു വശപിശക്‌ ലക്ഷണം തോന്നുന്നുണ്ട്, പോകണോ? വേണ്ടയോ?

ചിലയാൾക്കാരെ കാണുമ്പോൾ തന്നെ മനസ്സിലൊരാശങ്ക തോന്നാറുണ്ട്...

എന്തായാലും മുന്നൂറ്റമ്പത് രൂപ കിട്ടുമല്ലോയെന്നോർത്തപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു.

രാത്രി യാത്രയിൽ എന്നും വണ്ടിയിൽ കരുതുന്ന അറ്റം കൂർത്ത പിച്ചള കെട്ടിയ കുറുവടി ഡ്രൈവിംഗ് സീറ്റിന്റെ താഴെ തന്നെയില്ലേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി ഞാൻ വണ്ടിയെടുത്തു.

ഓട്ടോ കുറച്ചു ദൂരം മുന്നോട്ട് പോയി പെരിഞ്ഞം പാടത്തെ പെട്രോൾ പമ്പ് എത്തിയപ്പോഴേക്കും അയാളുടെ മൊബൈലിൽ ഒരു കാൾ വന്നു. അയാൾ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ സസാരിക്കുന്നുണ്ടായിരുന്നു. മെയിൻറോഡിൽ നിന്നും മാഞ്ചേരിക്കവിന് മുന്നിലൂടെ ചെറായയിലേക്കുള്ള ഇടറോഡിലേക്ക് ഓട്ടോ കയറുന്നതു വരെ അയാൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അയാൾ ഫോൺ സംസാരം നിർത്തിയതും ഞാൻ ചോദിച്ചു

"സാറേ നിങ്ങൾ ഈ പാതിരാത്രിയിൽ എവിടുന്നാണ് വരുന്നത്?"

"ഞാൻ കൊച്ചിയിൽ നിന്നും വരികയാ, ട്രയിൻ ഒരുപാട് വൈകി. ഒലവക്കോട് ഇറങ്ങി, ഓടികിതച്ചു ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ലാസ്റ്റ് ബസ്സും പോയി.

പിന്നെ അതിലെ വന്ന എല്ലാ വണ്ടികൾക്കും കൈ കാണിച്ചു അവസാനം ആ സ്‌കോർപിയോയിൽ ഉള്ളവർ ആണ് ഒരു ലിഫ്റ്റ് തന്നത്"

"ഓ അങ്ങനെ"

"നിങ്ങളുടെ പേരെന്താ ഇതിന് മുൻപ് കോങ്ങാട് സ്റ്റാന്റിൽ നിങ്ങളെ കണ്ടിട്ടില്ലല്ലോ?"

ആ ചോദ്യം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല, കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ ഈ കോങ്ങാട് ഓട്ടോ സ്റ്റാന്റിൽ കൂറ കുപ്പിയിൽ പെട്ടത് പോലെ ഒരു ഗതിയും പരഗതിയും ഇല്ലാതെ വട്ടം കറങ്ങുന്നുണ്ട്...ആ എന്നോടോ ബാലാ എന്ന ഭാവത്തിൽ ഞാൻ അയാളോട് പറഞ്ഞു

" ഞാൻ ഇവിടെയൊക്കെ തന്നെയുള്ള ആളാണ്...എന്റെ പേര് രമേഷ്.

സാറേ ഞാനും ഇതിനു മുൻപൊന്നും ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?"

"ഞാൻ കൊച്ചിയിലാണ് ജോലി ചെയ്യുന്നത് എന്റെ വീട് മണ്ണാർക്കാടാണ്"

"അപ്പോ പിന്നെ സാറിനിവിടെ ചെറായായിൽ എന്താ കാര്യം?"

"ഇവിടെയെന്റെ ഭാര്യവീടു ആണ്, ഭാര്യയും മക്കളുമിവിടെയാണ് അപ്പൊ എല്ലാ വെള്ളിയാഴ്ചയും ഇങ്ങോട്ടു വരും"

"ഓ അങ്ങിനെ"

അപ്പോഴേക്കും ഞങ്ങൾ കാരാനിപാടം കഴിഞ്ഞു ചെറായ LP സ്കൂളിന്റെ മുന്നി ലെത്തിയിരുന്നു.

ഇനിയങ്ങോട്ട് മൺറോഡ് ആണ്, നിറയെ കുണ്ടും കുഴികളുമുള്ള റോഡ്.

വളരെ പതുക്കെയാണ് ഞാൻ വണ്ടിയോടിച്ചിരുന്നത്, എന്നിട്ടും ഓരോ കുഴിയിൽ ചാടുമ്പോഴും വണ്ടിയുടെ ഹെഡ്ലൈറ്റ് മിന്നാമിനുങ്ങു മിന്നുന്നത് പോലെ മിന്നുന്നുണ്ടായിരുന്നു.

പെട്ടെന്നു ഓട്ടോക്ക് മുന്നിലേക്കെന്തോ ചാടി.

"അമ്മേ, എന്താണത്?"

ഞാൻ ഒരു ഞെട്ടലോടെ ഓട്ടോ വലതു വശത്തേക്കൊതുക്കി.

"അതു വല്ല പൂച്ചയും വട്ടം ചാടിയതാകും, താൻ വണ്ടിയെടുക്കു"

"അറിയില്ല സാറേ ചിലപ്പോൾ വല്ല പന്നിയുമാണെങ്കിലോ, ഇവിടെയൊക്കെ പന്നിശല്യം നല്ലവണ്ണമുണ്ട് ഞാനൊന്ന് നോക്കട്ടെ"

ഞാൻ ഇറങ്ങി നോക്കിയപ്പോൾ ആ ഇരുട്ടിൽ എന്തോ തിളങ്ങുന്നു, ഒന്നല്ല രണ്ട്‌ തീഗോളങ്ങൾ....ഓ പേടിപ്പിച്ചു...അതൊരു പൂച്ചയായിരുന്നു.

"സാറ് പറഞ്ഞപോലെ അതൊരു പൂച്ചയാ, അല്ല സാറിന് ഇതെങ്ങിനെ കൃത്യമായി മനസ്സിലായി?"

അങ്ങിനെ ചോദിക്കുമ്പോൾ എന്റെ ഉള്ളിലെന്തോ അകാരണമായ ഭയം നിറയുന്നുണ്ടായിരുന്നു.

അതിനുള്ള മറുപടിയായി അയാളെന്തെങ്കിലും പറയുമ്പോഴേക്കും അയാളുടെ മൊബൈലിൽ പിന്നെയുമൊരു കാൾ വന്നു, വീണ്ടും അയാൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ ഓട്ടോ മുന്നിലോട്ടെടുത്തു.
ഞങ്ങൾ ചെറായ ഹെൽത്ത് സെന്ററിന്റെ അടുത്തെത്താറായപ്പോഴാണ് അയാൾ ഫോൺ വച്ചത്.

ആ അന്തരീക്ഷത്തിലും അയാളുടെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിലോട്ടു അടിച്ചു കയറുന്നുണ്ടായിരുന്നു.

പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി ഞാൻ അയാളോട് പറഞ്ഞു

" സർ, ഞാനിതിനപ്പുറം ഇതിനു മുൻപ് പോയിട്ടില്ല, എനിക്ക് വഴിയറിയില്ല, സർ പറഞ്ഞു തരണം"


"കുഴപ്പമില്ല, താൻ നേരെ വിട്ടോ, ഈ റോഡവസാനിക്കുന്നിടത്തു ഒരു കലുങ്ക് കാണാം അതിന് തൊട്ടു മുൻപിലുള്ള വീടാണ്"

അവിടന്നങ്ങോട്ടുള്ള റോഡിന്റെ ഭാവം തന്നെ വേറെയായിരുന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന റബ്ബർ മരങ്ങൾ, റോഡ് മുഴുവൻ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ഇലകൾ, പലയിടത്തും റോഡ് കാണാൻ പോലും കഴിയാത്ത രീതിയിൽ ഇലകൾ കൂടി കിടക്കുകയായിരുന്നു.

"എന്തൊരു സ്ഥലമാണ് സാറേയിതു സൈഡിലൊന്നും ഒരു വീട് പോലും കാണാനില്ലല്ലോ, ഇവിടെയൊക്കെ വന്നു വണ്ടിയെങ്ങാനും കേടു വന്നാൽ പെട്ടു പോയതന്നെ"

ഉള്ളിലുരുണ്ടു കൂടുന്ന ഭയത്തിന്റെ ഭാവം മുഖത്തും, ശബ്ദത്തിലും വരുത്താതെ ഞാൻ അയാളോടൊരു തമാശ പോലെ ചോദിച്ചു

അല്ല സാറേ ഒരു സംശയം, ഇതിനി ഭൂമിയുടെ തുമ്പത്തോട്ടുള്ള വഴിയെങ്ങാനും ആണോ?"

"ഏയ് അങ്ങനെയൊന്നുമല്ല, ഇവിടെ ഇത്തിരി ദൂരം മാത്രമേ ഇങ്ങനെയുള്ളൂ, അതു കഴിഞ്ഞാൽ നിറയെ വീടുകളുണ്ട്"

മുന്നിലോട്ടു പോകുന്തോറും അയാളുടെ പെർഫ്യൂമിന്റെ മണം കൂടി വരുന്നത് പോലെ തോന്നി, അവിടെ വീശുന്ന കാറ്റിന് പോലും ആ മണമുള്ളത് പോലെ...

കുറച്ചു ദൂരം ആ റബ്ബർ കാടുകളുടെ നടുവിലൂടെ ഓടി കഴിഞ്ഞു ഒരു വളവു തിരിഞ്ഞു മുന്നിലൊട്ടു പോയപ്പോൾ ഒരു വശത്തു നിറയെ കരിമ്പനകൾ നിരന്നു നിൽക്കുന്ന ഒരു പാടം എന്നാൽ മറുവശത്ത്‌ ഒഴിഞ്ഞ ഒരു പറമ്പാണ്‌ , പക്ഷെ നാലു വശവും മതിൽ കെട്ടി മറച്ചിട്ടുണ്ട്. നല്ല ഉയരത്തിലുള്ള മതിലാണ്, ഉള്ളിലെന്താണെന്ന് കാണാൻ കഴിയുന്നില്ല

പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത് ആ മതിലിനപ്പുറത്തു ഒരു മൂലയിൽ നിന്നും തീയും പുകയുമുയരുന്നുണ്ട്.

"എന്താ സാറേ അവിടെയാ മതിലിനപ്പുറത്തു നിന്നും തീയും പുകയും ഉയരുന്നല്ലോ?"

"അതു പിന്നെ.. അവിടെയൊരു കോഴിഫാമാണ്, അവിടെ കാവൽ കിടക്കുന്ന പിള്ളേർ ചീട്ടു കളിക്കുന്നതോ മറ്റോ ആയിരിക്കും."

"ഇപ്പൊ നാട്ടിൽ മൂക്കിന് മൂക്കിന് കോഴിഫാമാണ്, എന്റെ വീടിന് പിന്നിലുമുണ്ട്, ഒന്ന് കാറ്റടിച്ചാൽ ഭയങ്കര നാറ്റമാണ്. ഇവിടെ ആളൊഴിഞ്ഞ സ്ഥലമായത് നന്നായി. ആർക്കും ശല്യമില്ലല്ലോ"

"അതു ശരിയാ"

അവിടുന്നങ്ങോട്ടും റോഡിനൊരുവശം റബ്ബർതോട്ടങ്ങളും, മറുവശം തലയുയർത്തി നിൽക്കുന്ന കരിമ്പനപാടങ്ങളുമായിരുന്നു.

ഒരു പതിനഞ്ചു മിനിറ്റ് കൂടി വണ്ടിയോടി കഴിഞ്ഞപ്പോൾ റോഡിന്റെ അവസാനമെന്ന പോലെയൊരു കലുങ്ക് കാണാമായിരുന്നു.

"സാറേ ആ കാണുന്നതാണോ നിങ്ങൾ പറഞ്ഞ കലുങ്ക്?"

"അതേ അതു തന്നെയാ, താനെന്നെയാ കലുങ്ക് കയറുന്നതിന് മുന്നെയിറക്കിക്കോ, കലുങ്കിൽ കയറിയാൽ പിന്നെ ഓട്ടോ തിരിക്കാൻ പറ്റില്ല, കലുങ്കിന്ന് വീതി കുറവാണ്"

അപ്പോഴേക്കും ഞങ്ങളാ കാലുങ്കിന് മുന്നിലെത്തിയിരുന്നു.

"സാറല്ലെ പറഞ്ഞതു കലുങ്കിന് തൊട്ടുമുൻപിലാണ് സാറുടെ വീടെന്നു, എന്നിട്ടിവിടെ വീടൊന്നും കാണുന്നില്ലല്ലോ "

"ആ.. ഇവിടെനിന്നും കുറച്ചുദൂരമായിടവഴിയിലൂടെ നടക്കണം, അങ്ങോട്ടു വണ്ടി പോകില്ല"

മുന്നിലോട്ടും, വശങ്ങളിലേക്കും മാറിമാറി നോക്കിയിട്ടും അവിടെ ഞാനൊരിടവഴിയും കണ്ടില്ല.

'ആ എന്തോ ആകട്ടെ'

അയാളപ്പോഴേക്കും വണ്ടിയിൽ നിന്നുമിറങ്ങി പഴ്സിൽ നിന്നും മുന്നൂറു രൂപയെടുത്തെനിക്ക് തന്നിട്ട് ചോദിച്ചു

"ഇതു പോരേ? പകലിങ്ങോട്ടു ഓട്ടോ വിളിച്ചാൽ ഇരുനൂറ്റമ്പത് ആണ് കൊടുക്കാറു, ഇത് മുന്നൂറുണ്ട്"

എനിക്ക്‌ ശരിക്കും ദേഷ്യം വന്നു

" അതെന്തു വർത്തമാനമാണ് സാറേ നിങ്ങൾ പറയുന്നത്, മുന്നൂറ്റമ്പത് നിങ്ങൾ സമ്മതിച്ചത് കൊണ്ടല്ലേ ഈ പാതിരാത്രി ഞാൻ ഇത്രയും ദൂരം വന്നത്, എന്നിട്ടിപ്പൊ വാക്ക് മാറുന്നോ? ഇത് പോര എനിക്ക് മുന്നൂറ്റമ്പത് തന്നെ വേണം"

"ശരി രാത്രി ഇനിയൊരു തർക്കം വേണ്ട, ഇന്നാ മുന്നൂറ്റമ്പത് മുഴുവനായുമുണ്ട്"

ഇതും പറഞ്ഞയാൾ മുന്നൂറ്റമ്പത് രൂപയുമെന്റെ കയ്യിൽ തന്നു. ഞാനാ പണമെണ്ണി നോക്കുമ്പോഴേക്കും അയാൾ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

പെട്ടെന്നയാൾ തിരിഞ്ഞെന്നെ നോക്കി ഒരു നിമിഷം നിന്നു. എന്നിട്ടെന്റെയടുത്ത് വന്നു മുഖം താഴ്ത്തിയെന്നോട് പറഞ്ഞു

" തിരിച്ചു പോകുമ്പോൾ താൻ സൂക്ഷിച്ചു പോകണം, നമ്മൾ വരുന്ന വഴിക്കവിടെയൊരു തീയും പുകയും കണ്ടിട്ടു താനെന്താണെന്ന് ചോദിച്ചില്ലേ, അതു കോഴിഫാമൊന്നുമല്ല, അതിവിടുത്തെ ശ്മശാനമാണ്, താൻ പേടിക്കണ്ടയെന്നു കരുതിയാണ് ഞാനപ്പോൾ പറയാതിരുന്നത്. ഇന്ന് രാവിലെ ഈ കലുങ്കിന് മുകളിൽ വച്ചു മൂന്നാല് പേർ ചേർന്നൊരാളെ വെട്ടികൊന്നിരുന്നു, എന്തോ കുടുംബ വഴക്കാണെന്നാണ് കേട്ടത്, മരിച്ചയാളുടെ ശവം പോസ്റ്റുമോർട്ടം കഴിഞ്ഞു രാത്രിയിലാണ് ദഹിപ്പിച്ചത്. ആ ചിത കത്തുന്നതിന്റെയാ നമ്മൾ കണ്ട തീയും പുകയും, രാത്രിയായത് കൊണ്ടു ചിതക്കു തീ പിടിച്ചതും ആൾക്കാരെല്ലാം തിരിച്ചു പോയി, അതുകൊണ്ട് പോകുമ്പോൾ താൻ നല്ലോണം സൂക്ഷിക്കണം അതുമിന്ന് വെള്ളിയാഴ്ചയും, പിന്നെ കറുത്ത വാവും."

ഇത്രയും പറഞ്ഞയാൾ തിരിച്ചു നടന്നു, ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തന്നെ അയാളാ ഇരുട്ടിൽ മറഞ്ഞിരുന്നു...

'മഹാപാപി, ദുഷ്ടൻ, കാലമാടാൻ അയാൾക്ക്‌ വെറുതെ ഇറങ്ങി പോയാൽ മതിയായിരുന്നില്ലേ, എന്തിനാണെന്നോട് ഇതെല്ലാമിപ്പോൾ പറഞ്ഞത്, ഇനി ഞാൻ എങ്ങിനെ തിരിച്ചു പോകും കൃഷ്ണാ'

കുറച്ചു സമയം ഞാനവിടെ നിന്നു, ചുറ്റും കൂരിരുട്ടു മാത്രം..

മനസ്സിലൊരായിരം വട്ടം അയാളെ ശപിച്ചു കൊണ്ട് ഓട്ടോ തിരിക്കുമ്പോൾ കൈകളിലേക്കും, കാലുകളിലേക്കും ഭയത്തിന്റെ തണുപ്പരിച്ചു കയറുന്നതു രമേഷ് അറിയുന്നുണ്ടായിരുന്നു, ഓട്ടോ മുന്നിലൊട്ടു നീങ്ങുബോൾ കോങ്ങാടന്റെ ഹെഡ്ലൈറ്റ് ഡിം ആകാൻ തുടങ്ങിയിരുന്നു, ദൂരെ നിന്നും നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേൾക്കാം, ചിവീടുകളുടെയും തവളകളുടേയും ഇടകലർന്ന ശബ്ദതാളത്തിനകമ്പടിയായി, പാതിരാക്കറ്റു കരിമ്പനകളെയിക്കിളി കൂട്ടുമ്പോഴുള്ള സീൽക്കാര ശബ്ദവുമവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു....


അഖിൽ ജയചന്ദ്രൻ..


Tuesday, August 18, 2020

ഞാൻ മഹാരാജാസ്

ഞാൻ മഹാരാജാസ് 
_______________________

മരണം മണക്കുമെൻ വീഥികളിലൊന്നിലെ  
പതിയെ കൊഴിയുന്ന പൂവിതൾ പോലെ  
മൗനം കനക്കുമെൻ കനൽ വഴിയിലെപ്പോഴോ 
വീണറ്റു പോയൊരാ നീർതുള്ളി പോലെ 
കലാലയത്തിന്റെ കൈ വഴികളിലെപ്പോഴോ 
വർഗീയതയുടെ പടു മുള തളിർത്തപ്പോൾ 
കാണാഞ്ഞതെന്തേ നീ 
കാലടി പാതയിൽ 
ചിരിയിൽ മറച്ചൊരാ 
രാക്ഷസ തേറ്റകൾ 
നിൻ മിഴികൾ മൊഴിയുന്നോരായിരം വാക്കുകൾ 
നീറുന്ന കൗമാര  നോവിൻറെ ശീലുകൾ 
കനലോർമ്മതൻ ലാവയ്യായൊഴുകുമ്പോൾ 
നിറങ്ങളണിയാത്ത നിൻ സ്വപ്നങ്ങളും 
നിലാവിൽ മായാത്ത നിൻ മോഹങ്ങളും 
എൻ്റെ നെഞ്ചു പൊള്ളിക്കുമ്പോൾ
നിന്നോർമ്മകളിൽ നിന്നകലുവാൻ 
നോവിൻ നിണപാടു മായ്ക്കാനായ്  
ആവതില്ലെൻ സഖാവേ 
എന്നിലെ ജീവൻറെ സ്‌പന്ദനം
നിൻറെ ഇൻക്വിലാബിൻ താളമായ് മാറുമ്പോൾ  
കാത്തിരിക്കാനിനിയാരുമില്ലെന്നൊരാ 
നേരിൻ്റെ നോവിലാ 'അമ്മ പിടയുമ്പോൾ 
അരണ്ട വെളിച്ചത്തിലൊറ്റമുറികൂരയിൽ 
ഞാൻ പെറ്റ മകനെയെന്നാർത്തു പെയ്യുമ്പോൾ 
നിൻ നെഞ്ചാഴ്‌ന്നിറങ്ങിയാ കാരിരുമ്പും 
കണ്ണീർ പൊഴിച്ചുവോ വിധിയെ ശപിച്ചുവോ   
പേരു ചൊല്ലാത്തൊരാ  പുണ്യതീർത്ഥങ്ങളെ 
വന്നുകൊൾകിന്നീ പുണ്യം മറന്നൊരാ 
മണ്ണിൽ സർവ്വതും പിഴുതെറിഞ്ഞീടുവാൻ 
നേരമായിന്നീ മലീമസമായൊരീ 
നാടിനു ജലസമാധിയേകീടാൻ...
 
അഖിൽ ജയചന്ദ്രൻ

ദാഹജലം

ദാഹജലം
------------------
എന്നും നിഗൂഢമാം നിന്റെയാത്മാവിൻ 
ഇടവഴിയോരങ്ങളിൽ ഞാൻ വന്നു
ദാഹിക്കുമ്പോൾ, എന്റെ നാവു വറ്റുമ്പോൾ
ദാഹജലമായിരുന്നെനിക്കു നീയെങ്കിലും
വിണ്ടുകീറിയോരെൻ ഹൃദയരേഖയിൽ
കനിവിന്റെ നീർച്ചാലു തീർത്തൊരു
നനുത്ത തൂവിരൽ സ്പർശത്താൽ
എന്നിലെ ഭ്രാന്തന്റെ, ചിത്തഭ്രമത്തിന്റെ
വേരിൽ മന്ദഹാസത്തിന്റെ മേമ്പൊടി ചാലിച്ചു നീയെന്നിൽ ജീവന്റെ ജലച്ചായം ചാർത്തി വിതച്ച വിത്തിന്റെ പേരാണ് പ്രണയമെന്നോർക്കാതീകുമ്പസാരകൂട്ടിൽ നീ സ്വന്തമാക്കിയ മനഃശാന്തിയിൽ വീണു മാഞ്ഞതെൻ നേർക്ക് നീളുന്ന സ്നേഹവസന്തത്തിൻ  ജലരേഖകൾ...

അഖിൽ ജയചന്ദ്രൻ.

Tuesday, August 11, 2020

ക്യാമറ കണ്ണുകൾ

ക്യാമറ കണ്ണുകൾ
---------------------------------
ചോരയിൽ പിടയുന്ന ജീവന്റെ 
നേർക്കു നീളുന്നോരാ 
കൈകളിൽ അലറിച്ചിരിക്കുന്ന 
ക്യാമറ കണ്ണുകൾ 
ദാഹജലത്തിനായ്‌ കേഴുന്ന 
ബാല്യത്തെ നോക്കി 
പല്ലിളിക്കുന്നതും
ക്യാമറ കണ്ണുകൾ 
ഇണചേരുമിന്നിന്റെ യുവതയെ 
കാണാമറയത്തിരുന്നൊളിഞ്ഞു 
നോക്കുന്നതും 
ക്യാമറ കണ്ണുകൾ 
തന്നോമൽ കുഞ്ഞിനമിഞ്ഞ 
നൽകുന്നോരമ്മതൻ 
മാറിലേക്കെത്തി വലിയുന്നതും  
ക്യാമറ കണ്ണുകൾ 
 
പേറ്റ് നോവിന്റെ അലമുറക്കിടയിൽ  
നോവേറ്റെടുക്കാനും 
കണ്ണിമ ചിമ്മാതെ
ക്യാമറ കണ്ണുകൾ 
ശ ങ്ക തീർക്കാനൊന്നു 
ശങ്കിച്ച് നിൽക്കുന്ന പെണ്ണിനെ 
നോക്കി വെള്ളമിറക്കുന്ന 
ക്യാമറ കണ്ണുകൾ 
പാർക്കിലും ബീച്ചിലും
 പ്രണയം തളിർക്കുമ്പോൾ 
പകയോടെ നോക്കുന്ന 
ക്യാമറ കണ്ണുകൾ 
മരണകിടക്കയിൽ 
മരവിച്ചു പോയോരാ 
മുഖത്തുമ്മ  വക്കുന്നതും 
ക്യാമറ കണ്ണുകൾ 
എരിയുന്ന ചിതയിലെ പച്ചമാംസഗന്ധം 
പേറുവാൻ വെറിപിടിച്ചോടിയടുക്കുന്ന 
മാധ്യമ വേശ്യതൻ 
ക്യാമറ കണ്ണുകൾ 
അലിവേതുമില്ലാതെ  
ആർത്തു രസിക്കുന്ന 
പുതുമക്കു രൌദ്രതയേറ്റി നലക്കുന്നതും 
ക്യാമറ കണ്ണുകൾ 
എങ്കിലും നീയെ ന്തേ 
കാണാതെ പോകുന്നതീ 
വൃ ദ്ധ വിരഹത്തിൻ 
നിരാശയും നിരാലംബ മൌനവും !!!

അഖിൽ ജയചന്ദ്രൻ

Thursday, August 6, 2020

ഒടിയൻ ചങ്ങൻ

ഒടിയൻ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എനിക്കും പറയാനുണ്ട് ഒരു ഒടിയന്റെ കഥ....

 ഒടിയൻ ചങ്ങൻ.......

        ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധനായ ഒടിയൻ ആയിരുന്നു ശങ്കരൻ എന്ന ചങ്ങൻ. പറയ വിഭാഗത്തിൽ പെട്ട ആളായിരുന്നു ചങ്ങൻ, നാട്ടുകാരുടെയെല്ലാം പേടി സ്വപ്നം.
നാട്ടുപ്രമാണിയായ നാരായണൻ കുട്ടി നായരുടെ തോട്ടം കാവലായിരുന്നു ചങ്ങന്റെ പണി. സന്ധ്യ മയങ്ങിയാൽ ചങ്ങൻ ഇറങ്ങും കയ്യിൽ ഒരു മുള വടിയുമായി. കാതിൽ  നല്ല തിളക്കമുള്ള കടുക്കനും, നല്ല കരിവീട്ടിയുടെ നിറവും, ആറടി ഉയരവും ഉള്ള ഒരു ആജനബാഹു. 

ചങ്ങൻ ഇറങ്ങിയാൽ പിന്നെ പെണ്ണുങ്ങളും കുട്ടികളും വീടിന്റെ പുറത്തിറങ്ങില്ല. ചങ്ങനെകുറിച്ചു ഒരുപാട് ദുരൂഹമായ കഥകൾ പറയാനുണ്ടായിരുന്നു അന്നാട്ടുകാർക്കു. ചങ്ങന്റെ കാതിലെ തിളക്കമുള്ള കടുക്കൻ ചങ്ങന് ഒടിവിദ്യ പടിപ്പിച്ചു കൊടുത്ത മുത്തച്ഛൻ കുപ്പന്റെ കണ്ണിലെ കൃഷ്ണമണി ചൂഴ്നെടുത്തു ഉണ്ടാക്കിയതാണ് എന്നത് അത്തരത്തിലുള്ള ഒരു കഥയായിരുന്നു.

ചങ്ങൻ ഒടിവിദ്യയിലൂടെ പല രൂപങ്ങൾ സ്വീകരിക്കും, പ്രത്യേകിച്ചും നായ, പോത്ത്‌ എന്നീ മൃഗ രൂപങ്ങൾ, പക്ഷെ എന്തു രൂപം സ്വീകരിച്ചാലും അത് പൂർണമാകില്ല എന്തെങ്കിലും ഒരു വൈകല്യം ആ രൂപത്തിനുണ്ടാകും, അതാണ് ഒടിവിദ്യയുടെ തന്ത്രം. ഗർഭിണികളായ സ്ത്രീകളുടെ ഭ്രൂണം എടുത്താണ് ചങ്ങൻ ഒടിവിദ്യക്കുള്ള മരുന്നു കൂട്ടുണ്ടാക്കിയിരുന്നത് എന്നാണ് പറയപ്പെട്ടിരുന്നത്‌. അതുകൊണ്ടു തന്നെ ഗർഭിണികളായ സ്ത്രീകൾ ചങ്ങന്റെ കണ്ണിൽ പെടാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു..

രാത്രിയിൽ ചങ്ങൻ ആ മരുന്നു ചെവിയുടെ പുറകിൽ പുരട്ടി ഇഷ്ട്ടമുള്ള രൂപം സ്വീകരിക്കും, സര്യോദയത്തിനു മുൻപായി ചങ്ങൻ സ്വന്തം രൂപത്തിലേക്ക് മാറും, അല്ലെങ്കിൽ സൂര്യൻ ഉദിച്ചാൽ ചങ്ങന് താൻ സ്വീകരിച്ച രൂപം നഷ്ട്ടപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യും. അതു കൊണ്ടു തന്നെ ചങ്ങൻ പകൽ സമയത്തു ആരുടെയും കണ്ണിൽ പെടാതെ എവിടെയെങ്കിലും കഴിച്ചുക്കൂട്ടുമായിരുന്നു കള്ളു കുടിക്കാൻ ഷാപ്പിൽ പോകാൻ വേണ്ടി മാത്രമാണ് ചങ്ങൻ പകൽ പുറത്തിറങ്ങിയിരുന്നത് ..ചങ്ങനു ആരു പണം കൊടുത്താലും ചങ്ങൻ അവർക്ക് വേണ്ടി ആരെയും അപയപ്പെടുത്തുമായിരുന്നു....ഇന്നത്തെ കൊട്ടേഷന്റെ പ്രാചീന രൂപമായിരുന്നു ചങ്ങ ന്റെ ഒടിവിദ്യ...

ചങ്ങൻ കൂമൻ ആയി പനയുടെ മുകളിൽ ഇരിക്കാറുണ്ടെന്നും, പോത്തിന്റെ രൂപത്തിൽ ഇടവഴികളിൽ നിൽക്കാറുണ്ടെന്നും, നായയുടെ രൂപത്തിൽ വീട്ടുപടിക്കൽ വന്നു നിന്നു ഒച്ച വച്ചു വീട്ടുകാരെ ഉറങ്ങാൻ അനുവദിക്കാതെ ഉപദ്രവികാറുണ്ടെന്നും മറ്റും പല കഥകളും ഉണ്ടായിരുന്നു ചങ്ങനെകുറിച്ച്...

നാട്ടിലെ പല ദുർമരണങ്ങളും, അലസിയ ഗർഭങ്ങളും ചങ്ങന്റെ ഒടിവിദ്യയുടെ പേരിലാണ് ആരോപിക്കപ്പെട്ടിരുന്നത്, അതിനാൽ ചങ്ങനോട് അടങ്ങാത്ത പകയുള്ള പല ആളുകളും ഉണ്ടായിരുന്നു അന്നാട്ടിൽ...
അങ്ങനെയിരിക്കെയാണ് നാട്ടിലെ പ്രധാന കന്നുകാലി കച്ചവടക്കാരനും സർവ്വോപരി നാട്ടിലെ അറിയപ്പെടുന്ന ചട്ടമ്പിയും ആയ തങ്കയുടെ അനുജനും ഗർഭിണിയായ ഭാര്യയും ദൂരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. എപ്പോഴത്തെയും പോലെ ഈ മരണങ്ങളും ചങ്ങന്റെ തലയിൽ വന്നു വീണു.

അന്ന് തൊട്ട് തങ്കക്കു ചങ്ങനോട് അടങ്ങാത്ത പകയായിരുന്നു. തങ്കൻ നാട്ടുകാരോടെല്ലാം പല തവണ പറഞ്ഞിരുന്നു. " ഒടിയൻ ചങ്ങന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും".

അങ്ങനെയിരിക്കെ ഒരു ദിവസം തിങ്കളാഴ്ച ചന്തയിൽ വച്ചാണ് തങ്കയറിയുന്നത് ചങ്ങൻ കള്ളു കുടിക്കാൻ ഷാപ്പിൽ എത്തിയിട്ടുണ്ടെന്നു....പിന്നെ ഒന്നുമാലോചിച്ചില്ല കയ്യിൽ ഒരു കത്തിയുമെടുത് നേരെ ഷാപ്പിലോക്കോടി....അവിടെ ചെന്നപ്പോൾ ചങ്ങൻ കള്ള് കുടിച്ചു ബോധം പോകാറായ അവസ്ഥയിൽ ആയിരുന്നു. കുടിച്ചു ലക്ക് കെട്ട ചങ്ങന്റെ കഴുത്തിലേക്കു തന്നെ തങ്ക തന്റെ കത്തി കുത്തിയിറക്കി...പിന്നെ ചങ്ങനെ അവിടെ നിന്നും വലിച്ചിഴച്ചു തൊട്ടപ്പുറത്തുള്ള കുന്നിൻ മുകളിൽ കൊണ്ടു ചെന്നിട്ടു..
അവിടെ നിന്നും തങ്ക നേരെ പോയത്  ചങ്ങന്റെ മുതലാളിയായ നാരായണൻ കുട്ടി നായരുടെ അടുത്തെക്കാണ്, കാരണം മനസ്സിനുള്ളിൽ ചങ്ങനോട് നീരസമുള്ള നാരായണൻകുട്ടി നായർ പലതവണ തങ്കയോട് പറഞ്ഞിട്ടുണ്ട്  

"നീ അവനെ അങ്ങു തീർത്തിട്ടു വാ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം" എന്ന്‌.  
"തബ്രാ ഞാൻ ചങ്ങനെ കൊന്നു കുന്നിന്റെ മുകളിൽ കൊണ്ടു പോയി ഇട്ടിട്ടുണ്ട്"

"വങ്കത്തരം പറയാതെ തങ്കാ ചങ്ങൻ ചത്തിട്ടൊന്നുമുണ്ടാകില്ല, അവൻ നീ കൊണ്ടിട്ടിടത്തു നിന്നും എഴുന്നേറ്റ് പോയിട്ടുണ്ടാകും ഇപ്പോൾ"

" ഇല്ല തബ്രാ, ഞാൻ ശരിക്കും അവനെ കൊന്നു"

" ഓഹോ അപ്പൊ അവൻ വെള്ളം കുടിച്ചിട്ടാ ചത്തത്?"

"അല്ല തബ്രാ ഞാൻ അവനെ കത്തി കൊണ്ടു കഴുത്തിൽ കുത്തിയാ കൊന്നത്"

" എടാ കൊശവാ ചങ്ങൻ കള്ളു കുടിച്ചു തോട്ടിൽ വീണാണ് ചത്തത്, പിന്നെ അവന്റെ കഴുത്തിലെ മുറി, തോട്ടിൽ വീണപ്പോൾ വല്ല കുറ്റിയും കൊണ്ടതായിരിക്കും. മനസ്സിലായോ നിനക്കു? അവന്റെ ശവം നീ കൊണ്ടുപോയി ആ തോട്ടിൽ ഇട്, ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം"

തങ്കയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നാരായണൻ കുട്ടി നായരെ പേടിച്ചു ഒരാൾ പോലും തങ്കക്കെതിരെ സാക്ഷി പറയാൻ ഉണ്ടായിരുന്നില്ല, അതു കൊണ്ടു കോടതി തങ്കയെ കുറ്റവിമുക്തനാക്കി.

അങ്ങിനെ ഒരു നാടിന്റെ മുഴുവൻ പേടിസ്വപ്നമായ ഒടിയൻ ചങ്ങൻ അമ്മമാർക്ക് കുട്ടികളെ പറഞ്ഞു പേടിപ്പിക്കാൻ ഉള്ള വെറുമൊരു കഥയായി മാറി.....


അഖിൽ ജയചന്ദ്രൻ...

നാടോടിയാണവൾ

നാടോടിയാണിവൾ.......
**********************************
ആരും തുറിച്ച് നോക്കല്ലേ  ഇവളെയിനി
ആരും തുറിച്ചു നോക്കല്ലേ 
ഊരില്ല പേരില്ല നാടോടിയാണിവൾ 
പാൽ ചുരത്താനൊന്നുമില്ലാത്ത മുലയിൽ 
പാൽമണം തേടുന്ന പൈതലിൻ  പശിയകറ്റാനായ്
ഒരുപിടിച്ചോറിന്റെ കളവിനു പിടിക്കപെട്ടവൾ 
 
കാലന്റെ വേഷത്തിൽ കലികാല സന്തതികൾ 
കോലങ്ങൾ തുള്ളുമ്പോൾ ചുറ്റിലുമാർത്തു
 പുലഭ്യം പറയുമ്പോൾ തന്നോമൽ കുരുന്നിനെ 
നെഞ്ചോട് ചേർത്തൊന്നുറക്കെ കരയുവാൻ പോലുമാകാതെ
പിടഞ്ഞു പിടഞ്ഞവൾ മൃതിയെ പുൽകുമ്പോൾ
 പുതിയൊരു സെൽഫിയവിടെ വൈറൽ ആകുന്നു 
തുടയുടെ മുകളിലായ് തെന്നി കിടക്കുന്ന 
തുണിയുടെ നീളമളക്കുന്ന കണ്ണുകൾ 
പാതി പുറത്തായ മുലയിൽ കടിക്കുന്ന 
കുഞ്ഞിന്റെ  കണ്ണിലെ കണ്ണീരു കാണാതെ 
അവളുടെ മാറിൽ തറക്കുന്ന ശവംതീനി കണ്ണുകൾ !
ആരും തുറിച്ചു നോക്കല്ലേ ഇവളെയിനി 
ആരും തുറിച്ചു നോക്കല്ലേ 
വിശപ്പിന്റെ വിളിയിൽ ചെയ്തൊരാ പിഴവിന്
 ജീവന്റെ പിഴയിട്ട അധമരെ  എതിരിടാൻ
 കൊടിയില്ല കോടികളില്ലെന്റെ  കൈകളിൽ 
പഴംതുണ്ടു പോലൊരീ മഷിതണ്ടു മാത്രം 
തല കുനിക്കുന്നു ഞാൻ മാപ്പിരക്കുന്നു
നീ തനിച്ചാക്കിയൊരാ അനാഥനെയോർത്ത് !
...............................
അഖിൽ ജയചന്ദ്രൻ

'അ'വിഹിതം

'അ'വിഹിതം
*****************

അനന്തപുരിയുടെ ആകാശത്തിൽ വിമാനം വട്ടമിട്ടു പറക്കുമ്പോൾ ജാലക വാതിലിലൂടെ കാണുന്ന കാഴ്ച്ചകൾക്കൊന്നും ആൻവിതയുടെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല. കടിഞ്ഞാൺ വിട്ട കുതിരയെപോലെ ഓടി കൊണ്ടിരിക്കുകയായിരുന്നു ഒരിക്കലും അനുസരണ കാണിക്കാത്ത മനസ്സ്.

തന്റെ ഈ യാത്രയുടെ ശരിതെറ്റുകൾ പലപ്പോഴും അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. വ്യക്തമായ ലക്ഷ്യത്തോടുകൂടിയാണ് തിരുവനന്തപുരത്തെത്തിയിട്ടുള്ളത്,  ദുബായിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് രാകേഷ് തന്ന അഡ്രസ്സ് ലക്ഷ്യമാക്കി വിമാനത്താവളത്തിൽ നിന്നും ടാക്സി പിടിക്കുമ്പോൾ കുസൃതി ചിരിയുമായി എന്നും രാവിലെ തന്റെ മുന്നിൽ വരുന്ന അരുണിന്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ. 

" മാഡം സ്ഥലമെത്തി" 

ഡ്രൈവറുടെ വാക്കുകളാണവളെ ചിന്തകളിൽ നിന്നുണർത്തിയത്.
ടാക്സി ഡ്രൈവറോട് കാത്തുനിൽക്കാൻ പറഞ്ഞു ആ പഴയ വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ തന്നെ കണ്ടു, വീടിന്റെ മുറ്റത്തു മൂന്നു മാസം മാത്രം പ്രായമുള്ള ഒരു സുന്ദരി കുഞ്ഞിനെയും എടുത്തു,  ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു വാടി കരിഞ്ഞൊരു  പെണ്കുട്ടി, തിരക്ക് പിടിച്ചേന്തൊക്കെയോ ചെയ്യുന്നു. 
നേരിട്ടിതുവരെ കണ്ടിട്ടില്ലെങ്കിലും ആൻവിതക്കു ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി അത് ലക്ഷ്മിയാണെന്ന്, കാരണം അരുൺ ഓരോ ദിവസവും ലകഷ്മിയുടെയും കുട്ടികളുടെയും പുതിയ പുതിയ ഫോട്ടോസ് മൊബൈലിൽ കാണിച്ചു തരാറുണ്ടായിരുന്നു. അവരെക്കുറിച്ചു പറയുവാൻ അവനെപ്പോളും വല്ലാത്തൊരാവേശമായിരുന്നു.

"ലക്ഷ്മി?"

 "അതെ, ആരാ നിങ്ങൾ?"

"ഞാൻ ആൻവിത, ദുബായിൽ നിന്നും വരികയാ"

ഇടമുറിയാതെ ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൾ ആൻവിതയുടെ കൈ പിടിച്ചു.

" അരുൺ ചേട്ടൻ നിങ്ങളെക്കുറിച്ചൊരുപാട് പറഞ്ഞിട്ടുണ്ട്, പെട്ടന്ന് കണ്ടപ്പോ എനിക്ക് മനസ്സിലായില്ല"

എന്തായിരിക്കും അരുൺ ലക്ഷ്മിയോട് എന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുക? വെറുമൊരു സുഹൃത്താണെന്നോ, അതോ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു മലയാളി ആണെന്നോ?  പക്ഷെ തങ്ങൾ തമ്മിലുള്ള ബന്ധം അതിലുമൊക്കെ എത്രയോ വലുതാണ്ണെന്നു ഈ പാവം പെണ്കുട്ടിക്കറിയില്ലല്ലോ.

"ആരാടി ലക്ഷ്മി അവിടെ?"
TV സീരിയിലുകളിൽ സ്ഥിരമായി കാണുന്ന ദുഷ്ട്ടയായ അമ്മായിഅമ്മ ഭാവമുള്ള ഒരു സ്ത്രീ വീടിനുള്ളിൽ നിന്നും  അനിഷ്ടം നിറഞ്ഞ മുഖവുമായി ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു.

"അരുൺ ചേട്ടന്റെ കൂടെ ദുബായിൽ ജോലി ചെയ്തിരുന്ന ചേച്ചിയാണ്" 

ലക്ഷ്മിയുടെ ആ മറുപടി നൽകുന്ന വിറയാർന്ന ശബ്ദത്തിൽ  നിന്നും ആൻവിതക്കു മനസ്സിലായി അവൾ ആ വീട്ടിൽ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നു

"ഞാൻ ലക്ഷ്മിയെയും മോളേയും  കൊണ്ടുപോകാൻ വന്നതാണ്"

ഒട്ടും മയമില്ലാതെയുള്ള അവളുടെ വാക്കുകൾ ആ അമ്മയുടെ മുഖം കൂടുതൽ കറുപ്പിച്ചു.

കാറിൽ ലക്ഷ്മിയുടെ മടിയിൽ ഇരുന്നു തന്നെ നോക്കുന്ന ഹിമയുടെ കുഞ്ഞികണ്ണുകൾ ആൻവിതയെ വീണ്ടും അരുണിന്റെ ഓർമകളിലേക്കുമെത്തിച്ചു

ദുബായ് ഷൈഖ് സായിദ് റോഡിലുള്ള ഓഫീസിന്റെ ലിഫ്റ്റിൽ വച്ചാണ് താൻ ആദ്യമായി അരുണിനെ കാണുന്നത്. അവന്റെ കണ്ണുകൾക്ക്‌ വല്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു, അവന്റെ ചുണ്ടിൽ എപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു.

മാസാവസാനമായതിനാൽ ഓഫീസിൽ നല്ല തിരക്കായിരുന്നു, അതു കൊണ്ടുതന്നെ അക്കൗണ്ട് മാനേജർ ആയ തനിക്കു കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുക്കാൻ പറ്റുമായിരുന്നില്ല. ഉച്ചയൂണിന് കാന്റീനിൽ പോയപ്പോൾ രാവിലെ ലിഫ്റ്റിൽ വച്ചു കണ്ട തിളക്കമുള്ള കാണുകൾ തന്നെ നോക്കി ചിരിക്കുന്നു... കൂടെയുള്ള അഡമിൻ മാനേജർ ആയ ഫിലിപ്പൈൻസ്കാരിയോട് ഇതാരാ എന്നു ചോദിക്കുന്നതിനു മുമ്പ്‌ തന്നേ അവൾ ഇങ്ങോട്ടു പറഞ്ഞു 

“ആചിരിച്ചു കൊണ്ടിരിക്കുന്നത് ഇന്ന് ജോയിൻ ചെയ്ത സ്റ്റാഫ് ആണ്, നമ്മുടെ ജനറൽ മാനേജരുടെ പേർസണൽ അസിസ്റ്റന്റ്, നിന്റെ നാട്ടുകാരൻ ആണ്. കാണാൻ നല്ല ഹാൻഡ്സം ആണവൻ" 

അവൾക്കുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി മനസ്സിൽ ഓർത്തു, ഇവനെന്തിനാ എന്നെ നോക്കി ചിരിക്കുന്നത്. 

പിന്നെ പലപ്പോഴും അവനെ ഓഫീസിൽ പലയിടത്തും വച്ചു കണ്ടിരുന്നെങ്കിലും, കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല, കാരണം താൻ തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ ആയിരുന്നു അപ്പോൾ കടന്നു പോയിക്കൊണ്ടിരുന്നത്, അതു കൊണ്ടു തന്നെ ആരോടും ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. 

പത്തു വയസുകാരിയായി സ്വന്തം മകളെ അവളുടെ അച്ഛൻ മദ്യലഹരിയിൽ താൻ അച്ഛൻ ആണെന്ന് കാര്യം പോലും മറന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ്  പോലീസിനെ കൊണ്ടായാളെ അറസ്റ്റ് ചെയ്യിപ്പിച്ചു ജയിലിൽ ആക്കിയത്.. ഇത്രയും കാലം അയാൾ തന്നോട് ചെയ്ത ക്രൂരതകളെല്ലാം ക്ഷമിച്ചും സഹിച്ചും എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി കഴിയുകയായിരുന്നു. പക്‌ഷേ തന്റെ മകളുടെ നേർക്കയാളുടെ വൃത്തികെട്ട കൈകൾ ഉയർന്നപ്പോൾ, അതു തനിക്കു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു..
അത്രയും ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ദിവസങ്ങളിൽ എപ്പോഴോ ആണ് അരുൺ ആദ്യമായി തൻറ്റെയടുത്തു സംസാരിക്കാൻ വരുന്നത്‌..

"മാഡം മലയാളിയാണല്ലേ?" 

എന്ന ചോദ്യത്തിന് കുറച്ചൊരനിഷ്ട്ടതോടെയാണ്

"അതേ" എന്ന് ഒറ്റവാക്കിൽ ഉള്ള ഉത്തരം കൊടുത്തത്..

വലിയ താത്പര്യമില്ലാതെയാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും അവന്റെ നിഷ്കളങ്കവും ആത്മാർഥവുമായ  സംസാരവും തിളങ്ങുന്ന കണ്ണുകളും, കവിതകളോടും പാട്ടുകളോടും അവനുള്ള അടങ്ങാത്ത ആവേശവും എല്ലാം തന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകായയിരുന്നു.

വളരെപ്പെട്ടെന്ന് തന്നെ ആ ബന്ധം 'മാഡം' എന്നതിൽ നിന്നും 'ആൻവിത' യിലേക്കും പിന്നെ 'ആൻവി' യിലെക്കും വളർന്നു. ഓഫീസിൽ ഉള്ള സഹപ്രവർത്തകർ എല്ലാം തങ്ങളെക്കുറിച്ചു പലതും പറഞ്ഞു തുടങ്ങിയിരുന്നു, അപ്പോഴെക്കും മറ്റൊരു തലത്തിലേക്ക് ആ ബന്ധം വളർന്നിരുന്നു..

പലപ്പോഴും താൻ സ്വയം ചോദിച്ചിട്ടുണ്ട് എന്താണ് ഞങ്ങൾ തമ്മിലുള്ള ബന്ധം?, സാധാരണ ഒരു സൗഹൃദം ആയിരുന്നില്ലത് അതിനുമപ്പുറം....എന്നാൽ അതൊരു പ്രണയം ആയിരുന്നോ എന്നു ചോദിച്ചാൽ...അതിനുമപ്പുറം, മനസ്സും ശരീരവും എല്ലാം ഒന്നായി മാറുന്ന നിമിഷങ്ങളിൽ വ്യാഖ്യാനങ്ങളില്ലാത്ത ഒരു ഇഴയടുപ്പം...

പലപ്പോഴും തനിക്ക്‌ തോന്നിയിട്ടുണ്ട് തന്റെ ഭർത്താവിൽ നിന്നും കിട്ടാത്തതെല്ലാം താൻ അരുണിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന്...
സമൂഹത്തിനും, ചുറ്റുപാടുകൾക്കും മുന്നിൽ  ഞങ്ങൾ തെറ്റുകാരായേക്കാം, പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെതായ ശരികൾ ഉണ്ടായിരുന്നു.

ഒരിക്കൽ പ്രണയ മധുരങ്ങൾ ഒരു പേമാരിയായി പെയ്തിറങ്ങിയതിൻ ആലസ്യത്തിൽ അരുണിന്റെ നെഞ്ചിൽ ചേർന്ന് തണുത്തുറഞ്ഞു കിടക്കുമ്പോൾ ഞാൻ ചോദിച്ചു
"ജയിലിൽ കിടക്കുന്ന എന്റെ ഭർത്താവിനെ കുറിച്ചു ആലോചിക്കുമ്പോൾ എനിക്ക് കുറ്റബോധം ഒന്നും ഇല്ല, എന്നാൽ നമ്മളീ ചെയ്യുന്നത് ലക്ഷ്മിയോടുള്ള വഞ്ചനയല്ലേ? നിന്നെ ദൈവത്തെപോലെ കണ്ടു നിനക്കു വേണ്ടി കാത്തിരിക്കുന്ന ഒരു പാവം പെണ്ണിനോട് ചെയ്യുന്ന ആത്മവഞ്ചന?"

"ആൻവി...അവളെ ഞാൻ താലി കെട്ടിയ അന്നുമുതൽ അവളായിരുന്നു എന്റയെല്ലാം... ഇപ്പൊ നീയെന്റെ ജീവിതത്തിലേക്ക് വന്നപ്പോളും ഞാൻ ലക്ഷ്മിയെ പഴയതു പോലെ തന്നെ സ്നേഹിക്കുന്നുണ്ട്, അവളോടുള്ള എന്റെ സ്നേഹത്തിനു ഒരു കുറവും ഇല്ല...ഒരേ സമയം രണ്ടുപേരെ ഒരു പോലെ സ്നേഹിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ....അതിനെനിക്കു ഉത്തരമില്ല ആൻവി"

"ചില ചോദ്യങ്ങൾ അങ്ങിനെയാണ്, എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്തത്"

'നിന്നിലവശേഷിച്ച വഞ്ചനയുടെ കൈപ്പുനീർ 
കുത്തിപിഴിഞ്ഞെന്റെ നാവിൽ പുരട്ടുക'...

അപ്പോൾ മ്യൂസിക് സിസ്റ്റത്തിൽ പാടികൊണ്ടിരുന്ന ആ വരികൾ അരുണിനെ കുത്തി നോവിച്ചോ?? അരുണിന്റെ കണ്ണുകളിൽ ഒരു പേമാരി തിരതല്ലുന്നത്‌ എനിക്ക് കാണാമായിരുന്നു...

അങ്ങിനെ രണ്ടര വർഷം കടന്നു പോയി ഇതിനിടക്ക് മൂന്നു മാസം മുൻപ് അരുണിനും ലക്ഷ്മിക്കും രണ്ടാമത്തെ കുഞ്ഞു ജനിച്ചു...ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അരുൺ....

കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ...ഷോപ്പിങ്ങിനെല്ലാം ഞങ്ങൾ രണ്ടാളും കൂടിയാണ് പോയിരുന്നത്....

"എന്നിലുണ്ടാകാതെ പോയ നിന്റെ മകളല്ലേ അവൾ, ഇതവൾക്കായി എന്റെ സമ്മാനം"
 എന്നു പറഞ്ഞു അരുണിന്റെ കയ്യിൽ ഒരു ജോഡി സ്വർണ്ണ കൊലസുകൾ വച്ചു കൊടുക്കുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഒരു നൊമ്പരം..

രാവിലെ ജനറൽ മാനജരേടെ കൂടെ അബുദാബിയിൽ മീറ്റിംഗിന് പോയിരിക്കുകയാണ് അരുൺ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഫോണിൽ വിളിച്ചു നോക്കി എടുക്കുന്നില്ല, ചിലപ്പോൾ ഡ്രൈവ് ചെയ്യുകയായിരിക്കും. 
വൈകുന്നേരം 4 മണി കഴിഞ്ഞു, ഓഫീസിൽ തിരക്കിട്ട് ചില റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നു, അപ്പോളാണ് അഡ്മിൻ മാനേജർ ആയ ആ ഫിലിപ്പൈൻസ്കാരി വിളറി വെളുത്ത മുഖവുമായി തന്റെ ക്യാബിനിലേക്കു കയറി വന്നത്.

"എന്തു പറ്റി സ്റ്റെല്ല, നിന്റെ മുഖം വല്ലാതിരിക്കുന്നല്ലോ?"

"അതു പിന്നെ...ആൻവിത.. അബുദാബിയിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു.. നമ്മുടെ ജനറൽ മാനേജരും അരുണും മീറ്റിങ് കഴിഞ്ഞു തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ അരുണിന് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു, അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി, പക്ഷെ.... അവിടെയെത്തിയപ്പോഴേക്കും അവൻ മരണപ്പെട്ടിരുന്നു. കാർഡിയാക് അറസ്റ്റ് ആണ് മരണ കാരണം. അവന്റെ ഡെഡ് ബോഡി ഖലീഫ ഹോസ്പിറ്റലിൽ മോർച്ചറിയിൽ വച്ചിരിക്കുകയാണ്..."

ബാക്കിയൊന്നും കേൾക്കാനുള്ള ശക്തി തനിക്കുണ്ടായിരുന്നില്ല....ഒന്നുറക്കെ ഒരു ഭ്രാന്തിയെ പോലെ ഒന്നു അലറി കരയണം എന്നു തോന്നി....പക്ഷെ അപ്പോഴാണ് താൻ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്‌ കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് വരെ തന്റെ ആരെല്ലാമോ ആണെന്ന് വിചാരിച്ച ഒരുവന് വേണ്ടി ഒന്നുറക്കെ കരയാൻ പോലും തനിക്ക്‌ അവകാശമില്ല....കാരണം ആ ഓഫീസിൽ ചിലരെല്ലാം തങ്ങളുടെ ബന്ധത്തെ കുറിച്ചു പല ഗോസിപ്പുകളും പറയുമ്പോഴും, മറ്റുള്ളവരുടെ മുന്നിൽ നല്ല സഹപ്രവർത്തകർ എന്ന രീതിയിൽ മാത്രമാണ് ഞങ്ങൾ പെരുമാറിയിരുന്നത്. അവർക്ക് മുന്നിൽ ഞങ്ങൾക്കിടയിൽ വലിയൊരു അന്തരം ഉണ്ടായിരുന്നു ഞാൻ ഇവിടുത്തെ അക്കൗണ്ട് മാനേജരും, അരുൺ ജനറൽ മാനേജരുടെ പേർസണൽ അസിസ്റ്റണ്ടും. അതു കൊണ്ടു തന്നെ അവിടെയിരുന്നുരുകി തീരാൻ മാത്രമേ തനിക്കു കഴിയുമായിരുന്നുള്ളൂ...

പത്തു ദിവസങ്ങൾക്കു ശേഷമാണ് അരുണിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോയ അഡ്മിൻ ഡിപ്പാർട്ട്‌മെന്റിലെ രാകേഷ് തിരിച്ചു വന്നത്‌. 
ഉച്ചഭക്ഷണ സമയത്ത് രാകേഷ് തന്റെ മലയാളി സഹപ്രവർത്തകരോട് പറയുന്നുണ്ടായിരുന്നു, 

"അരുണിന്റെ വീട്ടിലെ കാര്യം ഭയങ്കര കഷ്ടമാണ്...അവന്റെ വീട്ടുകാർ അവന്റെ രണ്ടാമത്തെ കൊച്ചിന്റെ ജന്മദോഷം കൊണ്ടാണ് അവൻ മരിച്ചതെന്നും, മൂത്ത കൊച്ചിനെ മാത്രം അവർക്ക് മതി എന്നും പറഞ്ഞു അവന്റെ ഭാര്യയെയും ആ ചെറിയ കൊച്ചിനെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു മൂത്ത കൊച്ചിനെ ബലമായി അവരുടെ കൂടെ നിർത്തിയിരിക്കുകയാ...അതു മാത്രമല്ല അന്നു നമ്മൾ ഇവിടുന്നു പിരിച്ചെടുത്ത പണം ഞാൻ അവന്റെ ഭാര്യയുടെ കയ്യിൽ കൊടുത്തിരുന്നു ആ പണം അവന്റെ അമ്മയും പെങ്ങളും കൂടി അവന്റെ ചിത കത്തി തീരുന്നതിനു മുൻപേ ആ പാവം പെണ്കുട്ടിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി..  ഇപ്പൊ അരുണിന്റെ ഭാര്യയും ചെറിയ കുഞ്ഞും ആ പെണ്കുട്ടിയുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിലാണ്...അവിടെയും അവൾക്കു ഭയങ്കര കഷ്ടപ്പാടാണ്.. ആ കുട്ടിക്ക് വേറെ കുടുംബക്കാർ ആരുമില്ല."

ലക്ഷ്മിയുടെ ചുമലിൽ കിടക്കുന്ന ഹിമയുടെ തണുത്ത കുഞ്ഞികൈകൾ തന്റെ കവിളിൽ തട്ടിയപ്പോഴാണ് ആൻവിത ചിന്തകളിൽ നിന്നും തിരിച്ചു വന്നത്.
അപ്പോഴേക്കും കാർ ആൻവിതയുടെ വീടിനു മുന്നിൽ എത്തിയിരുന്നു. കാറിൽ നിന്നും ലക്ഷ്മിയെ ചേർത്തു പിടിച്ചിറക്കി അവൾ പറഞ്ഞു.

"ലക്ഷ്മി മോളെ ഇനി നീയൊന്നു കൊണ്ടും പേടിക്കണ്ട. ഇതെന്റെ വീടാണ് ഇനി  നിന്റെയും, ഇവിടെ നിന്നും ആരും നിന്നെ ഇറക്കിവിടില്ല. ഇവിടെ എന്റെ അമ്മ മാത്രമേ ഉള്ളൂ"

നിറഞ്ഞൊഴുകുന്ന കണ്ണുനീർ മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി..
ആൻവിതയുടെ 'അമ്മ അവരെയും കാത്തു വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

" അമ്മ ഞാൻ പറഞ്ഞിരുന്നില്ലേ ഇതാണ് ലക്ഷ്മിയും ഹിമ മോളും, ഇനി മുതൽ ഇതാണ് ഇവരുടെ വീട് ഇവർ ഉണ്ടാകും അമ്മയുടെ കൂടെ. അമ്മക്ക് ഞാൻ എങ്ങനെയാണോ ഇനി അത് പോലെയാകണം ലക്ഷ്മിയും"

അമ്മയുടെ വാത്സല്യം നിറഞ്ഞ ആ ചിരിയിൽ നിന്നും ആൻവിതക്കു വായിച്ചെടുക്കാൻ പറ്റുമായിരുന്നു ആ 'അമ്മ മനസ്സ്...അതുകൊണ്ടാണല്ലോ ഫോണിൽ താൻ എല്ലാ കാര്യങ്ങളും വിളിച്ചു പറഞ്ഞപ്പോൾ ലക്ഷ്മിയെയും കുഞ്ഞുങ്ങളെയും കൂട്ടി ഇങ്ങോട്ട് കൊണ്ടു വരാൻ 'അമ്മ പറഞ്ഞതു.

"ചേച്ചി എന്റെ മോൻ ഹരി?"

ലക്ഷ്മിക്ക് അവളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആൻവിത പറഞ്ഞു 

" മോളെ നീയിനി ഒന്നും പേടിക്കണ്ട, ഹരി ഇന്ന് വൈകുന്നേരത്തിന് മുൻപ് ഇവിടെയെത്തും, ഇവിടുത്തെ കളക്ടർ എന്റെ അമ്മയുടെ അനിയൻ ആണ്...'അമ്മ അമ്മാവനെ വിളിച്ചു എല്ലാം പറഞ്ഞിട്ടുണ്ട്..അമ്മാവൻ ഇപ്പോൾ തന്നെ അരുണിന്റെ വീട്ടിൽ എത്തിയിട്ടുണ്ടാകും"

നിറഞ്ഞു തുളുമ്പുന്ന ലക്ഷ്മയുടെ കണ്ണീർ തുടച്ചു കൊണ്ടു ആൻവിത പറഞ്ഞു 

"ഇനി നീ കരയരുത്..ഹരിയും ഹിമയും ഇനി എന്റെ കൂടി മക്കൾ ആണ്".

ദുബായിലേക്ക് തിരിച്ചു പോകാൻ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ലക്ഷ്മിയേയും, ഹരിയെയും, ഹിമയെയും കെട്ടിപിടിച്ചു യാത്ര പറയുമ്പോൾ ആൻവിതയുടെ മനസ്സു പറയുന്നുണ്ടായിരുന്നു

"അവസാനമായി ഒരു വാക്കു പോലും മൊഴിയാതെ എന്നിൽ നിന്നകന്നൊരെൻ  പ്രണയമേ നിനക്കായി എനിക്കു ചെയ്യാൻ കഴിയുന്നതിത്രമാത്രം".

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അഖിൽ ജയചന്ദ്രൻ.

Saturday, August 1, 2020

കടലാഴങ്ങൾ കഥ പറയുമ്പോൾ

കടലാഴങ്ങൾ കഥ പറയുമ്പോൾ
××××××××××××××××××××××××××××


ഒരു മഴ പെയ്തെങ്കിൽ......അനിൽ പനച്ചൂരന്റെ കവിത ഹെഡ്സെറ്റിൽ ഒഴുകി എത്തി, ഹരീഷ് ആ വലിയ ചരക്കു കപ്പലിന്റെ ഏറ്റവും മുകളിൽ നിന്നുകൊണ്ട് പെയ്തു വീഴുമ്പോൾ കടലിനെ ഇക്കിളിപ്പെടുത്തുന്ന മഴയുടെ കുറുമ്പ് കണ്ടാസ്വദിക്കുകയായിരുന്നു....വീശിയടിക്കുന്ന കാറ്റിൽ തന്നിൽ വീണലിയാൻ കൊതിക്കുന്ന മഴത്തുള്ളികളെ തട്ടി മാറ്റാൻ വ്യഥാ ശ്രമം നടത്തുന്ന തിരമാലകൾ,  തന്നിലേക്കണയുന്ന കാമുകനെ തള്ളിമാറ്റാൻ ഒട്ടും ആത്മാർഥതയില്ലാതെ ശ്രമിക്കുന്ന കാമുകിയെ പോലെയാണെന്ന് തോന്നി.. അവൻ അപ്പോൾ അമ്മുവിനെ ഓർത്തു, അവളും അങ്ങനെയാണല്ലോ....

പതിനൊന്നു ദിവസമായി ഈ കപ്പലിൽ യാത്ര തുടങ്ങിയിട്ട്, ഇത്തവണ കൊച്ചിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ വല്ലാത്ത ഒരു വേദന മനസ്സിൽ തോന്നിയിരുന്നു..എന്തിനാണെന്ന് അറിയാത്ത ഒരു നൊമ്പരം. കരയിലേക്കാരോ ഹൃദയം കൊളുത്തി വലിക്കുന്ന ഒരു തോന്നൽ. ഈ കപ്പലിൽ തന്നെ കൂടാതെയുള്ള ഒരേയൊരു മലയാളിയും തന്റെ കോളേജ് കാലം തൊട്ടേയുള്ള സുഹൃത്തും, മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ അരുണിനോട്  ഇതേക്കുറിച്ചു പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു " ആ കൊളുത്തി വലിക്കുന്നത് വേറെ ആരുമല്ല, അമ്മു തന്നെയാ, നിന്റെ വീട്ടിൽ കഴിഞ്ഞ തവണ വന്നപ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു 'കുട്ട്യോൾടെ കല്യാണം വേഗം നടത്തണം എനിക്കും മാധവേട്ടനും എല്ലാം പ്രായമായി വരികയാ, പക്ഷെ ഈ കാര്യം പറഞ്ഞാൽ ഹരീഷ് എന്തെങ്കിലും ഒഴിവു കഴിവ് പറയും, മാധവേട്ടനും നല്ല വിഷമം ഉണ്ട് ഈ കാര്യം ഇങ്ങനെ നീണ്ട് പോകുന്നേൽ'  നിനക്കു എത്രയും പെട്ടെന്ന് അവളെ അങ്ങു കെട്ടികൂടെ ഹരീ ഒന്നുമില്ലെങ്കിലും നിന്റെ മുറപ്പെണ്ണല്ലേ അവൾ? എന്തിനാ ഇങ്ങനെ വച്ചു താമസിപ്പിക്കുന്നെ?" അവന്റെ ആ ചോദ്യത്തിനുള്ള ഉത്തരം അവനോടു തന്നെ പലതവണ പറഞ്ഞിട്ടുള്ളത് കൊണ്ടു ഞാനെന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി. 

'അരുൺ', ജീവിതത്തെ ഇത്രയും ലാഘവത്തോടെ കാണുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല, കോളേജിൽ പഠിക്കുന്ന കാലത്തും അവൻ അങ്ങനെയായിരുന്നു. NRI ആയ അച്ഛനും അമ്മയും എത്ര നിർബന്ധിച്ചിട്ടും അവരുടെ കൂടെ പോകാതെ, നാട്ടിൽ നിന്നു പഠിക്കണം എന്നുള്ള അവന്റെ ഒറ്റ വാശിയിലാണ്  ഞങ്ങളുടെ കോളേജിൽ എത്തിയത്. ആദ്യമെല്ലാം അവനെ ഞാൻ ഒരു സാധാരണ NRI ധൂർത്തപുത്രൻ എന്ന രീതിയിൽ ആയിരുന്നു കണ്ടിരുന്നത്, പിന്നെ കൂടുതൽ അടുത്തപ്പോൾ മനസ്സിലായി ഞാൻ അവനെ തെറ്റിധരിച്ചതാണെന്ന്. കേരളത്തെയും, മലയാളത്തെയും ഒരുപാട്‌ സ്നേഹിക്കുന്ന മനസ്സിൽ ഒരുപാട് നന്മകൾ  ഒരാളായിരുന്നു അരുൺ.

 അരുണിലൂടെയാണ് ഞാൻ കവിതകളുടെ ലോകത്തെത്തുന്നത്. രക്തസാക്ഷിയും, രേണുകയും എല്ലാം അരുൺ ചൊല്ലുന്നത് കേൾക്കാൻ വല്ലാത്തൊരു ഇമ്പമായിരുന്നു. അവന്റെ ആ കഴിവ് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ അവനെ കോളേജിലെ രാഷ്ട്രീയത്തിലേക്കിറക്കുയതും,  ഞാൻ കോളേജ് യൂണിയൻ ചെയർമാനായും, അരുൺ ആർട്‌സ് ക്ലബ്ബ് സെക്രെട്ടറിയായും ജയിക്കാനുള്ള പ്രധാന കാരണം അവനോടും അവന്റെ കവിതകളോടും പെ ൺകുട്ടികൾക്ക് ഉള്ള ആരാധന വോട്ട് ആയി മാറിയതാണ്. 

മുഖത്തേക്ക് തെറിച്ചു വീണ മഴത്തുള്ളികൾ ആണ് ഹരീഷിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്...മഴയുടെയും, കാറ്റിന്റെയും ശക്തി കൂടി കൂടി വരുന്നു. കടൽ അതിന്റെ രൗദ്രഭാവം കാട്ടി തുടങ്ങിയിട്ടുണ്ട്, തിരമാലകൾ വല്ലാതെ ഉയർന്നു പൊങ്ങുന്നു, കപ്പൽ ആടി ഉലയുന്നു....പഞ്ചാബിയായ ക്യാപ്റ്റന്റെ സുരക്ഷാ നിർദേശങ്ങൾ വാക്കി ടോക്കിയിൽ ഇടതടവില്ലാതെ വന്നു തുടങ്ങിയപ്പോൾ ഹരീഷ് മുകളിൽ നിന്നും താഴേക്ക് വന്നു. കൂടെയുള്ള എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിടുണ്ട്. അവർക്കാർക്കും ഇതൊരു പുതുമയുള്ള സംഭവം അല്ല, ഇതെല്ലാം അവരുടെ ജീവിതത്തിന്റ ഭാഗമായി മാറിയിരുന്നു.

എട്ട് വർഷം മുമ്പ് മർച്ചന്റ് നേവിയിൽ ജോലിക്കു അപേക്ഷിച്ചതും, സെലക്ഷൻ കിട്ടിയപ്പോൾ ജോയിൻ ചെയ്തതും എല്ലാം അരുണിന്റെ നിർബന്ധം കൊണ്ടു മാത്രമായിരുന്നു. തനിക്കു നാടും, തന്റെ അമ്മയും, അച്ഛനും പിന്നെ മുറപ്പെണ്ണ് അമ്മുവുമായിരുന്നു ഏറ്റവും വിലപ്പെട്ടത്, അവരെയെല്ലാം വിട്ടു പോരാൻ മനസ്സ്  അനുവദിച്ചിരുന്നില്ല. പിന്നെ അരുൺ പറഞ്ഞതു പോലെ ലോകം മുഴുവനും ചുറ്റിക്കറങ്ങി, കുറച്ചു കാശും ഉണ്ടാക്കി നാട്ടിൽ സെറ്റിൽഡ് ആകാൻ ഇതു നല്ല ഒരു വഴിയാണെന്നും, പിന്നെ അരുൺ കൂടെയുണ്ടല്ലോ എന്ന ചിന്തയുമായപ്പോൾ ഇറങ്ങി പുറപ്പെട്ടതാണ്. 
   
കടൽ വീണ്ടും ശാന്തമായിക്കൊണ്ടിരിക്കുന്നു, മഴയുടെ ആരവങ്ങളെല്ലാം കെട്ടടങ്ങി, വീണ്ടും ആ കപ്പൽ കടലിന്റെ ഓളപരപ്പുകളിൽ സ്വച്ഛന്ദം യാത്ര തുടരുന്നു........ഇതാണീ കടൽ യാത്രയുടെ വശ്യത, എല്ലാം പ്രവചനാതീതമാണ്. അടുത്ത മണിക്കൂറിൽ എന്തു സംഭവിക്കും എന്നു ആർക്കും പറയാൻ കഴിയുകയില്ല. അതു കൊണ്ടു തന്നെയായിരുന്നു എല്ലാവരും കല്യാണത്തിന് നിർബന്ധിക്കുമ്പോൾ പിടി കൊടുക്കാതെ വഴുതി നടന്നിരുന്നതും. പലപ്പോഴും ദിവസങ്ങളോളം കര കാണാത്ത യാത്രകൾ ആയിരിക്കും, നാട്ടിൽ ആരേയും ബന്ധപ്പെടാൻ പറ്റാതെ, നാട്ടിലെ വിവരങ്ങൾ ഒന്നുമറിയാത്ത അവസ്ഥ. കടലിന്റെ സംഹാരരൂപം പലവട്ടം നേരിട്ടു കണ്ടിട്ടുണ്ട്. എന്തും സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ടാണ് ഈ ജോലിയിൽ നിന്നും രാജി വച്ച് നാട്ടിൽ എന്തെങ്കിലും ഒരു ബിസിനെസ്സ് തുടങ്ങി സ്വസ്ഥമായിട്ടു മതി കല്യാണം എന്നു തീരുമാനിച്ചത്. അതിനുള്ള വ്യക്തമായ പദ്ധതികൾ മനസ്സിൽ ഉണ്ട്. എന്തായാലും ഇനി അധികം വൈകിപ്പിക്കില്ല. 

കപ്പലിനുള്ളിലെ തന്റെ ചെറിയ വിശ്രമ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഹരീഷിന്റ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. താൻ ഉറങ്ങാൻ വരുമ്പോൾ അരുൺ കൂടെയുള്ളവരുമായി എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ചിന്തിക്കാറുണ്ട് ഇവനെങ്ങിനെയാണ് എപ്പോഴും ഇങ്ങിനെ ചിരിക്കാൻ പറ്റുന്നത്!

ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നെപ്പോഴാണ് മയങ്ങിയതെന്നറിയില്ല. എമർജൻസി സൈറൺ മുഴുങ്ങുന്ന ശബ്ദം കേട്ടാണ് ചാടിയെഴുന്നേറ്റത്. മുറിക്കു പുറത്തു എന്തോ ബഹളം കേൾക്കുന്നുണ്ട് . അരണ്ട വെളിച്ചത്തിൽ വാതിൽ തുറന്നു നോക്കിയപ്പോൾ പുറത്തു കുറെ പ്രാകൃതരൂപം പൂണ്ട തോക്കുധാരികൾ, ആരാ എന്താ എന്നെല്ലാം ചോദിക്കുമ്പോഴേക്കും തോക്കിൻ കുഴൽ നെറ്റിയിൽ മുട്ടിയിരുന്നു. എല്ലാവരോടും മുകളിലോട്ടു പോകാൻ ആ തോക്കുധാരികൾ ആക്രോശിക്കുന്നണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയതെ അവരുടെ ആജ്ഞകൾ അനുസരിക്കാൻ മാത്രമേ അപ്പോൾ ഞങ്ങൾക്കെല്ലാം കഴിയുമായിരുന്നുള്ളൂ. 
മുകളിൽ എത്തിയപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്, സോമലിയൻ കൊള്ളക്കാർ ഞങ്ങളുടെ കപ്പൽ ആക്രമിച്ചു കീഴ്പ്പെടുത്തിയിരിക്കുന്നു. അമ്പതോളം വരുന്ന എന്തിനും മടിക്കാത്ത ആക്രമികൾ.  അവരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഞങ്ങളുടെ കപ്പൽ. അവരുടെ നേതാവ്‌ എന്നു തോന്നിക്കുന്ന ഒരുത്തൻ അവരുടെ ഭാഷയിൽ കൂടെയുള്ളവർക്ക്‌ എന്തൊക്കയോ നിർദേശങ്ങൾ കൊടുക്കുന്നു. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന  അയാൾ ഞങ്ങളുടെ ക്യാപ്റ്റനുമായി എന്തോ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റൻ ഒഴികെ എല്ലാവരെയും കൈകൾ പുറകിലോട്ടു കെട്ടി നിലത്തിരുത്തിയിരിക്കുകയാണ്.

 ഹരീഷിന്റെ കണ്ണുകൾ ഒരാശ്രയത്തിനെന്ന പോലെ അവിടെയെല്ലാം അരുണിനെ തേടുകയായിരുന്നു. കുറച്ചപ്പുറത്തായി അരുണും നിലത്തിരിക്കുന്നുണ്ട്, അപ്പോളും അവന്റെ കണ്ണുകളിൽ ഒട്ടും ഭയം ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ്‌ ക്യാപ്റ്റനുമായി സംസാരിച്ചു കൊണ്ടിരുന്ന കൊള്ളതലവൻ വളരെ  ക്രുദ്ധനായി അദ്ദേഹത്തെ മർദ്ദിക്കാൻ തുടങ്ങിയത്. അവിടെ നടക്കുന്നതെന്താണെന്നറിയാതെ ഞങ്ങൾക്കെല്ലാം നിസ്സഹായരായി നോക്കിയിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
പെട്ടെന്നാണ് അരുൺ അവന്റെ മുൻപിൽ നിന്നിരുന്ന കൊള്ളക്കാരന്റെ കയ്യിലെ തോക്കു തട്ടിയെടുത്തു വെടിവക്കാൻ തുടങ്ങിയത്. മൂന്ന് കൊള്ളക്കാർ അവന്റെ വെടിയേറ്റു വീണപ്പോഴേക്കും അരുണിന്റെ ദേഹം മുഴുവൻ ബുള്ളറ്റുകൾ കൊണ്ടു നിറച്ചിരുന്നു ആ ദുഷ്ട്ടന്മാർ. അരുൺ എന്നു വിളിച്ചലറി കരയുന്ന തന്റെ മുൻപിലേക്കു അവന്റെ ശരീരം വലിച്ചിഴച്ചു കൊണ്ട് വന്നിട്ട് അവരുടെ നേതാവ് ചോദിച്ചു "നിനക്കും പോകണോ നിന്റെ സുഹൃത്തിന്റെ കൂടെ?" അരുണിന്റെ തലയിൽ ചവിട്ടി കൊണ്ടവൻ ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു "ഇനിയാർക്കെങ്കിലും എതിർക്കാൻ തോന്നുന്നുണ്ടോ, ഉണ്ടെങ്കിൽ ഇതു നിനക്കൊക്കെയുള്ള പാഠമാണ്" ഇതു പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവൻ വലിയൊരു വാളെടുത്തു അരുണിന്റെ കഴുത്തു ലക്ഷ്യമാക്കി വെട്ടി. അരുണിന്റെ ശരീരത്തിൽ നിന്നും തെറിച്ച രക്തം തന്റെ മുഖം മറച്ചു കൺപീലികളിലൂടെ ഒലിച്ചിറങ്ങുമ്പോൾ അരുണിന്റെ അറുത്തെടുത്ത തല അവർ കാല് കൊണ്ടു അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു. ക്രൂരതയുടെ അവസാന വാക്കാണ് സൊമാലിയൻ കൊള്ളക്കാർ എന്നു കേട്ടിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ അവർ ഇത്തരത്തിൽ കടന്നു വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല....

പിന്നെ തൊണ്ണൂറ്റിഏഴു ദിവസം ആ ദുഷ്ട്ടന്മാരുടെ തടവിലായിരുന്നു. പലപ്പോഴും ഭക്ഷണം ഇല്ലാതെ, വെള്ളം ഇല്ലാതെ ഒന്നു നിവർന്നിരുന്നുറങ്ങാൻ പോലും ആകാതെ മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ...ഇതിനിടക്ക് തങ്ങളുടെ കമ്പനിയും, ഇന്ത്യൻ ഗവേണ്ണ്മെന്റും പല തവണ ഇവരുമായി ചർച്ചകൾ നടത്തിയിരുന്നു. ഓരോ തവണയും ചർച്ചകൾ പരാജയപ്പെടുമ്പോൾ അവർ ഞങ്ങളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ..ഇതിനിടക്ക് ഞങ്ങളിൽ പലർക്കും മനസ്സിന്റെ സമനില തെറ്റി തുടങ്ങിയിരുന്നു. അങ്ങിനെ തൊണ്ണൂറ്റി ഏഴാം ദിവസം ആ ശുഭ വാർത്ത വന്നു, കമ്പനി കൊള്ളക്കാരുടെ നിബന്ധനകൾ അംഗീകരിച്ചെന്നും, എത്രയും പെട്ടെന്ന് ഞങ്ങൾ മോചിതരാകുമെന്നും. പക്ഷെ അപ്പോഴേക്കും ഞങ്ങളിൽ പലരും ജീവച്ഛങ്ങളായി മാറിയിരുന്നു.....

പതിനഞ്ച് ദിവസം കൊച്ചിയിലെ ആശുപത്രിയിൽ കഴിയേണ്ടി വന്നു ഹരീഷിന്റെ ആരോഗ്യം നേരെയാകുവാൻ, പക്ഷെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുത്തപ്പോളേക്കും അവന്റെ മനസ്സിന്റെ താളം തെറ്റി തുടങ്ങിയിരുന്നു..ആത്മ സുഹൃത്തിന്റെ അതി ഭീകരമായ മരണം അതും തന്റെ കണ്മുന്നിൽ, പിന്നെ കൊള്ളക്കാരുടെ ക്രൂരപീഡനങ്ങൾ, അതെല്ലാം കൂടി അവന്റെ മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു.....ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടും പുറത്തെങ്ങും ഇറങ്ങിയിരുന്നില്ല ഹരീഷ്. വല്ലാത്തൊരു ഭയമായിരുന്നു അവന്റെ മനസ്സിൽ ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന ചിന്ത അവനെ വല്ലാതെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു.....ഇടക്കിടക്ക്  അവൻ പോലുമറിയാതെ മനസ്സിന്റെ രസച്ചരട് പൊട്ടുമ്പോൾ അവൻ ആക്രമാസക്തനാകുമായിരുന്നു. അത്തരം അവസരങ്ങളിൽ അച്ഛനു മാത്രമേ അവനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നിള്ളൂ..... എല്ലാവരും ഹരീഷിന്റെ അഛനോട് അവനേ നല്ലൊരു സൈക്കാട്രിസ്റ്റിനെ കാണിക്കാൻ പറയുമ്പോളെല്ലാം " എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു, പാവം വല്ലാതെ ഭയപ്പെട്ടിരിക്കുന്നു അതിന്റെയാ ഇതെല്ലാം. അതു കുറച്ചു കഴിഞ്ഞാൽ താനേ മാറിക്കോളും, അല്ലാതെ നിങ്ങളെല്ലാവരും കൂടി എന്റെ കുട്ടിയെ ഒരു ഭ്രാന്തനാക്കാൻ നോക്കണ്ട." എന്നു പറയാൻ മാത്രമേ ആ പാവത്തിനാവുമായിരുന്നുള്ളൂ...

മനസ്സിന്റെ താളം പിഴക്കുമ്പോൾ താൻ കാണിച്ചു കൂട്ടുന്നതെല്ലാം ഹരീഷ് മനസിലാക്കുന്നുണ്ടായിരുന്നു....അതു അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു, അതു കാരണം അവൻ സ്വന്തം മുറിയിൽ നിന്നും പുറത്ത് വരാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല...
ആദ്യമൊക്കെ അമ്മു ഇടക്കിടക്ക് വന്നു കുറെ വർത്തമാനം പറയുമായിരുന്നു. പിന്നെ പിന്നെ അവളും വരാതായി. അവളെയും കുറ്റം പറയാൻ പറ്റില്ല മനസ്സിന്റെ താളം തെറ്റിയ ഒരാളുടെ കൂടെ ജീവിക്കാൻ ആരും താല്പര്യപ്പെടുകയില്ല...

"നീ എന്റെ നഷ്ടപ്രണയത്തിൻ ഇനിയും മരിക്കാത്ത രക്തസാക്ഷി... ചോര  ചിന്താത്തൊരെൻ മൗനാനുരാഗത്തിൻ  മുറിവുണങ്ങാത്ത ചാവേറു ഞാൻ..."

അവൾ ഇനി എനിക്കന്യയാണെന്ന തിരിച്ചറിവിൽ ഈ വരികൾ എവിടേയോ കുതിക്കുറിക്കുമ്പോൾ ഹൃദയം തകരുന്നതു പോലെ തോന്നി.
അങ്ങിനെ ഒരു ദിവസം മനസിന്റെ താളം തെറ്റിയ ഒരു ശപിച്ച നിമിഷത്തിൽ ഹരീഷ് സ്വന്തം അച്ഛന് നേരെ വെട്ടുകത്തിയുമായി പാഞ്ഞു ചെന്നു , തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് അടുത്ത വീട്ടിലുള്ളവരെല്ലാം ചേർന്നാണ് അവനെ പിടിച്ചു മുറിയിൽ പൂട്ടിയിട്ടത്.....

മനസ്സിന്റെ താളം നഷ്ടപ്പെടുന്ന സമയത്തെല്ലാം അവന്റെ മുന്നിൽ വാളുയർത്തി നിൽക്കുന്ന സോമലിയൻ കൊള്ളക്കാരനും പിന്നെ ആ കൊള്ളക്കാരുടെ കലുകൾക്കിടയിലൂടെ ഉരുണ്ട കളിക്കുന്ന അരുണിന്റെ അറുത്തുമാറ്റപ്പെട്ട തലയും ആയിരുന്നു, ആ ചിത്രം അവന്റെ മനസ്സിൽ മായാതെ നിൽക്കുമ്പോൾ അവൻ അവനല്ലതായി മാറുകയായിരുന്നു. ....

അന്ന് രാത്രി ഭക്ഷണം കൊണ്ടു വന്ന അമ്മയെ കെട്ടിപിടിച്ചു അവൻ കുറെ കരഞ്ഞു. " അമ്മ എനിക്കിത്തിരി വിഷം കലക്കി തരാമോ, എനിക്ക്‌ ഇങ്ങനെ ജീവിക്കാൻ വയ്യ" 
അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ടവർ പറഞ്ഞു; " നിനക്കൊന്നും ഇല്ലടാ കുട്ടാ, നീഎന്തിനാ സങ്കടപെടുന്നത് നിന്റെ അഛനും അമ്മയും ഇല്ലേ നിന്റെ കൂടെ" 
 പിറ്റേന്ന് ആയപ്പോഴേക്കും ഹരീഷ് ഒരു തീരുമാനം എടുത്തിരുന്നു രാവിലേ തന്നെ അവൻ അച്ഛനോട് ചെന്ന് പറഞ്ഞു 

"അച്ഛാ എനിക്ക് ഒരു സൈക്കാട്രിസ്റ്റിനെ കാണണം, എനിക്കിനി ഇങ്ങനെ മുന്നോട്ടു പോകാൻ വയ്യ" . 

അങ്ങിനെ അവൻ കൊച്ചിയിലെ പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി...
ഇവിടെയെത്തി ഇപ്പോൾ ഏകദേശം ഒരു മാസമായി ഇപ്പോളും അരുണിന്റെ ഓർമകൾ അവനെ തേടിയെത്താറുണ്ടെങ്കിലും അവന്റെ മനസിന്റെ താക്കോൽ അവന്റെ കയ്യിൽ നിന്നും വഴുതി പോകാറില്ല...... 

ഇനിയും എത്ര നാൾ ഇവിടെ? അത് ഹരീഷിനറിയില്ല. പക്ഷേ ഇനിയും കടലാഴങ്ങളുടെ കഥകൾ മനസ്സിനെ കുത്തിനോവിക്കുമ്പോൾ മനസ്സെന്ന മാന്ത്രിക പട്ടം തന്റെ കൈ വിട്ടു പോകില്ലെന്നുറപ്പാകുന്നതുവരെയെങ്കിലും ഇവിടെ തുടർന്നെ മതിയാകൂ.......

അഖിൽ ജയചന്ദ്രൻ.

Friday, July 31, 2020

ഗോൾ

                                                                                                    ഗോൾ...
                         ×××××××××

തിരകളടങ്ങാത്ത കടൽ പോലെ ആർത്തലക്കുന്ന 'സോച്ച' സ്റ്റേഡിയത്തിന്റെ ഇടനെഞ്ചിലേക്കാണ് ഒരു മഴവില്ല് പോലെയാ ഗോൾ ആഴ്ന്നിറങ്ങിയത്. ഇതുവരെ പ്രധാനപെട്ട ഒരു ടൂർണമെന്റും വിജയിക്കാത്ത 'ബൊഗോട്ടോ എഫ് സി' യുടെ ആരാധകർക്കൊരു സ്വർണക്കപ്പെന്ന കിനാവ് കാണാനുള്ള ടിക്കറ്റ് കൂടിയായിരുന്നു ആ ഗോൾ. അപ്പോളാ സ്റ്റേഡിയത്തിൽ ഒരേയൊരു പേര് മാത്രമേ ഉയർന്നു കേൾക്കാനുണ്ടായിരുന്നുള്ളൂ..

"ഏദൻ.......ഏദൻ......ഏദൻ..."

'ബൊഗോട്ടോ എഫ് സി' യെ ടൂർണമെന്റിന്റെ ഫൈനലിലേക്കെത്തിച്ച ആ ഗോളിന്റെ ഉടമ. ഇരുപത്തിരണ്ടു വയസ്സുകാരൻ ഏദൻ അവനാണിന്നവരുടെ ഹീറോ. ആ രാത്രി മുഴുവൻ അവർക്കാ പേര് ആർത്തുവിളിച്ച് ആഘോഷിക്കാനുള്ളതായിരുന്നുi.


കൊളംബിയൻ തലസ്ഥാനമായ 'ബൊഗോട്ട' അറിയപ്പെടുന്നതു തന്നെ ഫുട്ബാൾ ഭ്രാന്തന്മാരുടെ തറവാടെന്നാണ്, ആൺ പെൺ  വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും കാൽപന്തുകളിയെ സിരകളിൽ നുരക്കുന്ന ലഹരിയായി കൊണ്ട് നടക്കുന്നവരാണ്. പലപ്പോഴും മത്സരങ്ങൾക്ക് ശേഷം ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. 

ഫുട്‌ബോൾ പോലെ തന്നെ ബൊഗോട്ടക്കാരുടെ മറ്റൊരു വിനോദമാണ് വാതുവെപ്പ്, ഫുട്‌ബോൾ മത്സരങ്ങളുടെ ഫലത്തെച്ചൊല്ലിയാണ് മിക്കവാറും വാതുവെപ്പുകൾ നടക്കാറുള്ളത്.  'റോബർട്ട് പെഡ്രോ' എന്ന അധോലോക രാജാവിൻറെ ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന  'പെഡ്രോസ് റിവൈറ' എന്ന മദ്യശാലയാണ് ഇത്തരം വാതുവെപ്പുകാരുടെ പ്രധാനകേന്ദ്രം.
ഓരോ മത്സരം കഴിയുമ്പോഴും കുറച്ചുപേർ സമ്പന്നരാകുകയും, അതിലേറെപേർ ദരിദ്രരായി മാറുകയും ചെയ്യുന്ന ഒരു മായാലോകം..

'തുഞ്ചേലോ' നദീതീരത്തുള്ള പുരാതനമായ കെട്ടിടത്തിലുള്ള ബൊഗോട്ട പോലീസ് സ്റ്റേഷന്റെ നീളൻ വരാന്തയിൽ തന്റെ വീൽചെയറിൽ ചാരിയിരിക്കുമ്പോൾ പാതിനാല് വയസ്സുകാരി അന്നയുടെ മുഖത്ത് വേർതിരിച്ചെടുക്കാൻ കഴിയാത്ത പല വികാരങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു.

"നീ ഫുട്‌ബോൾ കളിക്കാരനായതുകൊണ്ട് മാത്രം നിന്നെ ഒരു തവണത്തെക്കു വെറുതെ വിടുകയാ, ഇനിയിതാവർത്തിച്ചാൽ പിന്നെ നീ പുറംലോകം കാണില്ല" 

സ്റ്റേഷനുള്ളിൽ നിന്നുമുയർന്ന പോലീസ് ഓഫീസറുടെ ഭീഷണി കലർന്ന ശബ്ദം
അന്നയുടെ മനസ്സിൽ അശാന്തിയുടെ കാർമേഘമായി വന്നു നിറഞ്ഞു. വാതിൽ തുറന്നു പുറത്തു വരുന്ന ഏദന്റെ കണ്ണുകളിലേ ദൈന്യത അന്നക്ക് അപരിചിതമായ ഒന്നായിരുന്നു.
 
എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വൈകല്യങ്ങളോടെ ജനിച്ച തനിക്ക്  ജീവൻ നൽകി തങ്ങളെ വിട്ടുപോയ അമ്മ. അമ്മയുടെ മരണത്തോടെ മദ്യത്തിൽ അഭയം തേടിയ അച്ഛൻ. അത്രയും അരക്ഷിതമായ ചുറ്റുപാടുകളിൽ തന്നെ വളർത്തിയതും തനിക്കു വേണ്ടതെല്ലാം ചെയ്തു, വീൽചെയറിൽ ഇരുത്തി എല്ലായിടത്തും  കൊണ്ടുനടന്നതുമെല്ലാം തന്നെക്കാൾ എട്ട് വയസ്സു മാത്രം കൂടുതലുള്ള തന്റെ സഹോദരൻ ഏദനാണ്. ഏദൻ ഫുട്‌ബോൾ കളിക്കുന്നതുപോലും തന്റെ ചികിത്സക്കും, മരുന്നിനും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ്. താൻ എഴുന്നേറ്റു നടക്കുകയെന്നത് മാത്രമാണവന്റെ സ്വപ്നം.
 
 അങ്ങിനെയുള്ള ഏദൻ  മിസ്സ്. മെറ്റിൽഡയെന്ന സ്ത്രീയെ, അതും ഏദനേക്കാൾ എട്ടോ, പത്തോ വയസ്സു കൂടുതലുള്ള, ആ നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമായിരുന്നു അന്നക്ക്.

അവൾ ഏദനോടൊന്നും ചോദിച്ചില്ല,  ആ മനസ്സ്‌ ശാന്തമാകുമ്പോൾ തന്നോടെല്ലാം തുറന്നു പറയുമെന്നവൾക്കറിയാമായിരുന്നു.

ഏകാന്തതയുടെ വീർപ്പുമുട്ടിക്കുന്ന കുറേ മണിക്കൂറുകൾക്കു ശേഷം കട്ടിലിൽ കിടക്കുന്ന അന്നയുടെ അടുത്തു വന്നിരുന്നു ഏദൻ.

"അന്ന, മോളെ നീ ഉറങ്ങിയോ?"

"ഇല്ല, ഉറക്കം വരുന്നില്ല"

"മോളെ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല, ഞാനവരെ പിന്തുടർന്നു എന്നുള്ളത് സത്യമാണ്‌, പക്ഷേ അതവരെ ശല്യം ചെയ്യാനായിരുന്നില്ല" 

ഒന്നും മിണ്ടാതെ കിടക്കുന്ന അന്നയുടെ മുഖത്തു നോക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഏദൻ കട്ടിലിൽ നിന്നുമെഴുന്നേറ്റ് ആ ചെറിയ മുറിയുടെ മൂലയിൽ കിടക്കുന്ന പഴയ മരഅലമാര തുറന്നു ഏറെ പഴക്കമുള്ള ഒരാൽബം കയ്യിലെടുത്തു അന്നയുടെയടുത്തേക്ക് വന്നു. 

ആ ആൽബത്തിലെ ഓരോ താളുകളും മറക്കുമ്പോൾ ഏദന്റെ കണ്ണുകളിൽ നിന്നും തോരാതെ കണ്ണീർ പെയ്യുകയായിരുന്നു.

ആ ആൽബത്തിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ട്‌ ഏദൻ അന്നയോട് പറഞ്ഞു.

"അന്ന, നീ കണ്ടോ നമ്മുടെ അമ്മയുടെ ചിരിക്കുന്ന മുഖം"

അന്നക്കറിയാം ഏദന് അമ്മയെ എത്രത്തോളം ഇഷ്ടമായിരുന്നെന്നു. പലപ്പോഴും അന്നക്ക് വല്ലാത്ത കുറ്റബോധം തോന്നാറുണ്ട്, തനിക്ക്‌ ജൻമം നൽകിയത് കൊണ്ടല്ലേ ഏദന് അമ്മയെ നഷ്ടപ്പെട്ടത്. താൻ കാരണമല്ലേ അമ്മ മരിച്ചത്. പലപ്പോഴും അത്തരം ചിന്തകൾ കുഞ്ഞന്നയുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു.

"അന്ന നമ്മുടെ അമ്മയുടെ ഈ ചിരിക്കുന്ന മുഖവുമായി ഒരുപാട് സാമ്യമുള്ളതായിരുന്നു മിസ്സ്. മെറ്റിൽഡയുടെ മുഖം, അതു കണ്ടപ്പോൾ വീണ്ടും വീണ്ടും ആ മുഖം കാണണമെന്നെനിക്ക് തോന്നി, അതാ ഞാനവരെ പിന്തുടർന്നത്, അല്ലാതെ ശല്യപ്പെടുത്താനൊന്നുമല്ല."

"നിന്റെ മനസ്സ് ശാന്തമായി വെക്കൂ ഏദൻ. നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമല്ലേ സർവ്വശക്തനായ ദൈവത്തിന്റെ തീരുമാനങ്ങൾ നമുക്കാർക്കും തടുക്കാൻ കഴിയില്ല, നീ നാളത്തെ ഫൈനലിൽ നിന്റെ ടീമിനെ എങ്ങിനെ വിജയിപ്പിക്കാമെന്നു മാത്രം ചിന്തിക്കൂ...അതിനു വേണ്ടി പ്രാർത്ഥിക്കൂ.."

പതിവില്ലാതെ അന്ന് രാവിലെ അമ്മയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വളരെനേരം പ്രാർത്ഥിച്ചതിനു ശേഷമാണ് ഏദൻ വീട്ടിൽ നിന്നിറങ്ങിയത്

ഏദൻ വീട്ടിൽ നിന്നുമിറങ്ങുന്നതിനു മുമ്പ് അന്നയുടെ മുറിയിലേക്ക് കയറിവരുമ്പോൾ അന്ന എന്തോ എഴുതികൊണ്ടിരിക്കുകയായിരുന്നു. ഏദനെ കണ്ടതും അവൾ ഒരു ഡയറി കൊണ്ട് എഴുതിക്കൊണ്ടിരുന്ന പേപ്പർ മറച്ചു വച്ചു.

"എന്താ മോളെ നീ എഴുതുന്നത്?"

"ഹേയ് ഒന്നുമില്ല. ഓൾ ദി ബെസ്റ്റ് ഏദൻ!! ഇന്നും നിനക്ക് ഗോളടിക്കാൻ കഴിയട്ടെ!! നിന്റെ ടീമിനു വിജയം സമ്മാനിക്കാൻ നിന്റെ കാലുകൾക്ക് കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം" 

അന്നയുടെ നെറ്റിയിൽ വാത്സല്യത്തോടെടെ തഴുകി നെറുകയിലൊരുമ്മയും നൽകി പുറത്തേക്കിറങ്ങുമ്പോൾ അന്ന ഏദനോട് പറഞ്ഞു

" ഏദൻ നീ പോകുന്ന വഴിക്കു സ്റ്റെല്ലയോടൊന്നിങ്ങോട്ട് വരാൻ പറയുമോ?"
 
"ശരി ഞാൻ പറയാം"

സ്റ്റെല്ല  അന്നയുടെ ഏക സുഹൃത്താണ് അന്നയെക്കാളും നാലു വയസ്സ്‌ കൂടുതലുണ്ടെങ്കിലും അന്നക്ക് എന്താവശ്യമുണ്ടെങ്കിലും ഓടിയെത്താറുണ്ട്  അന്നയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരികൂടിയായ സ്റ്റെല്ല.

വളരെ മനോഹരമായ കൈപ്പടയിൽ മേൽവിലാസമെഴുതിയ ഒരു ബ്രൗൺ കവർ സ്റ്റെല്ലയുടെ കയ്യിൽ കൊടുത്തിട്ട് അന്ന പറഞ്ഞു

" സ്റ്റെല്ല, നീയെനിക്ക് വേണ്ടി ഈ കത്ത്, ഇതിലെഴുതിയ മേൽവിലാസത്തിൽ  എത്തിച്ചു കൊടുക്കണം, ഇന്നുതന്നെ, പറ്റുമെങ്കിൽ ഇപ്പോൾ തന്നെ." 

"എന്താണിത് പതിവില്ലാതെ കത്തെഴുത്തൊക്കെ?, ആർക്കുള്ളതാ ഈ കത്ത്‌?" ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെല്ല ചോദിച്ചു.

"അതൊക്കെ ഞാൻ പിന്നെ പറയാം, നീയെനിക്ക് വേണ്ടിയിതു ചെയ്യില്ലേ സ്റ്റെല്ല?"

വളരെയേറെ പ്രത്യാശയോടെ തന്നെ നോക്കുന്ന അന്നയുടെ കണ്ണുകളിൽ നോക്കി മറ്റൊന്നും പറയാൻ സ്റ്റെല്ലക്കായില്ല.

"തീർച്ചയായും ഞാനിപ്പോൾ തന്നെയിതു കൊണ്ടു കൊടുക്കാം"

സ്റ്റെല്ല യാത്ര പറഞ്ഞിറങ്ങിപോകുമ്പോൾ അന്നയുടെ മനസ്സ്‌ ശാന്തമായിരുന്നു അതവളുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരിന്നു.

'ബൊഗോട്ട' നഗരത്തിന്റെ നെഞ്ചിടിപ്പിന്റെ താളം അന്ന് 'സോച്ച' സ്റ്റേഡിയത്തിൽ നിന്നായിരുന്നു ഉയർന്നു കേട്ടിരുന്നത്. കഴിഞ്ഞ കളിയിലെ ഹീറോ ഏദന്റെ പേരും ചിത്രവുമുള്ള പ്ലക്കാർഡുകളുമായാണ് മിക്കവാറും ആരാധകരും സ്റ്റേഡിയത്തിയൽ എത്തിയിരുന്നത്.

ഒരേയൊരു വിജയം അതിനുവേണ്ടി മാത്രം തുടിക്കുന്ന മനസ്സുമായാണാ സ്റ്റേഡിയത്തിൽ ഓരോ 'ബൊഗോട്ട എഫ് സി' ആരാധകനും  കാത്തിരുന്നിരുന്നത്. അവരുടെ സ്വന്തം ടീമിന്റെ ജയത്തിനുവേണ്ടി അവർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു.

വളരെ വാശിയേറിയ മത്സരമായിരുന്നു  അവിടെ നടന്നത്. രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ടായിരുന്നു, തീ പാറുന്ന പോരാട്ടം, പലപ്പോഴും രണ്ടു ടീമുകളും പരസ്പരം ഉന്തും, തള്ളുമായി റഫറി പലവട്ടം മഞ്ഞക്കാർഡ് പുറത്തെടുത്തു, പക്ഷേ അവസാന തൊണ്ണൂറ് മിനുറ്റ് വരെ രണ്ടു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. 

അധികം കിട്ടിയ അഞ്ച് മിനുറ്റ് ഇഞ്ചുറി ടൈമിൽ എങ്ങിനെയെങ്കിലുമൊരു ഗോളടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു ടീമുകളും, 'ബൊഗോട്ട എഫ് സി' യുടെ ഗോൾ മുഖത്തായിരുന്നു അപ്പോൾ കളി നടക്കുന്നത്, ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എതിർ ടീമിന്റെ കളിക്കാരൻ അടിച്ച പന്ത് ഗോളിയെ കടന്നുപോകും എന്നു തോന്നിയപ്പോഴാണ് ഏദൻ ചാടി വീണ് ആ പന്ത്‌ തട്ടിയകറ്റാൻ ശ്രമിച്ചത്. പക്ഷേ പ്രതീക്ഷിച്ച പോലെ ഏദനാ പന്ത് ഗോൾ പോസ്റ്റിന് പുറത്തേക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏതോ മുജ്ജൻമ്മ ശാപമെന്ന പോലെയാ പന്ത് ഗോൾ വര കടന്നു.....

'ഗോൾ.........'

ഒരു നിമിഷം 'സോച്ച' സ്റ്റേഡിയം ശ്വാസം നിലച്ചു നിശ്ചലമായി. അവിടെയൊരു ഗോൾ പിറന്നിരിക്കുന്നു അതും സെൽഫ് ഗോൾ, അവരുടെ ഹീറോ ഏദന്റെ കാലിൽ നിന്നുമൊരു സെൽഫ് ഗോൾ. 

തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ കുറച്ചു സമയം ഏദൻ ആ മൈതാനത്ത് തരിച്ചിരുന്നുപോയി. ആദ്യമായൊരു സ്വർണ്ണക്കപ്പെന്ന തൻ്റെ ടീമിന്റെയും, ആരാധകരുടെയും സ്വപ്നം തന്റെ കാലുകൾ കൊണ്ടു തകർക്കപ്പെട്ടിരിക്കുന്നു.  അപ്പോഴേക്കും എതിർ ടീം വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. 

'ബൊഗോട്ട എഫ് സി' യുടെ ആരാധകർക്കു താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു ആ പരാജയം. ആ സ്റ്റേഡിയത്തിലവർ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു, മൈതാനം കൈയേറിയ ആരാധകരുടെയിടയിൽ നിന്നും കളിക്കാരെ പുറത്തെത്തിക്കാൻ പൊലീസിന് നല്ലവണ്ണം കഷ്ട്ടപെടേണ്ടിവന്നു. ഒന്നരമണിക്കൂർ മുമ്പ് വരെ അവരുടെ ഹീറോ ആയിരുന്ന ഏദനാണിപ്പോൾ അവരുടെ വില്ലൻ, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്‌തി. 

കൂട്ടുകാർ ഏദനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു, പേമാരി പെയ്യുന്ന കടൽ പോലെ അശാന്തമായിരുന്നു. ആ മാനസികാവസ്ഥയിൽ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ഏദന്.

 ടീമംഗങ്ങളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ  എങ്ങോട്ട് പോകണമെന്നൊരുലക്ഷ്യവു മുണ്ടായിരുന്നില്ല. അലക്ഷ്യമായി ഇറങ്ങി നടന്ന ഏദൻ എത്തിപ്പെട്ടത് 'പെഡ്രോസ് റിവൈറ'യുടെ മുന്നിലായിരുന്നു. ഇന്ന് സ്വബോധത്തോടെ വീട്ടിലേക്കു പോകാൻ വയ്യ അതുകൊണ്ട് ബോധം മറയുന്നത് വരെ മദ്യപിക്കണം. 

'പെഡ്രോസ് റിവൈറ' അന്ന് വളരെ ശാന്തമായിരുന്നു, സാധാരണ കേൾക്കാറുള്ള വഴക്കും, ബഹളങ്ങളുമില്ല.
'ബൊഗോട്ട എഫ് സി' യുടെ വിജയം സ്വപ്നം കണ്ട് വലിയ തുകക്ക് വാതുവെപ്പ് നടത്തി മുഴുവൻ പണവും നഷ്ടപ്പെടുത്തിയ ഭൂരിഭാഗമാൾക്കാരും പണം നഷ്ട്ടപ്പെട്ട നിരാശയിൽ നേരത്തേതന്നേ സ്ഥലം വിട്ടിരുന്നു. 
 
ആ മദ്യശാലയുടെ ഇരുണ്ട ഒരു കോണിൽ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ ഒറ്റക്കിരുന്ന് മദ്യത്തിന്റെ ലഹരിയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഏദന്റെ മനസ്സിലെ നിരാശകളും, വേദനകളും ചിറകുവിടർത്തി പറക്കുവാൻ തുടങ്ങിയിരിന്നു..അവന്റെ മനസ്സിലപ്പോൾ രണ്ടു മുഖങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. അവന്റെ കുഞ്ഞു പെങ്ങൾ അന്നയുടെയും, പിന്നെ മിസ്സ്. മെറ്റിൽഡയുടെയും.

മറ്റുള്ളവരുടെ കൺവെട്ടത്തിൽ നിന്നും പരമാവധി മാറിയാണ്‌ ഏദൻ ഇരുന്നിരുന്നതെങ്കിലും അവിടെ ചിലരെല്ലാം അവനെ തിരിച്ചറിഞ്ഞിരുന്നു. അപ്പോളവരുടെ കണ്ണുകളിലൊന്നും
സാധാരണയുള്ള സ്നേഹവും, ആരാധനയുമായിരുന്നില്ല മറിച്ച് വെറുപ്പിന്റെ തീനാളങ്ങളായിരുന്നു.

കാലുകൾ നിലത്തുറക്കാതെ കലങ്ങിയ കണ്ണുകളുമായി ഏദൻ 'പെഡ്രോസ് റിവൈറ'യുടെ പടിയിറങ്ങുമ്പോൾ രണ്ടുപേരവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതിൽ തലയിൽ വട്ടതൊപ്പി വെച്ച വെളുത്തു തടിച്ച കുറിയ മനുഷ്യൻ ഏദന്റെ മുന്നിൽ വന്നു നിന്ന് അവന്റെ കുപ്പായത്തിന്റെ കോളറിൽ പിടിച്ചു പിറുപിറുക്കുന്നത് പോലെ പറഞ്ഞു 

"ഇന്നത്തെ നിന്റെ പിഴ, വലിയ പിഴ അതിന്റെ വില അതെത്രയാണെന്നറിയാമോ നിനക്ക്?"

അപ്പോഴേക്കും അയാളുടെ കൂടെയുള്ള രണ്ടാമൻ പോക്കറ്റിൽ നിന്നുമൊരു കൈതോക്കെടുത്തു ഏദന്റെ നെറ്റിയിൽ ചേർത്ത് പിടിച്ചിരുന്നു. ഏദൻ തിരിച്ചെന്തെങ്കിലും പറയുമ്പോഴേക്കും അയാളുടെ വിരൽ തോക്കിന്റെ കാഞ്ചിയിൽ അമർന്നിരുന്നു.

 "ഗോൾ...ഗോൾ....ഗോൾ...." 
 
ഒരു ഭ്രാന്തനെ പോലെ അലറിവിളിച്ചുകൊണ്ടയാൾ വീണ്ടും വീണ്ടും ഏദന്റെ നേർക്കു നിറയൊഴിച്ചു കൊണ്ടേയിരുന്നൂ......
 
പള്ളിസെമിത്തേരിയിൽ ഏദന്റെ ശവമടക്കു നടക്കുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാനില്ലാതെ വീൽചെയറിൽ തന്റെ അനാഥത്വത്തിന്റെ പൂർണതയെന്ന ശൂന്യതയിലേക്കു കണ്ണും നട്ട് തളർന്നിരിക്കുന്ന അന്ന തന്റെ നേർക്കു നീളുന്ന സഹതാപത്തിന്റെ കണ്ണേറുകൾ കാണുന്നുണ്ടായിരുന്നില്ല. 

തന്റെ അരികിലാരോ വന്ന് ചേർന്ന് നിന്നതു പോലെ തോന്നിയപ്പോൾ അന്ന കണ്ണുകളുയർത്തി നോക്കി, അതു
മിസ്സ്.മെറ്റിൽഡയായിരുന്നു, ഒരു കൈ കൊണ്ടവർ അന്നയുടെ നെറുകയിൽ തലോടി മറു കൈകൊണ്ടവളെ ചേർത്തു പിടിക്കുമ്പോൾ അവരണിഞ്ഞിരുന്ന കറുത്ത  കോട്ടിന്റെ പോക്കറ്റിൽ സ്റ്റെല്ല കൊണ്ടുകൊടുത്ത കത്ത് ശ്വാസം കിട്ടാതെ കിടന്നു പിടയുന്നത് പോലെ തോന്നി അവർക്ക്...

അഖിൽ ജയചന്ദ്രൻ.



പകമഴക്കാലം


പകമഴക്കാലം
×××××××××××××××

"ഇനി ഞാൻ അവളോട്‌ എന്തു പറയും രവീ." എന്നു ചോദിച്ചു കൊണ്ട് കളിക്കൂട്ടുകാരനും അയൽക്കാരനുമായ രവീന്ദ്രന്റെ കയ്യിൽ അമർത്തിപിടിച്ചു ചോദിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി ജയൻ മാഷിന്
പുറത്തു മഴ തകർത്തു പെയ്യുമ്പോഴും ജയൻ മാഷ്‌ ആശുപത്രിയിലെ എമർജൻസി റൂമിൽ നിന്നു വിയർത്ത് ഉരുകുകയായിരുന്നു. വീണുപോയാലോ എന്ന ഭയത്താൽ ഒന്നു കൂടി അമർത്തി പിടിച്ചു രവീന്ദ്രന്റെ കയ്യിൽ.

"എന്താ ജയാ നീ ചെറിയ കുട്ടികളെ പോലെ കരയുന്നത്.. നീ വേണം എല്ലാവർക്കും ധൈര്യം കൊടുക്കാൻ" രവീന്ദ്രന്റെ ആ വാക്കുകൾ ജയൻ മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നറിയതെ അവിടെ നിൽക്കുമ്പോൾ മാഷിന്റെ ചിന്തകൾ വളരെ ദൂരം പിന്നോട്ടു പായുകയായിരുന്നു. 

തന്റെ മകൻ നാലാം വയസ്സിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കാൻ വീട്ടിൽ കൊണ്ടു വന്നു വച്ചിരുന്ന ആസിഡ്‌ അബദ്ധത്തിൽ എടുത്തു കുടിച്ചു മരിച്ചതിനു ശേഷം അവനേക്കാളും രണ്ടു മാസം മാത്രം ഇളയതായ പെങ്ങളുടെ മകൻ സജിയെ സ്വന്തം മകന്റെ സ്ഥാനത്താണ് മാഷ്‌ കണ്ടിരുന്നത് അവനും സ്വന്തം അച്ഛനേക്കാളും അമ്മയെക്കാളും സ്നേഹം അമ്മാവനോട് ആയിരുന്നു. എന്തു കാര്യത്തിനും ആദ്യം അവൻ അഭിപ്രായവും അനുമതിയും തേടിയിരുന്നതും മാഷോട് തന്നെയായിരുന്നു. 

തൊട്ടപ്പുറത്തുള്ള തറവാട് വീട്ടിൽ ആണ് സജിയും അമ്മയും താമസിക്കുന്നതെങ്കിലും മിക്കവാറും അവൻ മാഷിന്റെ വീട്ടിലായിരിക്കും ഉണ്ടാകുക. 

3 വർഷം കഴിഞ്ഞു മാഷിനൊരു പെണ്കുഞ്ഞു പിറന്നതിന് ശേഷവും ആ സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. സജി വളരും തോറും ആ സ്നേഹവും വളർന്ന് കൊണ്ടിരുന്നു. ജയൻ മാഷേ പോലെ തന്നെയായിരുന്നു സജിയും നാട്ടുക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു. എല്ലാവർക്കും അവനെക്കുറിച്ചു നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് തന്റെ മകൾ ദേവികക്കു കല്യാണപ്രായമായപ്പോൾ എല്ലാവരുടെയും സമ്മതത്തോടെ അവളുടെ മുറചെക്കനായ സജിയുമായുള്ള വിവാഹം നടത്താൻ തീരുമാനിച്ചതും. 

ഒരു മൾറ്റിനാഷണൽ കമ്പനിയുടെ ഡിസ്ട്രിക്ട് സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്ന സജി മിക്കവാറും തന്റെ ബൈക്കിൽ തന്നെയാണ് ജില്ല മുഴുവനും കറങ്ങിയിരുന്നത്. കല്ല്യാണ നിശ്ചയത്തിനു ശേഷം എല്ലാ ഞായറാഴ്ചകളിലും സജിയുടെ ബൈക്കിന്റെ പുറകിൽ ദേവികയും ഉണ്ടാകാറുണ്ട്. ചില സുഹൃത്തുക്കൾ അതിനെക്കുറിച്ചു പറയുമ്പോൾ ജയൻ മാഷ്‌ പറയാറുണ്ടായിരുന്നു " എനിക്ക്‌ എന്റെ കുട്ടികളെ വിശ്വാസമാണെന്നു" കാരണം സജി കൃത്യമായി ഫോണിൽ വിളിച്ചു പറയാറുണ്ട്‌ അവർ എവിടെയാണ് എങ്ങോട്ടാണ് പോകുന്നത്‌ എന്നെല്ലാം...

"ജയാ ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്, എല്ലാവരെയും അറിയിക്കേണ്ടേ" എന്ന രവീന്ദ്രന്റെ ചോദ്യത്തിന് "എനിക്കൊന്നും അറിയില്ല രവി നീ എന്താണെന്ന് വെച്ചാൽ ചെയൂ" എന്നു പറഞ്ഞു തളർന്നിരിക്കുമ്പോൾ ജയൻ മാഷുടെ മനസ്സിൽ പുറത്തു ആശുപത്രി വരാന്തയിൽ ആകാംക്ഷയോടെ പ്രാർത്ഥനയോടെ കാത്തു നിൽക്കുന്ന തന്റെ സഹോദരി ജലജയുടെ, സജിയുടെ അമ്മയുടെ മുഖമായിരുന്നു...

അന്ന് ഉച്ചയൂണും കഴിഞ്ഞു പാതി മയക്കത്തിൽ നിന്നുണർന്നു നോക്കുമ്പോൾ പുറത്തു കനത്ത മഴ പെയ്യുന്നുണ്ട് ഇത്തരത്തിൽ ഒരു മഴ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.....ചുടു ചായയുമായി വന്ന ഭാര്യ പറയുന്നുണ്ടായിരുന്നു "എന്തൊരു നശിച്ച മഴയാണ്, പിന്നെ ദേവിമോൾ പറയുന്നുണ്ടായിരുന്നു സജിമോൻ ഇന്ന് നേരത്തെ എത്തിയെന്ന്. ഈ മഴക്കാലം തുടങ്ങിയത് തൊട്ടു തുടങ്ങിയ ആധിയാണ് ബൈക്കും കൊണ്ടു ഈ ലോകം മുഴുവൻ കറങ്ങുന്ന കുട്ടിയാ, അതും തറവാട്ടിലേക്കുള്ള വഴിയെല്ലാം മഴയത്തു ചളി നിറഞ്ഞു കിടക്കുകയാ ഈ മഴയത്തു ബൈക്ക് തന്നെ വളരെ പ്രയാസപ്പെട്ടാ അവൻ അങ്ങോട്ട് കൊണ്ടു പോകുന്നത്‌. അവൻ വീട്ടിൽ എത്തി എന്നറിഞ്ഞാലെ സമാധാനം ഉള്ളൂ"

തകർത്തു പെയ്യുന്ന മഴയുടെ ഹുങ്കാര ശബ്ദത്തിനിടക്കും തന്റെ മൊബൈൽ ഫോൺ എവിടെയോ കിടന്നു കരയുന്നത് കേട്ട് തപ്പിയെടുത്തപ്പോഴേക്കും അതു നിശ്ശബ്ദമായിരുന്നു.

ആരാണ്‌ വിളിച്ചതെന്നു നോക്കുമ്പോഴേക്കും വീണ്ടും മൊബൈൽ ശബ്ദിച്ചു തുടങ്ങി....കണ്ണട വാക്കാത്തതുകൊണ്ടു ആരെണെന്നു വ്യക്തമല്ലായിരുന്നു...ഫോൺ ചെവിയിൽ വച്ചു ഹലോ പറയുന്നതിന് മുൻപേ ആർത്തലച്ചു കരയുന്ന ജലജയുടെ ശബ്ദം 

" ജയേട്ടാ ഇങ്ങോട്ടൊന്നോടി വായോ നമ്മുടെ സജിക്കു ഷോക്ക് അടിച്ചൂ... ഒന്നു വേഗം വായോ"

ഇത്രയും പറഞ്ഞപ്പോഴേക്കും ഫോൺ കട്ട് ആയിരുന്നു.....ഒരു നിമിഷം എന്താണ് കേട്ടതെന്നു മനസിലാകാതെ ഒന്നു തരിച്ചിരുന്നു ജയൻ മാഷ്‌. പെട്ടെന്ന് ഭാര്യയെയും വിളിച്ചു കയ്യിൽ കിട്ടിയ ഒരു കുടയുമെടുത്തു ആ പെരു മഴയത്തു തറവാട്ടിലേക്ക് ഓടുകയായിരുന്നു.... 

"എന്ത് പറ്റി എന്തിനാ ഒടുന്നത്" എന്ന ഭാര്യയുടെ ചോദ്യത്തിന്‌ അദ്ദേഹം എങ്ങെനെയൊക്കെയോ ജലജ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.

തറവാടിന്റെ ഗേറ്റ് കടക്കുമ്പോഴേ കേൾക്കാമായിരുന്നു ജലജയുടെ നിലവിളി... ഓടി അകത്തു ചെന്നു നോക്കിയപ്പോൾ കണ്ടത് നിലത്തു വീണു കിടക്കുന്ന സജിയെ ആണ്...അടുത്തു തന്നെ ഒരു ഗ്ലാസ് ജഗ്ഗ് പൊട്ടിചിതറി കിടക്കുന്നുണ്ടായിരുന്നു...അപ്പോഴേക്കും മാഷിന്റെ ഭാര്യയും അവിടെക്കോടിയെത്തിയിരുന്നു....കയ്യിലുള്ള മൊബൈൽ ഭാര്യക്ക് കൊടുത്തു മാഷ് ഉറക്കെ പറഞ്ഞു 

"നീ രവിയെ വിളിച്ചു പെട്ടെന്നിങ്ങു വരാൻ പറ". 

മാഷ് നിലത്തിരുന്ന സജിയുടെ നെഞ്ചിൽ നാലഞ്ചു തവണ ആഞ്ഞമർത്തി പിന്നെ അവന്റെ വായിൽ തന്റെ വായ് ചേർത്തു വച്ചു കൃത്രിമ ശ്വാസോച്ഛ്വാസം നൽകി കൊണ്ടിരുന്നു ...പെട്ടെന്ന് സജിയൊന്നു ഛർദിചു ...അപ്പോൾ മാഷ് മനസ്സിൽ ഓർത്തു 'ഓ രക്ഷപ്പെട്ടു'...അപ്പോഴേക്കും രവീന്ദ്രൻ അടുത്തുള്ള മൂന്നു നാലു ചെറുപ്പക്കാരെയും കൂട്ടി അവിടെ എത്തിയിരുന്നു.... എന്ത് പറ്റിയെന്ന എല്ലാവരുടെയും ചോദ്യത്തിന്‌ കരച്ചിലിനിടയിലും ജലജ മറുപടി പറയുന്നുണ്ടായിരുന്നു. 

""അവൻ ഇന്ന് ഉച്ചക്ക് വന്നു.. 'ഇന്നത്തെ സെയിൽസ് മീറ്റിംഗ് നടന്നില്ല, അപ്പൊ ഞാൻ നേരത്തെ വന്നൂ, അമ്മ എനിക്ക് ചോറ് തരൂ' എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും ചോറും വാങ്ങി കഴിച്ചു ഒരു ജഗ്ഗ് വെള്ളവും എടുത്തു റൂമിലേക്ക് പോയതാ, പോകുമ്പോൾ എന്തോ റിപ്പോർട്ട് ഒഫീസിലേക്കു അയക്കാൻ ഉണ്ടെന്നു പറഞ്ഞു ലാപ്ടോപ്പ് എടുത്താണ് പോയത്, അതു കഴിഞ്ഞ് കുറച്ചു നേരത്തിനു ശേഷം അവന്റെ അമ്മേയെന്നുള്ള നിലവിളി കേട്ടു ഓടിപോയി നോക്കിയ ഞാൻ കണ്ടത് ലാപ്ടോപ് ചാർജർ ചാർജ് ചെയ്യാൻ പ്ലഗ്ഗിൽ കുത്തിപ്പിടിച്ച് നിൽക്കുന്ന അവനെയാണ്. ഞാൻ അടുത്തു ചെന്നപ്പോൾ അവൻ പറഞ്ഞു 'അമ്മ എന്നെ തൊടരുത് എനിക്ക് ഷോക്ക് അടിച്ചു, അമ്മ പോയി മെയിൻ സ്വിച്ച് ഓഫാക്ക്'...മെയിൻ സ്വിച്ച് ഓഫാക്കി ഞാൻ ഓടിയെത്തയപ്പോഴോക്കും എന്റെ മോൻ നിലത്തു വീണിരുന്നു.. ഇപ്പൊ അവൻ ഒന്നും മിണ്ടുന്നില്ല".

തന്റെ അടുത്തേക്കോടിയെത്തിയ രവീന്ദ്രനോടു മാഷ് പറഞ്ഞു " നീ വേഗം ഒരു വണ്ടി വിളിക്കൂ എത്രയും പെട്ടെന്ന് നമിക്കവനെ ഹോസ്പിറ്റലിൽ എത്തിക്കണം".

" ജയാ ഞാൻ ഗിരീഷിന്റെ ജീപ്പ് വിളിച്ചിട്ടുണ്ട് അവൻ ഇപ്പോൾ വരും പക്ഷേ മഴയും ചെളിയും കാരണം ജീപ്പ്‌ ഇതു വരെ വരില്ല നമുക്ക് സജിയെ ആ ഇടവഴി വരെ എത്തിക്കണം "

അപ്പോൾ തന്നെ എല്ലാവരും കൂടി സജിയെ താങ്ങിയെടുത്തു ഒരു കസേരയിൽ ഇരുത്തി പുറത്തേക്കു കൊണ്ടു പോയി. അവർ ഇടവഴിയിലേക്കു എത്തിയപ്പോഴേക്കും ഗിരീഷിന്റെ ജീപ്പ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു... എല്ലാവരും കൂടി എങ്ങിനെയൊക്കോയെ സജിയെ ജീപ്പിൽ കയറ്റി കിടത്തി, ഗിരീഷ് ആ നാട്ടുവഴികളിലൂടെ പരമാവധി വേഗത്തിൽ ആ ജീപ്പ് പായിച്ചു... 

തന്റെ മടിയിലേക്കു അവന്റെ തല ചേർത്ത് വച്ച് മാഷ് എല്ലാവരോടുമായി പറഞ്ഞു 

"ഇതൊന്നുമില്ല, അവന് കുഴപ്പം ഒന്നുമില്ല"...

ഹോസ്പിറ്റലിലേക്ക് രവീന്ദ്രൻ വരുന്ന വഴിക്ക്‌ തന്നെവിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് എത്തിയപ്പോഴേക്കും അവിടെയെല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു...അവർ നേരെ അവനേ എമർജൻസി റൂമിലേക്ക് കേറ്റി....

എല്ലാവരും പ്രാർത്ഥനയോടെ അക്ഷമരായി പുറത്തു നിൽക്കുമ്പോൾ മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ആണെന്ന് തോന്നി, ആരും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഒരു നഴ്സ് അങ്ങോട്ട് വന്നു പറഞ്ഞു 

"ഇപ്പോൾ കൊണ്ടു വന്ന ആളുടെ കൂടെ വന്നവരിൽ ആരെയെങ്കിലും ഒരാളെ ഡോക്ടർ വിളിക്കുന്നുണ്ട"

ആ നഴ്‌സിന്റെ കൂടെ ജയൻ മഷ് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ രവിന്ദ്രനെയും കൂടെ കൂട്ടി.....ആ ആശുപത്രി വരാന്തയിൽ കൂടി നടക്കുമ്പോൾ ജയൻ മാഷ് മനസ്സുരുക്കി അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർഥിച്ചത് ഡോക്ടർ അശുഭകരമായ ഒന്നും പറയരുതെ എന്നായിരുന്നു....

എമർജൻസി റൂമിലേക്ക്‌ കയറിയപ്പോൾ ഡോക്ടർ ഒരു പേപ്പറിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അവരെ കണ്ടതും തന്റെ എഴുത്തു നിർത്തി ഡോക്ടർ ചോദിച്ചു.."ഈ പയ്യന്റെ ആരാണ് നിങ്ങൾ? " "ഞാൻ അവന്റെ അമ്മാവനാണ്, അവനെങ്ങിനെയുണ്ട് ഡോക്ടർ?" തന്റെ കയ്യിലെ പേന താഴത്ത് വച്ചു അവരുടെ അടുത്തേക്ക് വന്നു ജയൻ മാഷിന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു " നിങ്ങൾ ഇവിടെ എത്തിചെപ്പോഴേക്കും കുറച്ചു വൈകി, ഐ ആം റിയലി സോറി" 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം നിർവ്വികാരനായി അവിടെ തന്നേയിരുന്നു ജയൻ മാഷ്. 

അടുത്തിരിന്ന രവീന്ദ്രൻ "ജയാ" എന്നുറക്കെ വിളിച്ചപ്പോളാണ് അദ്ദേഹത്തിന്‌ സ്ഥലകാലബോധം തിരിച്ചു കിട്ടിയത്‌.

"ഇനി ഞാൻ അവളോട് എന്തു പറയും രവീ" എന്ന ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയതെ നിൽക്കുകയായിരുന്നു രവീന്ദ്രനും. 

"നിങ്ങൾ പുറത്തു പോയി അവിടെ ഇരുന്നോളൂ" എന്നു പറഞ്ഞ നഴ്സിനോട് "ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ എന്നിട്ടു പുറത്തോട്ടു പൊക്കോളം" എന്നു പറയുമ്പോഴും രവീന്ദ്രന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല അദ്ദേഹം..

രവീന്ദ്രന്റെ കയ്യും പിടിച്ചു ആ എമർജൻസി റൂമിന്റെ പുറത്തേക്കു കടക്കുമ്പോൾ മാഷ് കണ്ടു ജലജയെ ചേർത്തു പിടിച്ചു നിൽക്കുന്ന ദേവികയെ. തങ്ങളെ കണ്ടതും തന്റെ നേർക്കു എന്താണ്‌ സംഭവിച്ചതെന്നറിയാൻ ഓടിവരുന്ന ജലജയും ദേവികയും.

"ഇതിൽ ആരെയാടോ രവീ ഞാൻ സമാധാനിപ്പിക്കേണ്ടത് ? എന്താടോ ഞാൻ അവരോടു പറയേണ്ടത്?" എന്ന മാഷിന്റെ ചോദ്യം കെട്ടിട്ടാണെന്നു തോന്നുന്നു പുറത്തു മഴയുടെ ആരവം വല്ലാതെ കൂടുന്നുണ്ടായിരുന്നു......എന്തോ പക തീർക്കാനെന്ന പോലെ മഴ തന്റെ സകല രൗദ്രതയും ആവാഹിച്ചു പെയ്തിറങ്ങുകയായിരുന്നു.....

അഖിൽ ജയചന്ദ്രൻ.