Thursday, November 27, 2025

പുതിയ പുലരികൾ

പുതിയ പുലരികൾ

ശവനാറി പൂക്കൾ ശിരസ്സിൽ ചൂടി, നോഹയുടെ പെട്ടകത്തിന്റെ അകത്തളങ്ങളിൽ രക്തദാഹികളായി,
കാലപങ്ങൾക്കു കോപ്പ്കൂട്ടുന്ന വിശ്വാസസംരക്ഷണ പോരാളികളെ...

ജീവിതപടനിലങ്ങളിൽ നിന്ന്
ഒളിച്ചോടിയ സാധുജനങ്ങൾ,
തളർന്നുറങ്ങുന്ന കൂടാരങ്ങളിൽ ചെന്നു  
മറ്റൊരു അശ്വത്ഥാമാവാകാതിരിക്കുക.
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ചിറകടിച്ചുയരുന്ന നവവീഥികളിൽ
പുതുരക്തം ചിന്തിചുവപ്പിക്കാതിരിക്കുക.

നാളെയുടെ പുലരികളിൽ, ചുണ്ടിൽ
പുതിയൊരു യുഗപിറവിയുടെ വിളംബരഗാനവുമായി,
ഉയരങ്ങൾ താണ്ടി നീലവാനിൽ
അവരും പറന്നുയരട്ടെ...
മതിലുകളില്ലാതെ,
ഇനിയൊരു അതിരുകളില്ലാതെ.

അഖിൽ ജയചന്ദ്രൻ

Wednesday, September 3, 2025

അകവാതിലുകൾ

മാറാല പിടിച്ച, മറവിയുടെ നരിച്ചീറുകൾ

കൂടു കൂട്ടിയ അകവാതിലുകൾ

ഞാനിപ്പോൾ തുറക്കാറില്ല.

അന്നൊരിക്കൽ സൂര്യനെപോൽ

ജ്വലിച്ചിരുന്ന പ്രണയത്തിൻ

ക്ലാവ് പിടിച്ച ഓർമ്മകളുടെ ചിതാഭസ്മം 

പുണ്യതീർത്ഥങ്ങളിൽ ഒഴുക്കാതെ 

ഞാൻ മാറ്റിവച്ചത്,

അവിടെയൊരു കോണിൽ 

പൊടി പിടിച്ചൊരു മൺകുടത്തിൽ

കാലത്തിന്റെ കണ്ണേറ് കൊള്ളാതെ 

വെറുപ്പിന്റെ കരിദിനങ്ങളാചരിക്കാതെ 

നിരാശയുടെ നെടുവീർപ്പുകളില്ലാതെ 

വീണ്ടുമൊരു പുനർജനിയുടെ

അലയൊലികൾക്ക് കാതോർത്ത്

ഇന്നും കത്തിരിപ്പുണ്ട്

പെയ്യാൻ മറന്നൊരു മഴയേയും കാത്ത്.

Saturday, July 26, 2025

ഗുൽമോഹർ പൂക്കുമ്പോൾ

ഗുൽമോഹർ പൂക്കുമ്പോൾ.


ഉച്ചകഴിഞ്ഞിരിക്കുന്നു. ഇനിയും വൈകിയാൽ ഭക്ഷണം കിട്ടില്ല. എത്ര നേരമായി ഈ മീറ്റിങ് തുടങ്ങിയിട്ട്? ഞാൻ അക്ഷമയോടെ വാച്ചിലേക്ക് നോക്കി. ഫോൺ കാറിൽ വെച്ച് മറന്നതുകൊണ്ട് ആ  ശല്യമില്ല എന്ന സമാധാനമുണ്ട്. ഇടയിലെവിടെയോ ഒരു നിമിഷം എല്ലാരും നിശബ്ദമായപ്പോൾ  വേറെയൊരു  ക്ലൈൻഡ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു ഞാൻ പതുക്കെയാ  ഓൺലൈൻ മീറ്റിംഗിൽ നിന്നും എക്സിറ്റ് ആയി. വിശന്നു കുടല്  കരിയുന്ന സമയത്താണ് ഒരു കാര്യവുമില്ലാത്ത മീറ്റിങ്. ലിഫ്റ്റിൽ കയറി താഴെ പാർക്കിങ്ങിലേക്ക് ഇറങ്ങി, കാറിൽ നിന്നും ഫോൺ എടുത്ത് ഭക്ഷണം കഴിക്കാനായി വലിഞ്ഞു നടന്നു.

 

 ചൂട് അൻപത് ഡിഗ്രിയൊക്കെ കഴിഞ്ഞ് കാണും. കാർ എടുത്ത് പാർക്കിംഗ് തപ്പി നടക്കുന്ന സമയം മതി 'കാലിക്കറ്റ്‌ ഷെഫ്' ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു വരാൻ എന്നുള്ള ഒരൊറ്റക്കാരണം കൊണ്ട് ചൂട് വകവയ്ക്കാതെ വേഗം നടന്നു. സ്ഥിരമായി വരുന്നവർക്ക്  കൊടുക്കുന്ന ചിരിയോടെ  എന്താ വേണ്ടത് എന്ന് പോലും ചോദിക്കാതെ അതെല്ലാം അറിയാമെന്ന ഭാവത്തിൽ സ്റ്റാഫ് ഇല ഇട്ടു. ചൂട് ചോറും സാമ്പാറും ചമ്മന്തിയും തോരനും അവിയലും, കൂടെ നാല് പപ്പടവും.  കുറെ നാളുകളായി ഇതാണ് ഉച്ചഭക്ഷണശീലം.  

 

പകുതി കഴിച്ചു  കഴിഞ്ഞപ്പോൾ ഫോണിന്റെ ലോക്ക് തുറന്നു. കുറെ മിസ്സ്ഡ് കാൾസ്. അധികവും ഒഫീഷ്യൽ ആണ്, പിന്നെ പഴയ പ്ലസ് ടു ഫ്രണ്ട് ശ്രീരാഗിന്റെയും. അവൻ ഓഫീസിൽ ഇരുന്നു ബോർ അടിക്കുമ്പോൾ ഇടക്കിടക്ക് ഇങ്ങനെ വിളിക്കും. പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു നൊസ്റ്റാൾജിയ അടിപ്പിക്കാൻ. പിന്നെ പതുക്കെ വാട്സാപ്പ്  തുറന്നു ഏതോ ഇന്ത്യൻ നമ്പറിൽ നിന്നും വന്ന മെസ്സേജ്  ഡിലീറ്റ് ചെയ്തിരിക്കുന്നു. വല്ല സ്പാം നമ്പറും ആണെന്ന് കരുതി  കഴിഞ്ഞ രണ്ടു തവണ ഇതേ പോലെ കണ്ടപ്പോഴും ഒഴിവാക്കി വിട്ടതാണ്. ആ നമ്പർ ബ്ലോക്ക്‌ ചെയ്യാനുള്ള നീക്കത്തിനിടയിൽ മനസ്സിൽ എന്തോ തടഞ്ഞു. രണ്ടും കൽപ്പിച്ച് മെസ്സേജ് ഇട്ടാലോ  എന്ന് കരുതിയപ്പോളേക്കും "May I know who is this?"   എന്ന് ഇടത് കൈവിരലുകൾ വളരെ ഫാസ്റ്റ് ആയി ടൈപ്പ് ആക്കിയിരുന്നു! നീല ടിക്ക് വീഴുന്നവരെ കാത്തിരിക്കാനുള്ള സമയം ഇല്ലാത്തതുകൊണ്ട്, വേഗം ഫോൺ മാറ്റി കൊണ്ട് ഭക്ഷണം കഴിച്ചു തീർത്തു.

 

ഓഫീസിലെത്തി തിരക്കിലേക്ക് ഊളിയിട്ടപ്പോൾ അടുത്ത മെസ്സേജ് പോപ്പ് അപ്പ്‌ ആയി.  "Aakash?". 

 

ഓഹ് അപ്പൊ എന്നെ അറിയുന്ന ആരോ ആണ് " yes. " എന്ന് മറുപടി അയച്ചു ഫോൺ മാറ്റി വച്ച് വീണ്ടും ജോലി തിരക്കിൽ മുഴുകി പിന്നെ അതിനു  ശേഷം അന്ന് വേറെ മെസ്സേജ് ഒന്നും വന്നില്ല.

 

ജോലി കഴിഞ്ഞ്  റൂമിലെത്തി വീട്ടിലേക്ക് ഉള്ള പതിവ് വിളിയും കഴിഞ്ഞു  വീണ്ടും മെസ്സേജ് നോക്കിയപ്പോളാണ്  ആ നമ്പറിന്റെ പ്രൊഫൈൽ ഫോട്ടോ ശ്രദ്ധിച്ചത്  മുഖം പാതി മറച്ച സ്ത്രീ. ഇതിപ്പോ ആരാണാവോ മെസ്സേജ് അയക്കാൻ ഒരു സ്ത്രീ ജന്മം?  ആ നമ്പർ "Who?" എന്ന പേരിൽ സേവ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ വെറുതെ റീൽസ് നോക്കിയിരിക്കുമ്പോഴാണ്  അടുത്ത മെസ്സേജ്  വന്നത്. 

 

"പ്രൊഫൈൽ ഫോട്ടോ നന്നായിട്ടുണ്ട്.."

 

"സോറി ആരാണ് എന്നെനിക്ക് മനസ്സിലായില്ല. എന്നെ എങ്ങിനെ അറിയാം?"

 

മറുപടിയായി വന്നത് പ്ലസ്ടു കാലത്തെ ഒരു ക്ലാസ്സ്‌ ഫോട്ടോ. 

 

"ഇതിലുണ്ട് നമ്മൾ രണ്ടു പേരും" 

 

എട്ട് ഒൻപത് കൊല്ലം പഴക്കം ഉള്ള ഫോട്ടോ. പൊടിമീശയൊക്കെ ആയി തോമസ് മാഷുടെ അടുത്ത് നിൽക്കുന്ന കുപ്പികണ്ണടയാണ് ഞാൻ. ഒരുവിധം ബോയ്സ് ആയി എല്ലാം ഇപ്പോളും കണക്ഷൻ ഉണ്ട്. പക്ഷെ ഇത് ആരാകും? വല്ലവരും കല്യാണം വിളിക്കാനോ മാറ്റോ ആകും ചിലപ്പോൾ. 

 

"എന്നെ മനസ്സിലായി. പക്ഷ താങ്കൾ ആരാണെന്ന് മനസിലായില്ല?"

 

"എന്നെ ആകാശിന് അറിയാം. നമ്മൾ തമ്മിൽ നല്ല പരിചയം ഉണ്ട്. പ്ലസ് ടു വിലെ സ്കൂൾ ഇലക്ഷൻ ഓർമ ഉണ്ടോ? 

 

"പിന്നേ അന്നത്തെ സ്കൂൾ ലീഡർ ഞാൻ ആയിരുന്നല്ലോ?"

 

"യെസ്, അത് ബോയ്സ്ന് എഗ്ഗ് പഫ്  വാങ്ങി കൊടുത്ത് ആയതല്ലേ?  അന്നത്തെകാലത്തു സ്റ്റാർ ബേക്കറിയിലെ എഗ്ഗ് പഫും ലൈം ജ്യൂസും വയറു നിറയെ വാങ്ങിത്തരാം എന്ന് പറഞ്ഞാൽ ആരും ആർക്കും വോട്ട് ചെയ്യും. അങ്ങിനെ ജയിച്ചത് അല്ലേ?"

 

ഇമോഷണൽ ഡാമേജ്. ഞാൻ മനസ്സിൽ പിറുപിറുത്തു. പിന്നെ കണ്ണ് തള്ളുന്ന സ്മൈലി മാത്രമായി മറുപടി ഒതുക്കി.

 

എന്നാലും പേര് പറയാതെ ചുറ്റിക്കുന്ന ഈ കുരിപ്പ്  ഏതാണോ  എന്തോ?!

 

വീണ്ടും പ്ലസ്ടു ഫോട്ടോ സൂം ചെയ്ത് നോക്കി, അന്ന് കാണാൻ വലിയ ഗ്ലാമർ ഉള്ള പെൺകുട്ടികൾ ഒന്നും ആ ക്ലാസ്സിൽ ഇല്ലയിരുന്നല്ലോ. ഇനിയിപ്പോ വല്ലവന്മാരും പണി തരാൻ ചെയ്യുന്നതായിരിക്കുമോ?

 

"ഇയാളുടെ പേരെന്താ, ഈ ഫോട്ടോയിലെ  ആരാ ഇയാൾ?" രണ്ടും കൽപ്പിച്ചു ചോദിച്ചു.  തിരികെ,  ചിരിക്കുന്ന സ്മൈലി മാത്രം മറുപടി.  എന്തായാലും ഇത് പെണ്ണ് തന്നെ. ഒരുപാട് ഫേക്ക് പ്രൊഫൈൽസ് കൈകാര്യം ചെയ്ത എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് ആണുങ്ങൾ ഇങ്ങനെ അല്ല മറുപടി ഇടുക എന്നറിയാം.

 

"ആ ഫോട്ടോയിലെ സെക്കന്റ്‌ റോയിൽ  തനിക്ക് നേരെ പിന്നിൽ നിൽക്കുന്ന ആളെ ഓർമ്മ ഉണ്ടോ?. ഞാൻ ഫോട്ടോ സൂം ചെയ്ത് നോക്കി. ഈശ്വരാ! ചിൻമയി!! 

 

"ചിൻമയി??!!"

 

"യെസ്. അപ്പൊ എന്നെ ഓർമയുണ്ട്?"

 

മനസ്സൊന്നു പിടച്ചു. ഇലക്ഷൻ സമയത്ത് എതിരാളി ആയി മത്സരിച്ച കുട്ടി. ആർട്സിലും സ്പോർട്സിലും എല്ലാം തന്നെക്കാൾ കേമി. പോരാത്തതിന് പഠിപ്പിസ്റ്റും അത്യാവശ്യം സുന്ദരിയും എല്ലാവരോടും നല്ല രീതിയിൽ പെരുമാറ്റവും പിന്നെ  രാമകൃഷ്ണൻ മാഷുടെ മോളും. പോരെ ഇലക്ഷൻ ജയിക്കാൻ?. അപ്പോളാണല്ലോ ഞാൻ എഗ്ഗ് പഫ് ഓഫർ ചെയ്ത് വോട്ട് മറിക്കുന്നത്.

 

ഇലക്ഷന്റെ തലേ ദിവസം. സ്കൂളിന്റെ നീളൻ വരാന്തയിലൂടെ നടന്നു പോകുന്ന സമയത്ത് ചിൻമയിയുടെ ബുക്കിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ താഴെ വീണു. അവളുടെ  പിന്നിൽ നടന്നിരുന്ന ശ്രീരാഗ് അത് വീണ ഉടനെ ഓടിച്ചെന്നെടുത്തു. പിന്നെ ഞങ്ങൾ രണ്ടുപേരും അത് വായിച്ചു.  നീലമഷി പേന കൊണ്ട് അച്ചടിച്ച പോലെ അക്ഷരങ്ങൾ. 

 

'നമ്മുടെ സ്‌കൂൾ ഗേറ്റിലേക്കുള്ള നടവഴിയലെ രണ്ടു വശത്തും പൂത്തു നിൽക്കുന്ന ഗുൽമോഹർ മരങ്ങളെ ഇക്കിളിയിട്ട് ചിരിപ്പിച്ചു കൊണ്ട് കുന്നിറങ്ങി വരുന്ന കാറ്റിൽ വീണു കിടക്കുന്ന ചുവന്ന പൂക്കൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ?  ആ പൂക്കൾക്ക് എപ്പോഴും പ്രണയത്തിന്റെ ഭാവം അല്ലേ? എങ്ങിനെ ആണ് പറയേണ്ടത് എന്നറിയില്ല.  മുകളിലേക്ക് നോക്കുമ്പോൾ തെളിഞ്ഞ നീലാകാശത്ത് ചുവപ്പ് രാശി വീശി നിൽക്കുന്ന ഗുൽമോഹർ പോലെ. എന്റെ ഹൃദയത്തിലെ പ്രണയത്തിന്റെ ചുവപ്പ് നിറമാണ് നീ. ഇഷ്ടമാണ് നിന്നെ ഒരുപാട്. എപ്പോളെങ്കിലും മറുപടി പറയണം.

 

ചിൻമയി'

 

"ഇതവൾ ആർക്കോ എഴുതിയ ലവ് ലെറ്റർ ആണല്ലോടാ? ഇവൾ ആള് കൊള്ളാമല്ലോ" ശ്രീരാഗ് ന്റെ കമന്റ്. 

 

"അവളെ വിളിച്ചു നിർത്തി തിരിച്ചു കൊടുത്താലോ?" ഞാൻ ചോദിച്ചു.

 

"വേണ്ടടാ. നാളെ ഇലക്ഷൻ കഴിഞ്ഞ് കൊടുക്കാം. ഇത് വെച്ച്  പേടിപ്പിച്ചു നമുക്ക് അവളെ കൊണ്ട്  നോമിനേഷൻ പിൻവലിപ്പിച്ചാലോ? " ശ്രീരാഗിന്റെ   വളഞ്ഞ ബുദ്ധി. 

 

"അതൊന്നും വേണ്ടടാ. റിസ്ക് ആണ്. അത് അവിടെ തന്നെ ഇട്ടേക്കാം. നമുക്ക് ഇതെന്തിനാ?"

 

പക്ഷെ, ശ്രീരാഗ്  എൻറെ വാക്കുകൾ വകവെക്കാതെ ആ ലെറ്റർ പോക്കറ്റിൽ തിരുകി നടന്നു.

 

ഇലക്ഷൻ കഴിഞ്ഞു. ബാലറ്റ് പേപ്പർ  എണ്ണിക്കഴിഞ്ഞു. ജയിക്കുമോ തോൽക്കുമോ എന്ന ടെൻഷൻ. 

 

"നീ ജയിക്കും നോക്കിക്കോ. എഗ്ഗ് പഫ്നുള്ള പൈസ കയ്യിൽ ഉണ്ടല്ലോ ല്ലെ?"

 

ശ്രീരാഗ് ഭയങ്കര പ്രോത്സാഹനം തന്നു കൊണ്ടിരുന്നു.  റിസൾട്ട്‌ വരുന്നതിനു മുന്നേ സ്കൂളിലെ പ്യൂൺ ഗോപാലേട്ടൻ ക്ലാസിൽ വന്നു. "ചിൻമയിയെ പ്രിൻസിപ്പൽ വിളിക്കുന്നു"  എന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോയി.

 

"അവൾ ജയിച്ചെന്നു തോന്നുന്നെടാ!"

 

ഞാൻ അടുത്തിരുന്ന ശ്രീരാഗിനോട്  പറഞ്ഞു. അവൻ ഒന്നും പറയാതെ മൂളി പാട്ടും പാടി ഇരുന്നു. റിസൾട്ട്സ് അനൗൺസ് ചെയ്യാൻ സ്കൂൾ ഓഡിറ്റോറിയത്തിലേക്കു സ്റ്റുഡന്റസിനെ എല്ലാം വിളിച്ചു. റിസൾട്ട്‌ അനൗൺസ്ചെയ്തു. ഞാൻ ജയിച്ചു സ്കൂൾ ലീഡർ ആയി. കരഞ്ഞു കലങ്ങിയ കണ്ണുമായി ചിൻമയി സ്കൂൾ വിട്ടു പോകുന്നത് കണ്ടപ്പോൾ  വിജയശ്രീലളിതനായി നിന്ന ഞാൻ ശ്രീരാഗിനോട് പറഞ്ഞു 

 

"ചിൻമയിക്ക്  തോറ്റതിൽ നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു കരഞ്ഞു കൊണ്ടാണ് പോകുന്നത്" 

 

"അതൊന്നുമല്ലടാ ഞാൻ അവൾക്ക് ഒരു പണി കൊടുത്തിട്ടുണ്ട്"

 

എന്റെ കണ്ണ് തള്ളി. "നീ എന്താ ചെയ്തത്?"  

 

"എനിക്ക് വലുത് നിന്റെ ലൈമും മുട്ട പഫ്സും ആണ്. അതോണ്ട് അവൾ ജയിക്കാതിരിക്കാനും ഇനി ജയിച്ചാലും വല്ലാതെ ആളാവണ്ട എന്നും വിചാരിച്ചു ആ ആ ലെറ്റർ ആരും കാണാതെ പ്രിൻസിപ്പാളിന്റെ ഓഫീസിനു മുന്നിലെ നോട്ടീസ് ബോർഡിൽ ഇട്ടു! അത് പിള്ളേരും ടീച്ചേഴ്സും ഒക്കെ കണ്ടാൽ പിന്നെ അവളുടെ കാര്യത്തിൽ തീരുമാനമാകുമല്ലോ. കൈക്ഷരം കണ്ടാൽ എല്ലാവർക്കും മനസ്സിലാകും അവൾ എഴുതിയാതാണെന്ന്. അതുകൊണ്ട് അവൾക്കു ഒരു രീതിയിലും രക്ഷപ്പെടാൻ പറ്റില്ല..അവളുടെ ഗുൽമോഹർ പ്രണയം.. അല്ലേലും എനിക്ക് അവളെയും അവളുടെ അച്ഛൻ രാമകൃഷ്ണൻമാഷെയും തീരെ  ഇഷ്ടമല്ല!!"

 

എന്തോ വലിയ കാര്യം ചെയ്ത പോലെയാണവൻ പറയുന്നത്. എന്നാൽ എനിക്കതിനോട് യോജിക്കാൻ കഴിഞ്ഞില്ല. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളതുകൊണ്ട് ഞാൻ ആ വിഷയം വിട്ടു.

 

ഒരാഴ്ച്ച കഴിഞ്ഞാണ് പിന്നെ ചിൻമയി സ്കൂളിൽ വരുന്നത്. ആൾ ഭയങ്കരമായ നിശബ്ദതയിൽ ആയിരുന്നു. അങ്ങിനെ ഒരാൾ ആ ക്ലാസ്സിൽ ഉണ്ടെന്നു തന്നെ ആർക്കും തോന്നാത്ത രീതിയിൽ ഒന്നും മിണ്ടാതെ, പഠനത്തിൽ മാത്രം ശ്രദ്ധിച്ച്, ബാക്കി ആർട്സും, സ്പോർട്സും ഏല്ലാ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസും ഉപേക്ഷിച്ച് മിക്കവാറും സമയം ഏതെങ്കിലും പുസ്തകം തുറന്നു വച്ച് ഒറ്റക്ക് ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങി കൂടി....

 

ശ്രീരാഗ് ആ ഗുൽമോഹർ കഥ പല രീതിയിൽ പലരോടും പല സ്ഥലത്ത് നിന്നും കേട്ട രീതിയിൽ നിഷ്കളങ്കതയോടെ അവതരിപ്പിച്ചു കൊണ്ട് നടന്നു. പലരും പല അർത്ഥങ്ങളോടെയും ചിരിയോടെയും അവളെ കളിയാക്കി കൊണ്ട് നടന്നിരുന്നു. ഇടക്കൊക്കെ എനിക്ക് അവളെ കാണുമ്പോൾ ചെറിയ കുറ്റബോധം തോന്നാറുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ പലരും പല വഴിക്കായി. പിന്നെ ഇതാ ഇപ്പോൾ ആണ് ഞാൻ അവളെക്കുറിച്ച് ഓർക്കുന്നത്.

 

വാട്സാപ്പിൽ മിസ്സ്ഡ് കാൾ വരുന്നു. ചിൻമയി.

 

"അവിടെ ഉണ്ടോ? ഇനിയുമെന്നെ മനസ്സിലായില്ലേ?"

 

"പറയൂ ചിൻമയി. മനസ്സിലായി. ആരാ എന്റെ നമ്പർ തന്നത്?"

 

"ഞാൻ ശ്രീരാഗിനെ കണ്ടിരുന്നു. അപ്പൊ മേടിച്ചതാണ്. എങ്ങിനെയുണ്ട് ജോലിയൊക്കെ? ഇനിയെന്നാണ് നാട്ടിലേക്ക്?" 

 

"ഒരു മാസം കൂടി കഴിയണം. പിന്നെ ഇയാൾക്ക് സുഖാണോ? എവിടെയാണ് ഇപ്പൊ?  ഞാൻ ആരുമായും വലിയ കോൺടാക്ട് ഒന്നും ഇല്ല അതോണ്ട് നാട്ടിലെ വിശേഷങ്ങൾ ഒന്നും അറിയാറില്ല"

 

"സുഖാണ്, ഞാൻ ഒരാഴ്ച ആയി ദുബായിലുണ്ട്. ഒരു പ്രൊജക്റ്റ്‌ വർക്ക്‌ ആയി വന്നതാണ്, നാളെ നൈറ്റ്‌ പോകും"

 

"ആണോ!! എവിടെയാണ് സ്റ്റേ?" പിന്നെയും എന്തൊക്കെയോ സംസാരിച്ചു അവസാനം ചിൻമയിയുടെ ലൊക്കേഷൻ വാങ്ങി കാൾ കട്ട് ചെയ്യുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഭാരം.

 

അടുത്ത ദിവസം രാവിലെ അവൾ താമസിക്കുന്ന ഹോട്ടലിലേക്ക് പോകുമ്പോൾ ആകാശം നീല നിറമായിരുന്നു. റോഡരികിൽ പൂത്തു നിൽക്കുന്ന ഗുൽമോഹർ പൂക്കൾ അവളുടെ കത്തിലെ വരികൾ ഓർമിപ്പിച്ചു.

അപ്പോൾ ശ്രീരാഗിന്റെ കാൾ 

 

"എന്താടാ? ഡ്രൈവ് ചെയ്യാണ്, അത്യാവശ്യമാണോ?"

 

"അതേ, നീ ആ വണ്ടി ഒന്ന് പാർക്ക്‌ ചെയ്ത് എന്നെ തിരിച്ചു വിളിക്ക് അത്യാവശ്യമാണ്. ഇന്നലെയും വിളിച്ചിരുന്നു ഞാൻ നീ ഫോൺ എടുത്തില്ല!"

 

വണ്ടി ചിൻമയി താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലെ പാർക്കിങ്ങിലേക്ക് നിർത്തി അവൾക്ക് മെസ്സേജ് ഇട്ടു. 

 

"ഞാൻ ഇവിടെത്തി" 

 

എന്നിട്ടാണ് ശ്രീരാഗിനെ തിരിച്ചു വിളിച്ചത്.

 

"എന്താ ടാ..?"

 

"എടാ നിനക്ക് ഒരു കാര്യം അറിയണോ? നമ്മടെ കൂടെ പഠിച്ച ചിൻമയിയേ ഓർമ്മയില്ലേ? മറ്റേ.. പ്ലസ് ടു. ഇലക്ഷൻ, നോട്ടീസ് ബോർഡ്‌. ഗുൽമോഹർ പ്രണയം? അവളെ ഞാൻ കണ്ടിരുന്നു. ഇവിടെ ദുബൈയിൽ ഉണ്ട്. നിന്റെ നമ്പർ മേടിച്ചിരുന്നു"

 

"ഓക്കേ. എന്നിട്ട്?"

 

"എടാ, അന്നവൾ എഴുതിയ ആ കത്ത്, അത് നിനക്കുള്ളതായിരുന്നു. നീയാണെടാ അവളുടെ ആ ഗുൽമോഹർ!!!!.. അവൾ നിന്നെ കാണണം എന്ന് പറഞ്ഞാരുന്നു. നിന്നെ വിളിച്ചോ?" 

 

മറുതലക്കൽ പിന്നെയും അവൻ എന്തൊക്കോയെ പറയുന്നുണ്ടായിരുന്നു ആ  ശബ്ദം നേർത്തു നേർത്തു വരുന്നു. അപ്പോൾ ആ ഹോട്ടലിന്റെ മുൻവശത്തെ വാതിലിലൂടെ ഗുൽമോഹറിന്റെ നിറമുള്ള സാരിയിൽ നിറഞ്ഞ ചിരിയോടെ കയ്യിൽ ഫോണുമായി അവൾ ഇറങ്ങി വരുന്നുണ്ടായിരുന്നു. 

 

ഞാനപ്പോൾ കണ്ടത് കാറിന്റെ ഗ്ലാസ്സിലൂടെ നീലനിറമുള്ള  ആകാശത്ത് ഗുൽമോഹറിന്റെ ചുവപ്പ് രാശി തെളിഞ്ഞു വരുന്ന പ്രതിബിംബം ആയിരുന്നു.

 

അഖിൽ ജയചന്ദ്രൻ