×××××××
വയറു വിശന്നതെന്നമ്മക്കല്ലെനിക്കാണ്
ആ വയറിനുള്ളിൽ പശി കുത്തി ഞാൻ
തുടിച്ചപ്പോളാണെന്നമ്മ നിൻ മുന്നിൽ
തുമ്പിനീട്ടി തലയാട്ടി നാണമില്ലാതെ നിന്നത്
മനസ്സു മരവിച്ചു കല്ലായി മാറിയ നീ
മരണത്തിൻ വിത്തൊളിപ്പിച്ചു നീട്ടിയ
പഴത്തിന്റ മണമറിഞ്ഞെൻ നാവ് നൊട്ടി
നുണയുമ്പോഴേക്കുമെന്നമ്മതൻ വായിൽ
നിൻ ക്രൗര്യം പൊട്ടി തകർന്നെങ്കിലും
നാവ് പൊള്ളി പിടയുമ്പോഴുമെന്നമ്മ പാവമെന്നേയോർത്തുരുകി തലതല്ലി അലമുറയിട്ടലയുമ്പോഴും നിന്നെ
ശപിച്ചില്ലവൾ...നുള്ളി നോവിച്ചില്ല....
എൻ മുഖം കാണാൻ കൊതിച്ചെന്നെ-
യോമനിക്കാൻ വെമ്പി കണ്ണുനീരാൽ
കരൾ നിറച്ചു ജലസമാധിയാകുമ്പോൾ
നീയറിഞ്ഞില്ല വഴിതെറ്റി വന്നവൾ വെറും ആനയായിരുന്നില്ലവളമ്മയായിരുന്നൂ..
അഖിൽ ജയചന്ദ്രൻ..

No comments:
Post a Comment