Friday, January 30, 2026

ഫ്രൈഡേ നൈറ്റ്

"രാത്രി 12 മണിയായപ്പോഴേക്കും തണുത്തുറഞ്ഞു പോയിരിക്കുന്നു ദുബായിലെ മരുഭൂമികൾ. ആദ്യമായാണ് ജനുവരി മാസത്തിൽ ഇവിടെ ഇത്രയും തണുപ്പ്‌, നിങ്ങൾ കൂടെ ഇല്ലായിരുന്നെങ്കിൽ ഈ വെള്ളിയാഴ്ച രാത്രിയിൽ ഞാൻ ഈ ബാൽക്കണിയിൽ നിന്നും  ശൈത്യകാലത്തിന്റെ കല്ലേറ് കൊണ്ടു മരവിച്ചു പോയേനെ"  ഇടതു കയ്യിലെ പകുതി കാലിയാക്കിയ  ഗ്ലാസ്സിലെ മദ്യത്തോടും,വലതു കയ്യിലെ എരിയുന്ന സിഗരറ്റിനോടും  ലഹരി തലക്കു പിടിക്കുമ്പോൾ മാത്രം പിറവിയെടുക്കുന്ന അവനിലെ  വാരാന്ത്യ സാഹിത്യകാരൻ തെല്ലുറക്കെ പിറുപിറുത്തു.


തണുത്ത കാറ്റ് സിരകളിൽ നുരയുന്ന ഉന്മാദലഹരിയോട് കൂടി ചേർന്നു ശരീരത്തിലേക്ക് അരിച്ചിറങ്ങുമ്പോഴും അവന് ആ ബാൽക്കണിയിൽ നിന്നും പോകാൻ തോന്നിയില്ല. വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ആ അന്തരീക്ഷത്തിന്ന്.


തന്നെ പോലെ തിരക്കുകളും, ധൃതിയുമൊന്നുമില്ലാതെ ഈ തണുപ്പും  ആസ്വദിച്ച് ബാൽക്കണികളിൽ ഈ സമയത്തു നിൽക്കുന്ന മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന ചിന്തയാണ് അവനെ ഓരോ ബാൽക്കണിയിലെക്കും സസൂക്ഷ്മം കണ്ണെറിയാൻ പ്രേരിപ്പിച്ചത്.

അപ്പുറത്തെ ഫ്ലാറ്റുകളിലെ ബാൽക്കണികളിൽ ചിലതിലെല്ലാം ലൈറ്റ് തെളിഞ്ഞു കിടക്കുന്നുണ്ട്, ചിലതിൽ ഇടക്ക് ആൾക്കാർ വന്നു പോകുന്നു. ചില ബാൽക്കണികളെല്ലാം ഉടമകൾ ഉപേക്ഷിച്ചു അനാഥമായി കിടക്കുന്നു. ഓരോ ബൽക്കണിക്കു പിന്നിലും ഒരുപാട് ജീവിതങ്ങൾ മിന്നിമറയുന്നു. ഫ്‌ളാറ്റിന് മറു വശത്തുള്ള റോഡിൽ അപ്പോഴും വാഹനങ്ങൾ ഇടതടവില്ലാതെ ഓടി കൊണ്ടിരിക്കുന്നുണ്ട്. 


ഈ നഗരം ഒരിക്കലും ഉറക്കമില്ലാതെ,കലപില സംസാരിച്ചു കൊണ്ട്, നിരന്തരം ചലിച്ചു കൊണ്ടേയിരിക്കുന്ന ഒരു വികൃതി കുട്ടിയെ പോലെയാണ് എന്നവന് തോന്നി


റോഡിനപ്പുറം മൂന്നാമത്തെ ഫ്ലാറ്റിലെ 3rd ഫ്ലോറിലെ ലൈറ്റിടാത്ത ഒരു ബാൽക്കണിയിൽ നിന്നും തന്നെ നോക്കി നിൽക്കുന്ന ആ സ്ത്രീയെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. അവളുടെ ബാൽക്കണിയിൽ ലൈറ്റില്ലായിരുന്നെങ്കിലും, അവളുടെ മുഖം നിലാവിന്റെ പാൽവെളിച്ചത്തിൽ അവന് വ്യക്തമായി കാണാമായിരുന്നു. കാറ്റത്തു പാറി കളിക്കുന്ന അഴിഞ്ഞു കിടക്കുന്ന മുടിയിഴകളെ ഒട്ടും ശ്രദ്ധിക്കാതെ, തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന ആ സുന്ദരിയായ സ്ത്രീ ആരായിരിക്കും?


അവളുടെ കണ്ണുകളിൽ എന്തോ വിഷാദം തളം കെട്ടി കിടക്കുന്നുണ്ടെങ്കിലും മുഖം കാറും കോളും പെയ്തിറങ്ങിയ ആകാശം പോലെ  ശാന്തമായിരുന്നു. ആ മുഖം എവിടെയോ കണ്ടു മറന്ന പോലെ. അവൻ ഓർത്തെടുക്കാൻ നോക്കി,കഴിയുന്നില്ല. കയ്യുയുർത്തി ഒന്നു ചിരിച്ചു കാണിച്ചെങ്കിലും അപ്പുറത്ത് നിന്നും പ്രത്യേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഇതു പോലെ പല വാരാന്ത്യ രാത്രികളിലും അവൻ ആകാശം നോക്കി ആ ബാൽക്കണിയിൽ നിന്നിട്ടുണ്ടെങ്കിലും ഇതിനു മുമ്പൊന്നും ആ സ്ത്രീയെ അവിടെ കണ്ടിട്ടില്ല. അപ്പോഴും അവർ അവനെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു. 


പെട്ടന്ന് ഫോൺ റിംഗ് ചെയ്തപ്പോൾ അവന്റെ ശ്രദ്ധ ഫോണിലേക്കു പോയി , ഈ പാതിരാത്രി ആരാണപ്പാ എന്നെ വിളിക്കുന്ന unknown നമ്പർ എന്നു ചിന്തിച്ചു ഫോണെടുത്തു കാൾ ബട്ടൺ അമർത്തുമ്പോഴേക്കും ആ കാൾ നിലച്ചു പോയിരുന്നു. ഫോണിൽ നിന്നും തല ഉയർത്തി നോക്കിയപ്പോഴേക്കും അവൾ ആ ബാൽക്കണിയിൽ നിന്നും അപ്രത്യക്ഷമായിരുന്നു.


ആ unknown നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കാൾ കണക്ട് ആയില്ല. പാതിരാത്രിയിൽ അവിചാരിതമായി  കിട്ടിയ സൗന്ദര്യ ദർശനത്തിന് ഭംഗം വരുത്തിയ ആ unknown കാളേറെ ഒരു മുട്ടൻ തെറിയും പറഞ്ഞു അവസാന പെഗ്ഗും അകത്താക്കി, സിഗരറ്റിന്റെ അവസാന പുകയും ഉള്ളിലേക്ക് എടുത്തു അവൻ ആ ബാൽക്കണിയിലെ തണുത്ത കുളിർ കാറ്റിനു ശുഭരാത്രി നേർന്നു റൂമിലേക്ക് നടന്നു.


പിറ്റേന്ന് രാവിലെ എഴുന്നേറ്റിട്ടും ആ മുഖവും, നോട്ടവും അവന്റെ മനസ്സിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം, എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ല.


ആരായിരിക്കും ആ സുന്ദരി എന്ന ചിന്ത അവനെ അലട്ടി കൊണ്ടേയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞതും അവൻ തന്റെ ബിൽഡിങ്ങിൽ നിന്നും താഴെ ഇറങ്ങി അപ്പുറത്തെ ബിൽഡിങ്ങിലേക്കു നടന്നു അവിടെ റിസപ്ഷനിൽ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. ഫ്ലാറ്റ് നോക്കാനാണെന്ന് പറഞ്ഞപ്പോൾ അയാൾ കൂടെ വന്നു ചില ഫ്ലാറ്റുകൾ കാണിച്ചു കൊടുത്തു.


ഒരുപാട് സംസാരിക്കുന്ന ഒരു പാകിസ്ഥാനി ആയിരുന്നു ആ സെക്യൂരിറ്റി. സംസാരത്തിനിടക്ക് അവൻ അയാളോട് ചോദിച്ചു 


"3rd ഫ്ലോറിൽ റോഡിലേക്ക് ഫേസ് ആയി ബാൽക്കണി ഉള്ള വല്ല ഫ്ലാറ്റും ഒഴിവുണ്ടോ?."


 അവന്റെ മുന്നിലായി നടന്നിരുന്ന അത്രയും നേരം വാചാലായിരുന്ന ആ സെക്യൂരിറ്റി പെട്ടെന്ന് നിശബ്ദനായി തിരിഞ്ഞു അവനെ ഒന്നു നോക്കി. അപ്പോൾ അയാളുടെ മുഖത്തു മിന്നി മറിഞ്ഞ ഭാവങ്ങൾ നിഗൂഢമായിരുന്നു. 


അയാൾ ശബ്ദം വളരെ താഴ്ത്തി അവനോട് ചോദിച്ചു


"സാബ്ജി, ശരിക്കും റൂം നോക്കാൻ വന്നതാണോ?"


"അതെന്താ നിങ്ങൾ അങ്ങിനെ ചോദിച്ചത്?"


അല്ല സാബ്ജി വല്ല CID യും ആണോ എന്ന സംശയം കൊണ്ട് ചോദിച്ചതാ "


"അതെന്താ അങ്ങിനെ ഒരു സംശയം?"


"ഹേയ് ഒന്നുമില്ല വെറുതെ ചോദിച്ചതാ"


ഒരുപാട് നിർബന്ധിച്ചപ്പോഴാണ് പിന്നെ അയാൾ പറഞ്ഞു തുടങ്ങിയത്.

അതും വളരെ പതിഞ്ഞ ശബ്ദത്തിൽ


"അല്ല, ഒരു വർഷം മുൻപ് വരെ ഇടയ്ക്കിടെ പല വേഷത്തിലും ഭാവത്തിലും കുറേ പോലീസുകാരും, CID മാരും എല്ലാം വരാറുണ്ടായിരുന്നു"


  "അതെന്തിനാ?"


"സാബ്ജി ചോദിച്ചില്ലേ ആ 3rd ഫ്ലോറിലെ റോഡിലേക്ക് ഫേസ് ആയിട്ടുള്ള ഫ്ലാറ്റ്, ആ ഫ്ലാറ്റ് കഴിഞ്ഞ 2 വർഷമായി ഒഴിഞ്ഞു കിടക്കുകയാ, അതിനുള്ള കാരണം അറിയണോ?"


ശ്വാസം പതിയെ ഉള്ളിലേക്കെടുത്തു അവരുടെ ചുറ്റിലും ആരുമില്ലെന്നു ഉറപ്പു വരുത്തി അയാൾ പറഞ്ഞു തുടങ്ങി.


"സാബ്ജി, 2 വർഷം മുൻബ് ആ ഫ്ലാറ്റിൽ ഒരു ഭാര്യയും ഭർത്താവും ഹാളിൽ ദുരൂഹമായി മരണപ്പെട്ടു കിടക്കുന്ന നിലയിൽ കാണപ്പെട്ടു. അതും നിലത്തു വീണു കിടക്കുന്ന നിലയിൽ. 


ആരോ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് പോലീസ് പറയുന്നത് പക്ഷേ തൊട്ടപ്പുറത്തെ മുറിയിൽ കുടന്നുറങ്ങിയിരുന്ന അവരുടെ മകൾ ഒന്നും അറിഞ്ഞിട്ടില്ല, ആ കുട്ടി ഒരു ശബ്ദം പോലും കേട്ടിട്ടില്ല. പോലീസ് പഠിച്ച പണി എല്ലാം നോക്കിയിട്ടും ഒരു തെളിവും കിട്ടിയില്ല. അതിനു ശേഷം രണ്ടു മൂന്ന് മാസം കഴിഞ്ഞു ഒരാൾ ആ ഫ്ലാറ്റ് വാടകക്കെടുത്തു താമസിക്കാൻ വന്നു അയാൾ അടുത്ത ദിവസം തന്നെ ആ ഫ്ലാറ്റ് വേണ്ടെന്നു പറഞ്ഞു പോയി. എന്താണ് കാര്യം എന്നൊന്നും പറഞ്ഞില്ല. അതിനു ശേഷം ആ ഫ്ലാറ്റ് ആർക്കും വാടകക്ക്‌ കൊടുത്തിട്ടില്ല. അർബാബ് വന്നു പൂട്ടി താക്കോൽ കൊണ്ട് പോയി"


ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ അവനു ഒരുതരം മരവിപ്പ് ആണ് തോന്നിയത്. ഇതെല്ലാം സത്യമാണോ, അതോ ഇയാൾ ചുമ്മാ തള്ളുന്നതാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ.


അപ്പൊ താൻ ഇന്നലെ കണ്ട സുന്ദരി മദ്യത്തിന്റെ ലഹരിയിൽ തോന്നിയതാണോ? ഹേയ് ഒരിക്കലുമല്ല താൻ വ്യക്തമായി കണ്ടതാണ്, അതോ ഇനി വല്ല പ്രേതവും ആയിരിക്കുമോ, അതുമല്ലേൽ ഈ സെക്യൂരിറ്റിയുടെ തന്നെ വല്ല സെറ്റപ്പും ആകുമോ, കാരണം ഇവൻ പറയുന്നത് മുഴുവൻ വിശ്വസിക്കാനും ആകുന്നില്ല. വല്ലാത്ത ഒരു കൺഫ്യൂസ്ഡ് ആയ അവസ്ഥയിൽ ആയിരുന്നു അപ്പോൾ അവൻ.


അവിടെ നിന്നും തിരിച്ചിറങ്ങി 3rd ഫ്ലോറിലെ ആ ബാൽക്കണിയിലേക്ക് ഒന്നു കൂടി തിരിഞ്ഞു നോക്കി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ അമിത വേഗത്തിൽ ബ്രേക്ക് നഷ്ടമായി എതിരെ വരുന്ന കറുത്ത കാർ അവൻ കണ്ടിരുന്നില്ല. അപ്പോഴും ആ ബാൽക്കണിയിൽ നിന്നും ഇന്നലത്തെ അതെ നോട്ടം അവനിലേക്ക് നീളുന്നുണ്ടായിരുന്നു.


അഖിൽ ജയചന്ദ്രൻ.