പ്രണയശേഷം
×××××××××××××××××××××××××××××××××
അവൾ...
×××××××××
ഭ്രാന്തമായ് നിന്നെ സ്നേഹിക്കയാലിന്ന്
ഭ്രാന്തിയായ് പോയൊരാ കനൽപൊട്ടു ഞാൻ.
ഇനിയും നിന്നിലേക്ക് ആളി പടരുവാൻ
എന്നിലെ തീനാമ്പുകൾക്കായില്ലെങ്കിൽ
നിന്നെ മൂടിയ ശൈത്യശിലകളിലെൻ
ഇഷ്ട്ടപ്രണയമൊരു ചിതൽ രൂപമാകുന്നു.
നിറം മങ്ങി മാഞ്ഞൊരാ മഴവില്ല് പോലെ
നാദം നിലച്ചോരാ പൊൻവീണ പോലെ
നീർ വറ്റി മൂടിയ പുണ്യതീർത്ഥം പോലെ
നില തെറ്റി വീണൊരാ മുളംതണ്ടു പോലെ
ഇനിയും മറക്കാത്ത സ്വപ്നത്തിൻ
ഓർമകളെന്നിൽ സമാധിയാകുമ്പോൾ
കനവിന്റെ നിനവിന്റെ കടലാഴമറിയതെ
കനൽ വഴികൾ താണ്ടുമീ പഥികയെ
കാണാതെ പോകുവാൻ കഴിയുമോ
കഥനം മറക്കാത്ത കണ്മിഴിപൂക്കളെ
നിന്റെ വാക്കിലെ വാൾമുന കൊണ്ടെന്റെ
നെഞ്ചു കീറി പിളർന്നെന്നിൽ നിറയുന്ന
അന്ധകാരത്തിന്റെ ആഴമളക്കുമ്പോൾ,
നിന്നിലവശേഷിച്ച വഞ്ചനയുടെ കൈപ്പുനീർ
കുത്തിപിഴിഞ്ഞെന്റെ നാവിൽ പുരട്ടുക.
ഇനിയും മരിക്കാത്ത എന്നിലെ നിന്നെ
കരിന്തിരി തുമ്പിലെ തീനാളമാക്കുക.
നിന്നെ നോവിക്കാതെ എന്നിൽ പിറന്നൊരാ
തിരുമുറിവൊന്നിൽ കല്ലുപ്പുരക്കുക.
സന്ധ്യവിഹായസ്സിലെൻ ഓർമ്മകൾ
വെന്തു കിടക്കുമ്പോൾ ഞാനറിയുന്നതും
നീയറിയാത്തതും എല്ലാം ഞാനിവിടെയൊരു
കൽവരിയിൽ കൊത്തിവക്കാം
നാളെ നീയിതുവഴി വരുമ്പോൾ
അതൊന്നേറ്റു പാടുക എന്നാത്മശാന്തിക്കായ്....
അവൻ.....
××××××××××
ഇനിയുമരുതീ കണ്ണുനീർവർഷങ്ങൾ
നോവ് താണ്ടി പ്രജ്ഞയറ്റോരീ മനസ്സിൽ....
ജീവിത സായാഹ്നത്തിൽ എന്നിൽ
കൊരുത്ത കൊളുത്തുകളെല്ലാം
തകർത്തെറിഞ്ഞതിൻ മുറിപ്പാടുകൾ
ഉണങ്ങാതിരിക്കുമ്പോൾ നിനക്കു മാത്രം
നൽകാൻ കഴിയുന്ന മാന്ത്രിക ലേപനം
തേടി ഞാൻ നിൻ ചാരെ വന്നീടാം..
അതുവരേക്കുമെൻ മനസ്സു നീറ്റുന്ന
മൗന വാൽമീകത്തെ ശപിക്കാതിരിക്കുക...
അഖിൽ ജയചന്ദ്രൻ

No comments:
Post a Comment