Sunday, September 24, 2023

ചങ്ങൻ എന്ന ശങ്കരൻ

ചങ്ങൻ എന്ന ശങ്കരൻ

×××××××××××××××××××××××

 



പുതുശ്ശേരി അമ്പലമുറ്റത്തെ ആൽമരച്ചോട്ടിൽ ഏതോ ഒരു അപ്പൂപ്പൻ കഥകൾ പറയുന്നുണ്ടെന്ന് കൂട്ടുകാർ വന്നു പറഞ്ഞപ്പോൾ അപ്പുവും അവരുടെ കൂടെ ആൽമര ചുവട്ടിലേക്ക് ഓടി. അവിടെ കറുത്ത മുണ്ടും, ജുബ്ബയും ഇട്ട് കറുത്ത ഒരു തോർത്ത് മുണ്ട് തലയിൽ കെട്ടിയ ഇതുവരെ അവിടെയൊന്നും കണ്ടിട്ടില്ലാത്ത നീളൻ താടിയുള്ള ഒരു അപ്പൂപ്പൻ കഥ പറയാൻ തയ്യാറായിരുന്നു, കുട്ടികൾ എല്ലാം അദ്ദേഹത്തിന് ചുറ്റും വട്ടം കൂടിയിരുന്നു.

 

അദ്ദേഹം എന്ത്‌ കഥയാണ് പറയാൻ പോകുന്നതെന്ന ആകാംക്ഷയിൽ കുട്ടികൾ നോക്കിയിരിക്കുമ്പോൾ, വീശിയടിക്കുന്ന കാറ്റിൽ ആലിലകൾ ആടുന്ന താളം ആവാഹിച്ചെടുത്തത് പോലെ അദ്ദേഹം പറഞ്ഞു തുടങ്ങി..

 

പണ്ട് പണ്ട് എന്റെ കുട്ടിക്കാലത്ത് ഗ്രാമീണതയുടെ നൈർമല്യം ഓരോ കോണിലും നിറഞ്ഞു തുളുമ്പിയിരുന്ന, എങ്ങും വിളഞ്ഞു നിൽക്കുന്ന നെൽ പാടങ്ങളും, തലയുയർത്തി നിൽക്കുന്ന കരിമ്പനകളും, മലയടിവാരം വരെ നീണ്ടു കിടക്കുന്ന തെങ്ങിൻ തോപ്പുകളുമായി പച്ചപ്പണിഞ്ഞ് നിന്നിരുന്ന ഈ ഗ്രാമത്തിൽ കുപ്രസിദ്ധനായ ഒരു ഒടിയൻ ഉണ്ടായിരുന്നു, ശങ്കരൻ എന്ന ചങ്ങൻ. കാതിൽ നല്ല തിളക്കമുള്ള കടുക്കനും, നല്ല കരിവീട്ടിയുടെ നിറവും, തീ പോലെ ജ്വലിക്കുന്ന കണ്ണുകളും ആറടി ഉയരവും ഉള്ള ഒരു ആജാനബാഹു, നാട്ടുകാരുടെയെല്ലാം പേടി സ്വപ്നം.

 

നാട്ടുപ്രമാണിയായ നാരായണൻകുട്ടി നായരുടെ കണ്ണെത്താ ദൂരമുള്ള തോട്ടങ്ങളുടെ കാവലായിരുന്നു ചങ്ങന്റെ ജോലി. സന്ധ്യ മയങ്ങിയാൽ ചങ്ങൻ കയ്യിൽ ഒരു മുള വടിയുമായി തോട്ടം കാവലിനിറങ്ങും

 

അതെന്തിനാ അപ്പൂപ്പാ തോട്ടം കാവൽ?

 

കുട്ടികൂട്ടത്തിൽ എല്ലാ കാര്യത്തിനും എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന അപ്പുവിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ആ കഥ തുടർന്നു

 

അത് പിന്നെ പകലൊക്കെ തോട്ടത്തിൽ ഇഷ്ടം പോലെ ജോലിക്കാർ ഉണ്ടാകും അതുപോലെ ഈ ജോലികളൊക്കെ നോക്കി നടത്താൻ കാര്യസ്ഥൻമാരും.

അന്നൊക്കെ നാട്ടിൽ ഭയങ്കര ദാരിദ്ര്യം ആയിരുന്നു, ജോലിക്കാർക്ക് നേരാംവണ്ണം കൂലിയൊന്നും കൊടുക്കില്ലായിരുന്നു മുതലാളിമാർ. അപ്പോ ഈ ജോലിക്കാർ തന്നെ രാത്രി ആകുമ്പോൾ തോട്ടത്തിൽ നിന്നും തേങ്ങയും, ചക്കയും, മാങ്ങയും മറ്റു വിളകളുമെല്ലാം മോഷ്ടിക്കാൻ വരും. എന്നാലെ അവരുടെ വീട്ടിലേക്കു എല്ലാവർക്കും ആഹാരത്തിന് വല്ലതും തികയൂ, കാരണം അന്ന് കൂട്ടുകുടുംബങ്ങൾ ആയിരുന്നു, ഒരു വീട്ടിൽ തന്നെ കുറേയധികം ആളുകൾ ഉണ്ടാകും. അതുകൊണ്ട് തോട്ടത്തിൽ നിന്നും ആരും ഒന്നും മോഷ്ട്ടിക്കാതിരിക്കാനാണ് ചങ്ങൻ്റെ കാവൽ. അവനെ എല്ലാവർക്കും പേടിയാണ്.

 

ചങ്ങൻ ഇറങ്ങിയാൽ പിന്നെ പെണ്ണുങ്ങളും കുട്ടികളും വീടിന്റെ പുറത്തിറങ്ങില്ല. അവനെകുറിച്ചു ഒരുപാട് ദുരൂഹമായ കഥകൾ പറയാനുണ്ടായിരുന്നു നാട്ടുകാർക്കു. ചങ്ങന്റെ കാതിലെ തിളക്കമുള്ള കടുക്കൻ അവന് ഒടിവിദ്യ പഠിപ്പിച്ചു കൊടുത്ത മുത്തച്ഛൻ കുപ്പൻ മരിച്ചപ്പോൾ അയാളുടെ കണ്ണിലെ കൃഷ്ണമണി ചൂഴ്ന്നെടുത്ത് ഉണ്ടാക്കിയതാണ് എന്നത് അത്തരത്തിലുള്ള ഒരു കഥയായിരുന്നു.

 

 

ചങ്ങൻ ഒടിവിദ്യയിലൂടെ പല രൂപങ്ങളും സ്വീകരിക്കും, പ്രത്യേകിച്ചും നായ, പോത്ത് എന്നീ മൃഗങ്ങളുടെ രൂപങ്ങൾ, എന്നാൽ ഏത് രൂപം സ്വീകരിച്ചാലും അത് പൂർണ്ണമാകില്ല. എന്തെങ്കിലും വൈകല്യം ആ രൂപത്തിന് ഉണ്ടാകും, ചിലപ്പോൾ ഒരു കണ്ണ് ഉണ്ടാകില്ല, ചിലപ്പോൾ ഒരു കൈ, അല്ലെങ്കിൽ കാലോ ചെവിയോ അങ്ങിനെ എന്തെങ്കിലും ഒന്നുണ്ടാകില്ല, ഇത് ഒടിവിദ്യയുടെ ഒരു തന്ത്രമാണ്.

 

അതെങ്ങനെയാ അപ്പൂപ്പാ ചങ്ങൻ ഒടിവിദ്യ ചെയ്യുന്നത്?

 

അപ്പുവിന്റെ അടുത്ത ചോദ്യത്തിന് ഒന്നിരുത്തി മൂളികൊണ്ട് അദ്ദേഹം തുടർന്നു:

 

ഗർഭിണികളായ സ്ത്രീകളുടെ ഭ്രൂണം പുറത്തെടുത്താണ് ചങ്ങൻ ഒടിവിദ്യക്കുള്ള മരുന്നു കൂട്ടുണ്ടാക്കിയിരുന്നത് എന്നാണ് പറയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഗർഭിണികളായ സ്ത്രീകൾ ചങ്ങന്റെ കണ്ണിൽ പെടാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു.

 

രാത്രിയിൽ ചങ്ങൻ ആ മരുന്നു ചെവിയുടെ പുറകിൽ പുരട്ടി ഇഷ്ടമുള്ള രൂപം സ്വീകരിക്കും, സൂര്യോദയത്തിനു മുമ്പായി അവൻ സ്വന്തം രൂപത്തിലേക്ക് മാറും, അല്ലെങ്കിൽ സൂര്യൻ ഉദിച്ചാൽ ചങ്ങന് താൻ സ്വീകരിച്ച രൂപം നഷ്ടപ്പെടുകയും, പിടിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ അവൻ പകൽ സമയത്ത് ആരുടെയും കണ്ണിൽ പെടാതെ തോട്ടത്തിനുള്ളിൽ എവിടെയെങ്കിലും കഴിച്ചുകൂട്ടുമായിരുന്നു, കള്ളു കുടിക്കാൻ ഷാപ്പിൽ പോകാൻ വേണ്ടി മാത്രമാണ് അവൻ പകൽ പുറത്തിറങ്ങിയിരുന്നത്. ചങ്ങനു ആരു പണം കൊടുത്താലും അവൻ അവർക്ക് വേണ്ടി ആരെയും അപായപ്പെടുത്തുമായിരുന്നു.

 

അപ്പോ ഇന്നത്തെ കൊട്ടേഷന്റെ പ്രാചീന രൂപമായിരുന്നു ചങ്ങന്റെ ഒടിവിദ്യ, അല്ലേ അപ്പൂപ്പാ?

 

അപ്പു വീണ്ടും ചോദ്യവുമായി എത്തി:

 

അതെയതെ, ചങ്ങൻ കൂമൻ ആയി പനയുടെ മുകളിൽ ഇരിക്കാറുണ്ടെന്നും, പോത്തിന്റെ രൂപത്തിൽ ഇടവഴികളിൽ നിൽക്കാറുണ്ടെന്നും, നായയുടെ രൂപത്തിൽ വീട്ടുപടിക്കൽ വന്നു നിന്നു ഒച്ച വച്ചു വീട്ടുകാരെ ഉറങ്ങാൻ അനുവദിക്കാതെ ഉപദ്രവിക്കാറുണ്ടെന്നും മറ്റും പല കഥകളും ഉണ്ടായിരുന്നു.

 

അക്കാലത്ത് പല ദുർമരണങ്ങളും, അലസിയ ഗർഭങ്ങളും ചങ്ങന്റെ ഒടിവിദ്യയുടെ പേരിലാണ് ആരോപിക്കപ്പെട്ടിരുന്നത്, അതിനാൽ ചങ്ങനോട് അടങ്ങാത്ത പകയുള്ള പല ആളുകളും അന്നിവിടെ ഉണ്ടായിരുന്നു.

 

അങ്ങനെയിരിക്കെയാണ് സ്ഥലത്തെ പ്രധാന കന്നുകാലി കച്ചവടക്കാരനും സർവ്വോപരി അറിയപ്പെടുന്ന ചട്ടമ്പിയും ആയ തങ്കയുടെ അനുജനും ഗർഭിണിയായ ഭാര്യയും ദൂരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. എപ്പോഴത്തെയും പോലെ ഈ മരണങ്ങളും ചങ്ങന്റെ തലയിൽ വന്നു വീണു.

 

അന്ന് മുതൽ തങ്കയ്ക്ക് ചങ്ങനോട് അടങ്ങാത്ത പകയായിരുന്നു. അയാൾ നാട്ടുകാരോടെല്ലാം പല തവണ പറഞ്ഞിരുന്നു, ഒടിയൻ ചങ്ങന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും. അവനെ ഞാൻ തീർക്കും.

 

എന്നിട്ട് തങ്കക്ക് ചങ്ങനെ കൊല്ലാൻ കഴിഞ്ഞോ അപ്പൂപ്പാ?

 

അപ്പുവിന്റെ ആകാംക്ഷ അപ്പോഴേക്കും വാനോളമുയർന്നിരുന്നു.

 

അപ്പുവിന്റെ തലയിൽ ഒന്നു തലോടിക്കൊണ്ട് അപ്പൂപ്പൻ തുടർന്നു.

 

അങ്ങനെയിരിക്കെ ഒരു തിങ്കളാഴ്ച്ച കന്നുകാലി ചന്തയിൽ വച്ച് തങ്ക അറിഞ്ഞു, ചങ്ങൻ കള്ളു കുടിക്കാൻ ഷാപ്പിൽ എത്തിയിട്ടുണ്ടെന്ന്. പിന്നെ ആയാൾ ഒന്നുമാലോചിച്ചില്ല, കയ്യിൽ ഒരു കത്തിയുമെടുത്ത് നേരെ ഷാപ്പിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ ചങ്ങൻ കള്ളു കുടിച്ചു ബോധം പോകാറായ അവസ്ഥയിലായിരുന്നു. കുടിച്ചു ലക്ക് കെട്ട ചങ്ങന്റെ കഴുത്തിലേക്ക് തന്നെ തങ്ക തന്റെ കത്തി കുത്തിയിറക്കി. പിന്നെ അവനെ അവിടെ നിന്നും വലിച്ചിഴച്ചു തൊട്ടപ്പുറത്തുള്ള കോട്ട കുന്നിന് മുകളിൽ കൊണ്ടു ചെന്നിട്ടു.

 

അവിടെ നിന്നും അയാൾ നേരെ പോയത് ചങ്ങന്റെ മുതലാളിയായ നാരായണൻകുട്ടി നായരുടെ അടുത്തേക്കാണ്.

 

അതെന്തിനാ അപ്പൂപ്പാ തങ്ക നാരായണൻകുട്ടി നായരുടെ അടുത്തേക്ക് പോയത്? അയാളല്ലേ ചങ്ങന്റെ മുതലാളി?

 

അപ്പുവിന്റെ ആ സംശയം ഞങ്ങളിൽ പലരുടെയും മനസ്സിൽ ഉടലെടുത്തിരുന്നു.

 

അതു മനസിലാക്കിയ പോലെ ഞങ്ങളെ എല്ലാം ഒന്നു നോക്കിയതിനു ശേഷം അപ്പൂപ്പൻ തുടർന്നു.

 

കാരണം തന്റെ ചില രഹസ്യ ഏർപ്പാടുകളെക്കുറിച്ച് ചങ്ങൻ കള്ളു കുടിച്ചു ബോധമില്ലാതെ ഷാപ്പിൽ വച്ച് വിളിച്ച് പറഞ്ഞതിൻറെ നീരസം കുറച്ചു കാലമായി മനസ്സിനുള്ളിൽ കൊണ്ട് നടക്കുന്ന നാരായണൻകുട്ടി നായർ പലതവണ തങ്കയോട് പറഞ്ഞിട്ടുണ്ട്,

 

നീ അവനെ അങ്ങു തീർത്തിട്ടു വാടാ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം എന്ന്‌

 

എന്നിട്ട് അവിടെ പോയിട്ട് തങ്ക എന്താ പറഞ്ഞത്?

 

അപ്പു വീണ്ടും ഇടക്ക് കയറി ചോദിച്ചു.

 

അതിനു മറുപടിയായി അപ്പൂപ്പൻ പറഞ്ഞു.

 

തങ്ക അവിടെ പോയി നാരായണൻകുട്ടി നായരോട് പറഞ്ഞു,

 

തമ്പ്രാ ഞാൻ ചങ്ങനെ കൊന്നു കോട്ടകുന്നിന്റെ മുകളിൽ കൊണ്ടു പോയി ഇട്ടിട്ടുണ്ട്

 

വങ്കത്തരം പറയാതെ തങ്കാ, ചങ്ങൻ ചത്തിട്ടൊന്നുമുണ്ടാകില്ല, അവൻ നീ കൊണ്ടിട്ടിടത്തു നിന്നും എഴുന്നേറ്റ് പോയിട്ടുണ്ടാകും ഇപ്പോൾ

 

ഇല്ല തമ്പ്രാ, ഞാൻ ശരിക്കും അവനെ കൊന്നു

 

ഓഹോ അപ്പൊ അവൻ വെള്ളം കുടിച്ചിട്ടാ ചത്തത് അല്ലേ?

 

അല്ല തമ്പ്രാ ഞാൻ അവനെ കള്ളുഷാപ്പിൽ വച്ച് കത്തി കൊണ്ടു കഴുത്തിൽ കുത്തിയാ കൊന്നത്

 

എടാ കൊശവാ, ചങ്ങൻ കള്ളു കുടിച്ചു തോട്ടിൽ വീണാണ് ചത്തത്. പിന്നെ അവന്റെ കഴുത്തിലെ മുറി, തോട്ടിൽ വീണപ്പോൾ വല്ല കുറ്റിയോ, കോലോ കൊണ്ടതായിരിക്കും. മനസ്സിലായോ നിനക്ക്? അവന്റെ ശവം നീ കൊണ്ടുപോയി ആ മാണിശ്ശേരിത്തോട്ടിൽ ഇട്, ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.

 

എന്നിട്ട് തങ്കയെ പോലീസ് പിടിച്ചോ അപ്പൂപ്പാ?

 

ഇത്തവണ ചോദ്യം കുട്ടികൂട്ടത്തിലെ പൊതുവേ നിശ്ശബ്ദനായ ഉണ്ണിയിൽ നിന്നും ആയിരുന്നു.

 

തങ്കയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നാരായണൻ കുട്ടി നായരെ പേടിച്ചു ഒരാൾ പോലും അയാൾക്കെതിരെ സാക്ഷി പറയാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടു കോടതി തങ്കയെ കുറ്റവിമുക്തനാക്കി.

 

അങ്ങിനെ ഒരു നാടിന്റെ മുഴുവൻ പേടിസ്വപ്നമായ ഒടിയൻ ചങ്ങൻ അമ്മമാർക്ക് കുട്ടികളെ പറഞ്ഞു പേടിപ്പിക്കാൻ ഉള്ള വെറുമൊരു കഥയായി മാറി.

 

ശരിക്കും ചങ്ങൻ ആളുകളെ കൊന്നിട്ടുണ്ടോ അപ്പൂപ്പാ?

 

അയാൾ ശരിക്കും ഒടിയൻ ആയിരുന്നോ?

 

ഉണ്ണിക്ക് അകാംക്ഷ കാരണം ചോദിക്കാതിരിക്കനായില്ല

 

മക്കളെ, എനിക്ക് തോന്നുന്നത് അന്നത്തെ നാടുവാഴികളുടെയും, നാട്ടു പ്രമാണിമാരുടെയും ഒക്കെ പല കൊള്ളരുതായ്മകളും പുറംലോകം അറിയാതിരിക്കാൻ ഉള്ള ഒരു മറയായിരുന്നു ചങ്ങനെ പോലുള്ള ഒടിയന്മാരും അവരിൽ ചാർത്തപ്പെട്ട പല ആരോപണങ്ങളും.

 

ഈ ചങ്ങന് വീട്ടുകാർ ആരുമില്ലേ അപ്പൂപ്പാ?

 

അപ്പു വീണ്ടും ചോദ്യം ഉയർത്തി.

 

ചങ്ങന് ഭാര്യയും ഒരു മകനും ഉണ്ടെന്നും അവർ ദൂരെ ഏതോ ദേശത്താണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഈ നാട്ടിൽ അവരെക്കുറിച്ച് അറിയുന്ന ആരുമുണ്ടായിരുന്നില്ല.

 

ഒരു ദീർഘനിശ്വാസത്തോടെ അത്രയും പറഞ്ഞു നിർത്തിയ താടി അപ്പൂപ്പന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് എന്തിനാണെന്ന് ആ കുട്ടികൂട്ടത്തിന് മനസ്സിലായില്ല.

 

ഒരു ചെറിയ നിശ്ശബ്ദതക്ക് ശേഷം അപ്പൂപ്പൻ പറഞ്ഞു.

 

ഇന്നത്തെ കഥ തീർന്നു, ഇരുട്ടായില്ലേ ഇനി മക്കളെല്ലാം വീട്ടിൽ പോക്കൊ. അതും പറഞ്ഞു അപ്പൂപ്പൻ താടിയിൽ ഒന്നു തടവി ആൽത്തറയിൽ നിന്നും ഇറങ്ങി ഇരുൾ മൂടിയ ഇടവഴിയിലേക്ക് നടന്നു.

 

മനസ്സിൽ നൂറു ചോദ്യങ്ങളോടെ അവിടെ നിന്നും തിരിഞ്ഞു വീട്ടിലേക്കുള്ള വഴിയിലേക്ക് നടക്കുമ്പോൾ, ആ ഇടവഴിയിൽ നിന്ന് അപ്പുവിനെ മറികടന്ന് ഏതോ ജീവി ഒരു മിന്നയം പോലെ ഓടി മറഞ്ഞത് പോലെ അവന് തോന്നി. വാലില്ലാത്ത ഒരു കറുത്ത നായ ആണോ അത്?? ചെറിയ ഒരു ഭയം ഉള്ളിൽ നാമ്പെടുത്തെങ്കിലും ഏയ്, എനിക്ക് വെറുതെ തോന്നിയതായിരിക്കും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അപ്പു മുന്നോട്ട് നീങ്ങി.

 

അഖിൽ ജയചന്ദ്രൻ.

 

 

 

Saturday, September 23, 2023

മറവി

മറവി

*******


മറക്കാൻ ഞാൻ മറന്നു പോയി

അല്ലായിരുന്നെങ്കിൽ എന്റെ 

ഓർമകളുടെ ഉമ്മറത്തിണ്ണയിൽ 

ആ പഴയ ചാരുകസേരയിൽ 

ആർക്കും വേണ്ടാതെ ആരുടെയോക്കൊയോ ഓർമകളിൽ അനാഥനായി ഞാനിങ്ങനെ 

ഒരു ശാപാക്ഷരം പോൽ

ഇരുൾകുത്തി പെയ്യുന്ന 

മേഘ വിസ്ഫോടനങ്ങൾക്കു

സാക്ഷിയായി വെറുതെ 

വിറങ്ങലിച്ചു വീണുപോകില്ലായിരുന്നു

ശവകുടീരം

ശവകുടീരം

************


ഇന്നലെ മൂവന്തിക്കെന്റെ 

കൂടെ ചിരിചുല്ലസിച്ഛ് 

ആഘോഷിച്ചൊരെൻ 

കൂട്ടുകാരാ ഇന്നീ പുലരിയിൽ 

നീയെന്തേ കിടപ്പറക്കുള്ളിൽ 

തൂങ്ങിയാടുന്നു നിലം തൊടാതെ

പ്രണയത്തിന്റെ മുന്തിരിച്ചാറ്

ഒരിറ്റ് പോലും രുചിച്ചു നോക്കാതെ

ജീവിതത്തിന്റെ വഴിയോരങ്ങളിൽ

നിർവികാര ഹൃദയം 

വഴിവാണിഭം ചെയ്‌തോർ

നമ്മൾ മുജ്ജന്മ പാപത്തിന്റെ

പങ്കു പറ്റിയോർ

നിന്റെ ഓർമകളുടെ ഭാരവും

എന്റെ ചുമലിൽ ഇറക്കിവച്ചു

നീ പടിയിറങ്ങുമ്പോൾ

എന്റെ നെഞ്ചിൽ ഞാനൊരുക്കട്ടെ

നിനക്കായൊരു ശവകുടീരം

പെരുമഴക്കാലം

പെരുമഴക്കാലം
××××××××××××××

വസുധേ വസുന്ധരെ നിൻ 
ഹൃദയത്തിന്റെ തെക്കേ മൂലയിൽ  
പാതി ജീവനോടെ കണ്ണീരുപ്പു ചേർത്തു 
മറ ചെയ്ത മൃതദേഹങ്ങളിൽ ചിലതിന്റെ കണ്ണുകളിപ്പോഴും ചീഞ്ഞളിയാതെ
തുറന്നു കിടപ്പുണ്ട് പെരുമഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചു പോകുമ്പോൾ ഒരു പുനർജനി തേടി

നിന്റെ കൺകോണിലിന്നും കണ്ണുനീർ
പൂക്കൾ വാടാതെ നിൽക്കുമ്പോൾ
നിന്റെ മനസ്സിന്റെ കണ്ണീർപാടങ്ങൾ
ഇനിയും നിറഞ്ഞൊഴുകാതിരിക്കാൻ
കാപട്യത്തിന്റെ കാരിരുമ്പുകൊണ്ടൊരു
ചിറ കെട്ടണം ആർക്കും എത്തിനോക്കാൻ
കഴിയാത്തത്രയും ഉയരത്തിൽ..

മടക്കം

                          മടക്കം
                        ×××××××

ചോദ്യങ്ങളായിരമുള്ളിൽ തിളക്കുമ്പോൾ
പ്രയാസത്തിന്റെ കനൽകാറ്റേറ്റ്
പ്രതീക്ഷകൾ തൻ കൂരമ്പുമുനയേറ്റ്
പിടഞ്ഞു പിടഞ്ഞു മോഹങ്ങളില്ലാതെ 
മരിച്ചു ജീവിക്കുന്ന പ്രവാസീ...
മടക്കമില്ലാത്തോരീ വഴിയിൽ പാതിയിൽ തനിയേ തളർന്നു നിൽക്കുമ്പോൾ മരിക്കാതിരിക്കുവാനാകുമോ
ഈയൊരു രാത്രി കൂടി നിനക്ക്‌
കാലം കെടുത്താതെ നീ കാത്തു വച്ച
നിന്റെ കണ്ണിലെ ഒറ്റത്തിരിനാളം
മടക്ക ടിക്കറ്റുമായി വരും നാളെ വരേക്കും..

അഖിൽ ജയചന്ദ്രൻ.