നാടോടിയാണിവൾ.......
**********************************
ആരും തുറിച്ച് നോക്കല്ലേ ഇവളെയിനി
ആരും തുറിച്ചു നോക്കല്ലേ
ഊരില്ല പേരില്ല നാടോടിയാണിവൾ
പാൽ ചുരത്താനൊന്നുമില്ലാത്ത മുലയിൽ
പാൽമണം തേടുന്ന പൈതലിൻ പശിയകറ്റാനായ്
ഒരുപിടിച്ചോറിന്റെ കളവിനു പിടിക്കപെട്ടവൾ
കാലന്റെ വേഷത്തിൽ കലികാല സന്തതികൾ
കോലങ്ങൾ തുള്ളുമ്പോൾ ചുറ്റിലുമാർത്തു
പുലഭ്യം പറയുമ്പോൾ തന്നോമൽ കുരുന്നിനെ
നെഞ്ചോട് ചേർത്തൊന്നുറക്കെ കരയുവാൻ പോലുമാകാതെ
പിടഞ്ഞു പിടഞ്ഞവൾ മൃതിയെ പുൽകുമ്പോൾ
പുതിയൊരു സെൽഫിയവിടെ വൈറൽ ആകുന്നു
തുടയുടെ മുകളിലായ് തെന്നി കിടക്കുന്ന
തുണിയുടെ നീളമളക്കുന്ന കണ്ണുകൾ
പാതി പുറത്തായ മുലയിൽ കടിക്കുന്ന
കുഞ്ഞിന്റെ കണ്ണിലെ കണ്ണീരു കാണാതെ
അവളുടെ മാറിൽ തറക്കുന്ന ശവംതീനി കണ്ണുകൾ !
ആരും തുറിച്ചു നോക്കല്ലേ ഇവളെയിനി
ആരും തുറിച്ചു നോക്കല്ലേ
വിശപ്പിന്റെ വിളിയിൽ ചെയ്തൊരാ പിഴവിന്
ജീവന്റെ പിഴയിട്ട അധമരെ എതിരിടാൻ
കൊടിയില്ല കോടികളില്ലെന്റെ കൈകളിൽ
പഴംതുണ്ടു പോലൊരീ മഷിതണ്ടു മാത്രം
തല കുനിക്കുന്നു ഞാൻ മാപ്പിരക്കുന്നു
നീ തനിച്ചാക്കിയൊരാ അനാഥനെയോർത്ത് !
...............................
അഖിൽ ജയചന്ദ്രൻ

No comments:
Post a Comment