Wednesday, August 19, 2020
കോങ്ങാടന്റെ പാതിരാ സവാരി
കോങ്ങാടന്റെ പാതിരാ സവാരി
---------------------------------------------------
നന്നായി ഉറക്കം വരുന്നുണ്ട്, രാത്രി ഏകദേശം പന്ത്രണ്ട് മണിയായി കാണും. ആകാശത്തൊരു നക്ഷത്രം പോലുമില്ല, ഇന്ന് കറുത്തവാവായതു കൊണ്ടായിരിക്കും.
സമയമെന്തായെന്നു നോക്കാൻ കയ്യിൽ വാച്ചു കെട്ടുന്ന ശീലം പണ്ടേയില്ല, പിന്നെയുള്ള മൊബൈലിലാണേൽ ചാർജ് തീർന്നു ചത്തിരിക്കുകയാണ്. എന്തായാലും പന്ത്രണ്ടരക്ക് പാലക്കാട് നിന്നുമുള്ള ലാസ്റ്റ് ബസ് 'ഗുരുദേവൻ' ഇതുവരെ വന്നിട്ടില്ല. രാത്രി എട്ട് മണിക്ക് ശേഷം ബസ്സുകളൊന്നും സ്റ്റാന്റിൽ കയറാറില്ല, ബസ്‌സ്റ്റാന്റിന് പുറത്തുള്ള മിൽമ ബൂത്തിനു മുന്നിൽ നിർത്തി ആളെയിറക്കാറാണ് പതിവ്. മുന്നിലോട്ടു നോക്കിയപ്പോൾ മറ്റ് രണ്ട് ഓട്ടോറിക്ഷകൾ കൂടി തന്റെ മുന്നിലുണ്ട്...എല്ലാവരും ലാസ്റ്റ് ബസ് വരുന്നത് കാത്തിരിക്കുകയാണ്, ചിലപ്പോൾ നല്ല വല്ല ഓട്ടവും കിട്ടിയാലോയെന്ന പ്രതീക്ഷയിൽ...ഞങ്ങളെ പോലെ വളരെ കുറച്ചു ഓട്ടോക്കാരെയിപ്പോ രാത്രി ഓടാറുള്ളൂ....അതും ലാസ്റ്റ് ബസ് വരുന്നത് വരെ മാത്രം...ചിലപ്പോഴൊക്കെ നല്ല ഓട്ടം കിട്ടും, ചിലപ്പോൾ വെറും കയ്യോടെ വീട്ടിലോട്ട് പോകേണ്ടിയും വരാറുണ്ട്.
എന്തായാലുമൊരു ചായ കുടിക്കാം, ഓട്ടോസ്റ്റാന്റിന്റെ മറുവശത്തുള്ള ശിവേട്ടന്റെ തട്ടുക്കടയിൽ ഇപ്പോഴും രണ്ടുമൂന്നുപേർ ചായ കുടിച്ചു നിൽപ്പുണ്ട്, പച്ചക്കറി കടകളിലോട്ടു ലോഡ് കൊണ്ടു വന്ന വണ്ടികളുടെ ഡ്രൈവർമാർ ആണെന്ന് തോന്നുന്നു, ശിവേട്ടൻ രാവിലെ ഏഴു മണി വരെ അവിടെയുണ്ടാകും, രാവിലെ ഏഴു മണിക്ക് ശിവേട്ടന്റെ മകൻ വരും, കോങ്ങാട് ടൗണിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരേയൊരു സ്ഥാപനമാണ്, ഇപ്പോൾ ഷോപ്പിങ് കോംപ്ലസ് ആക്കി മാറ്റിയ പഴയ കോങ്ങാട് സെൻട്രൽ സിനിമാ തീയേറ്ററിന്റെ മുന്നിലുള്ള ശിവേട്ടന്റെ തട്ടുകട. രാത്രിയിൽ ശിവേട്ടനും, പകൽ മകൻ ഗണപതിയുമാണ് കട നടത്തിപ്പുകാർ. രണ്ടുപേരുടെയും കൈപുണ്യം അപാരമാണ്. അവരുടെ കടയിലെ എണ്ണ പലഹാരങ്ങൾ കഴിക്കാത്തവരായി കോങ്ങാട് പ്രദേശത്ത് ആരും തന്നെയുണ്ടാകില്ല. അവിടുത്തെ പഴംപൊരിയും, ഉഴുന്ന് വടയും ഒരിക്കൽ കഴിച്ചവർ എന്തായാലും ആ വഴി ഒന്നുകൂടി വന്നിരിക്കും.
"ശിവേട്ടാ നിങ്ങളുടെ ആ സ്‌പെഷ്യൽ ചായ ഒന്നെടുക്കൂ, നല്ല ഉറക്കം വരുന്നുണ്ട്"
"അല്ല ഇതാര് കോങ്ങാടനോ!"
ഓട്ടോയുടെ പിന്നിലെഴുതിയ 'കോങ്ങാടൻ' എന്ന പേരെല്ലാവരും വിളിച്ച് വിളിച്ച് ഇപ്പൊ എന്റെ പേരും 'കോങ്ങാടൻ' എന്നായി മാറി. വീട്ടിൽ എത്തി ഭാര്യ 'രമേഷേട്ടാ' എന്നു വിളിക്കുമ്പോൾ മാത്രമാണ് 'രമേഷ്' എന്ന സ്വന്തം പേര് പലപ്പോഴുമോർക്കുന്നത് തന്നെ.
"ഇന്നാ പിടിച്ചോ കോങ്ങാടനു സ്‌പെഷ്യൽ ചായ"
" സമയമെന്തായി ശിവേട്ടാ ഗുരുദേവൻ വരാറായോ?"
" ഇല്ല പത്തു മിനിറ്റ് കൂടിയുണ്ട്"
" ശിവേട്ടാ ഗണപതിയോട് രാത്രി വരാൻ പറഞ്ഞിട്ട് നിങ്ങൾക്ക് പകൽ വന്നൂടെ? അവൻ ചെറുപ്പം അല്ലേ"
" ചെക്കന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്ന് മാസമല്ലേ ആയുള്ളു, പിന്നെയെനിക്കിപ്പോ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുല്ല്യ. എനിക്ക് പറ്റുന്ന കാലം ഇങ്ങനെയൊക്കെ പോട്ടെ"
ചായ കുടിച്ചു ശിവേട്ടനു കാശു കൊടുത്തു തിരിച്ചു ഓട്ടോയിൽ വന്നിരുന്നപ്പോഴേക്കും ഗുരുദേവൻ വന്നു ബസ് സ്റ്റോപ്പിൽ നിന്നിരുന്നു.
'നല്ലൊരോട്ടം കിട്ടിയാൽ മതിയായിരുന്നു, മോളുടെ സ്കൂൾ ഫീസ് അടക്കേണ്ട അവസാന ദിവസമാണ് നാളെ, ഒരു ഇരുനൂറ്റമ്പത് രൂപയുടെ കൂടി കുറവുണ്ട്'
ബസ്സിൽ നിന്നും ആദ്യമിറങ്ങിയത് കാഴ്ച്ചയിൽ ഭാര്യയും, ഭർത്താവുമാണെന്ന് തോന്നുന്ന ഒരു സ്ത്രീയും പുരുഷനുമാണ്.. അവരാദ്യം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറിപോയി.
'ഒരോട്ടോ കൂടി മുന്നിലുണ്ട്, അയാൾ കൂടി പോയലേ എനിക്ക് വല്ല രക്ഷയുമുളളൂ'
രണ്ടാമതായി അതാ താടിയും മുടിയും നീട്ടി വളർത്തി കറുത്ത ടീ ഷർട്ടും, വാങ്ങിയതിൽ പിന്നെ അലക്കിയിട്ടില്ലെന്നു തോന്നിക്കുന്ന തരത്തിലുള്ളോരു നരച്ച ജീൻസും ധരിച്ച് കയ്യിൽ വലിയ ഫോണും ചെവിയിൽ അവന്റെ തലയേക്കാൾ വലിയ ഹെഡ്സെറ്റും വച്ചു മുതുകിൽ വലിയൊരു ട്രാവൽ ബാഗുമായി ഒരു ന്യൂജൻ ഫ്രീക്കൻ. ദൂരെയെവിടെയോ ഏതോ കോളേജിൽ പഠിക്കുന്ന പയ്യനായിയിരിക്കണം. ഇന്ന് വെള്ളിയാഴ്ചയല്ലേ അപ്പൊ രണ്ടു ദിവസത്തെ ലീവിന് വന്നതായിരിക്കും. തന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ കയറി അവനും പോയി.
ഇനിയാരെങ്കിലും ബസ്സിൽ നിന്നിറങ്ങുന്നുണ്ടോയെന്ന് അകാംക്ഷയോടെ ഞാൻ നോക്കിയിരിക്കുമ്പോൾ ഒരു ദയയുമില്ലാതെ ബസ്സിന്റെ ഡോർ വലിച്ചടച്ചു കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു, എന്നെ നോക്കി ഒരാക്കിയ ചിരിയുമായി ആ ബസ്സ് അവിടെ നിന്നും പോയി.
അങ്ങിനെ ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി, ഇനി നാളെ മോൾടെ ഫീസ് അടക്കാൻ ആരുടെ കൈയിൽ നിന്നും പണം കടം വാങ്ങിക്കും ഈശ്വരാ....ഇതു വല്ലാത്ത ചതിയായി പോയി. മോളുടെ ഫീസ് അടച്ചതിനു ശേഷം വേണം ഓട്ടോയുടെ ഹെഡ്ലൈറ്റ് ശരിയാക്കാനെന്നു വിചാരിച്ചതാ, ലൈറ്റ് ഇടക്കിടെ വല്ലാതെ ഡിമ്മാകുന്നുണ്ട്.
എന്തായാലും ഇനി നിന്നിട്ട് കാര്യമില്ല തിരിച്ചു പോകാം. ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നിലോട്ടു എടുക്കുമ്പോൾ അതാ ഒരു കറുത്ത സ്‌കോർപിയോ തന്റെ ഓട്ടോക്ക് കുറച്ചു മുന്നിലായി ബ്രേക്കിട്ടു നിന്നു, അതിൽ നിന്നും ഒരാൾ ചാടി ഇറങ്ങി തന്റെ ഓട്ടോയുടെ നേർക്കു വരുന്നു....
ബാബു ആന്റണിയുടെ ഉയരവും ശരീരപ്രകൃതിയുമുള്ള, ക്ളീൻ ഷേവ് ചെയ്തു, തലയിൽ വട്ട തൊപ്പിയും, കറുത്ത നീളൻ ജുബ്ബയും, വലിയ കണ്ണടയും ധരിച്ചു ആകെ ഒരു വശപിശക് തോന്നിക്കുന്നൊരാൾ.
ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അയാളെന്റെ ഓട്ടോയിൽ കയറിയിരുന്നിരുന്നു. എങ്ങോട്ടാണെന്നു ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അയാൾ ഫോണെടുത്തു ആരോടോ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അവരുടെ സംസാരം എന്താണെന്ന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, അത്രക്ക് സ്വരം താഴ്ത്തിയാണ് അയാൾ സംസാരിച്ചിരുന്നത്.
അയാൾ ഓട്ടോയിൽ കയറിയപ്പോൾ മുതൽ നല്ല മണം, ഏതോ പൂ വിരിഞ്ഞ പോലുള്ള സുഗന്ധം, എതോ വില കൂടിയ പെർഫ്യൂം ആണെന്ന് തോന്നുന്നു.
അയാൾ ഫോൺ സംസാരം നിർത്തിയതും, എന്റെ അനുവാദമില്ലാതെ ഓട്ടോയിൽ കയറിയതിന്റെ നീരസത്തോടെ ഞാൻ ചോദിച്ചു
"നിങ്ങൾക്കെങ്ങോട്ടാണ് പോകേണ്ടത് ?"
"ചെറായയിലേക്ക്"
ചെറായ വളരെ ഉൾപ്രദേശമാണ്, അങ്ങോട്ട് പോകാൻ പകുതി ദൂരം മാത്രമേ ടാർറോഡുളളൂ അതു കഴിഞ്ഞാൽ മൺറോഡാണ്, അതും വളരെ മോശം അവസ്ഥയിലാണ്. നിറയെ കുണ്ടും, കുഴിയും.
" അങ്ങോട്ടുള്ള റോഡ് ഭയങ്കര മോശമാണ്, എന്റെ വണ്ടിയുടെ ഹെഡ്ലൈറ്റാണെങ്കിൽ നേരെ വർക് ചെയ്യുന്നുമില്ല, ആളും മനുഷ്യനും ഇല്ലാത്ത സ്ഥലമാണ്, പകല് പോലും ഓട്ടോക്കാർ അങ്ങോട്ടു പോകാൻ ഇഷ്ടപെടാറില്ല അപ്പോഴാ ഈ രാത്രി, അതുമിന്ന് കറുത്ത വാവ് ദിവസം, ലൈറ്റ് എങ്ങാനും ഡിം ആയാൽ നിലാവെളിച്ചം പോലുമുണ്ടാകില്ല നിങ്ങൾ വേറെയെന്തെങ്കിലും വഴി നോക്കു സാറേ, എനിക്ക് വരാൻ പറ്റില്ല"
"അയ്യോ അങ്ങിനെ പറയരുത്, ഈ രാത്രി വേറെയൊരു വഴിയുമില്ല, ഇവിടെയാണേൽ വേറെ ഓട്ടോയുമില്ല, നിങ്ങൾ പറയുന്ന വാടക തരാം"
ഓഹ് ഇതു വലിയ ശല്യമായല്ലോ എന്നു പിറുപിറുത്തു കൊണ്ട് ഞാൻ ചോദിച്ചു
" ചെറായയിൽ എവിടെയാ പോകേണ്ടത്?"
ഹെൽത്ത് സെന്റർ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോകണം"
"അപ്പൊ നല്ലോണം ഉള്ളിലോട്ടു പോകണം, ശരി മുന്നൂറ്റമ്പത് രൂപ തരണം എന്നാൽ ഞാൻ വരാം"
"ആയ്യോ അതു കൂടുതലല്ലേ? സാധാരണ ഇരുനൂറ്റമ്പത് രൂപയെ അങ്ങോട്ടക്കു ഓട്ടോക്കാർ വാങ്ങാറുള്ളു. ഞാൻ അത് തരാം"
"എന്റെ സാറേ ഞാൻ പറഞ്ഞില്ലേ എനിക്ക് വരാൻ പറ്റില്ല, നിങ്ങൾ വേറെ വഴി നോക്കിക്കോ"
"ശരി മുന്നൂറ്റമ്പതെങ്കിൽ മുന്നൂറ്റമ്പത്, എനിക്ക് വേറേ വഴിയില്ലല്ലോ, താൻ വണ്ടിയെടുക്കു"
മൂന്നാല് തവണ ആ വഴി ട്രിപ്പ് പോയിട്ടുണ്ടെങ്കിലും രാത്രിയിതുവരെ ആ വഴിക്കു ഞാൻ പോയിട്ടില്ല. എനിക്ക് അത്ര പരിചിതമായിരുന്നില്ല ആ റൂട്ട് . പിന്നെ ഇയാളെ കണ്ടിട്ടും ഒരു വശപിശക് ലക്ഷണം തോന്നുന്നുണ്ട്, പോകണോ? വേണ്ടയോ?
ചിലയാൾക്കാരെ കാണുമ്പോൾ തന്നെ മനസ്സിലൊരാശങ്ക തോന്നാറുണ്ട്...
എന്തായാലും മുന്നൂറ്റമ്പത് രൂപ കിട്ടുമല്ലോയെന്നോർത്തപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു.
രാത്രി യാത്രയിൽ എന്നും വണ്ടിയിൽ കരുതുന്ന അറ്റം കൂർത്ത പിച്ചള കെട്ടിയ കുറുവടി ഡ്രൈവിംഗ് സീറ്റിന്റെ താഴെ തന്നെയില്ലേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി ഞാൻ വണ്ടിയെടുത്തു.
ഓട്ടോ കുറച്ചു ദൂരം മുന്നോട്ട് പോയി പെരിഞ്ഞം പാടത്തെ പെട്രോൾ പമ്പ് എത്തിയപ്പോഴേക്കും അയാളുടെ മൊബൈലിൽ ഒരു കാൾ വന്നു. അയാൾ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ സസാരിക്കുന്നുണ്ടായിരുന്നു. മെയിൻറോഡിൽ നിന്നും മാഞ്ചേരിക്കവിന് മുന്നിലൂടെ ചെറായയിലേക്കുള്ള ഇടറോഡിലേക്ക് ഓട്ടോ കയറുന്നതു വരെ അയാൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അയാൾ ഫോൺ സംസാരം നിർത്തിയതും ഞാൻ ചോദിച്ചു
"സാറേ നിങ്ങൾ ഈ പാതിരാത്രിയിൽ എവിടുന്നാണ് വരുന്നത്?"
"ഞാൻ കൊച്ചിയിൽ നിന്നും വരികയാ, ട്രയിൻ ഒരുപാട് വൈകി. ഒലവക്കോട് ഇറങ്ങി, ഓടികിതച്ചു ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ലാസ്റ്റ് ബസ്സും പോയി.
പിന്നെ അതിലെ വന്ന എല്ലാ വണ്ടികൾക്കും കൈ കാണിച്ചു അവസാനം ആ സ്‌കോർപിയോയിൽ ഉള്ളവർ ആണ് ഒരു ലിഫ്റ്റ് തന്നത്"
"ഓ അങ്ങനെ"
"നിങ്ങളുടെ പേരെന്താ ഇതിന് മുൻപ് കോങ്ങാട് സ്റ്റാന്റിൽ നിങ്ങളെ കണ്ടിട്ടില്ലല്ലോ?"
ആ ചോദ്യം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല, കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ ഈ കോങ്ങാട് ഓട്ടോ സ്റ്റാന്റിൽ കൂറ കുപ്പിയിൽ പെട്ടത് പോലെ ഒരു ഗതിയും പരഗതിയും ഇല്ലാതെ വട്ടം കറങ്ങുന്നുണ്ട്...ആ എന്നോടോ ബാലാ എന്ന ഭാവത്തിൽ ഞാൻ അയാളോട് പറഞ്ഞു
" ഞാൻ ഇവിടെയൊക്കെ തന്നെയുള്ള ആളാണ്...എന്റെ പേര് രമേഷ്.
സാറേ ഞാനും ഇതിനു മുൻപൊന്നും ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?"
"ഞാൻ കൊച്ചിയിലാണ് ജോലി ചെയ്യുന്നത് എന്റെ വീട് മണ്ണാർക്കാടാണ്"
"അപ്പോ പിന്നെ സാറിനിവിടെ ചെറായായിൽ എന്താ കാര്യം?"
"ഇവിടെയെന്റെ ഭാര്യവീടു ആണ്, ഭാര്യയും മക്കളുമിവിടെയാണ് അപ്പൊ എല്ലാ വെള്ളിയാഴ്ചയും ഇങ്ങോട്ടു വരും"
"ഓ അങ്ങിനെ"
അപ്പോഴേക്കും ഞങ്ങൾ കാരാനിപാടം കഴിഞ്ഞു ചെറായ LP സ്കൂളിന്റെ മുന്നി ലെത്തിയിരുന്നു.
ഇനിയങ്ങോട്ട് മൺറോഡ് ആണ്, നിറയെ കുണ്ടും കുഴികളുമുള്ള റോഡ്.
വളരെ പതുക്കെയാണ് ഞാൻ വണ്ടിയോടിച്ചിരുന്നത്, എന്നിട്ടും ഓരോ കുഴിയിൽ ചാടുമ്പോഴും വണ്ടിയുടെ ഹെഡ്ലൈറ്റ് മിന്നാമിനുങ്ങു മിന്നുന്നത് പോലെ മിന്നുന്നുണ്ടായിരുന്നു.
പെട്ടെന്നു ഓട്ടോക്ക് മുന്നിലേക്കെന്തോ ചാടി.
"അമ്മേ, എന്താണത്?"
ഞാൻ ഒരു ഞെട്ടലോടെ ഓട്ടോ വലതു വശത്തേക്കൊതുക്കി.
"അതു വല്ല പൂച്ചയും വട്ടം ചാടിയതാകും, താൻ വണ്ടിയെടുക്കു"
"അറിയില്ല സാറേ ചിലപ്പോൾ വല്ല പന്നിയുമാണെങ്കിലോ, ഇവിടെയൊക്കെ പന്നിശല്യം നല്ലവണ്ണമുണ്ട് ഞാനൊന്ന് നോക്കട്ടെ"
ഞാൻ ഇറങ്ങി നോക്കിയപ്പോൾ ആ ഇരുട്ടിൽ എന്തോ തിളങ്ങുന്നു, ഒന്നല്ല രണ്ട് തീഗോളങ്ങൾ....ഓ പേടിപ്പിച്ചു...അതൊരു പൂച്ചയായിരുന്നു.
"സാറ് പറഞ്ഞപോലെ അതൊരു പൂച്ചയാ, അല്ല സാറിന് ഇതെങ്ങിനെ കൃത്യമായി മനസ്സിലായി?"
അങ്ങിനെ ചോദിക്കുമ്പോൾ എന്റെ ഉള്ളിലെന്തോ അകാരണമായ ഭയം നിറയുന്നുണ്ടായിരുന്നു.
അതിനുള്ള മറുപടിയായി അയാളെന്തെങ്കിലും പറയുമ്പോഴേക്കും അയാളുടെ മൊബൈലിൽ പിന്നെയുമൊരു കാൾ വന്നു, വീണ്ടും അയാൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ ഓട്ടോ മുന്നിലോട്ടെടുത്തു.
ഞങ്ങൾ ചെറായ ഹെൽത്ത് സെന്ററിന്റെ അടുത്തെത്താറായപ്പോഴാണ് അയാൾ ഫോൺ വച്ചത്.
ആ അന്തരീക്ഷത്തിലും അയാളുടെ പെർഫ്യൂമിന്റെ മണം എന്റെ മൂക്കിലോട്ടു അടിച്ചു കയറുന്നുണ്ടായിരുന്നു.
പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി ഞാൻ അയാളോട് പറഞ്ഞു
" സർ, ഞാനിതിനപ്പുറം ഇതിനു മുൻപ് പോയിട്ടില്ല, എനിക്ക് വഴിയറിയില്ല, സർ പറഞ്ഞു തരണം"
"കുഴപ്പമില്ല, താൻ നേരെ വിട്ടോ, ഈ റോഡവസാനിക്കുന്നിടത്തു ഒരു കലുങ്ക് കാണാം അതിന് തൊട്ടു മുൻപിലുള്ള വീടാണ്"
അവിടന്നങ്ങോട്ടുള്ള റോഡിന്റെ ഭാവം തന്നെ വേറെയായിരുന്നു, രണ്ടു വശത്തും റബ്ബർ തോട്ടങ്ങൾ, റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന റബ്ബർ മരങ്ങൾ, റോഡ് മുഴുവൻ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ഇലകൾ, പലയിടത്തും റോഡ് കാണാൻ പോലും കഴിയാത്ത രീതിയിൽ ഇലകൾ കൂടി കിടക്കുകയായിരുന്നു.
"എന്തൊരു സ്ഥലമാണ് സാറേയിതു സൈഡിലൊന്നും ഒരു വീട് പോലും കാണാനില്ലല്ലോ, ഇവിടെയൊക്കെ വന്നു വണ്ടിയെങ്ങാനും കേടു വന്നാൽ പെട്ടു പോയതന്നെ"
ഉള്ളിലുരുണ്ടു കൂടുന്ന ഭയത്തിന്റെ ഭാവം മുഖത്തും, ശബ്ദത്തിലും വരുത്താതെ ഞാൻ അയാളോടൊരു തമാശ പോലെ ചോദിച്ചു
അല്ല സാറേ ഒരു സംശയം, ഇതിനി ഭൂമിയുടെ തുമ്പത്തോട്ടുള്ള വഴിയെങ്ങാനും ആണോ?"
"ഏയ് അങ്ങനെയൊന്നുമല്ല, ഇവിടെ ഇത്തിരി ദൂരം മാത്രമേ ഇങ്ങനെയുള്ളൂ, അതു കഴിഞ്ഞാൽ നിറയെ വീടുകളുണ്ട്"
മുന്നിലോട്ടു പോകുന്തോറും അയാളുടെ പെർഫ്യൂമിന്റെ മണം കൂടി വരുന്നത് പോലെ തോന്നി, അവിടെ വീശുന്ന കാറ്റിന് പോലും ആ മണമുള്ളത് പോലെ...
കുറച്ചു ദൂരം ആ റബ്ബർ കാടുകളുടെ നടുവിലൂടെ ഓടി കഴിഞ്ഞു ഒരു വളവു തിരിഞ്ഞു മുന്നിലൊട്ടു പോയപ്പോൾ ഒരു വശത്തു നിറയെ കരിമ്പനകൾ നിരന്നു നിൽക്കുന്ന ഒരു പാടം എന്നാൽ മറുവശത്ത് ഒഴിഞ്ഞ ഒരു പറമ്പാണ് , പക്ഷെ നാലു വശവും മതിൽ കെട്ടി മറച്ചിട്ടുണ്ട്. നല്ല ഉയരത്തിലുള്ള മതിലാണ്, ഉള്ളിലെന്താണെന്ന് കാണാൻ കഴിയുന്നില്ല
പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത് ആ മതിലിനപ്പുറത്തു ഒരു മൂലയിൽ നിന്നും തീയും പുകയുമുയരുന്നുണ്ട്.
"എന്താ സാറേ അവിടെയാ മതിലിനപ്പുറത്തു നിന്നും തീയും പുകയും ഉയരുന്നല്ലോ?"
"അതു പിന്നെ.. അവിടെയൊരു കോഴിഫാമാണ്, അവിടെ കാവൽ കിടക്കുന്ന പിള്ളേർ ചീട്ടു കളിക്കുന്നതോ മറ്റോ ആയിരിക്കും."
"ഇപ്പൊ നാട്ടിൽ മൂക്കിന് മൂക്കിന് കോഴിഫാമാണ്, എന്റെ വീടിന് പിന്നിലുമുണ്ട്, ഒന്ന് കാറ്റടിച്ചാൽ ഭയങ്കര നാറ്റമാണ്. ഇവിടെ ആളൊഴിഞ്ഞ സ്ഥലമായത് നന്നായി. ആർക്കും ശല്യമില്ലല്ലോ"
"അതു ശരിയാ"
അവിടുന്നങ്ങോട്ടും റോഡിനൊരുവശം റബ്ബർതോട്ടങ്ങളും, മറുവശം തലയുയർത്തി നിൽക്കുന്ന കരിമ്പനപാടങ്ങളുമായിരുന്നു.
ഒരു പതിനഞ്ചു മിനിറ്റ് കൂടി വണ്ടിയോടി കഴിഞ്ഞപ്പോൾ റോഡിന്റെ അവസാനമെന്ന പോലെയൊരു കലുങ്ക് കാണാമായിരുന്നു.
"സാറേ ആ കാണുന്നതാണോ നിങ്ങൾ പറഞ്ഞ കലുങ്ക്?"
"അതേ അതു തന്നെയാ, താനെന്നെയാ കലുങ്ക് കയറുന്നതിന് മുന്നെയിറക്കിക്കോ, കലുങ്കിൽ കയറിയാൽ പിന്നെ ഓട്ടോ തിരിക്കാൻ പറ്റില്ല, കലുങ്കിന്ന് വീതി കുറവാണ്"
അപ്പോഴേക്കും ഞങ്ങളാ കാലുങ്കിന് മുന്നിലെത്തിയിരുന്നു.
"സാറല്ലെ പറഞ്ഞതു കലുങ്കിന് തൊട്ടുമുൻപിലാണ് സാറുടെ വീടെന്നു, എന്നിട്ടിവിടെ വീടൊന്നും കാണുന്നില്ലല്ലോ "
"ആ.. ഇവിടെനിന്നും കുറച്ചുദൂരമായിടവഴിയിലൂടെ നടക്കണം, അങ്ങോട്ടു വണ്ടി പോകില്ല"
മുന്നിലോട്ടും, വശങ്ങളിലേക്കും മാറിമാറി നോക്കിയിട്ടും അവിടെ ഞാനൊരിടവഴിയും കണ്ടില്ല.
'ആ എന്തോ ആകട്ടെ'
അയാളപ്പോഴേക്കും വണ്ടിയിൽ നിന്നുമിറങ്ങി പഴ്സിൽ നിന്നും മുന്നൂറു രൂപയെടുത്തെനിക്ക് തന്നിട്ട് ചോദിച്ചു
"ഇതു പോരേ? പകലിങ്ങോട്ടു ഓട്ടോ വിളിച്ചാൽ ഇരുനൂറ്റമ്പത് ആണ് കൊടുക്കാറു, ഇത് മുന്നൂറുണ്ട്"
എനിക്ക് ശരിക്കും ദേഷ്യം വന്നു
" അതെന്തു വർത്തമാനമാണ് സാറേ നിങ്ങൾ പറയുന്നത്, മുന്നൂറ്റമ്പത് നിങ്ങൾ സമ്മതിച്ചത് കൊണ്ടല്ലേ ഈ പാതിരാത്രി ഞാൻ ഇത്രയും ദൂരം വന്നത്, എന്നിട്ടിപ്പൊ വാക്ക് മാറുന്നോ? ഇത് പോര എനിക്ക് മുന്നൂറ്റമ്പത് തന്നെ വേണം"
"ശരി രാത്രി ഇനിയൊരു തർക്കം വേണ്ട, ഇന്നാ മുന്നൂറ്റമ്പത് മുഴുവനായുമുണ്ട്"
ഇതും പറഞ്ഞയാൾ മുന്നൂറ്റമ്പത് രൂപയുമെന്റെ കയ്യിൽ തന്നു. ഞാനാ പണമെണ്ണി നോക്കുമ്പോഴേക്കും അയാൾ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.
പെട്ടെന്നയാൾ തിരിഞ്ഞെന്നെ നോക്കി ഒരു നിമിഷം നിന്നു. എന്നിട്ടെന്റെയടുത്ത് വന്നു മുഖം താഴ്ത്തിയെന്നോട് പറഞ്ഞു
" തിരിച്ചു പോകുമ്പോൾ താൻ സൂക്ഷിച്ചു പോകണം, നമ്മൾ വരുന്ന വഴിക്കവിടെയൊരു തീയും പുകയും കണ്ടിട്ടു താനെന്താണെന്ന് ചോദിച്ചില്ലേ, അതു കോഴിഫാമൊന്നുമല്ല, അതിവിടുത്തെ ശ്മശാനമാണ്, താൻ പേടിക്കണ്ടയെന്നു കരുതിയാണ് ഞാനപ്പോൾ പറയാതിരുന്നത്. ഇന്ന് രാവിലെ ഈ കലുങ്കിന് മുകളിൽ വച്ചു മൂന്നാല് പേർ ചേർന്നൊരാളെ വെട്ടികൊന്നിരുന്നു, എന്തോ കുടുംബ വഴക്കാണെന്നാണ് കേട്ടത്, മരിച്ചയാളുടെ ശവം പോസ്റ്റുമോർട്ടം കഴിഞ്ഞു രാത്രിയിലാണ് ദഹിപ്പിച്ചത്. ആ ചിത കത്തുന്നതിന്റെയാ നമ്മൾ കണ്ട തീയും പുകയും, രാത്രിയായത് കൊണ്ടു ചിതക്കു തീ പിടിച്ചതും ആൾക്കാരെല്ലാം തിരിച്ചു പോയി, അതുകൊണ്ട് പോകുമ്പോൾ താൻ നല്ലോണം സൂക്ഷിക്കണം അതുമിന്ന് വെള്ളിയാഴ്ചയും, പിന്നെ കറുത്ത വാവും."
ഇത്രയും പറഞ്ഞയാൾ തിരിച്ചു നടന്നു, ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തന്നെ അയാളാ ഇരുട്ടിൽ മറഞ്ഞിരുന്നു...
'മഹാപാപി, ദുഷ്ടൻ, കാലമാടാൻ അയാൾക്ക് വെറുതെ ഇറങ്ങി പോയാൽ മതിയായിരുന്നില്ലേ, എന്തിനാണെന്നോട് ഇതെല്ലാമിപ്പോൾ പറഞ്ഞത്, ഇനി ഞാൻ എങ്ങിനെ തിരിച്ചു പോകും കൃഷ്ണാ'
കുറച്ചു സമയം ഞാനവിടെ നിന്നു, ചുറ്റും കൂരിരുട്ടു മാത്രം..
മനസ്സിലൊരായിരം വട്ടം അയാളെ ശപിച്ചു കൊണ്ട് ഓട്ടോ തിരിക്കുമ്പോൾ കൈകളിലേക്കും, കാലുകളിലേക്കും ഭയത്തിന്റെ തണുപ്പരിച്ചു കയറുന്നതു രമേഷ് അറിയുന്നുണ്ടായിരുന്നു, ഓട്ടോ മുന്നിലൊട്ടു നീങ്ങുബോൾ കോങ്ങാടന്റെ ഹെഡ്ലൈറ്റ് ഡിം ആകാൻ തുടങ്ങിയിരുന്നു, ദൂരെ നിന്നും നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേൾക്കാം, ചിവീടുകളുടെയും തവളകളുടേയും ഇടകലർന്ന ശബ്ദതാളത്തിനകമ്പടിയായി, പാതിരാക്കറ്റു കരിമ്പനകളെയിക്കിളി കൂട്ടുമ്പോഴുള്ള സീൽക്കാര ശബ്ദവുമവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു....
അഖിൽ ജയചന്ദ്രൻ..
Subscribe to:
Post Comments (Atom)

No comments:
Post a Comment