Monday, October 4, 2021

പരിഹാസം

നിനക്കായ് പൊഴിഞ്ഞ 
കണ്ണീർ തുള്ളികളുടെ
ഭാരം താങ്ങാനാകാതെ,
അവയെ തടഞ്ഞു 
നിർത്താനാകാതെ
പിടഞ്ഞറ്റുവീണ 
എന്റെ കൺപീലികൾ
എന്നെ നോക്കി
പരിഹസിക്കുന്നു
പിറുപിറുക്കുന്നു...
പ്രാണൻ പോകുന്ന
പ്രണയമായിരുന്നേൽ
പറിച്ചെറിഞ്ഞതെന്തേ
നീ പറഞ്ഞയച്ചതെന്തേ...

അഖിൽ ജയചന്ദ്രൻ

ചുടല

വിരഹത്തിൻ വിത്തിട്ടു പോയി നീ
നീറുമോർമകളാൽ നനവേകി ഞാൻ
നോവിന്റെ മുള പൊട്ടി വേരാഴ്ന്നിറങ്ങി
മൂകമാം മൗനത്താൽ പശിമ നൽകി ഹൃദയത്തിൽ ലാളിച്ചു വളർത്തിയ
നഷ്ട്ടപ്രണയമേ നിന്നിൽ വിരിയുന്ന
ചുവന്ന പൂക്കളാൽ എന്റെ 
ചുടലക്കു നീ കനലൊരുക്കില്ലേ

അഖിൽ ജയചന്ദ്രൻ

ചതുരംഗം

ഞാനേകനായ് തളർന്നുവീണ 
സ്നേഹത്തിന്റെ ചതുരംഗകളത്തിൽ
എന്നെയും തേടി നീ വരുമ്പോൾ
തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയ 
പ്രണയത്തിന്റെ പടചട്ടയിൽ 
തുളവീഴ്ത്തി ആഴ്ന്നിറങ്ങിയ 
വഞ്ചനയുടെ ശരവേഗങ്ങൾ
പാതിജീവൻ ബാക്കിയാക്കി 
എന്നോട് ചെയ്ത ഔദാര്യത്തിൻ
അലങ്കരമായൊരീ ദേഹവും
പേറി ഞാനിവിടെ കാത്തു
കിടക്കാം അവസാനമായി 
നിന്നെയൊരു നോക്ക് കാണാൻ.

അഖിൽ ജയചന്ദ്രൻ

Monday, September 27, 2021

വിളവെടുപ്പ്

ഇനിയുള്ള നാളുകൾ 
തിരക്കാണെനിക്ക്‌
എന്റെ പ്രണയത്തിൻ 
വിളവെടുപ്പുക്കാലം
ആരുമിങ്ങോട്ടെത്തി 
നോക്കാതിരിക്കുക
ഇവിടെ കൊയ്ത്തുപാട്ടില്ല 
വിഷുപക്ഷിയില്ല
ഉന്നംപിടിച്ചെയ്തു വീഴ്ത്തുന്ന
വേടന്റെ കണ്ണിലെ 
ക്രൂരമാം ലഹരിയിൽ
അറുത്തു വച്ച നാവുകളും
ചൂഴ്നെടുത്ത കണ്ണുകളും
നെടുകെ പിളർന്നൊരു
ഹൃദയവും മാത്രം.

അഖിൽ ജയചന്ദ്രൻ

അപേക്ഷ

അപേക്ഷ
-----------

വിജനമാം വഴിയരികിൽ
അണഞ്ഞു പോയ 
തെരുവ് വിളക്കിന്റെ ചോട്ടിൽ
ആരോ ഉപേക്ഷിച്ചു പോയ 
ഒരു അനാഥഹൃദയം കിടപ്പുണ്ട്
ഞാൻ അതൊന്നെടുത്തു
തുറന്നു നോക്കിയപ്പോൾ
ആ ഹൃദയത്തിന്റെ ഉള്ളറകളിൽ പൊതുമാപ്പ് നൽകുന്നൊരിടം,
അവിടെ ഇതുവരെ 
പരിഗണിക്കാതെ ചിതലരിച്ചു 
തുടങ്ങിയ ഒരു മാപ്പപേക്ഷ..
'എന്നെ മറക്കണം' എന്ന്
ഞാൻ നിന്നെ അവസാനം
കണ്ട നാളിലപേക്ഷിച്ചത്...

അഖിൽ ജയചന്ദ്രൻ

Thursday, July 29, 2021

'വന്ദനയുടെ....'

                  'വന്ദനയുടെ....'
                  ---------------------------

"വന്ദനാ, നീ ഞാൻ പറയുന്നതൊന്നു കേൾക്ക്, എനിക്കിനിയുമിങ്ങനെ മുന്നോട്ടു പോകാൻ വയ്യ...ഞാൻ പറഞ്ഞതിനെക്കുറിച്ചു നീ ശരിക്കുമൊന്നു ചിന്തിച്ചു നോക്കൂ...ഇല്ലെങ്കിലെനിക്ക് ഭ്രാന്ത്‌ പിടിക്കും മോളേ... പ്ളീസ് നീയൊന്ന് അനുസരിക്കൂ."

ബാംഗളൂരിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലേ കസ്റ്റമെർ സർവീസ് എക്സിക്യൂട്ടീവ് ആണ് വന്ദന.  അന്ന് രാത്രി പത്തുമണിക്കു നൈറ്റ് ഷിഫ്റ്റിന് കയറി സിസ്റ്റത്തിൽ ലോഗിൻ ചെയ്തു കൊണ്ടാണവൾ വരുണിന്റെ മെസ്സേജ് വായിച്ചത്. 

ആ മെസ്സേജ് വായിച്ചു കഴിഞ്ഞതും തലയിൽ വല്ലാത്തൊരു ഭാരം കയറ്റിവച്ച പോലെയുള്ള അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനനുഭവിക്കുന്ന, ആരോടും പങ്കുവെക്കാൻ കഴിയാത്ത ഈ മാനസികസമ്മർദ്ദം, തന്റെ മനസിനെയും ശരീരത്തെയും വല്ലാതെ തളർത്തുന്നതായി അവൾക്ക് തോന്നി.

"എക്സ്ക്യൂസ്‌ മീ മാഡം"

ആ ശബ്ദമാണവളെ ചിന്തകളിൽ നിന്നുമുണർത്തിയത്. മുന്നിൽ നാൽപത്തഞ്ചു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു ആജാനബാഹു, തമിഴ് സിനിമകളിലെയൊക്കെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം. 

സ്വതസിദ്ധമായ പുഞ്ചിരി മുഖത്തു വരുത്തി അവൾ ചോദിച്ചു. "വെൽക്കം സർ!! പറയൂ അങ്ങേക്ക് എന്തു സഹായമാണ് ഞാൻ ചെയ്യേണ്ടത്"

"നിങ്ങളുടെ വെബ്സൈറ്റ് വഴി ഞാൻ ഇവിടെയൊരു റൂം ബുക്ക്‌ ചെയ്തിരുന്നു."

"സർ, നിങ്ങളുടെ പേരൊന്നു പറയാമോ?"

അയാൾ കൊടുത്ത വിവരങ്ങൾ വച്ച് അയാളുടെ ബുക്കിങ് ശരിയാക്കി റൂം ബോയിയെ വിളിച്ചു കീയും കൊടുത്തു അയാൾക്കു റൂം കാണിച്ചു കൊടുക്കാൻ പറഞ്ഞു വിട്ടു. അപ്പോഴേക്കും മൈബൈലിൽ വീണ്ടും വരുണിന്റെ മെസ്സേജ് വന്നിരുന്നു..

" വന്ദന, നീ പ്രാക്ടിക്കലായി ചിന്തിച്ചു ഒരുപാട് വൈകിക്കാതെ ഒരു തീരുമാനമെടുക്കൂ.

വന്ദനയുടെ മനസ്സിലൂടെ ഒരുപാട് ഓർമ്മകൾ മിന്നിമറഞ്ഞു. എട്ട് വർഷം അതിമനോഹരമായി ആരും കൊതിക്കുന്ന രീതിയിൽ പ്രണയിച്ചതിനു ശേഷമാണ് വരുണുമായുള്ള വിവാഹം കഴിഞ്ഞത്, വിവാഹശേഷം നാല് വർഷം കഴിഞ്ഞിട്ടും അവരുടെ പ്രണയത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല, എല്ലാവരുടെയും കണ്ണിൽ വളരെയേറെ ചേർച്ചയുള്ള, 'മെയ്ഡ് ഫോർ ഈച്ച് അതർ' എന്ന് എല്ലാവരും പറഞ്ഞിരുന്ന
ദമ്പതികളായിരുന്നു അവർ. 

വരുണിന്റെ മെസ്സേജുകൾ വീണ്ടും, വീണ്ടും  വായിക്കുമ്പോൾ വന്ദന ഒരു തീരുമാനമെടുക്കാൻ തന്റെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

ഹോട്ടലിൽ വലിയ തിരക്കും ബഹളവും ഒന്നുമില്ലാതിരുന്ന ആ രാത്രി തീരാറായപ്പോഴേക്കും വന്ദനയൊരു തീരുമാനത്തിൽ എത്തിയിരുന്നു, ഉറച്ചോരു തീരുമാനം. അന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നതിനു മുൻപ് തന്റെ ഡ്യൂട്ടി മാനേജരെ കണ്ട് ഒരാഴ്ച്ചത്തെ ലീവ് ശരിയാക്കി വന്ദന.

ഏതാനും മാസ്സങ്ങൾക്കു ശേഷം വന്ദനയുടെ രണ്ട്‌ സഹപ്രവർത്തകർ തമ്മിലുള്ള  ഒരു ഫോൺ സംഭാഷണം

" ഹലോ രാജേഷ്, ഞാൻ ജോബിയാണ്..
നീ നമ്മുടെ വന്ദനയുടെ കാര്യമറിഞ്ഞോ?"

" ഏത് വന്ദനയുടെ?"

എടാ നിന്റെ നാട്ടുകാരി, കസ്റ്റമർ സർവീസിലുള്ള വന്ദന"

" എന്താ കാര്യം ഞാനൊന്നുമറിഞ്ഞില്ല"

"എടാ അവൾ വിവാഹമോചനം നേടി"

"പോടാ നീ ചുമ്മാ പരദൂഷണം പറയല്ലേ, വന്ദനയെയും, വരുണിനെയും എനിക്ക് നല്ലപോലെ അറിയാം. അവർ നല്ല പരസ്പരധാരണയുള്ള ദമ്പതികളാണ്. അവർ വിവാഹമോചിതരകാൻ യാതൊരു സാധ്യതയുമില്ല".

" എടാ പരദൂഷണമൊന്നുമല്ല, എന്നോട് അവളുടെ ഷിഫ്റ്റിൽ വർക്ക് ചെയ്യുന്ന തമിഴത്തി ലക്ഷ്മിയാണ് പറഞ്ഞത്. അവൾക്ക് കാരണമൊന്നുമറിയില്ല പക്ഷേ രണ്ടുപേരും പരസ്പരധാരണയോടെയാണ് വിവാഹമോചനത്തിന് വേണ്ടി കോടതിയിൽ പോയതെന്നാണ് അവൾ പറഞ്ഞത്."

" എടാ ഇതെനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, കാരണം അവർ അത്രയും സ്നേഹത്തിലായിരുന്നു, അവർ ഒരു വർഷം മുമ്പൊരിക്കൽ എന്റെ വീട്ടിൽ വന്നിട്ടുണ്ട്, അന്നവരുടെ സ്നേഹപ്രകടനം കണ്ടപ്പോൾ ഞാനും ഭാര്യയും അതിനെകുറിച്ചു ഒരുപാട് സംസാരിച്ചിരുന്നു."

"എടാ അതൊന്നുമെനിക്കറിയില്ല, അവളുടെ ഭർത്താവ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറല്ലേ, അവൻ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ഒരുത്തനാ, അപ്പോ ചിലപ്പോളവന് വല്ല ഉടായിപ്പ് ബന്ധവും ഉണ്ടാകും അതവൾ പൊക്കിയിട്ടുണ്ടാകും അതായിരിക്കാം ചിലപ്പോൾ കാരണം."

ആ വാർത്ത രാജേഷിന് വല്ലാത്ത ഷോക്ക് ആയിരുന്നു. രാജേഷുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നു വന്ദന, തന്നെക്കാളും ഒരുപാട് പ്രായകുറവുള്ള കുട്ടിയാണെങ്കിലും തന്റെ നാട്ടുകാരി ആണെന്നത് കൊണ്ടോ എന്തോ രാജേഷിന് അവളോട്‌ ഒരു പ്രത്യേക വാത്സല്യം തോണിയിരുന്നു. പക്ഷേ ഇപ്പോ കുറച്ചായി രണ്ടുപേരുടെയും ജോലി വ്യത്യസ്ത ഷിഫ്റ്റുകളിൽ ആയതുകൊണ്ട് പരസ്പരം കാണാൻ അവസരം ഉണ്ടാകാറില്ല. 

വൈകുന്നേരം വീട്ടിൽ വന്ന് ഭാര്യയോട് വന്ദനയെക്കുറിച്ചു സംസാരിച്ചിരിക്കുമ്പോഴാണ് രാജേഷിന്റെ സുഹൃത്ത് അനൂപ് വിളിച്ചത്. ഫോൺ എടുത്ത്‌ ഹലോ പറഞ്ഞതും അനൂപ് വളരേ ആവേശത്തോടെ ചോദിച്ചു

" അളിയാ നീ നിന്റെ നാട്ടുകാരി വന്ദനയുടെ കാര്യമറിഞ്ഞോ?"

" എന്നോട് ജോബി പറഞ്ഞു, പക്ഷേ അവന് കൂടുതലായി ഒന്നുമറിയില്ലെന്നാണ് പറഞ്ഞത്, നിനക്കറിയാമോ എന്താണ് കാര്യമെന്ന്?"

" എടാ കൃത്യമായി എനിക്കുമറിയില്ല, പക്ഷെ ഇവിടെല്ലാവരും പറയുന്നത് അവൾക്ക് നമ്മുടെ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിലെ ഹിന്ദിക്കാരൻ രൂപേഷുമായി എന്തൊക്കൊയോ ചുറ്റിക്കളി ഉണ്ടായിരുന്നെന്നാണ്. ഡ്യൂട്ടിയിലുള്ളപ്പോൾ അവരെ രണ്ടുപേരേയും എപ്പോഴും ഒപ്പം കാണാറുണ്ട്. ഞാനും പലതവണ പലയിടത്തും വച്ച് അവരെ ഒന്നിച്ചു കണ്ടിട്ടുണ്ട്. പിന്നെ അത് മാത്രമല്ല ഞാനൊരിക്കൽ ഒരാവശ്യത്തിനുവേണ്ടി അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിൽ പോയപ്പോൾ രൂപേഷ് അവളോട്‌ ഫോണിൽ സംസാരിക്കുന്നതു കേട്ടു, അവന്റെ സംസാരത്തിന്റെ രീതി കേട്ടപ്പോഴേ എനിക്ക് എന്തൊക്കോയെ വശപിശക് തോന്നിയതാ, ചിലപ്പോ അവർ തമ്മിലുള്ള വല്ല മെസ്സേജോ അല്ലെങ്കിൽ ഫോൺ വിളിയോ അവളുടെ ഭർത്താവ് കയ്യോടെ പിടിച്ചിണ്ടുണ്ടാകും അതായിരിക്കും കാര്യം"

" എന്തോ എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല"

" എടാ ഞാൻ ഇതിനെക്കുറിച്ചറിയാൻ അവളുടെ ഫ്രണ്ട് ചിത്രയോട് ചോദിച്ചു, അവൾ പക്ഷെ ഒന്നും വിട്ടു പറയുന്നില്ല. നീയെന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ വിളിച്ചു പറ"

അനൂപിന്റെ കാളിന് ശേഷം രാജേഷ് ഭാര്യയോട് സംസാരിക്കുകയായിരുന്നു

"ഇന്നത്തെ കാലത്തെ പിള്ളേർക്ക് പ്രണയവും, വിവാഹവും, വിവാഹമോചനവുമെല്ലാം ഒരു കുട്ടികളി പോലെയായിരിക്കുന്നു. 

വന്ദനയും, വരുണും ഒമ്പതാം ക്ലാസ് തൊട്ടു പ്രണയിച്ചു തുടങ്ങിയവരാ..ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് അവരിവിടെ വരെ എത്തിയത്. എന്നിട്ടിപ്പൊ ഇവർക്കിതെന്തു പറ്റി??.."

" നിങ്ങൾക്കാ കുട്ടിയെ നേരിട്ടൊന്നു വിളിച്ച് അന്വേഷിച്ചൂടെ?"

" അതു ശരിയാവില്ല, കുറെ നാളായിട്ടു ഞാനവളെ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ രണ്ടുപേരും രണ്ടു ഷിഫ്റ്റിൽ ആയതിൽ പിന്നെ അവളുമായി ഒരു കോണ്ടാക്റ്റുമില്ല. പിന്നെയിപ്പോ ഈയൊരു സാഹചര്യത്തിലെങ്ങെനെയാ ഞാൻ അവളെ വിളിക്കുക?"

ഞാൻ ആ ചിത്രയെ ഒന്ന് വിളിച്ചു നോക്കട്ടെ. ജോബിയോടൊന്നും പറഞ്ഞില്ലെങ്കിലും അവൾക്കെന്തെങ്കിലും അറിയാമെങ്കിൽ അവളെന്നോട് പറയും.

രണ്ടാമത്തെ റിങ്ങിൽ തന്നെ ചിത്ര ഫോണെടുത്തു.

" ഹലോ ചിത്ര, ഞാൻ രാജേഷാണ്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"

" ഹലോ രാജേഷ്, എന്താണ് പതിവില്ലാതെ ഒരു ഫോൺ വിളി?"

" ഞാൻ വെറുതെ വിളിച്ചതാ, കുറച്ചായില്ലേ 
നമ്മൾ സംസാരിച്ചിട്ടു."

" രാജേഷ്, എനിക്കറിയാം നീയെന്തിനാ ഇപ്പൊളെന്നെ വിളിച്ചതെന്ന്. കഴിഞ്ഞ രണ്ടു ദിവസമായി നമ്മുടെ ഒരുവിധം സുഹൃത്തുക്കളെല്ലാം എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്, എല്ലാവർക്കുമറിയേണ്ടത് ഒരെയോരു കാര്യം മാത്രം. വന്ദനയുടെ വിവാഹമോചനത്തിന്റെ കാരണം."

" സത്യം പറയാമല്ലോ ചിത്ര, ആ വാർത്ത കേട്ടു വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ഞാൻ. പലരും പല കഥകളാണ് പറയുന്നത്‌ അപ്പോൾ ഞാനോർത്തു നിങ്ങൾ നല്ല സുഹൃത്തുക്കളല്ലേ തന്നോട് ചോദിച്ചാൽ സത്യാവസ്ഥയറിയാമല്ലോയെന്ന്"

" രാജേഷ്, സംഭവം സത്യമാണ്. വന്ദനയുടെ വിവാഹമോചനം കഴിഞ്ഞു. പക്ഷേ യഥാർത്ഥ കാരണം എനിക്കുമറിയില്ല, കഴിഞ്ഞ കുറച്ചു മാസങ്ങളായി അവൾ ഞങ്ങളിൽ നിന്നെല്ലാം ഒരകലം പാലിക്കുന്നുണ്ടായിരുന്നു. ഫോൺ വിളിച്ചാലും സംസാരിക്കാൻ താല്പര്യം കാണിക്കാതെ പെട്ടെന്നെന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും. പിന്നെ പലരും പലതും പറയുന്നുണ്ട്, ഇന്നലെ ഞാൻ റംലയുമായി സംസാരിച്ചപ്പോൾ അവൾ പറഞ്ഞത്, വന്ദനയുടെയും, വരുണിന്റെയും വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞു, അവർ കുട്ടികൾ ഉണ്ടാക്കാത്തതിനു കഴിഞ്ഞ രണ്ടു വർഷ മായി എന്തൊക്കോയെ ചികിത്സകൾ ചെയ്യുന്നുണ്ട്. ഇത്രയായിട്ടും അതിൽ പുരോഗതിയൊന്നും ഇല്ലാത്തതു കൊണ്ട് വരുൺ നിർബന്ധിച്ചു വിവാഹമോചനം നേടിയതാണെന്നാണ്."

" ചിത്ര, ഇവരുടെ വീട്ടുകാർ ഇതിനെകുറിച്ചൊന്നും പ്രതികരിച്ചില്ലേ?"

" അവർ രണ്ടുപേരും എല്ലാം കഴിഞ്ഞ് കോടതിയിൽ പോയതിന് ശേഷമാണ് വീട്ടുകാരോട് ഇതിനെക്കുറിച്ചു പറഞ്ഞത്, അവളുടെ വീട്ടുകാർ ഭയങ്കര കരച്ചിലും ബഹളവുമായിരുന്നത്രെ. അവളുടെ വീട്ടുകാർ അവരോടു നാട്ടിലോട്ടു വരാൻ പറഞ്ഞെന്നും വീട്ടുകാർ നടത്തി കൊടുത്ത കല്യാണമല്ലേ അപ്പൊ അവർ കൂടി സംസാരിച്ചു തീരുമാനമെടുക്കാമെന്നും പറഞ്ഞത്രേ. പക്ഷെ അവർ രണ്ടുപേരും അതിനൊന്നും തയ്യാറായിരുന്നില്ല എന്നാണറിഞ്ഞത്. 
പക്ഷേ അവരിപ്പോഴും നല്ല സുഹൃത്തുക്കളായാണ് തുടരുന്നതെന്നും കേട്ടു. എലീനയുടെ മകളുടെ ബർത്ഡേ പാർട്ടിക്ക് അവരൊന്നിച്ചാണ് വന്നതും പോയതുമെല്ലാം."

"അപ്പോൾ ഇപ്പോഴുമവർ ഒന്നിച്ചാണോ താമസം?"

"അല്ല, അവളിപ്പോളൊരു വർക്കിങ് വിമെൻസ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവൾക്കാ സ്ഥലം കണ്ടുപിടിച്ചു കൊടുത്തതും, അവളെ അവിടെ കൊണ്ടാക്കിയതുമെല്ലാം വരുൺ തന്നെയാണ്."

"ചിത്ര, ശരിക്കുമെനിക്ക് മനസിലാകുന്നില്ല ഈ പിള്ളേരേ.. എന്താണിവരുടെ പ്രശ്നം"

"അറിയില്ല രാജേഷ്, ചിലപ്പോ ലോക്ക്ഡൗൺ സമയത്ത് കുറെ കാലം രണ്ടാളും ഒന്നിച്ചിരുന്നതിന്റെയാകാം, അങ്ങനെയും കുറെ സംഭവങ്ങൾ കേട്ടിരുന്നു. എന്തായാലുമിപ്പോൾ നമ്മുടെ ഹോട്ടലിൽ മലയാളി സ്റ്റാഫിന്റെ എല്ലാവരുടെയുമിടയിലെ സംസാരവിഷയം വന്ദനയുടെ വിവാഹമോചനമാണ്."

ചിത്രയുമായി സംസാരിച്ചു ഒരുഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീണ്ടും ജോബി വിളിച്ചു.

" അളിയാ പുതിയൊരു ന്യൂസുണ്ട്, വന്ദനയുടെ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണമറിയാൻ ഞാൻ നമ്മുടെ റഫീക്കിനെ വിളിച്ചിരുന്നു അവനാണല്ലോ നമ്മുടെ ഹോട്ടലിലെ മഞ്ഞപത്രം, അവൻ പറഞ്ഞത് വരുൺ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയെന്നു പറഞ്ഞു ഇടക്ക് ചില ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം കറങ്ങാറുള്ളതല്ലേ, അവിടെയെവിടെയോ നിന്നുമവന് എയ്ഡ്സ് പിടിച്ചെന്നും അതറിഞ്ഞ‌ വന്ദന വിവാഹമോചനം വേണമെന്ന് നിർബന്ധം പിടിച്ചതാണെന്നുമാണ്. എന്തായാലും ഞാൻ ഒന്നുകൂടി അന്വേഷിക്കട്ടെ എന്തെങ്കിലും പുതിയ വിവരം കിട്ടിയാൽ നിന്നെ വിളിച്ചു പറയാം. നിനക്കെന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ വിളിച്ചു പറയണേ."

"ആയിക്കോട്ടെ, എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ നിന്നേ വിളിക്കാം"

ജോബിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ രാജേഷ് ഒരു കാര്യം തീരുമാനിച്ചു, എന്തായാലും വന്ദനയെ നേരിട്ടു വിളിച്ചു കാര്യങ്ങൾ തിരക്കാം.

പക്ഷേ രാജേഷിന് അതത്രയെളുപ്പമായിരുന്നില്ല. പല തവണ വന്ദനയെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും എന്തോ ഒന്ന് രാജേഷിനെ പുറകോട്ടു വലിച്ചു. ഒരുമണിക്കൂറിന് ശേഷം രണ്ടും കല്പിച്ചു രാജേഷ് വന്ദനയെ ഫോണിൽ വിളിച്ചു.

കുറേ നേരം റിങ്ങടിച്ചെങ്കിലും വന്ദന ഫോണെടുത്തില്ല. എന്നാൽ അല്പസമയത്തിനകം വന്ദന രാജേഷിനെ തിരിച്ചു വിളിച്ചു.

" ഹലോ രാജേഷേട്ടാ, ക്ഷമിക്കണം, നിങ്ങൾ വിളിച്ചപ്പോൾ ഞാൻ തുണിയലക്കുകയായിരുന്നു അതാ ഫോണെടുക്കാഞ്ഞത്. എന്തുപറ്റി കുറേയായി ഒരു വിവരവുമില്ലല്ലോ?"

"അതു പിന്നെ വന്ദന...ഞാൻ...അത്ര സുഖകരമല്ലാത്ത ഒരു വാർത്ത കേട്ടു തന്നെയും വരുണിനെയും കുറിച്ച്. എന്താടോ പറ്റിയത്?"

" കേട്ടതു സത്യമാണ് രാജേഷേട്ടാ ഞങ്ങൾ വിവാഹമോചിതരായി."

"വന്ദനാ, നിങ്ങൾ വളരെ സ്നേഹത്തോടെ കഴിഞ്ഞവരല്ലേ, എന്തുപറ്റി നിങ്ങൾക്ക്?, എന്താണ് നിങ്ങളുടെയിടയിലെ പ്രശ്നം? നമ്മുടെ ഹോട്ടലിൽ പലരും പല കഥകളും പറയുന്നത് കേട്ടു. പക്ഷേ എനിക്കതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. അതാ ഞാൻ വന്ദനയെ നേരിട്ട് വിളിച്ചത്"

" അതു നന്നായി രാജേഷേട്ടാ നിങ്ങൾ ക്കെങ്കിലും നേരിട്ടു വിളിച്ചന്വേഷിക്കാൻ തോന്നിയല്ലോ. എനിക്കറിയാം ഇപ്പോൾ നമ്മുടെ ഹോട്ടലിലെ മലയാളി സ്റ്റാഫിനിടയിൽ ഞാനും എന്റെ വിവാഹമോചനവുമാണ് സംസാര വിഷയമെന്ന്‌. പക്ഷേ എനിക്ക് മനസ്സിലാകാത്തൊരു കാര്യം വന്ദനയും, വരുണും എന്ന രണ്ടു വ്യക്തികളെ മാത്രം ബാധിക്കുന്ന, മറ്റൊരാളുടെയും ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത ഈയൊരു വിഷയത്തെകുറിച്ചു എന്തിനാണ് മറ്റുള്ളവരിത്രയും വ്യാകുലപ്പെടുന്നത്? എന്തിനാണവർ ഇത്രയും താല്പര്യം കാണിക്കുന്നത്? എന്തിനാണ് ഇത്രയും സമയം ചിലവഴിച്ചു കാര്യകാരണങ്ങൾ അന്വേഷിച്ചു നടക്കുന്നത്. എന്റെ വീട്ടുകാർക്കുള്ളതിനെക്കാൾ താൽപ്പര്യമാണ് ഈ കാര്യത്തിൽ മറ്റു പലർക്കും. എന്നോടുള്ള താൽപ്പര്യം കൊണ്ടോ, സ്നേഹം കൊണ്ടോ ഒന്നുമല്ലയിതെന്ന് എനിക്ക് നന്നായറിയാം. അടുത്തുളളവന്റെ വീട്ടിലെ കിടപ്പറയിലേക്കൊളിഞ്ഞു നോക്കി അവിടുത്തെ കാര്യങ്ങൾ മറ്റുളളവരോട് പറഞ്ഞു രസിക്കുന്ന മലയാളിയുടെ ഒരുതരം മനോവൈകൃതമുണ്ടല്ലോ അതാണ് ഇവർക്കൊക്കേ."

" അയ്യോ വന്ദന ഞാൻ അങ്ങനെയൊരു ഉദ്ദേശത്തോടയല്ല തന്നെ വിളിച്ചത്."

" രാജേഷേട്ടന്റെ കാര്യമല്ല, ഞാൻ പൊതുവായി പറഞ്ഞതാ. എനിക്കറിയാം ഇവിടെ എന്റെ വിവാഹമോചനത്തിന്റെ കാരണങ്ങൾ പലരും പറയുന്നത് പലതാണെന്ന്. ചിലതെല്ലാം ഞാനും കേട്ടു. വരുണിന്റ അവിഹിത ബന്ധം, എന്റെ അവിഹിത ബന്ധം, പിന്നെ വരുണിന് ലൈംഗിക ശേഷിയില്ലാത്തത്, എനിക്കൊരിക്കലും കുഞ്ഞുങ്ങളുണ്ടാവില്ലെന്നു, ആ പിന്നെ വേറെയുമുണ്ട് വരുണിന് എയ്ഡ്സ്, എനിക്ക് എയ്ഡ്സ്, അങ്ങിനെ പലതും. 

രാജേഷേട്ടനറിയുമോ ഇപ്പോൾ നമ്മുടെ ഹോട്ടലിലെ മലയാളി സ്റ്റാഫ് പരസ്പരം ഫോൺ വിളിക്കുമ്പോൾ സംസാരിച്ചു തുടങ്ങുന്നത് തന്നെ 'വന്ദനയുടെ...' എന്നു പറഞ്ഞു കൊണ്ടാണ്

 രാജേഷേട്ടാ നിങ്ങൾ പറയൂ ഇതൊന്നുമല്ലാത്ത മറ്റൊരു കാരണം കൊണ്ട് രണ്ടുപേർക്ക് വിവാഹമോചിതരായിക്കൂടെ? രണ്ടു വ്യക്തികൾക്ക് ദാമ്പത്യജീവിതത്തിൽ ഇനി ഒന്നിച്ചു ഒത്തു പോകാനാകില്ല എന്ന ഒരവസ്ഥയിലെത്തിയാൽ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു ജീവിക്കുന്നതിൽ എന്താണ് തെറ്റ്?. വിവാഹമോചനം എന്നതിനെ ഇനിയെന്നാണ് നമ്മുടെ സമൂഹം രണ്ടു വ്യക്തികൾക്കിടയിൽ സംഭവിക്കുന്ന, ആ രണ്ടു വ്യക്തികളെ മാത്രം ബാധിക്കുന്ന ഒരു സാധാരണ കാര്യമായി കാണാൻ തുടങ്ങുക? 

 നമ്മുടെ സമൂഹം വിവാഹമോചനമെന്നത് ഒരു സാധാരണ സംഗതിയായി കാണാൻ തുടങ്ങിയാൽ പല ആത്മഹത്യകളും ഇല്ലാതാകും. പല ജീവിതങ്ങളും പാതി വഴിയിൽ കൊഴിഞ്ഞു പോകാതെ വീണ്ടും പൂക്കാനും, തളിർക്കാനും, കായ്ക്കാനും തുടങ്ങും."

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വന്ദന വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. 

ഏതാനും നിമിഷത്തെ മൗനത്തിന് ശേഷം വന്ദന പറഞ്ഞു തുടങ്ങി.

" രാജേഷേട്ടാ, ഞാൻ ഇത്രയും പറഞ്ഞത് നിങ്ങളോട് ദേഷ്യമൊന്നുമുണ്ടായിട്ടല്ല കേട്ടോ. കുറച്ചു ദിവസമായി എന്റെയുള്ളിൽ കിടന്നു തിളച്ചു മറിഞ്ഞിരുന്നതെല്ലാം, ഈ സമൂഹത്തോടെനിക്കു വിളിച്ചു പറയണമെന്നു തോന്നിയതെല്ലാം പെട്ടെന്ന് പുറത്തേക്കു വന്നെന്നു മാത്രം. 

പിന്നെ ഞാനും, വരുണും തമ്മിലുള്ള വിവാഹമോചനത്തിനുള്ള കാരണം അത് ഞങ്ങൾക്കിടയിൽ മാത്രം ഒതുക്കി നിർത്താനാഗ്രഹിക്കുന്ന ഒന്നാണ്, അത് മറ്റൊരാളുമായും പങ്കുവക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പിന്നെ ഈ പറഞ്ഞു കേട്ടതൊന്നുമല്ല ആ കാരണം. അത്രമാത്രമേ ഇപ്പോഴെനിക്കതിനെക്കുറിച്ചു പറയാൻ കഴിയൂ."

" ഓകെ വന്ദന ഞാൻ അങ്ങനെയുരു വാർത്ത കേട്ടപ്പോൾ വെറുതെയൊന്നു വിളിച്ചെന്നെയുള്ളൂ. ബാക്കി നമുക്കിനി നേരിട്ടു കാണുമ്പോൾ സംസാരിക്കാം"

വന്ദനയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ രാജേഷിന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഈയടുത്തു കണ്ട 'ജോജി' എന്ന സിനിമയിൽ നായകൻ ജോജി പറയുന്ന ഡയലോഗ് ആണ്.

" ഈ സമൂഹം വെറുമൊരു മൈ....ആണ്"




അഖിൽ ജയചന്ദ്രൻ.

Saturday, June 19, 2021

അച്ഛൻ


                          അച്ഛൻ
                    × ××××××××××
മെയ്യു മണ്ണാക്കി, വിയർപ്പു നനവാക്കി
നെഞ്ചിലെ വറ്റാത്തൊരാവേശം
ഊർജ്ജമാക്കി, ഞാനാം വിത്തിനു വയലൊരുക്കി, നട്ടുനനച്ചെന്നെ ഉരുവാക്കിയ കർഷകനെന്നച്ഛൻ

പാതിവഴിയിൽ വീണുപോകാതിരിക്കാൻ,
പിന്നിട്ട വഴികൾ മറക്കാതിരിക്കാൻ
ഓർമ്മതൻ ഊന്നുവടികളെന്നിൽ
ചേർത്തുവച്ച് നിന്നിൽ ഞാനുണ്ടെന്ന്‌
ആദ്യമായ് ചൊല്ലി പഠിപ്പിച്ചതെന്നച്ഛൻ

നീയാം തിരിനാളമെന്നിൽ കൊളുത്തിയ
ആയിരം പന്തങ്ങളെന്നിലുള്ളിൽ
ജ്വലിക്കുമ്പോൾ ഏതു പാതിരാവിലും
വഴി പിഴക്കാതെ ഞാൻ മുന്നോട്ട് 
പോകുമീ ചടുലമാം ജീവിതപാതകളിൽ

കാതങ്ങളെത്ര കടന്നുപോയാലും
കാലങ്ങളെത്ര തീർന്നുപോയാലും
എന്നിലേക്കെന്നും പെയതിറങ്ങുന്നൊരാ
പുണ്യതീർത്ഥമായെന്നുമുണ്ടാകണം
എന്നുൾക്കരുത്തായെന്നച്ചനെന്നുമേ...

×××××××××××××××××××××××××××××××××××
അഖിൽ ജയചന്ദ്രൻ

Monday, June 7, 2021

മുഖം

മരണത്തിന്റെ മുഖം 
കറുപ്പാണെന്നവർ
പ്രണയത്തിന്റെ മുഖം 
ചുവപ്പാണെന്നിവർ
പക്ഷേ പ്രണയിച്ചു 
ചതിക്കപ്പെട്ട് മരണത്തിലേക്ക്
ഊളിയിട്ടവളുടെ മുഖം വിളറി വെളുത്തിരുന്നെന്നു ഞാൻ....

അഖിൽ ജയചന്ദ്രൻ

മുറിവ്

നീയാം ഉൾമുറിവിൽ നിന്നും
കിനിയുന്ന ചോരായാൽ
കൺപീലികൾ നനഞ്ഞൊട്ടി 
കണ്ണു തുറക്കാൻ കഴിയാതെ 
കണ്ണീരു നെഞ്ചിൽ 
കട്ടപിടിച്ചു വ്യഥയോടെ 
ശ്വാസം നിലച്ചു ഞാൻ 
പിടഞ്ഞു തീരുമ്പോൾ
തേച്ചു മിനുക്കി നാവിന്റെ 
മൂർച്ച കൂട്ടി നീ വരിക,
നിനക്കു മാത്രം 
രുചിച്ചു നോക്കാൻ
എന്റെ രക്തവും മാംസവും 
ബാക്കിവെക്കാം ഞാൻ
പുഴുവരിക്കാതെ.....

അഖിൽ ജയചന്ദ്രൻ

Thursday, January 28, 2021

'ബന്ധ'നങ്ങൾ



എന്റെ ചിന്തകളും മനസ്സും 
മരവിച്ചു നിൽക്കുമ്പോൾ
ചത്തു വീർത്ത മിഴികളോടെ 
നിന്നേ നോക്കി കണ്ണീർ 
വാർത്തു മനസ്സുടഞ്ഞു 
കാലകത്തി ഞാൻ നിൻ
മുന്നിൽ കിടക്കുമ്പോൾ,
നിന്നിലെ കാമത്തിന്റെ 
കരിന്തേൾ കുത്തേറ്റ്
പിടഞ്ഞു തളർന്നു
വീണു കിടക്കുമ്പോൾ
നിന്നിലെ മൃഗതൃഷ്ണ
എന്റെ കണ്ണീരുപ്പുപോലും
നക്കിയെടുക്കുമ്പോൾ
താലിചരടിൽ എന്നെ
ബന്ധിച്ച നിന്നെ ഞാൻ 
വെറുത്തു തുടങ്ങുന്നു.

വരൾച്ച ബാധിച്ച നിന്റെ 
ഹൃതടത്തിൽ രതിയുടെ
ലഹരിയിൽ ഇരുമ്പാഴ്ത്താൻ,
ചാവുനിലങ്ങളിൽ നാവാട്ടി 
നിൽക്കുന്ന നിൻ പ്രതിരൂപത്തിൻ
നാവിൽ ശൂലം തറക്കാൻ,
നിന്റെ കണ്ണ് ചൂഴ്ന്നെടുക്കാൻ,
കല്ലെടുത്തെറിയാൻ,
എന്റെ കാലിൽ വീണ്
മാപ്പിരക്കാൻ വരും നിന്റെ
ഉപബോധമനസ്സിനെ
ഇനിയൊരിക്കലും 
മടങ്ങിവരാനാകാത്ത
നരകതീയിലേക്കു
ചവിട്ടിത്താഴ്ത്താൻ
മനസ്സു ദാഹിക്കുമ്പോൾ,
രക്തം തിളക്കുമ്പോൾ,
ഞാൻ വെമ്പി നിൽക്കുമ്പോൾ,
ഉള്ളു പിടഞ്ഞെന്റെയുള്ളിൽ 
ഇനിയും വിരിയാത്ത 
കണ്ണിണകൾ തെളിയുമ്പോൾ 
തളർന്നു പോകുന്നൂ...
ഞാൻ അമ്മയാകുന്നൂ...

അഖിൽ ജയചന്ദ്രൻ