വിരഹം പ്രണയത്തോട് ചൊല്ലി,
ഹേ സുഹൃത്തേ, നിന്നിൽ നിന്നാണ്
ഞാൻ ഉയിരേറ്റതെങ്കിലും
നിന്നിലെ രസമുകുളങ്ങൾക്ക് ഉൾപുളകമേറ്റിയ മധുരങ്ങളെല്ലാം
എനിക്ക് കുടിച്ചിറക്കാനാകാത്ത
ചവർപ്പുനീരാകുന്നു.
നിന്നിൽ കുളിരായ സ്നേഹസല്ലാപത്തിൻ വർഷകാലങ്ങൾ എന്റെ കണ്ണിൽ പെയ്യാതെ മരവിച്ചു നീലിച്ച
കാർമേഘ തിരകളാകുന്നു.
എന്റെ ഹൃദയത്തിലേക്ക്
ഒരു ജാരനെ പോലെ ഒളിച്ചു കടന്ന
നിന്റെ നീരാളി കൈകൾ,
എന്നാത്മാവിനുണ്ണാൻ പാഴ്സ്മൃതികൾ തൻ അരക്കുമ്പിൾ മിഴിനീരു നൽകി
എന്റെ ഹൃദയഭിത്തികളെ
വരിഞ്ഞു മുറുക്കി തുടങ്ങുമ്പോൾ,
നീയറിയാതെ ഞാൻ മാഞ്ഞു പോകുന്നു,
നീയറിയാതെ ഞാൻ മരണമാകുന്നു.
അഖിൽ ജയചന്ദ്രൻ.

No comments:
Post a Comment