**ഒറ്റചിലങ്ക**
-----------------------------------------
നാളെ ശനിയാഴ്ച നാട്ടിൽ നിന്നും കുടുംബം ദുബായിൽ എത്തുന്നതിനു മുമ്പ് തന്നെ ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്യണം എന്ന ഉറച്ച തീരുമാനത്തിൽ ആണ് ഞാൻ ഇന്ന് ലീവ് എടുത്തതും, സാധനങ്ങൾ എല്ലാം പാകിസ്ഥാനികളെ വിളിച്ച് പഴയ ഫ്ലാറ്റിൽ നിന്നും ഇങ്ങോട്ടേക്കു ഷിഫ്റ്റ് ചെയ്തതും. നൂറ് ദിർഹംസ് അധികം കൊടുത്തപ്പോൾ അവർ തന്നെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വക്കാൻ സഹായിച്ചു. അതുകൊണ്ട് എല്ലാം ഒരു വിധം ഭംഗിയായി കഴിഞ്ഞു.
പഴയ താമസക്കാർ പോയതിന് ശേഷം ഫ്ലാറ്റിലെ സാധനങ്ങൾ എല്ലാം ഒഴിവാക്കി വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും ഹാളിലെ റാക്കിൽ ഒരു കാർഡ്‌ബോർഡ് ബോക്സ് മാത്രം കളയാതെ വച്ചിരുന്നു. രാവിലെ വന്നപ്പോൾ തന്നെ അത് എൻ്റെ ശ്രദ്ധയിൽ പെട്ടെങ്കിലും പിന്നീട് സാധനങ്ങൾ അടുക്കി പെറുക്കി വക്കുന്ന തിരക്കിൽ ഞാൻ ബോക്സിനെ കുറിച്ച് മറന്ന് പോയി.
രാത്രി പുറത്ത് പോയി ഭക്ഷണം കഴിച്ച് തിരിച്ചു വന്ന് കുളി കഴിഞ്ഞു, നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഇന്ന് നേരത്തെ കിടക്കണം എന്ന് വിചാരിച്ച് ബെഡ്റൂമിലേക്ക് പോകുമ്പോഴാണ് ആ ബോക്സ് ഞാൻ വീണ്ടും ശ്രദ്ധിച്ചത്. രാവിലെ തന്നെ അതെടുത്ത് കളയണം എന്ന് മനസിൽ ഉറപ്പിച്ചു. എന്താണ് അതിനുള്ളിൽ എന്നറിയാനായി അത് തുറന്നു നോക്കിയപ്പോൾ, ഒരു ഡയറിയും, പിന്നെ പല നിറത്തിലുള്ള കുറച്ച് തുണികളും ഒരു ചെറിയ ചുവന്ന ബാഗും, ആ ബാഗിനുള്ളിൽ പൊടി പിടിച്ചു മങ്ങിയ ഒരു ചിലങ്കയും.
ഡയറി തുറന്നു നോക്കിയപ്പോൾ ആദ്യ പേജിൽ "മീരയുടെ ലോകം" എന്ന് നല്ല ഭംഗിയുള്ള കൈപ്പടയിൽ എഴുതിയിരിക്കുന്നതു കണ്ടപ്പോൾ എൻ്റെ ഉള്ളിൽ വല്ലാത്തൊരു കൗതുകം തോന്നി. പേജുകൾ മറിച്ച് നോക്കിയപ്പോൾ കുറെ പേജുകളിൽ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട്. എന്തായാലും ആ ബോക്സ് എടുത്തു കളയുന്നതിന് മുമ്പായി ആ ഡയറി ഒന്നു വായിച്ചു നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അങ്ങിനെ ഞാൻ ആ ഡയറിയുമായി ബെഡ്റൂമിലേക്ക് പോയി. കിടക്കയിൽ കിടന്നതിന് ശേഷം ഞാൻ ആ ഡയറി വായിച്ചു തുടങ്ങി.
ഒരു കഥ പറഞ്ഞു പോകുന്നത് പോലെയായിരുന്നു ആ ഡയറിയിലെ എഴുത്ത്. അതു തുടങ്ങുന്നത് ഇങ്ങനെയായിരുന്നു.
---
ദുബായിൽ മഴ തകർത്തു പെയ്യുകയാണ്. മഴ പെയ്യുമെന്നു കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നെങ്കിലും ഇത്രയും തീവ്രമായ മഴ ഇവിടെ ആദ്യമായാണ്. ഫേസ്ബുക്കിൽ വരുന്ന മഴയുടെയും, വെള്ളക്കെട്ടിന്റെയും ഓരോ വീഡിയോസ്സും വല്ലാത്ത ഭയം ഉണ്ടാക്കുന്നുണ്ട്. ഡാൻസ് ക്ലാസ്സിനു പോയ ചിലങ്കമോളേയും അവളെ കൂട്ടാൻ പോയ രാജേഷ് എട്ടനെയും ഇത്ര നേരമായിട്ടും കാണുന്നില്ലല്ലോ എന്നോർത്തു ടെൻഷൻ അടിച്ച് ഇരിക്കുകയായിരുന്നു മീര.
ദുബായിൽ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന ഒരു വീട്ടമ്മയാണ് മീര. അവളുടെ ഇപ്പോഴുള്ള ഇഷ്ട്ട വിനോദം ഇൻസ്റ്റാഗ്രാമിൽ പുതിയ നൃത്തചുവടുകളോട് കൂടിയ റീൽസ് ചെയ്യലായിരുന്നു. നൃത്തം മീരക്ക് എന്നും ഒരു ലഹരിയാണ്. നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് മോളുണ്ടായപ്പോൾ അവൾക്ക് ചിലങ്ക എന്നു പേരിട്ടതും, അഞ്ചു വയസ്സു തൊട്ടേ അവളെ ദുബായിലെ ഏറ്റവും പ്രശസ്തമായ നൃത്തവിദ്യാലയത്തിൽ നൃത്തം പഠിക്കാൻ വിടുന്നതും.
മഴയിൽ ഇനി അവർ എവിടെയെങ്കിലും കുടുങ്ങിയോ, രാജേഷേട്ടനെ ഒന്നു ഫോൺ വിളിച്ച് നോക്കണോ? രാജേഷേട്ടനാണേൽ ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ വിളിക്കുന്നത് ഇഷ്ടവുമല്ല, എന്താ ചെയ്യുക എന്നു മീര ചിന്തിച്ചിരിക്കുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്.
വാതിൽ തുറന്നപ്പോൾ ചിലങ്ക മോൾ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.
"അമ്മ, ഇതു കണ്ടോ?" എന്ന് പറഞ്ഞു മനോഹരമായ, ചുവന്ന നിറത്തിലുള്ള ഒരു ചെറിയ ബാഗ് കാണിച്ചു കൊടുത്തു.
അതു തുറന്നു നോക്കിയ മീര തെല്ലൊരു ആശ്ചര്യത്തോടെ ചിലങ്കമോളോട് ചോദിച്ചു.
"എന്തായിത്? പുതിയ ചിലങ്കയോ? പക്ഷേ ഇതു ഒറ്റ ചിലങ്ക അല്ലേ ഉള്ളൂ?"
"വെറുതെയല്ല അച്ഛനും മോളും വൈകിയത്. എന്തിനാ, രാജേഷേട്ട ഇപ്പൊ പുതിയ ചിലങ്ക വാങ്ങിയത്? അതും ഒറ്റ ചിലങ്ക? ആരെങ്കിലും ഒറ്റ ചിലങ്ക വാങ്ങുമോ? നിങ്ങൾക്കെന്താ വട്ടാണോ?"
"ഇതു ഞാൻ വാങ്ങി കൊടുത്തതൊന്നുമല്ല. അവൾക്ക് ഡാൻസ് ക്ലാസ്സിൽ വന്ന ആരോ കൊടുത്തതാ".
"ഡാൻസ് ക്ലാസ്സിലോ? ആര്?"
"അമ്മേ, ഇന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യുമ്പോ, ക്ലാസ്സിൽ ഒരു ആന്റി വന്നിരുന്നു. അവർ എന്റെ ഡാൻസ് കണ്ട് ഞാൻ നന്നായി ഡാൻസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പിന്നെ എന്നോട് കുറേ വർത്തമാനം ഒക്കെ പറഞ്ഞു ഈ ബാഗ് എന്റെ കയ്യിൽ തന്നിട്ട്,
'ഇതു മോൾ വച്ചോ, ആന്റിയുടെ വക മോൾക്കൊരു സമ്മാനമാണ്. ആന്റിയും ഒരു നർത്തകി ആയിരുന്നു. ഇതു സൂക്ഷിച്ചു ഉപയോഗിക്കണം ട്ടോ' എന്നും പറഞ്ഞു".
"ഞാൻ ഈ ബാഗ് തുറന്ന് ഉള്ളിൽ എന്താണെന്ന് നോക്കുന്നതിനിടക്കു ആ ആന്റിക്ക് ഒരു ഫോൺ കാൾ വന്ന് ആന്റി അവിടുന്നു ഇറങ്ങി എങ്ങോ പോയി. പിന്നെ ഞാൻ അവരെ നോക്കിയപ്പോൾ അവിടെ ഒന്നും കണ്ടില്ല".
വർഷങ്ങളോളം നൃത്തം പഠിക്കുകയും ഇപ്പൊഴും നൃത്തം ഒരു ലഹരിയായി കൊണ്ട് നടക്കുകയും ചെയ്യുന്ന മീരക്ക് നൂറ്റൊന്നു മണികൾ ഉള്ള ആ വെള്ളി ചിലങ്ക ഒറ്റ നോട്ടത്തിൽ തന്നെ വളരെ വിശേഷപ്പെട്ടതും, അപൂർവമായ ഒരു ചിലങ്കയാണെന്നു മനസ്സിലായി. അവൾക്ക് ആ ചിലങ്ക ഇതിനു മുൻപ് എവിടെയോ കണ്ടതു പോലെ ഒരു തോന്നൽ.
"പരിചയമില്ലാത്ത ആൾക്കാരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങരുതെന്നു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മോളെ? നീ എട്ടാം ക്ലാസ്സിൽ എത്തിയല്ലോ, വലിയ കുട്ടിയായല്ലോ. ഇനിയും ഇതൊക്കെ എത്ര തവണ പറയണം നിന്നോട്"?
"ഞാൻ ഡ്രെസ്സ് മാറി വരാം" എന്ന് പറഞ്ഞ്, മീരയെ മുഴുമിപ്പിക്കാൻ വിടാതെ ചിലങ്കമോൾ റൂമിലേക്കോടി കയറി.
മീരക്കു തന്റെ കയ്യിൽ ഇരിക്കുന്ന ആ ഒറ്റചിലങ്കയുടെ ഭാരം വല്ലാതെ കൂടുന്നതു പോലെ തോന്നി.
എന്നാലും ആരായിരിക്കും ആ സ്ത്രീ? എന്തിനായിരിക്കും അവർ ഈ ഒറ്റചിലങ്ക മോൾക്ക് കൊടുത്തത്? ആ ചിന്ത മീരയുടെ മനസ്സിനെ കെട്ടുപൊട്ടിയ പട്ടം പോലെ എങ്ങോട്ടൊക്കെയോ കൊണ്ടുപോയി.
മോൾക്ക് നൃത്തത്തിനും, പഠനത്തിനും കിട്ടിയിട്ടുള്ള ട്രോഫികളും, മെഡലുകളും നിരത്തി വച്ചിരിക്കുന്ന ഹാളിലെ റാക്കിലേ ഒരു കോണിലേക്കു ആ ഒറ്റചിലങ്ക എടുത്തു വച്ചു മീര അടുക്കളയിലേക്കു നടന്നു. പക്ഷേ മീരയുടെ മനസ്സിനെ എന്തോ ചില ചിന്തകൾ അലട്ടുന്നുണ്ടായിരുന്നു.
അപ്പോഴും പുറത്ത് മഴ സകല രൗദ്രതയോടും കൂടി ആരോടോ പക തീർക്കാനായെന്ന പോലെ തകർത്തു പെയ്യുന്നുണ്ടായിരുന്നു.
അന്ന് രാത്രി എന്തോ ദുസ്വപ്നം കണ്ടു, വിയർത്ത് കുളിച്ചു, ഞെട്ടി എഴുന്നേറ്റ മീരക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. കൈ വലിച്ചു ബെഡ് ലാംപ് ഓണാക്കി മൊബൈൽ ഫോൺ തപ്പിയെടുത്തു, സമയം നോക്കിയപ്പോൾ പുലർച്ചെ രണ്ടു മണി ആയിരുന്നു. പുറത്തു അപ്പോഴും നിൽക്കാതെ പെയ്യുന്ന മഴയുടെ വന്യമായ ശീൽക്കാര ശബ്ദത്തിനപ്പുറം ഹാളിൽ കാറ്റു വീശുന്നത് പോലെയുള്ള ഒരു ശബ്‌ദം കേട്ടത് പോലെ തോന്നി മീരക്ക്.
എന്താണ് ആ ശബ്ദം എന്നു നോക്കാൻ, ബെഡ്റൂമിന്റെ വാതിൽ തുറന്നു പുറത്തിറങ്ങിയ മീര അത്ഭുതപെട്ടു പോയി. ലൈറ്റുകൾ എല്ലാം ഓഫ് ആയിരുന്നിട്ടും ഹാളിൽ വല്ലാത്ത ഒരു പ്രകാശം. അതുപോലെ കരിമ്പനക്കു കാറ്റ് പിടിച്ചത് പോലെയുള്ള ആ ശബ്‌ദം വളരെ കൂടുതലായിരിക്കുന്നു.
ആ പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും ഉറവിടം തേടി ചുറ്റിലും കണ്ണോടിച്ചു കൊണ്ടിരുന്ന മീരയിൽ നിന്നും ഒരു നിലവിളി ഉയർന്നു. "രാജേഷേട്ടാ" എന്നു ഉറക്കെ വിളിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. എങ്ങിനെയൊക്കെയോ ഓടി ബെഡ്റൂമിൽ വന്നു, രാജേഷിനെ വിളിച്ചുണർത്തി കാര്യം പറയാൻ ശ്രമിച്ചെങ്കിലും, രാജേഷ് എഴുന്നേൽക്കാൻ തയ്യാറായില്ല.
"നീ വല്ല സ്വപ്നവും കണ്ടതായിരിക്കും. മിണ്ടാതെ കിടന്നുറങ്ങൂ, പെണ്ണേ," എന്നു പറഞ്ഞു രാജേഷ് തിരിഞ്ഞു കിടന്നു, വീണ്ടും ഉറങ്ങാൻ തുടങ്ങി. പിന്നെ മീര എത്ര വിളിച്ചിട്ടും രാജേഷ് എഴുന്നേറ്റില്ല. ഇനി വിളിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ മീര തിരിച്ചു ഹാളിലേക്കു ഓടി. അപ്പോൾ അവരുടെ ബെഡ്റൂമിന്റെ വാതിൽ മീരയ്ക്ക് പിന്നിൽ നിശബ്ദമായി അടഞ്ഞു.
ഹാളിലെത്തിയ മീര ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു പോയി. റാക്കിൽ ചിലങ്ക വച്ചിടത്തു നിന്നും ഒരു പ്രകാശവും ശബ്ദവും വരുന്നു. ധൈര്യം സംഭരിച്ച് റാക്കിന്റെ അടുത്തേക്ക് പോയ മീരയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ നിന്നു പോയി. ആ ചിലങ്കയിലെ ഓരോ മണികളും സ്വയം പ്രകാശിക്കാനും അതിവേഗത്തിൽ കറങ്ങാനും തുടങ്ങിയിരുന്നു. ആ വെളിച്ചവും ശബ്ദമാണ് അവിടെ അവൾ കേട്ടതും കണ്ടതും.
അടുത്തു പോകുംതോറും ചിലങ്കയിൽ നിന്നും ഉയരുന്ന ആ ശബ്ദം കൂടിവരുന്നുണ്ടായിരുന്നു. മീരയുടെ ഹൃദയമിടിപ്പിന്റെ താളം ഉയർന്നു തുടങ്ങി. മനസ്സിൽ വല്ലാത്ത ഒരു ഭയം ഉരുണ്ടുകൂടാൻ തുടങ്ങി. പെട്ടെന്നാണ് എന്തോ വീണു ഉടഞ്ഞത് പോലെ ഒരു ശബ്ദം അവൾ കേട്ടത്, ചിലങ്കമോളുടെ റൂമിൽ നിന്നായിരുന്നു ആ ശബ്ദം.
"മോളെ" എന്നൊരു നിലവിളിയോടെ മീര ഓടി പോയി ചിലങ്കമോളുടെ റൂമിന്റെ വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചു, പക്ഷേ ആ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിട്ടുണ്ടായിരുന്നു. സാധാരണ ഇവൾ വാതിൽ പൂട്ടാത്തതാണല്ലോ. ഇന്നെന്തു പറ്റി എന്ന് വേവലാതിയോടെ ചിന്തിച്ചു കൊണ്ടു മീര വല്ലാത്തൊരു ഭീതിയോടെ "മോളെ, മോളെ" എന്ന് ഉറക്കെ വിളിച്ചു, ആ വാതിലിൽ തട്ടി, പക്ഷേ ഉള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
മീര തന്റെ സർവ ശക്തിയും എടുത്ത് ആ വാതിൽ തള്ളി തുറന്നു. ആ റൂമിലെ ബെഡ് ലാമ്പ് നിലത്തു വീണു പൊട്ടിയിരുന്നെങ്കിലും ഒരു മിന്നാമിനുങ്ങു പോലെ അതിന്റെ ബൾബ് അപ്പോഴും കത്തി കൊണ്ടിരുന്നു. മീര മനസാന്നിധ്യം വീണ്ടെടുത്ത് ആ റൂമിലെ ലൈറ്റ് ഓണാക്കി, അപ്പോൾ അവൾ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു: ചിലങ്കമോൾ റൂമിൽ ഇല്ല, മാത്രമല്ല, അവളുടെ അലമാര തുറന്ന് വസ്ത്രങ്ങൾ എല്ലാം നിലത്തു വീണു കിടക്കുന്നു.
"മോളെ" എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ചിലങ്കമോളുടെ റൂമിൽ നിന്നു പുറത്തേക്കോടിയിറങ്ങിയ മീര മുന്നിൽ കണ്ട കാഴ്ചയുടെ ആഘാതത്തിൽ ഒരു ശിലപോലെ തരിച്ചു നിന്നു പോയി.
അവിടെ ചിലങ്കമോൾ സർവ്വ അലങ്കാരത്തോടും കൂടി ഒരു നർത്തകിയുടെ വേഷത്തിൽ, വലതു കാലിൽ ആ ഒറ്റ വെള്ളിച്ചിലങ്കയുമണിഞ്ഞു, ഒരു തരം ഉന്മാദാവസ്ഥയിൽ നിൽക്കുന്നു. അപ്പോൾ ആ ചിലങ്കയിൽ നിന്നുള്ള പ്രകാശവും, ശബ്ദവും എല്ലാം നിലച്ചിരുന്നു.
"മോളെ" എന്ന് ഉറക്കെ വിളിച്ചു, ചിലങ്കമോളുടെ അടുത്തേക്ക് ഓടിച്ചെന്ന മീര, ഷോക്കേറ്റത് പോലെ തരിച്ചു നിന്നു. അവിടെ ചിലങ്കമോളുടെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയായിരുന്നു അപ്പോൾ നിന്നിരുന്നത്. ആ പെൺകുട്ടിയുടെ തലയിൽ നിന്നും രക്തം ഒലിച്ചിറങ്ങി ഇറ്റ് വീണ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ആ മുഖം തിരിച്ചറിയാൻ മീരയ്ക്ക് അധികം സമയം വേണ്ടിവന്നില്ല.
"വൈഗ" എന്ന് ഒരു ആർത്തനാദം പോലെ മീരയുടെ നാവിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു.
"ഓ, നീയെന്നെ മറന്നിട്ടില്ലല്ലേ?"
"അപ്പോ, നീ എന്നോട് ചെയ്തതും മറന്നിട്ടുണ്ടാവില്ലല്ലോ?"
വൈഗയുടെ തീക്ഷ്ണമായ കണ്ണുകളെ നേരിടാൻ കഴിയാതെ, ഭയചകിതയായ മീര തല താഴ്ത്തി.
ആ ചോദ്യം അവളെ ഇരുപത്തിയഞ്ച് വർഷം പുറകിലോട്ടു കൊണ്ടുപോയി.
---
സ്കൂളിലും, നൃത്ത ക്ലാസ്സിലും എല്ലാം മീരയുടെ സഹപാഠിയായിരുന്നു വൈഗ. പഠനത്തിൽ എന്നും മീരക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ നൃത്ത വേദികളിൽ മീരക്കെന്നും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
എല്ലാവരും പറയുമായിരുന്നു ചിലങ്ക കെട്ടി കഴിഞ്ഞാൽ, പിന്നെ വൈഗ നടരാജ മൂർത്തിയുടെ സ്ത്രീരൂപമായി മാറുമെന്ന്. അത്ര അഴകായിരുന്നു വൈഗയുടെ നൃത്തം. നവരസങ്ങൾ ഒരു പുഴയൊഴുകുന്ന സൗന്ദര്യത്തോടെ അവളിൽ പ്രകടമായിരുന്നു. അവളുടെ നൃത്തം തുടങ്ങിയാൽ എല്ലാവരും അതിൽ ലയിച്ചിരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു വൈഗ.
എന്നും വൈഗയെ ഒരു എതിരാളിയായും ശത്രുവായും മാത്രം കണ്ടിരുന്ന മീരയുടെ ഉള്ളിൽ അവളോടുള്ള അടങ്ങാത്ത പകയുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് അവരുടെ നൃത്ത വിദ്യാലയത്തിലെ പ്രധാന അധ്യാപിക അവർക്ക് ഗുരുവിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടിയ വിശേഷപ്പെട്ട നൂറ്റൊന്നു മണികളുള്ള വെള്ളിച്ചിലങ്ക വൈഗക്ക് സമ്മാനിച്ചു കൊണ്ടു, അവളെ ആ നൃത്ത വിദ്യാലയത്തിലെ ഏറ്റവും നല്ല നർത്തകിയായി പ്രഖ്യാപിച്ചത്.
ആ നൃത്ത വിദ്യാലയത്തിലെ ഏവരും കൊതിക്കുന്ന ആ അംഗീകാരം തനിക്കു ലഭിക്കാതെ വൈഗക്ക് ലഭിച്ചതും, എല്ലാവരും വൈഗയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നതും, മീരക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വൈഗയുള്ളപ്പോൾ തനിക്കൊരിക്കലും നൃത്തത്തിൽ ഒരു രീതിയിലുള്ള അംഗീകാരവും കിട്ടില്ലെന്ന തിരിച്ചറിവ്, വൈഗയോടുള്ള അസൂയ, വൈരാഗ്യം, പക ഇതെല്ലാം ചേർന്ന് മീരയെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിൽ എത്തിച്ചു.
അന്ന് നൃത്ത വിദ്യാലയത്തിൽ ക്ലാസ് കഴിയാറായപ്പോഴേക്കും അപ്രതീക്ഷിതമായി ശക്തമായ മഴയും കാറ്റും വന്നിരുന്നു. മീരയുടെ മനസ്സു പോലെ പ്രകൃതിയും ഭ്രാന്തമായ ഒരവസ്ഥയിൽ ആയിരുന്നു. പക്ഷേ മീരയുടെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു.
നാലുനിലയുള്ള ആ നൃത്തവിദ്യാലയത്തിന്റെ ഏറ്റവും മുകളിലെ ആൾമറയില്ലാത്ത ടെറസിൽ പോയി നിന്നാൽ, ദൂരെ കുന്നിൻ ചെരുവിൽ നിന്നും മഴ പെയ്തിറങ്ങിവരുന്നത് കാണാം. അതി മനോഹരമായ ആ കാഴ്ച കാണാൻ പലപ്പോഴും കുട്ടികൾ മഴ പെയ്യുന്ന സമയത്ത് അവിടെ പോയി നിൽക്കുമായിരുന്നു. നൃത്ത പരിശീലനം കഴിഞ്ഞു ഇടം കാലിലെ ചിലങ്ക അഴിച്ചു വച്ച്, വലം കാലിലെ ചിലങ്ക അഴിച്ചു കൊണ്ടിരുന്ന വൈഗയെ ചുറ്റിലും ആരും ഇല്ലെന്നുറപ്പു വരുത്തി "ചിലങ്കയൊക്കെ പിന്നെ അഴിക്കാം, നമുക്ക് ടെറസ്സിൽ പോയി മഴ കാണാം" എന്നു പറഞ്ഞു, മുകളിലേക്ക് കൂട്ടി കൊണ്ടുപോയി മീര.
മഴ എന്നു കേട്ടതും തന്റെ വലം കാലിലെ ചിലങ്ക പോലും അഴിക്കാതെ, ഒറ്റ ചിലങ്കയുമായി വൈഗ, മീരയുടെ കൂടെ മുകളിലേക്കോടി. കുന്നിറങ്ങി പെയ്തിറങ്ങിവരുന്ന മഴ ആസ്വദിച്ചു നിന്നിരുന്ന വൈഗയെ മീര തന്റെ സകല പകയും, വൈരാഗ്യവും തീർക്കാനുള്ള അവസരമായി കണ്ട്, പിന്നിൽ നിന്നും ശക്തമായി തള്ളി.
"മീരാ"...എന്ന ഒരലർച്ചയോടെ വൈഗ താഴേക്കു വീണു. മുകളിൽ നിന്നും താഴോട്ടു നോക്കിയ മീര, കൺ നിറയെ കണ്ടു, താഴെ വീണു പിടയുന്ന തന്റെ ശത്രുവിനെ. അവളുടെ ശരീരത്തിൽ വീണൊഴുകുന്ന മഴത്തുള്ളികൾ ചോര ചാലുകളായി മാറുന്നത്, വല്ലാത്തൊരു ആത്മസംതൃപ്തിയോടെ അവൾ നോക്കി നിന്നു.
പെട്ടെന്ന് തന്നെ മീര ആരും കാണാതെ ഓടി താഴേക്ക് വന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന വൈഗയെ ആ പെരുമഴയത്ത്, എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു നിന്ന മീരക്കു തരിമ്പു പോലും കുറ്റബോധം ഉണ്ടായിരുന്നില്ല, മാത്രമല്ല മനസ്സിൽ വല്ലാത്തൊരു ആനന്ദവും, വിജയീഭാവവും ആണുണ്ടായിരുന്നത്.
മൂന്നു മാസത്തോളം ആശുപത്രിയിൽ കോമയിൽ കിടന്ന വൈഗയെ അവളുടെ മാതാപിതാക്കൾ പിന്നീട് മറ്റെങ്ങോട്ടോ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പിന്നെ അവളെക്കുറിച്ചാരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല.
"അപ്പോ നിനക്കെല്ലാം ഓർമ്മയുണ്ടല്ലേ?"
ആ ചോദ്യം മീരയെ ചിന്തകളിൽ നിന്നും ഉണർത്തി.
"എന്തിനായിരുന്നു, മീരാ, നീ എന്നോട് അങ്ങിനെ ചെയ്‌തത്?"
"ഞാൻ നിന്നോട് എന്തു തെറ്റാണ് ചെയ്തത്?"
വൈഗയുടെ വാക്കുകൾ മീരയുടെ കാതുകളിൽ ലാവ പോലെ തിളച്ചു മറിയുന്നുണ്ടായിരുന്നു.
ഭയന്ന് വിറച്ച മീര തിരിഞ്ഞോടാൻ ശ്രമിച്ചപ്പോൾ കാൽ തെറ്റി നിലത്തു വീണു.
അപ്പോഴേക്കും വൈഗ മീരയുടെ അടുത്തെത്തിയിരുന്നു.
നിലത്തു വീണ് കിടക്കുന്ന മീരയുടെ നെഞ്ചിൽ തന്റെ ഒറ്റചിലങ്ക കെട്ടിയ വലത് കാൽ വച്ചു കൊണ്ട് വൈഗ വീണ്ടും ചോദിച്ചു, "പറയൂ, മീരാ, നീ എന്നോട് എന്തിനാ അങ്ങിനെ ചെയ്‌തത്?"
ഭയം കൊണ്ട് ശബ്‌ദിക്കാനാവാത്ത മീരക്ക് തന്റെ രക്തം വറ്റിയ കണ്ണുകൾ കൊണ്ട് വൈഗയെ തുറിച്ചു നോക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
"പറയൂ, മീരാ... നീ പറയൂ," എന്ന് പറഞ്ഞുകൊണ്ട് വൈഗ തന്റെ വലതു കാൽ ഒന്നുകൂടി അമർത്തി ചവിട്ടി മീരയുടെ നെഞ്ചിൽ. വൈഗയുടെ കാലിന്റെ ഭാരം കൂടിവരുന്നതായി മീരക്കു തോന്നി. ശ്വാസം നിലക്കുന്നു, എല്ലുകൾ പൊടിയുന്നു, ശരീരം മുഴുവനും വേദനിക്കുന്നു, വായിൽ ചോര കിനിയുന്നു.
വൈഗയുടെ വലതു കാലിലെ ആ ഒറ്റചിലങ്കയിലെ ഓരോ മണികളും വീണ്ടും കത്തി ജ്വലിച്ചു കൊണ്ടു, ഹുങ്കാര ശബ്ദത്തോടെ കറങ്ങാൻ തുടങ്ങി. മീരയുടെ കണ്ണുകൾ അടഞ്ഞു, ശ്വാസം നിലച്ചു. അവൾക്ക് മനസ്സിലായി താൻ മരണത്തിൻ്റെ ആഴക്കയങ്ങളിലേക്കു വീണുകൊണ്ടിരിക്കുകയാണെന്ന്.
മീര തന്റെ സർവ്വശക്തിയും എടുത്ത് ഉറക്കെ കരഞ്ഞു. ശബ്‌ദം പുറത്തു വരുന്നില്ല. വീണ്ടും ഉച്ചത്തിൽ "രാജേഷേട്ടാ" എന്ന് വിളിച്ചുറക്കെ കരഞ്ഞു.
മീര തന്റെ കണ്ണുകൾ വലിച്ചു തുറന്നു ചാടിയെഴുന്നേറ്റു. ചുറ്റും കൂരിരുട്ട്, അവൾക്ക് യാഥാർത്ഥ്യബോധത്തിലേക്കു വരാൻ കുറച്ചു സമയമെടുത്തു. താൻ ഇത്രയും നേരം അനുഭവിച്ചതെല്ലാം ഒരു ദുസ്വപ്നം മാത്രമാണ് എന്ന് മനസിലാക്കി. പുറത്തു ശക്തമായ മഴ പെയ്യുമ്പോഴും മീര വിയർത്ത് കുളിച്ചിരുന്നു. കൈ വലിച്ചു ബെഡ് ലാംപ് ഓണാക്കി മൊബൈൽ ഫോൺ തപ്പിയെടുത്തു, സമയം നോക്കിയപ്പോൾ പുലർച്ചെ രണ്ടു മണി. അപ്പോഴാണ് വാട്‌സ്ആപ്പിൽ കുറെ മെസ്സേജുകൾ വന്നു കിടക്കുന്നതു അവൾ ശ്രദ്ധിച്ചത്.
പഴയ സ്കൂൾ ഗ്രൂപ്പിൽ ആണ് മെസ്സേജുകൾ വന്നിരിക്കുന്നത്. അതും കുറെ ആദരാഞ്ജലി മെസ്സേജുകൾ. ആ മെസ്സേജുകൾ വായിച്ചു നോക്കിയ മീരയുടെ ശരീരം തളരുന്നത് പോലെ തോന്നി. ഭയം കൊണ്ടു കുഴഞ്ഞു പോയ കയ്യിൽ നിന്നും ഫോൺ താഴെ വീണുപോയി. ആ മെസ്സേജ് ഇങ്ങിനെ ആയിരുന്നു:
"ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഉണ്ടായ ഒരു അപകടത്തിന്റെ അനന്തരഫലമായി ഇത്രയും കാലം കോമയിൽ ആയിരുന്ന നമ്മുടെ സഹപാഠി വൈഗ നമ്മെയെല്ലാം വിട്ടു പിരിഞ്ഞിരിക്കുന്നു. വൈഗക്ക് ആദരാഞ്ജലികൾ."
അതേ സമയം പുറത്തു ഹാളിലെ റാക്കിൽ ഇരിക്കുന്ന ആ ഒറ്റചിലങ്കയിലെ നൂറ്റൊന്നു മണികളും കത്തി ജ്വലിച്ചു കൊണ്ടു കരിമ്പനക്കു കാറ്റു പിടിച്ചത് പോലെ കറങ്ങി തുടങ്ങി. ആ ഹുങ്കാര ശബ്ദം പുറത്ത് സംഹാര താണ്ഡവമാടുന്ന മഴയുടെ ശബ്ദത്തെയും മറികടന്ന് മീരയുടെ ബെഡ്റൂമിലേക്കു മെല്ലെ അരിച്ചെത്താൻ തുടങ്ങി...
അതായിരുന്നു ആ ഡയറിയിലെ അവസാന വാക്കുകൾ. അതിനു ശേഷമുള്ള പേജുകളിലൊന്നും ഒന്നുമെഴുതിയിരുന്നില്ല. അത്രയും വായിച്ചു തീർന്നപ്പോഴേക്കും എന്റെ മനസ്സിലും ഭയത്തിൻ്റെ വിത്തുകൾ മുള പൊട്ടിയിരുന്നു. എന്നാലും മീരക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക? ആരായിരിക്കും ഈ ഡയറി എഴുതിയിട്ടുണ്ടാകുക? മീരയായിരിക്കുമോ? അതിന് വഴിയില്ല കാരണം ഈ ഡയറിയിൽ മീരയുടെ കഥ ആരോ പറയുന്നത് പോലെയാണ് എഴുതിയിരിക്കുന്നത്. ഇത് ആരെങ്കിലും എഴുതിയ വെറുമൊരു കഥയാകുമോ അതോ ആരുടെയെങ്കിലും ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ആകുമോ? ഈ ഫ്ലാറ്റിൽ ഇതിന് മുൻപ് താമസിച്ചിരുന്നത് മീരയും, കുടുംബവും ആയിരുന്നിരിക്കുമോ? അതുപോലെ ആ ബോക്സിൽ കണ്ട പൊടി പിടിച്ച ചിലങ്ക ഈ ഡയറിയിൽ പറഞ്ഞിരിക്കുന്ന ഒറ്റചിലങ്ക ആകുമോ? അങ്ങനെ ഉത്തരമില്ലാത്ത കുറെ ചിന്തകളുമായി ഞാൻ ആ ഡയറി മാറ്റി വച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ എനിക്ക് ഹാളിൽ നിന്നും കാറ്റടിക്കുന്നത് പോലെ ഒരു ശബ്ദം ബെഡ്റൂമിലേക്ക് വരുന്നത് പോലെ തോന്നി.
അഖിൽ ജയചന്ദ്രൻ.