ഗോൾ...
×××××××××
തിരകളടങ്ങാത്ത കടൽ പോലെ ആർത്തലക്കുന്ന 'സോച്ച' സ്റ്റേഡിയത്തിന്റെ ഇടനെഞ്ചിലേക്കാണ് ഒരു മഴവില്ല് പോലെയാ ഗോൾ ആഴ്ന്നിറങ്ങിയത്. ഇതുവരെ പ്രധാനപെട്ട ഒരു ടൂർണമെന്റും വിജയിക്കാത്ത 'ബൊഗോട്ടോ എഫ് സി' യുടെ ആരാധകർക്കൊരു സ്വർണക്കപ്പെന്ന കിനാവ് കാണാനുള്ള ടിക്കറ്റ് കൂടിയായിരുന്നു ആ ഗോൾ. അപ്പോളാ സ്റ്റേഡിയത്തിൽ ഒരേയൊരു പേര് മാത്രമേ ഉയർന്നു കേൾക്കാനുണ്ടായിരുന്നുള്ളൂ..
"ഏദൻ.......ഏദൻ......ഏദൻ..."
'ബൊഗോട്ടോ എഫ് സി' യെ ടൂർണമെന്റിന്റെ ഫൈനലിലേക്കെത്തിച്ച ആ ഗോളിന്റെ ഉടമ. ഇരുപത്തിരണ്ടു വയസ്സുകാരൻ ഏദൻ അവനാണിന്നവരുടെ ഹീറോ. ആ രാത്രി മുഴുവൻ അവർക്കാ പേര് ആർത്തുവിളിച്ച് ആഘോഷിക്കാനുള്ളതായിരുന്നുi.
കൊളംബിയൻ തലസ്ഥാനമായ 'ബൊഗോട്ട' അറിയപ്പെടുന്നതു തന്നെ ഫുട്ബാൾ ഭ്രാന്തന്മാരുടെ തറവാടെന്നാണ്, ആൺ പെൺ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും കാൽപന്തുകളിയെ സിരകളിൽ നുരക്കുന്ന ലഹരിയായി കൊണ്ട് നടക്കുന്നവരാണ്. പലപ്പോഴും മത്സരങ്ങൾക്ക് ശേഷം ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്.
ഫുട്‌ബോൾ പോലെ തന്നെ ബൊഗോട്ടക്കാരുടെ മറ്റൊരു വിനോദമാണ് വാതുവെപ്പ്, ഫുട്‌ബോൾ മത്സരങ്ങളുടെ ഫലത്തെച്ചൊല്ലിയാണ് മിക്കവാറും വാതുവെപ്പുകൾ നടക്കാറുള്ളത്. 'റോബർട്ട് പെഡ്രോ' എന്ന അധോലോക രാജാവിൻറെ ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന 'പെഡ്രോസ് റിവൈറ' എന്ന മദ്യശാലയാണ് ഇത്തരം വാതുവെപ്പുകാരുടെ പ്രധാനകേന്ദ്രം.
ഓരോ മത്സരം കഴിയുമ്പോഴും കുറച്ചുപേർ സമ്പന്നരാകുകയും, അതിലേറെപേർ ദരിദ്രരായി മാറുകയും ചെയ്യുന്ന ഒരു മായാലോകം..
'തുഞ്ചേലോ' നദീതീരത്തുള്ള പുരാതനമായ കെട്ടിടത്തിലുള്ള ബൊഗോട്ട പോലീസ് സ്റ്റേഷന്റെ നീളൻ വരാന്തയിൽ തന്റെ വീൽചെയറിൽ ചാരിയിരിക്കുമ്പോൾ പാതിനാല് വയസ്സുകാരി അന്നയുടെ മുഖത്ത് വേർതിരിച്ചെടുക്കാൻ കഴിയാത്ത പല വികാരങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു.
"നീ ഫുട്‌ബോൾ കളിക്കാരനായതുകൊണ്ട് മാത്രം നിന്നെ ഒരു തവണത്തെക്കു വെറുതെ വിടുകയാ, ഇനിയിതാവർത്തിച്ചാൽ പിന്നെ നീ പുറംലോകം കാണില്ല"
സ്റ്റേഷനുള്ളിൽ നിന്നുമുയർന്ന പോലീസ് ഓഫീസറുടെ ഭീഷണി കലർന്ന ശബ്ദം
അന്നയുടെ മനസ്സിൽ അശാന്തിയുടെ കാർമേഘമായി വന്നു നിറഞ്ഞു. വാതിൽ തുറന്നു പുറത്തു വരുന്ന ഏദന്റെ കണ്ണുകളിലേ ദൈന്യത അന്നക്ക് അപരിചിതമായ ഒന്നായിരുന്നു.
എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വൈകല്യങ്ങളോടെ ജനിച്ച തനിക്ക് ജീവൻ നൽകി തങ്ങളെ വിട്ടുപോയ അമ്മ. അമ്മയുടെ മരണത്തോടെ മദ്യത്തിൽ അഭയം തേടിയ അച്ഛൻ. അത്രയും അരക്ഷിതമായ ചുറ്റുപാടുകളിൽ തന്നെ വളർത്തിയതും തനിക്കു വേണ്ടതെല്ലാം ചെയ്തു, വീൽചെയറിൽ ഇരുത്തി എല്ലായിടത്തും കൊണ്ടുനടന്നതുമെല്ലാം തന്നെക്കാൾ എട്ട് വയസ്സു മാത്രം കൂടുതലുള്ള തന്റെ സഹോദരൻ ഏദനാണ്. ഏദൻ ഫുട്‌ബോൾ കളിക്കുന്നതുപോലും തന്റെ ചികിത്സക്കും, മരുന്നിനും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ്. താൻ എഴുന്നേറ്റു നടക്കുകയെന്നത് മാത്രമാണവന്റെ സ്വപ്നം.
അങ്ങിനെയുള്ള ഏദൻ മിസ്സ്. മെറ്റിൽഡയെന്ന സ്ത്രീയെ, അതും ഏദനേക്കാൾ എട്ടോ, പത്തോ വയസ്സു കൂടുതലുള്ള, ആ നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമായിരുന്നു അന്നക്ക്.
അവൾ ഏദനോടൊന്നും ചോദിച്ചില്ല, ആ മനസ്സ് ശാന്തമാകുമ്പോൾ തന്നോടെല്ലാം തുറന്നു പറയുമെന്നവൾക്കറിയാമായിരുന്നു.
ഏകാന്തതയുടെ വീർപ്പുമുട്ടിക്കുന്ന കുറേ മണിക്കൂറുകൾക്കു ശേഷം കട്ടിലിൽ കിടക്കുന്ന അന്നയുടെ അടുത്തു വന്നിരുന്നു ഏദൻ.
"അന്ന, മോളെ നീ ഉറങ്ങിയോ?"
"ഇല്ല, ഉറക്കം വരുന്നില്ല"
"മോളെ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല, ഞാനവരെ പിന്തുടർന്നു എന്നുള്ളത് സത്യമാണ്, പക്ഷേ അതവരെ ശല്യം ചെയ്യാനായിരുന്നില്ല"
ഒന്നും മിണ്ടാതെ കിടക്കുന്ന അന്നയുടെ മുഖത്തു നോക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഏദൻ കട്ടിലിൽ നിന്നുമെഴുന്നേറ്റ് ആ ചെറിയ മുറിയുടെ മൂലയിൽ കിടക്കുന്ന പഴയ മരഅലമാര തുറന്നു ഏറെ പഴക്കമുള്ള ഒരാൽബം കയ്യിലെടുത്തു അന്നയുടെയടുത്തേക്ക് വന്നു.
ആ ആൽബത്തിലെ ഓരോ താളുകളും മറക്കുമ്പോൾ ഏദന്റെ കണ്ണുകളിൽ നിന്നും തോരാതെ കണ്ണീർ പെയ്യുകയായിരുന്നു.
ആ ആൽബത്തിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ട് ഏദൻ അന്നയോട് പറഞ്ഞു.
"അന്ന, നീ കണ്ടോ നമ്മുടെ അമ്മയുടെ ചിരിക്കുന്ന മുഖം"
അന്നക്കറിയാം ഏദന് അമ്മയെ എത്രത്തോളം ഇഷ്ടമായിരുന്നെന്നു. പലപ്പോഴും അന്നക്ക് വല്ലാത്ത കുറ്റബോധം തോന്നാറുണ്ട്, തനിക്ക് ജൻമം നൽകിയത് കൊണ്ടല്ലേ ഏദന് അമ്മയെ നഷ്ടപ്പെട്ടത്. താൻ കാരണമല്ലേ അമ്മ മരിച്ചത്. പലപ്പോഴും അത്തരം ചിന്തകൾ കുഞ്ഞന്നയുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു.
"അന്ന നമ്മുടെ അമ്മയുടെ ഈ ചിരിക്കുന്ന മുഖവുമായി ഒരുപാട് സാമ്യമുള്ളതായിരുന്നു മിസ്സ്. മെറ്റിൽഡയുടെ മുഖം, അതു കണ്ടപ്പോൾ വീണ്ടും വീണ്ടും ആ മുഖം കാണണമെന്നെനിക്ക് തോന്നി, അതാ ഞാനവരെ പിന്തുടർന്നത്, അല്ലാതെ ശല്യപ്പെടുത്താനൊന്നുമല്ല."
"നിന്റെ മനസ്സ് ശാന്തമായി വെക്കൂ ഏദൻ. നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമല്ലേ സർവ്വശക്തനായ ദൈവത്തിന്റെ തീരുമാനങ്ങൾ നമുക്കാർക്കും തടുക്കാൻ കഴിയില്ല, നീ നാളത്തെ ഫൈനലിൽ നിന്റെ ടീമിനെ എങ്ങിനെ വിജയിപ്പിക്കാമെന്നു മാത്രം ചിന്തിക്കൂ...അതിനു വേണ്ടി പ്രാർത്ഥിക്കൂ.."
പതിവില്ലാതെ അന്ന് രാവിലെ അമ്മയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വളരെനേരം പ്രാർത്ഥിച്ചതിനു ശേഷമാണ് ഏദൻ വീട്ടിൽ നിന്നിറങ്ങിയത്
ഏദൻ വീട്ടിൽ നിന്നുമിറങ്ങുന്നതിനു മുമ്പ് അന്നയുടെ മുറിയിലേക്ക് കയറിവരുമ്പോൾ അന്ന എന്തോ എഴുതികൊണ്ടിരിക്കുകയായിരുന്നു. ഏദനെ കണ്ടതും അവൾ ഒരു ഡയറി കൊണ്ട് എഴുതിക്കൊണ്ടിരുന്ന പേപ്പർ മറച്ചു വച്ചു.
"എന്താ മോളെ നീ എഴുതുന്നത്?"
"ഹേയ് ഒന്നുമില്ല. ഓൾ ദി ബെസ്റ്റ് ഏദൻ!! ഇന്നും നിനക്ക് ഗോളടിക്കാൻ കഴിയട്ടെ!! നിന്റെ ടീമിനു വിജയം സമ്മാനിക്കാൻ നിന്റെ കാലുകൾക്ക് കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം"
അന്നയുടെ നെറ്റിയിൽ വാത്സല്യത്തോടെടെ തഴുകി നെറുകയിലൊരുമ്മയും നൽകി പുറത്തേക്കിറങ്ങുമ്പോൾ അന്ന ഏദനോട് പറഞ്ഞു
" ഏദൻ നീ പോകുന്ന വഴിക്കു സ്റ്റെല്ലയോടൊന്നിങ്ങോട്ട് വരാൻ പറയുമോ?"
"ശരി ഞാൻ പറയാം"
സ്റ്റെല്ല അന്നയുടെ ഏക സുഹൃത്താണ് അന്നയെക്കാളും നാലു വയസ്സ് കൂടുതലുണ്ടെങ്കിലും അന്നക്ക് എന്താവശ്യമുണ്ടെങ്കിലും ഓടിയെത്താറുണ്ട് അന്നയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരികൂടിയായ സ്റ്റെല്ല.
വളരെ മനോഹരമായ കൈപ്പടയിൽ മേൽവിലാസമെഴുതിയ ഒരു ബ്രൗൺ കവർ സ്റ്റെല്ലയുടെ കയ്യിൽ കൊടുത്തിട്ട് അന്ന പറഞ്ഞു
" സ്റ്റെല്ല, നീയെനിക്ക് വേണ്ടി ഈ കത്ത്, ഇതിലെഴുതിയ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കണം, ഇന്നുതന്നെ, പറ്റുമെങ്കിൽ ഇപ്പോൾ തന്നെ."
"എന്താണിത് പതിവില്ലാതെ കത്തെഴുത്തൊക്കെ?, ആർക്കുള്ളതാ ഈ കത്ത്?" ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെല്ല ചോദിച്ചു.
"അതൊക്കെ ഞാൻ പിന്നെ പറയാം, നീയെനിക്ക് വേണ്ടിയിതു ചെയ്യില്ലേ സ്റ്റെല്ല?"
വളരെയേറെ പ്രത്യാശയോടെ തന്നെ നോക്കുന്ന അന്നയുടെ കണ്ണുകളിൽ നോക്കി മറ്റൊന്നും പറയാൻ സ്റ്റെല്ലക്കായില്ല.
"തീർച്ചയായും ഞാനിപ്പോൾ തന്നെയിതു കൊണ്ടു കൊടുക്കാം"
സ്റ്റെല്ല യാത്ര പറഞ്ഞിറങ്ങിപോകുമ്പോൾ അന്നയുടെ മനസ്സ് ശാന്തമായിരുന്നു അതവളുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരിന്നു.
'ബൊഗോട്ട' നഗരത്തിന്റെ നെഞ്ചിടിപ്പിന്റെ താളം അന്ന് 'സോച്ച' സ്റ്റേഡിയത്തിൽ നിന്നായിരുന്നു ഉയർന്നു കേട്ടിരുന്നത്. കഴിഞ്ഞ കളിയിലെ ഹീറോ ഏദന്റെ പേരും ചിത്രവുമുള്ള പ്ലക്കാർഡുകളുമായാണ് മിക്കവാറും ആരാധകരും സ്റ്റേഡിയത്തിയൽ എത്തിയിരുന്നത്.
ഒരേയൊരു വിജയം അതിനുവേണ്ടി മാത്രം തുടിക്കുന്ന മനസ്സുമായാണാ സ്റ്റേഡിയത്തിൽ ഓരോ 'ബൊഗോട്ട എഫ് സി' ആരാധകനും കാത്തിരുന്നിരുന്നത്. അവരുടെ സ്വന്തം ടീമിന്റെ ജയത്തിനുവേണ്ടി അവർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു.
വളരെ വാശിയേറിയ മത്സരമായിരുന്നു അവിടെ നടന്നത്. രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ടായിരുന്നു, തീ പാറുന്ന പോരാട്ടം, പലപ്പോഴും രണ്ടു ടീമുകളും പരസ്പരം ഉന്തും, തള്ളുമായി റഫറി പലവട്ടം മഞ്ഞക്കാർഡ് പുറത്തെടുത്തു, പക്ഷേ അവസാന തൊണ്ണൂറ് മിനുറ്റ് വരെ രണ്ടു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.
അധികം കിട്ടിയ അഞ്ച് മിനുറ്റ് ഇഞ്ചുറി ടൈമിൽ എങ്ങിനെയെങ്കിലുമൊരു ഗോളടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു ടീമുകളും, 'ബൊഗോട്ട എഫ് സി' യുടെ ഗോൾ മുഖത്തായിരുന്നു അപ്പോൾ കളി നടക്കുന്നത്, ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എതിർ ടീമിന്റെ കളിക്കാരൻ അടിച്ച പന്ത് ഗോളിയെ കടന്നുപോകും എന്നു തോന്നിയപ്പോഴാണ് ഏദൻ ചാടി വീണ് ആ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചത്. പക്ഷേ പ്രതീക്ഷിച്ച പോലെ ഏദനാ പന്ത് ഗോൾ പോസ്റ്റിന് പുറത്തേക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏതോ മുജ്ജൻമ്മ ശാപമെന്ന പോലെയാ പന്ത് ഗോൾ വര കടന്നു.....
'ഗോൾ.........'
ഒരു നിമിഷം 'സോച്ച' സ്റ്റേഡിയം ശ്വാസം നിലച്ചു നിശ്ചലമായി. അവിടെയൊരു ഗോൾ പിറന്നിരിക്കുന്നു അതും സെൽഫ് ഗോൾ, അവരുടെ ഹീറോ ഏദന്റെ കാലിൽ നിന്നുമൊരു സെൽഫ് ഗോൾ.
തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ കുറച്ചു സമയം ഏദൻ ആ മൈതാനത്ത് തരിച്ചിരുന്നുപോയി. ആദ്യമായൊരു സ്വർണ്ണക്കപ്പെന്ന തൻ്റെ ടീമിന്റെയും, ആരാധകരുടെയും സ്വപ്നം തന്റെ കാലുകൾ കൊണ്ടു തകർക്കപ്പെട്ടിരിക്കുന്നു. അപ്പോഴേക്കും എതിർ ടീം വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു.
'ബൊഗോട്ട എഫ് സി' യുടെ ആരാധകർക്കു താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു ആ പരാജയം. ആ സ്റ്റേഡിയത്തിലവർ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു, മൈതാനം കൈയേറിയ ആരാധകരുടെയിടയിൽ നിന്നും കളിക്കാരെ പുറത്തെത്തിക്കാൻ പൊലീസിന് നല്ലവണ്ണം കഷ്ട്ടപെടേണ്ടിവന്നു. ഒന്നരമണിക്കൂർ മുമ്പ് വരെ അവരുടെ ഹീറോ ആയിരുന്ന ഏദനാണിപ്പോൾ അവരുടെ വില്ലൻ, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്‌തി.
കൂട്ടുകാർ ഏദനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു, പേമാരി പെയ്യുന്ന കടൽ പോലെ അശാന്തമായിരുന്നു. ആ മാനസികാവസ്ഥയിൽ വീട്ടിലേക്ക് പോകാൻ തോന്നിയില്ല ഏദന്.
ടീമംഗങ്ങളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എങ്ങോട്ട് പോകണമെന്നൊരുലക്ഷ്യവു മുണ്ടായിരുന്നില്ല. അലക്ഷ്യമായി ഇറങ്ങി നടന്ന ഏദൻ എത്തിപ്പെട്ടത് 'പെഡ്രോസ് റിവൈറ'യുടെ മുന്നിലായിരുന്നു. ഇന്ന് സ്വബോധത്തോടെ വീട്ടിലേക്കു പോകാൻ വയ്യ അതുകൊണ്ട് ബോധം മറയുന്നത് വരെ മദ്യപിക്കണം.
'പെഡ്രോസ് റിവൈറ' അന്ന് വളരെ ശാന്തമായിരുന്നു, സാധാരണ കേൾക്കാറുള്ള വഴക്കും, ബഹളങ്ങളുമില്ല.
'ബൊഗോട്ട എഫ് സി' യുടെ വിജയം സ്വപ്നം കണ്ട് വലിയ തുകക്ക് വാതുവെപ്പ് നടത്തി മുഴുവൻ പണവും നഷ്ടപ്പെടുത്തിയ ഭൂരിഭാഗമാൾക്കാരും പണം നഷ്ട്ടപ്പെട്ട നിരാശയിൽ നേരത്തേതന്നേ സ്ഥലം വിട്ടിരുന്നു.
ആ മദ്യശാലയുടെ ഇരുണ്ട ഒരു കോണിൽ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ ഒറ്റക്കിരുന്ന് മദ്യത്തിന്റെ ലഹരിയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഏദന്റെ മനസ്സിലെ നിരാശകളും, വേദനകളും ചിറകുവിടർത്തി പറക്കുവാൻ തുടങ്ങിയിരിന്നു..അവന്റെ മനസ്സിലപ്പോൾ രണ്ടു മുഖങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. അവന്റെ കുഞ്ഞു പെങ്ങൾ അന്നയുടെയും, പിന്നെ മിസ്സ്. മെറ്റിൽഡയുടെയും.
മറ്റുള്ളവരുടെ കൺവെട്ടത്തിൽ നിന്നും പരമാവധി മാറിയാണ് ഏദൻ ഇരുന്നിരുന്നതെങ്കിലും അവിടെ ചിലരെല്ലാം അവനെ തിരിച്ചറിഞ്ഞിരുന്നു. അപ്പോളവരുടെ കണ്ണുകളിലൊന്നും
സാധാരണയുള്ള സ്നേഹവും, ആരാധനയുമായിരുന്നില്ല മറിച്ച് വെറുപ്പിന്റെ തീനാളങ്ങളായിരുന്നു.
കാലുകൾ നിലത്തുറക്കാതെ കലങ്ങിയ കണ്ണുകളുമായി ഏദൻ 'പെഡ്രോസ് റിവൈറ'യുടെ പടിയിറങ്ങുമ്പോൾ രണ്ടുപേരവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതിൽ തലയിൽ വട്ടതൊപ്പി വെച്ച വെളുത്തു തടിച്ച കുറിയ മനുഷ്യൻ ഏദന്റെ മുന്നിൽ വന്നു നിന്ന് അവന്റെ കുപ്പായത്തിന്റെ കോളറിൽ പിടിച്ചു പിറുപിറുക്കുന്നത് പോലെ പറഞ്ഞു
"ഇന്നത്തെ നിന്റെ പിഴ, വലിയ പിഴ അതിന്റെ വില അതെത്രയാണെന്നറിയാമോ നിനക്ക്?"
അപ്പോഴേക്കും അയാളുടെ കൂടെയുള്ള രണ്ടാമൻ പോക്കറ്റിൽ നിന്നുമൊരു കൈതോക്കെടുത്തു ഏദന്റെ നെറ്റിയിൽ ചേർത്ത് പിടിച്ചിരുന്നു. ഏദൻ തിരിച്ചെന്തെങ്കിലും പറയുമ്പോഴേക്കും അയാളുടെ വിരൽ തോക്കിന്റെ കാഞ്ചിയിൽ അമർന്നിരുന്നു.
"ഗോൾ...ഗോൾ....ഗോൾ...."
ഒരു ഭ്രാന്തനെ പോലെ അലറിവിളിച്ചുകൊണ്ടയാൾ വീണ്ടും വീണ്ടും ഏദന്റെ നേർക്കു നിറയൊഴിച്ചു കൊണ്ടേയിരുന്നൂ......
പള്ളിസെമിത്തേരിയിൽ ഏദന്റെ ശവമടക്കു നടക്കുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാനില്ലാതെ വീൽചെയറിൽ തന്റെ അനാഥത്വത്തിന്റെ പൂർണതയെന്ന ശൂന്യതയിലേക്കു കണ്ണും നട്ട് തളർന്നിരിക്കുന്ന അന്ന തന്റെ നേർക്കു നീളുന്ന സഹതാപത്തിന്റെ കണ്ണേറുകൾ കാണുന്നുണ്ടായിരുന്നില്ല.
തന്റെ അരികിലാരോ വന്ന് ചേർന്ന് നിന്നതു പോലെ തോന്നിയപ്പോൾ അന്ന കണ്ണുകളുയർത്തി നോക്കി, അതു
മിസ്സ്.മെറ്റിൽഡയായിരുന്നു, ഒരു കൈ കൊണ്ടവർ അന്നയുടെ നെറുകയിൽ തലോടി മറു കൈകൊണ്ടവളെ ചേർത്തു പിടിക്കുമ്പോൾ അവരണിഞ്ഞിരുന്ന കറുത്ത കോട്ടിന്റെ പോക്കറ്റിൽ സ്റ്റെല്ല കൊണ്ടുകൊടുത്ത കത്ത് ശ്വാസം കിട്ടാതെ കിടന്നു പിടയുന്നത് പോലെ തോന്നി അവർക്ക്...
അഖിൽ ജയചന്ദ്രൻ.

No comments:
Post a Comment