Thursday, August 1, 2024

തിരിച്ചറിവ്

വൈകി വന്ന തിരിച്ചറിവെല്ലാം 
നഷ്ട്ട കണക്കിൻ പുസ്തക താളിലെ 
പരസ്പരം കാണാത്ത കൂട്ടുകാരെന്നറിയുമ്പോൾ,
കണ്ണു നീറി പുകയുമ്പോൾ,
കരളു പൊള്ളി പിടയുമ്പോൾ,
ഇടനെഞ്ചു തകരുമ്പോൾ,
ശ്വാസം നിലക്കുമ്പോൾ,
വാക്കുകൾ മുറിയുമ്പോൾ, 
പറയാൻ മറന്നു പോയ 
സ്നേഹത്തിൻ മൂർച്ച കൊണ്ടു 
ഞാനിന്നു മരിക്കുമ്പോൾ 
നിന്നെയോർത്ത് ഒരു തുള്ളി 
കണ്ണീർ പൊഴിക്കില്ല ഞാൻ 
എന്നിലവശേഷിച്ച നിന്നോർമ്മകൾ 
ആ കണ്ണീരിൽ കുതിർന്നു 
മാഞ്ഞു പോയാലോ?

വാകമരതണലിൽ മന്ത്രസൂക്തങ്ങളാൽ 
മനസുരുക്കും മാമുനികളില്ല,
ബോധോദയത്തിന്റെ ബോധിമരമില്ല,
ചേക്കേറുവാൻ കൂടു തേടുന്ന
പറവ തൻ നെഞ്ചിലെ നോവിന്റെ താളമില്ല,
സ്വത്വം മറന്നു തൻ പാഥേയമറിയതെ അലയുന്ന നിസ്വരാം പഥികരില്ല
നിന്റെ കാലടിപാടുകൾ ഉറച്ചു പതിഞ്ഞുറഞ്ഞു പോയൊരീ മണ്ണിൽ 
എന്റെ മരവിച്ച തലച്ചോറ് ചിന്തിയ ചോരച്ചാലുകൾ നിന്നോട് മാപ്പിരക്കുമ്പോൾ
ഞാനുമെൻ നഷ്ട്ട പ്രണയവും മാത്രം.

No comments:

Post a Comment