Wednesday, March 6, 2024

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്‌

നരാധമൻമാർ നാട് വാഴുമ്പോൾ 

നരൻമാരില്ലിവിടെ നരഭോജികൾ മാത്രം.

സർഗ്ഗവസന്തത്തിൻ വല്ലരികൾ

പൂത്തുലഞ്ഞിരുന്ന ഇടവഴിയോരങ്ങളിൽ

രാസലഹരി പൂക്കുന്ന കാലമാണെന്നേ. 

കലാലയ കോണിലെ വാകമരച്ചോട്ടിൽ

രക്തഹാരങ്ങൾ വിരിച്ചിട്ടതല്ല,

ചെന്താരകങ്ങൾ വരച്ചിട്ടതല്ല 

നരഭോജികൾ കാട്ടുനീതി നടപ്പാക്കി

കുടൽമാലകൾ പിച്ചിപറിച്ചിട്ടതാണെന്നേ.

കണ്ണ് കാണില്ല ഞാൻ കാട്ടാളനല്ലേ 

കൊന്നു തിന്നാണെന്റെ ശീലം

എന്റെ നേരെ നാവുയുർത്തിയാൽ 

എന്റെ നേരെ വിരൽ ചൂണ്ടിയാൽ 

എന്റെ മുന്നിൽ നിവർന്നു നിന്നാൽ

നെഞ്ചുരുക്കി, എല്ലൊടിച്ചു

കൊന്നു തള്ളി നിശബ്ദനാക്കും

അതാണെന്റെ ശീലം, അതാണെന്റെ പാഠം.

എന്നിട്ട് ഞാനുറക്കെയുറക്കെ

തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിക്കും

ഫാസിസം തുലയട്ടെ, ഫാസിസ്റ്റുകൾ മരിക്കട്ടെ, സ്വാതന്ത്ര്യം, ജനാധിപത്യം,

സോഷ്യലിസം സിന്ദാബാദ്.


അഖിൽ ജയചന്ദ്രൻ.

No comments:

Post a Comment