Friday, April 28, 2023

പ്രണയം ഒരു നേർക്കാഴ്ച്ച

പ്രണയം ഒരു നേർക്കാഴ്ച
**************************
പ്രണയം അവന്
-------------------------
പ്രണയം അവനൊരു ലഹരിയാണ്.. 
മനസ്സിൽ നിന്നും ശരീരത്തിലേക്ക്    കെട്ടുപിണഞ്ഞു ഉന്മാദത്തിന്റെ വഴിത്താരകൾ സമ്മാനിക്കുന്ന ലഹരി! 

പ്രണയമവനൊരു നിലക്കാത്ത സഞ്ചാരമാണ് ......
അവനിൽ ഒരു  നീരുറവയായി  പതിയെ പുഴയായി ഒടുവിൽ  അവളിൽ പതിക്കുന്ന കടൽ! 

പ്രണയമവനൊരു ചിലന്തിവലയാണ്.. 
ആളൊഴിഞ്ഞ കോണിൽ പതിയിരുന്നവളെ വലിഞ്ഞു മുറുക്കി നിശ്ശബ്ദയാക്കുന്ന ചടുലത ! 

പ്രണയമവനൊരു  ചൂതാട്ടമാണ് … 
ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന നെറികേടിന്റെ, വഞ്ചനയുടെ പ്രത്യയശാസ്‌ത്രം!

പ്രണയമവനൊരു  ആഘോഷമാണ് ..
സിരകളിൽ പെരുമ്പറ കൊട്ടി ദ്രുതതാളമായ് പിടഞ്ഞു തീരുന്ന ജീവന്റെ ആസുരത!

പ്രണയമവനെ തീവ്രവാദിയാക്കി ! 
തന്റെ ചിന്തകളും വിശ്വാസങ്ങളും മാത്രമാണ് ശെരിയെന്നു ചിന്തിക്കുന്നൊരു പ്രണയവാദി ..

പ്രണയം അവൾക്ക് 
-------------------------------- 
പ്രണയമവൾക്കൊരു വേദനസംഹാരിയാണ് 
ഹൃദയത്തിലേറ്റ മുറിവിന്റെ ആഴങ്ങലിൽനിന്നവളെ 
കൈപിടിച്ചുയർത്തുന്ന മാന്ത്രികസ്പർശം ! 

പ്രണയമവൾക്കൊരു  കളിപ്പാട്ടമാണ് ..
പല വർണ്ണങ്ങളിൽ മഴവില്ലു തീർക്കുന്ന 
ഉള്ളു പൊള്ളയായ ഒരു  നീർക്കുമിള !

പ്രണയമവൾക്കൊരു നെടുവീർപ്പാണ് 
ശൈത്യകാലത്തെ നനുത്ത പ്രഭാതത്തിലെ കട്ടിപ്പുതപ്പിനുള്ളിൽ ഒരായിരം കഥകൾ മെനയുന്ന മൗനത്തിന്റെ താളം !

പ്രണയമവൾക്കൊരു ഇത്തിൾകണ്ണിയാണ് 
അവളിൽനിന്നുയിർകൊണ്ട് 
അവളുടെ നീരൂറ്റികുടിച്ചവളെ  ഇല്ലാതെയാക്കുന്ന ആത്മവഞ്ചന  ! 

പ്രണയമവൾക്കൊരു തുരുത്താണ്‌ 
നൊമ്പരങ്ങളുടെയും മോഹഭംഗളുടെയും  
കടൽ താണ്ടിയെത്തുമ്പോൾ 
അകലങ്ങൾ കൂടുന്ന മരീചിക! 

പ്രണയമവളെ  മാറാരോഗിയാക്കി ! 
അവളിലെ അവളെ അവൾ  പോലുമറിയാതെ ചിതയലേക്കെത്തിച്ച   
പ്രണയരോഗി!! 

അഖിൽ ജയചന്ദ്രൻ

No comments:

Post a Comment