എന്തോ ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്ന സഞ്ജയന് അൽപ്പ നേരത്തെക്കു താനെവിടെയാണെന്ന ഒരു പരിസരബോധം കിട്ടാതെ ചുറ്റുപാടും നോക്കിയപ്പോഴാണ് ഇപ്പോഴും ട്രെയിനിൽ യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഭീതിയോടെ ചുറ്റിലും നോക്കിയ അവൻ അങ്ങിങ്ങായി രണ്ടുമൂന്നു യാത്രക്കാർ ഇരുന്നുറങ്ങുന്നത് കണ്ടു. കൂകി പായുന്ന തീവണ്ടിയേക്കാൾ വേഗതയിലാണ് ലാവ പോലെ പുറത്തേക്കൊഴുകുന്ന ചിന്തകൾ അവൻറെ തലച്ചോറിലൂടെ ഇരച്ചു പായുന്നത്. സ്വബോധത്തിലേക്ക് തിരിച്ചെത്തിയ സഞ്ജയ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി തന്റെ ജീവിതത്തെ തല കീഴായി മാറ്റിമറിച്ച നടുക്കുന്ന ഓർമകളിലേക്ക് തിരിച്ചു പോയി.
'മരണത്തിന്റെ കാവൽക്കാരൻ' അങ്ങിനെയാണ് സഞ്ജയന് എപ്പോഴും അച്ഛൻ കുമാരനെക്കുറിച്ചു തോന്നിയിട്ടുള്ളത്. റയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള വിക്ടോറിയ ഹോസ്പിറ്റൽ മോർച്ചറിയുടെ രാത്രി സൂക്ഷിപ്പുകാരൻ ആയ കുമാരൻ ഒരിക്കൽ പോലും പകൽ ഉറങ്ങുന്നതോ, ഒന്ന് ചിരിക്കുന്നതോ അവൻ കണ്ടിട്ടില്ല. കുമാരന്റെ കണ്ണുകൾ എന്നും ചുവന്നു കലങ്ങിയാണ് ഇരുന്നതെങ്കിലും ഒരിക്കൽ പോലും അയാൾ മദ്യപിക്കുന്നതോ മറ്റേതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതോ അവന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അച്ഛന്റെ അടുത്തു പോകാൻ അവനു ഭയമായിരുന്നു. തന്നോട് ഇന്നേവരെ അച്ഛൻ ഒരു വാക്ക് മിണ്ടിയിട്ടില്ല. പലപ്പോഴും അവനേ അയാൾ തുറിച്ചു നോക്കുമായിരുന്നു. ആ നോട്ടം അവനു പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരുന്നത്, കാരണം ആ നോട്ടം അത്രയും ഭീതിതമായിരുന്നു. കുമാരൻ എന്നും ഏകനായിരുന്നു. അയാൾക്ക് കൂട്ടുകാരായി സഞ്ജയുടെ അറിവിൽ ആരും തന്നെയുണ്ടായിരുന്നില്ല. പലപ്പോഴും ഇങ്ങനെയൊരു മകൻ ഉണ്ടെന്നു പോലും ഓർക്കാത്ത രീതിയിലായിരുന്നു കുമാരന്റെ പെരുമാറ്റം. മറ്റു കുട്ടികളെയെല്ലാം അവരുടെ അച്ഛനമ്മമാർ ലാളിക്കുന്നതും, അവരോടൊത്ത് കളിക്കുന്നതുമെല്ലാം കാണുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് കുഞ്ഞുസഞ്ജയ്. അച്ഛന്റെ കണ്ണിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു. അവനെല്ലാം അവന്റെ അമ്മയായിരുന്നു. അച്ഛൻ ഇല്ലാത്തപ്പോഴെല്ലാം അമ്മ അവനെ ആവോളം സ്നേഹിച്ചിരുന്നു. പക്ഷേ അച്ഛനുള്ളപ്പോൾ ഒരിക്കൽ പോലും അമ്മ അവനോട് സ്നേഹം കാണിച്ചിരുന്നില്ല, അമ്മക്കും അച്ഛനെ വല്ലാത്ത ഭയമായിരുന്നു. അവന്റെ അച്ഛനും അമ്മയും ഒരിക്കൽ പോലും അയൽക്കാരുമായി സംസാരിക്കുകയോ ഏതെങ്കിലും രീതിയിൽ സഹകരിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ അവന് വീടിനടുത്തൊന്നും സുഹൃത്തുക്കളുമുണ്ടായിരുന്നില്ല. കൂടെ പഠിക്കുന്ന ചില സഹപാഠികൾ മാത്രമണവന് സുഹൃത്തുക്കളായുണ്ടായിരുന്നത്
അവന്റെ അച്ഛനിൽ എന്നുമൊരു നിഗൂഢത നിറഞ്ഞു നിൽക്കുന്നതായവനു തോന്നിയിരുന്നു. 'ജീവനില്ലാത്തവരുടെ ഇടയിലെ ജീവനുള്ളവനായത് കൊണ്ടായിരിക്കാം ചിലപ്പോൾ അച്ഛനങ്ങിനെ ആയത്', എന്നു വിശ്വസിക്കാനായിരുന്നു അവനിഷ്ടം.ഇടക്കിടെ മൂന്നും നാലും ദിവസമൊക്കെ അച്ഛൻ വീട്ടിൽ വരാതിരിക്കുമ്പോൾ അമ്മയിരുന്നു കരയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ എന്തിനാണ് കരയുന്നതെന്നു എത്ര ചോദിച്ചാലും അമ്മ ഒരിക്കലും വ്യക്തമായൊരുത്തരം നൽകിയിരുന്നില്ല. പിന്നെ അവൻ അമ്മയോട് അതിനെക്കുറിച്ചൊന്നും ചോദിക്കാതെയായി. അന്നൊക്കെ പല ട്രെയിൻ അപകടങ്ങളും ഉണ്ടായി നിരവധി പേർ മരിച്ചിരുന്ന ദിവസങ്ങൾ ആയിരുന്നു. അച്ഛന് ജോലിക്കൂടുതലുള്ളത് കൊണ്ടാണ് വീട്ടിലേക്ക് വരാത്തതെന്നാണ് അവൻ വിചാരിച്ചിരുന്നത്. അവനാണെങ്കിൽ അതു വളരെ സന്തോഷമുള്ള കാര്യവുമായിരുന്നു.
അങ്ങിനെ കോളേജ് പഠനം കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞപ്പോൾ
ജോലിക്കെന്നും പറഞ്ഞു കൂട്ടുകാരുടെ കൂടെ ചെന്നൈയിലേക്ക് പോയതും അവിടെ ഒരു ജോലിക്ക് കയറിയതുമെല്ലാം സഞ്ജയന് അച്ഛനിൽ നിന്നുമുള്ളൊരൊളിച്ചോട്ടമായിരുന്നു. ചെന്നൈയിൽ എത്തിയതിനു ശേഷം ഒരിക്കൽ പോലും സഞ്ജയ് വീടുമായി ബന്ധപ്പെട്ടിരുന്നില്ല. സ്വന്തമായി ഒരു മൊബൈൽ ഫോണില്ലാത്ത, എങ്ങിനെയാണൊരു ഫോൺ ഉപയോഗിക്കേണ്ടതെന്നറിയാത്ത അമ്മയെ ബന്ധപ്പെടാൻ അവനു മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു എന്നതായിരുന്നു സത്യം.
ആദ്യ ശമ്പളം കിട്ടിയപ്പോൾ തന്നെ സഞ്ജയ് അമ്മക്ക് വേണ്ടിയൊരു ഫോൺ വാങ്ങിച്ചു. അമ്മയുടെ ഓർമ്മകൾ മനസ്സിൽ അടങ്ങാത്ത തിരകളായി അലതല്ലി തുടങ്ങിയപ്പോഴാണ് ആ വെള്ളിയാഴ്ച ഓഫീസിൽ നിന്നും പകുതി ദിവസം അവധിയെടുത്ത് ഉച്ചതിരിഞ്ഞുള്ള ട്രെയിനിൽ വീട്ടിലേക്കു പോകാൻ തീരുമാനിച്ചത്. വീട്ടിലേക്ക് പോകുന്ന കാര്യമവൻ ആരോടും പറഞ്ഞിരുന്നില്ല.
വീട്ടിലെത്തിയപ്പോഴേക്കും രാത്രി പത്തുമണിയായി. രാത്രിയായതു കൊണ്ടു എന്തായാലും വീട്ടിൽ അച്ഛനുണ്ടാകില്ലെന്നുറപ്പായിരുന്നു. വീട്ടിൽ വെളിച്ചമൊന്നും കാണുന്നില്ല, വാതിൽ പുറത്തു നിന്നും പൂട്ടിയിരിക്കുന്നു, ഉള്ളിൽ ആരുമുള്ളതായി തോന്നുന്നില്ല, അയൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നാലോചിച്ചു കുറച്ചു നേരം അവിടെ നിന്ന അവൻ, തന്റെ ബാഗ് വീടിന്റെ പുറകുവശത്തു കൊണ്ടു പോയി വച്ചു. എന്തായാലും അച്ഛനെ ഒന്നു പോയി കണ്ടു നോക്കാം. ചിലപ്പോൾ അച്ഛനറിയാമായിരിക്കും അമ്മയെവിടെയാണെന്നു. അങ്ങിനെ സഞ്ജയ് അച്ഛനെ തിരഞ്ഞു വിക്ടോറിയ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കയ്യിലെ മൊബൈലിന്റെ മങ്ങിയ വെളിച്ചവുമായി നടന്നു നീങ്ങി.
വിക്ടോറിയ ഹോസ്പിറ്റലിലെ മോർച്ചറി പ്രവർത്തിച്ചിരുന്നത് പ്രധാന കെട്ടിട സമുച്ചയത്തിൽ നിന്നും മാറി ആശുപത്രിയുടെ പിന്നിലുള്ള ചെറിയ കുറ്റികാടിനിടയിലുള്ള തീർത്തും ഒറ്റപ്പെട്ട ഒരു പഴയ കെട്ടിടത്തിലായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു പ്രവർത്തനമാരംഭിച്ച ആ ആശുപത്രിയിൽ ഇന്നും ആധുനികതയുടെ ഒരു സ്പർശനവും ഏൽക്കാതെ നിൽക്കുന്നത് ആ മോർച്ചറി കെട്ടിടം മാത്രമാണ്. രാത്രി ഡ്യൂട്ടിക്ക് എന്തായാലും അച്ഛൻ അവിടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സഞ്ജയ് അങ്ങോട്ട് പോയത്. മോർച്ചറിയുടെ മുന്നിലെത്തിയപ്പോൾ അവിടെ ആരെങ്കിലുമുള്ളതിന്റെയൊരു ലക്ഷണവുമുണ്ടായിരുന്നില്ല. കയ്യിലുള്ള മൊബൈൽ വെളിച്ചത്തിൽ ആ മോർച്ചറിയുടെ വരാന്തയിൽ കയറി ചില്ലു ജാലകത്തിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോഴാണ് മോർച്ചറിയുടെ ഉള്ളിൽ എന്തോ ശബ്ദം കേൾക്കുന്നതായി തോന്നിയത്. ആ ജനാലയിലൂടെ അവ്യക്തമായി എന്തോ നിഴൽ രൂപം അനങ്ങുന്നത് കാണാമായിരുന്നു.പൂട്ടാതെ കിടന്ന മുൻവാതിലിലൂടെ ഉള്ളിൽ കടന്ന് നോക്കിയപ്പോഴാണ് ആ നടുക്കുന്ന കാഴ്ച്ചയവൻ കണ്ടത്, വല്ലാത്തൊരുന്മാദാവസ്‌ഥയിൽ ആരോ ഒരാൾ ഏതോ ലഹരിക്ക് അടിമപ്പെട്ട പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു, പിറുപിറുക്കുന്നു, നിലത്തിരുന്നെന്തോ സൂക്ഷിച്ചു നോക്കുന്നു. മങ്ങിയ വെളിച്ചത്തിൽ കാഴ്ച്ചകൾ വ്യക്തമായിരുന്നില്ല. സഞ്ജയ് വാതിൽ ശബ്ദമുണ്ടാക്കാതെ കുറച്ചു കൂടി തുറന്നു മെല്ലെ അകത്തു കടന്നു. അവിടെ ഉണ്ടായിരുന്ന രണ്ടു അലമാരകൾക്കിടയിലായി മറഞ്ഞിരുന്നു.
അവിടെയവൻ കണ്ട കാഴ്ച അവന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്‌ച്ചയായിരുന്നു. അവിടെയൊരു പൈശാചിക രൂപം അടിമുടി ഭസ്മത്തിൽ കുളിച്ച് പൂർണ നഗ്നനായി കയ്യിൽ രക്തമിറ്റു വീഴുന്ന ഒരു വലിയ മാംസ കഷ്‌ണവുമായി അങ്ങുമിങ്ങും ഉലാത്തുന്നു. ഇടക്കിടെ ആ മാസകഷ്ണം കടിച്ചു വലിക്കുന്നുണ്ട്. നീണ്ട മുടി മുഖത്തേക്കു വീണു കിടക്കുന്നതിനാൽ ആ പൈശാചിക രൂപത്തിന്റെ മുഖം അവ്യക്തമായിരുന്നു. അവനു പണ്ടെന്നോ, എവിടെയോ വായിച്ചറിഞ്ഞ അഘോരികളുടെ രൂപമാണപ്പോൾ മനസ്സിലേക്ക് ഓടി വന്നത്. നിലത്തു പല പ്രായത്തിലുള്ള സ്ത്രീകളുടെ ശവശരീരങ്ങൾ ചിതറിക്കിടക്കുന്നു. അതിലൊരു ശവത്തിന്റെ തുടയിൽ നിന്നും രക്തം പുറത്തേക്കൊഴുകുന്നു. അല്പ നേരത്തിനു ശേഷം നിലത്തു തണുത്തു വിറങ്ങലിച്ചു കിടക്കുന്ന സ്ത്രീ ശരീരങ്ങളിലൊന്നിനെ അയാൾ ഭ്രാന്തമായി ഭോഗിക്കുന്നു.. ഒരുന്മാദിയെ പോലെ എന്തൊക്കെയോ പുലമ്പുന്നു. ഇടക്കിടെ കയ്യിലുള്ള മാംസകഷ്ണം ആസ്വദിച്ചു കടിച്ചു പറിക്കുന്നു.
മനസ്സു മരവിക്കുന്ന ആ കാഴ്ച്ചയിൽ തരിച്ചിരുന്നു പോയ അവന് സ്വബോധം കിട്ടാൻ കുറച്ചു സമയമെടുത്തു. അൽപ്പനേരം കൂടി ആ കാഴ്‌ച്ച കണ്ടിരുന്ന സഞ്ജയന് മനം പുരട്ടി ഛർദ്ദിക്കാൻ വന്നു. വായ് പൊത്തി പിടിച്ചവിടെ നിന്നുമെഴുന്നേൽക്കാൻ ശ്രമിച്ച സഞ്ജയ്യുടെ വായിൽ നിന്നുമറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു. ശവഭോഗം ചെയ്യുന്ന ആ പൈശാചിക രൂപം ശബ്ദം കേട്ട് പെട്ടന്ന് സഞ്ജയ്യുടെ നേർക്കു മുഖം തിരിച്ചു. തീ പാറുന്ന രണ്ടു കണ്ണുകൾ തന്റെ നേർക്കു നീളുന്നതവൻ തിരിച്ചറിഞ്ഞു. അപ്പോഴാണ് സഞ്ജയ് ആ മുഖം വ്യക്തമായി കണ്ടത്. ആ മുഖം അതവന്റെ അച്ഛൻ കുമാരന്റെ മുഖമായിരുന്നു.അതേ അതവന്റെ അച്ഛനായിരുന്നു. ഞെട്ടി വിറങ്ങലിച്ചു പോയ സഞ്ജയ് ഒരു പ്രതിമ പോലെ അനങ്ങാൻ കഴിയാതെ നിന്നു.
കുമാരൻ അവനെ കണ്ടെന്നുറപ്പായി.ഒരു കാട്ടു മൃഗത്തെ പോലെ ചാടിയെഴുന്നേറ്റവന്റെ നേർക്ക് പാഞ്ഞു വന്ന ആ ഭീകര രൂപം പെട്ടെന്ന് ഒരു നിമിഷമൊന്നു നിന്നു, എന്തോ തിരയുന്നത് പോലെ ചുറ്റിലും നോക്കി.
ആ ഒരു നിമിഷം കൊണ്ട് സഞ്ജയ് അവിടെ നിന്നുമിറങ്ങിയോടി. മോർച്ചറിയോട് ചേർന്നു കിടക്കുന്ന റയിൽവേ ലൈനിലൂടെ ഒന്നു തിരിഞ്ഞു പോലും നോക്കാൻ ധൈര്യപ്പെടാതെ പരമാവധി വേഗത്തിലോടിയ അവൻ ആദ്യം കണ്ട ട്രെയിനിൽ ചാടി കയറി ഒഴിഞ്ഞ ഒരു സീറ്റിനടിയിൽ പതുങ്ങിയിരുന്നു. കണ്ണു തുറന്നു നോക്കാൻ പോലും അവനു ഭയമായിരുന്നു.
ഇരുളിന്റെ മറവിൽ ശ്വാസം വിടാൻ പോലും ഭയന്ന് ആ സീറ്റിനടിയിൽ പതുങ്ങിയിരുന്ന സഞ്ജയന് കുറച്ചു കഴിഞ്ഞു ട്രെയിൻ പതിയെ ഓടി തുടങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്. ആളും അനക്കവുമില്ലാത്ത ആ കംപാർട്ട്‌മെന്റിൽ ജനലിനരികിലുള്ള സീറ്റിലേക്കു തളർന്ന് വീണുപോയി സഞ്ജയ്. കണ്ട ഭീകരതയുടെ ആഘാതത്തിൽ, മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടലിൽ മനസ്സും ശരീരവും തളർന്നു പോയ അവന്റെ കണ്ണുകൾ താനെ അടഞ്ഞു പോയി. എങ്ങോട്ടാണെന്നറിയതെ അവനെയും വഹിച്ചു കൊണ്ടാ ട്രെയിൻ കുതിച്ചു പാഞ്ഞു.
പതിയെ കണ്ണു തുറന്ന സഞ്ജയ് താനെവിടെയാണെന്ന തിരിച്ചറിവു വന്നപ്പോൾ ചുറ്റിലും നോക്കി. ട്രെയിനിൽ ആളുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.അവിടെ കണ്ട ചില മുഖങ്ങൾ അവനു നല്ല മുൻപരിചയമുള്ളത് പോലെ തോന്നി. ചിലരെല്ലാം അവനെ നോക്കി ചിരിക്കുന്നുണ്ട്. ആരോടുമൊന്നും സംസാരിക്കാനുള്ള മാനാസികാവസ്ഥയിലായിരുന്നില്ല അവൻ . ചുറ്റുമുള്ള ആളുകളുടെ സംസാരത്തിൽ നിന്നും ആ ട്രെയിൻ ചെന്നൈയിലോട്ടാണ് പോകുന്നതെന്നു മനസ്സിലായി.
കുറച്ചു ദൂരം ആ ട്രെയിൻ ഓടി കഴിഞ്ഞപ്പോൾ അവനു വല്ലാതെ അസഹ്യമയൊരു ഗന്ധം കാറ്റിലൂടെ അവനിലേക്ക് വരുന്നതായി തോന്നി. ആരോ പിടിച്ചു നിർത്തിയ പോലെ ട്രെയിൻ പെട്ടെന്ന് നിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ജനാല വഴി പുറത്തേക്കു നോക്കിയ അവൻറെ മൂക്കിലോട്ടു അസഹ്യമായോരു മണം അടിച്ചു കേറുന്നത് പോലെ തോന്നി.
ജനാലയിൽ നിന്നും നോട്ടം മാറ്റിയ അവൻ കണ്ടത് എതിർവശത്തായി പുതിയൊരു യാത്രക്കാരൻ വന്നിരിക്കുന്നതാണ്. അതുമീ വേനൽക്കാലത്ത് തല വഴിയൊരു പുതപ്പിട്ട് ശരീരവും മുഖവുമെല്ലാം മറച്ച ഒരു വൃദ്ധൻ. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി.വീണ്ടും കാറ്റടിച്ചു തുടങ്ങി. ട്രെയിനിന്റെ വേഗം കൂടുന്നതിനസുരിച്ചു കാറ്റിനും വേഗം കൂടി.ആഞ്ഞു വീശിയ കാറ്റിൽ മറുവശത്തിരുന്ന വൃദ്ധന്റെ തലയിൽ നിന്നും പുതപ്പു മാറി പോയി. അപ്പോഴാണ് അവൻ ആ കാഴ്ച്ച കണ്ടത്, തന്റെ മുന്നിലിരിക്കുന്നയാൾ തന്നെത്തന്നെ തുറിച്ചു നോക്കുന്നു. ആ കണ്ണുകൾ ഒരു തീഗോളം പോലെ ജ്വലിക്കിന്നു.അതു കണ്ട അവന്റെ മനസ്സിൽ ഭയം അരിച്ചിറങ്ങി.അവൻ മെല്ലെ അവിടെ നിന്നും മാറി മറ്റൊരു സീറ്റിൽ ഇരിക്കാൻ വേണ്ടി എഴുന്നേറ്റു നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ആ വൃദ്ധൻ അവനെ പിന്തുരുന്നു. ഭയത്തിന്റെ തീനാമ്പുകൾ സിരകളിലേക്കു കത്തി പടർന്നപ്പോൾ മറ്റൊന്നും ചിന്തിക്കാൻ അവന് കഴിഞ്ഞില്ല . അവൻ അതിവേഗത്തിൽ ഓടി ആ ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്കെടുത്തു ചാടി.
അതികഠിനമായ സൂര്യകിരണങ്ങൾ മുഖത്തടിച്ചപ്പോഴാണ് സഞ്ജയ് കണ്ണു തുറന്നത്. അസഹ്യമായ ചൂടിൽ കണ്ണു തുറക്കാൻ വല്ലാതെ പാടുപെട്ടു.കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോഴാണ് അവന് താനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു ബോധ്യമായത്.മെല്ലെ എഴുന്നേറ്റിരുന്ന അവന് കൈകാലുകൾക്കെല്ലാം വേദനയനുഭവപ്പെട്ടു. വലിയ പരിക്കുകളൊന്നുമില്ല. വല്ലാതെ ദാഹിക്കുന്നു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ചതുപ്പിലേക്കാണ് ട്രെയിനിൽ നിന്നും അവൻ ചാടിയത് . ചുറ്റിലും മനുഷ്യവാസത്തിന്റെതായ ഒരു ലക്ഷണവുമില്ല. വീഴ്ച്ചയുടെ ആഘാതത്തിൽ അവന്റെ കയ്യിലെ വാച്ചും മൊബൈലും നിശ്ചലമായിരുന്നു. ഭാഗ്യം കൊണ്ട് പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന പേഴ്സ് നഷ്ട്ടപെട്ടിരുന്നില്ല.അവിടെ നിന്നുമെഴുന്നേറ്റു മുടന്തി മുടന്തി സഞ്ജയ് കുറച്ചു ദൂരം ആ റെയിൽവേ ട്രാക്കിലൂടെ മുന്നോട്ട് നടന്നു.
വല്ലാത്ത ക്ഷീണം. അവിടെ അടുത്തു കണ്ട ഒരു മരച്ചുവട്ടിൽ കുറച്ചു നേരം വിശ്രമിച്ചു. അല്പനേരത്തിനു ശേഷം ഏതാണാ സ്ഥലമെന്നോ, അപ്പോഴേത്ര സമയമായെന്നോ ഒന്നുമറിയാതെ അവനവിടെ നിന്നും നടന്നു തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അവിടെ ദൂരെ ഒരു പൊട്ടു പോലെ എന്തോ കാണുന്നു.കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ അവിടെ മഞ്ഞ നിറത്തിൽ ഒരു ദിശാസൂചിക. അടുത്തു പോയി നോക്കിയപ്പോൾ അതിൽ 'ജോലർപെട്ട ജംഗ്ഷൻ' എന്നെഴുതിയതു കണ്ട അവൻ കരയണോ ചിരിക്കണോ എന്നറിയാത്ത ഒരവസ്‌ഥയിലായിരുന്നു. തൊട്ടടുത്തൊരു റെയിൽവേ സ്റ്റേഷൻ എന്ന ചിന്ത അവന്റെ ശരീരത്തിലേക്ക് ഒരൂർജ്ജപ്രവാഹമായി പടർന്നു കയറി. അവനതിവേഗം ആ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.
അവിടെയെത്തിയതും ആദ്യം കണ്ട പൈപ്പിൽ നിന്നും അവൻ ആർത്തിയോടെ കുറെ വെള്ളം കുടിച്ചു. പിന്നെ സ്റ്റേഷൻ പ്ലാറ്ഫോമിലുള്ള കടയിൽ നിന്നുമൊരു ഷർട്ടും പാന്റും കൂടി വാങ്ങി. അതിനു ശേഷം അവിടെയുള്ള കുളിമുറിയിൽ പോയി തന്റെ ദേഹത്തു പറ്റിയ മണ്ണും ചളിയുമെല്ലാം കഴുകി കളഞ്ഞവൻ തന്റെ വസ്ത്രങ്ങളെല്ലാം മാറ്റി.
ഇനി എന്തെന്നാലോചിച്ചു നിൽക്കുന്ന സഞ്ജയുടെ മനസ്സിലൂടെ തലേദിവസം രാത്രി മുതലുള്ള കാര്യങ്ങൾ മിന്നി മറഞ്ഞു.ആ ചിന്തകൾ വീണ്ടുമവനെ ഭയചകിതനാക്കി. താൻ ഇന്നലെ കണ്ടതും അനുഭവിച്ചതുമെല്ലാം സത്യമാണോ, അതോ തന്റെ വെറും തോന്നാലോണോ എന്നു വരെയവൻ ഒരു നിമിഷം ചിന്തിച്ചു പോയി. ബാംഗ്ലൂരിലേക്കു പോകണോ അതോ ചെന്നൈയിലേക്ക് പോകണോ എന്ന ആശയക്കുഴപ്പം അവനെ പിടിമുറുക്കി. അവസാനം അവൻ ബാഗ്ലൂരിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. തന്റെ അമ്മക്ക് എന്തു പറ്റിയെന്നറിയണം, അച്ഛനെക്കുറിച്ചു പോലീസിൽ പരാതി കൊടുക്കണം.
റിസെർവഷൻ കൗണ്ടറിൽ പോയി ബാംഗ്ലൂരിലേക്ക് എപ്പോഴാണിനി ട്രെയിനെന്നന്വേഷിച്ചപ്പോൾ, ഇനി രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ലാൽബാഗ് എക്‌സ്‌പ്രസ് ആണുള്ളതെന്നറിഞ്ഞു. അവനാ ട്രെയിനിൽ ജനറൽ കമ്പാർട്മെന്റിലൊരു ടിക്കറ്റെടുത്തു. അവിടെയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് അവൻ വിശ്രമ മുറിയിലിരുന്ന് നന്നായൊന്നുറങ്ങി. ഉറക്കത്തിനിടക്കു ഇന്നലെ മോർച്ചറിയിൽ കണ്ട അച്ഛന്റെ രൂപം മുന്നിൽ വന്നു തന്റെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്ന സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റ അവന്, തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി. പിന്നെയവനുറങ്ങാൻ കഴിഞ്ഞില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അവൻ ലാൽബാഗ് എക്‌സ്‌പ്രസിന്റെ അന്നൗൻസമെന്റ് കേട്ടപ്പോൾ പ്ലാറ്റ്ഫോമിലേക്കിറങ്ങി നിന്നു.
അൽപ്പ സമയത്തിനകം ലാൽബാഗ് എക്‌സ്‌പ്രസ് ആരെയോ കണ്ടു ഭയന്നോടിതളർന്ന പോലെ പ്ലാറ്റ്ഫോമിൽ വന്ന് നിന്നു.
വലിയ തിരക്കൊന്നുമില്ലാത്തതു കൊണ്ടു സഞ്ജയന് ജനാലക്കരികിലുള്ള സീറ്റ് തന്നെ ലഭിച്ചു. പ്ലാറ്റ്ഫോമിലെ ബഹളങ്ങളിലേക്ക് നോക്കിയിരുന്ന അവന് പെട്ടെന്നവിടെ നിന്നുമാരോ ഒരാൾ തന്നെ അതിരൂക്ഷമായി നോക്കുന്നതു പോലെ തോന്നി. സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റു ട്രെയിനിന്റെ വാതിൽക്കൽ പോയവൻ നോക്കിയെങ്കിലും അപ്പോഴേക്കും ട്രെയിൻ ഓടി തുടങ്ങിയിരുന്നു. ആരെയുമവനവിടെ കാണുവാൻ കഴിഞ്ഞില്ല. അവന്റെ മനസ്സിലേക്ക് വീണ്ടും ഭയത്തിന്റെ കണികകൾ അരിച്ചു കയറാൻ തുടങ്ങി. അപ്പോഴാണ് ട്രെയിൻ ടിക്കറ്റ് എക്സാമിനർ അതു വഴി വന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. പക്ഷേ ആരാണെന്നു മനസ്സിലായില്ല. തന്നെ സഹായിക്കാൻ ചിലപ്പോൾ ഇയാൾക്ക് പറ്റിയേക്കും, പക്ഷേ താൻ പറയുന്നതൊന്നും ഇയാൾ വിശ്വസിക്കണമെന്നില്ല. എന്നാലും അവൻ അങ്ങോട്ട് പോയി അയാളോട് സംസാരിച്ചു. അങ്ങിനെയാണ് ഇതു താൻ പഠിച്ച അതേ സമയത്തു തന്റെ കോളേജിൽ പഠിച്ച അനിരുദ്ധ ബാല ആണെന്നു മനസ്സിലായത്. പെട്ടെന്ന് തങ്ങളുടെ പിന്നിലായി ആരോ വന്നു നിന്നു തങ്ങളെ നീരീക്ഷിക്കുന്നതായി സഞ്ജയന് തോന്നി. അതോടെ അവൻ സംസാരം അവസാനിപ്പിച്ചു തന്റെ സീറ്റിൽ ചെന്നിരുന്നു. അവന്റെ മനസ്സ് കലുഷിതമായിരുന്നു. ട്രെയിനിന്റെ വേഗം കൂടുന്നതിനനുസരിച്ചു സുഖകരമായ കാറ്റും സഞ്ജയന്റെ മുഖത്തേക്ക് അടിക്കുന്നുണ്ടായിരുന്നു. ആ കാറ്റിന്റെ ശീതളിമയും, ശരീരത്തിന്റെ ക്ഷീണവും കൂടി ചേർന്നപ്പോൾ അവൻ അറിയാതൊന്നു മയങ്ങിപ്പോയി. പിന്നെയെപ്പോഴോ അസഹ്യമായ ഒരു ഗന്ധം മൂക്കിലോട്ടു അടിച്ചു കയറിയപ്പോഴാണ് അവൻ കണ്ണ് തുറന്നത്. ഞെട്ടി വിറച്ചു തന്റെ ചുറ്റിലും നോക്കിയ അവൻ നടുങ്ങി പോയി. തന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണുന്നില്ല. അവർക്ക് പകരം ഇന്നലെ താൻ ചെന്നൈയിലോട്ടുള്ള ട്രെയിനിൽ കണ്ട വൃദ്ധനെ പോലെ പുതപ്പ് കൊണ്ടു മൂടി പുതച്ച കുറെ വൃദ്ധന്മാർ തന്റെ ചുറ്റിലുമിരിക്കുന്നു. അവരെല്ലാം തന്നെ തന്നെയാണ് നോക്കുന്നത്. അവരുടെ കണ്ണുകളെല്ലാം തീഗോളം പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ഭയം കൊണ്ടു തരിച്ചു പോയ സഞ്ജയന് അവിടെ നിന്നുമെഴുന്നേറ്റ് ഓടണമെന്നുണ്ടെങ്കിലും അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് ആ വൃദ്ധരിൽ ഒരാൾ അവന്റെ മുന്നിൽ വന്ന് നിന്നു. ആ മുഖത്തേക്ക് നോക്കിയ സഞ്ജയ് പേടിച്ചു വിറച്ചു പോയി. അതവന്റെ അച്ഛൻ കുമാരനായിരുന്നു. അച്ഛന്റെ കണ്ണുകളിൽ നിന്നും തീ പാറുന്നത് പോലെ അവന് തോന്നി. ആ കണ്ണുകളെ നേരിടാനാവാതെ അവൻ തല കുനിച്ചു. പെട്ടെന്ന് വലിയ ഒരു ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി. ട്രെയിൻ വല്ലാതെ ഒന്നു ആടിയുലഞ്ഞു. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ അവന് തോന്നി. പെട്ടെന്നവൻ ഇരുളാഴങ്ങളിലേക്കു വീണുപോയി, ശ്വാസം പോലും കിട്ടാത്തത്രയും താഴേക്ക്. താഴോട്ടു പതിക്കുന്നതിനിടക്കു സഞ്ജയ് കണ്ടു വളയിട്ട രണ്ടു കൈകൾ തന്റെ നേർക്കു നീളുന്നത്...തന്നെ കോരിയെടുത്തു മാറോട് പുൽകുന്നത്..
അഖിൽ ജയചന്ദ്രൻ.
